കേരളത്തിന്റെ ഗോത്രവർഗ സസ്യവിജ്ഞാനം

ഗോത്രവർഗങ്ങളും സസ്യങ്ങളും തമ്മിലുളള ബന്ധത്തെക്കുറിച്ചുളള പഠനമാണ്‌ എത്ത്‌നോബോട്ടണി. സസ്യശാസ്‌ത്രത്തിന്റെ ദൈനംദിന വ്യവഹാരത്തിൽ പ്രാമുഖ്യം കൈ വന്നിട്ടധികമായില്ലെങ്കിലും ഔഷധം, കീടനാശിനി, ആഹാരം, വസ്‌ത്രനിർമ്മാണം തുടങ്ങി ആഗോള കുത്തകകളുടെ നട്ടെൽ വ്യവസായങ്ങൾക്കെല്ലാം ഇനിയുളള കാലം അസംസ്‌കൃതവസ്‌തുവാകുക ഗോത്രവർഗങ്ങളുടെ ഈ സസ്യജ്ഞാനമായിരിക്കും. അതുകൊണ്ടു തന്നെ വംശീയസസ്യശാസ്‌ത്രത്തിന്‌ ഈയടുത്തകാലത്തായി പ്രയോജനമൂല്യമേറിയിരിക്കുന്നു. ജീവന്റെ നിയന്താക്കളായി മാറിയിരിക്കുന്ന തന്മാത്രാജീവശാസ്‌ത്രത്തിനും ജനിതക എഞ്ചിനീയറിങ്ങിനുമൊക്കെ പുതിയ പഠനമേഖലകൾ നല്‌കുക ‘പ്രാകൃത’ന്റെയീ സസ്യജ്ഞാനം തന്നെ. ഗോത്രവർഗത്തിന്റെ ഭൗതിക സംസ്‌കാരമാണ്‌ വംശീയസസ്യശാസ്‌ത്രത്തിന്‌ ഉപദാനസാമഗ്രികൾ നല്‌കുന്നതെന്നതുകൊണ്ട്‌ നരവംശശാസ്‌ത്രം, ഫോക്‌ലോർ, ഭാഷാശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം തുടങ്ങിയ മാനുഷിക വിഷയങ്ങളുടെകൂടി പഠന പരിധിയിൽ വരുന്നതാണ്‌ ഈ വിഷയവും. എന്നാൽ വർഗീകരണ ശാസ്‌ത്രത്തിന്റെ വരട്ടുഭാഷകൊണ്ട്‌ ഹരിതലോകത്തെ നിർവചിക്കാൻ ശ്രമിച്ച സസ്യശാസ്‌ത്രജ്ഞന്മാർ നാളിതുവരെ ഈയൊരു ഭൗതിക സംസ്‌കാരത്തിനുനേരെ കണ്ണടച്ച അനുഭവമേ ഉണ്ടായിട്ടുളളൂ.

അതുകൊണ്ടാണ്‌ എത്രയോ തലമുറകളായി ഒരു ഗോത്രവർഗം വിശപ്പും ദാഹവുമറിയാതിരിക്കാൻ ആഹരിച്ചിരുന്ന കാട്ടുകാച്ചിലിന്റെ വിത്തിനെ ‘നിത്യയൗവ്വനത്തിന്റെ ഔഷധിയായി’ ഒരു ഗവേഷകസംഘം ‘കണ്ടെത്താ’നിടയാവുന്നത്‌. കൊളംബസ്‌ അമേരിക്ക കണ്ടുപിടിച്ചുവെന്നു പറയുന്നതുപോലൊരു വങ്കത്തമാണിത്‌.

എന്തിനേയും വിപരീത ദ്വന്ദ്വങ്ങളായി തിരിച്ചറിയാൻ മനുഷ്യൻ എക്കാലവും ശ്രമിച്ചിരുന്നു. നല്ലതും തീയതും എന്ന രണ്ടടിസ്ഥാന സങ്കല്പമാണ്‌ ഈ വകതിരിവിന്റെ മാനകങ്ങൾ. നെല്ലും പതിരും, വിളയും കളയും എന്നൊക്കെ. പരിഷ്‌കൃത മനസ്സിന്റെ ഏകവിളത്തോട്ടത്തിൽ മാത്രമാണ്‌ കളയും പതിരും പെരുകുന്നത്‌. മുൻവിധിയോടെ പ്രകൃതിയുമായി ഇടപെടുന്നവരല്ല ആദിവാസികൾ. അതുകൊണ്ടുതന്നെ ഉപയോജ്യം, അനുപയോജ്യം എന്നിങ്ങനെ പ്രകൃതി വസ്‌തുക്കളെ വിരുദ്ധചേരികളിലാക്കി നിർത്തുന്നില്ല അവർ. പത്തിരുപതു നൂറ്റാണ്ടു മുമ്പുതന്നെ ആയുർവ്വേദം കുന്നിക്കുരുവും കൊടുവേലിക്കിഴങ്ങും ശുദ്ധിചെയ്യാൻ പഠിച്ചത്‌ ഏതോ ആചാര്യനുണ്ടായ ഉൾവിളികൊണ്ടല്ല. കാട്ടറിവിനെ സമർത്ഥമായി പ്രയോജനപ്പെടുത്തിയാണ്‌. വിഷങ്ങളെ ഔഷധമാക്കുന്ന മാരണ-ശോധനക്രിയകൾ പ്രാചീനന്റെ അനുഭവ വാക്യമാണ്‌. ആയുർവ്വേദത്തിലെ ‘അഗദതന്ത്രം’ തന്നെ ഗോത്ര പ്രയോഗങ്ങളുടെ സിദ്ധാന്തവത്‌ക്കരണമാകുന്നതതുകൊണ്ടാണ്‌.

അധിനിവേശസംസ്‌ക്കാരം നഖമുനയാഴ്‌ത്താത്ത കാട്ടുമൂലകളിലെല്ലാം വനകാരുണ്യത്തെക്കുറിച്ചുളള നാട്ടറിവുകൾ അനുദിനം വികസിച്ചുകൊണ്ടേയിരിക്കുന്നു. ഉഷ്‌ണമേഖലാ പ്രദേശത്ത്‌ കാട്‌ അനുക്രമം വികസിച്ച്‌ നിത്യഹരിതോച്ചകോടിയിലെത്തുന്നതുപോലെയാണിത്‌. പ്രകൃതിപൂർണ്ണതയുടെ സൂക്ഷ്‌മാവസ്ഥയിൽ ഉടലെടുത്ത ഈ ജീവിവർഗ്ഗത്തിന്റെ കാട്ടറിവുകൾ അറിയാനിനി ഒന്നുമില്ല എന്ന അവസ്ഥയിലേക്ക്‌-അറിവിന്റെ ഉച്ചകോടിയിലേക്ക്‌ സ്വാഭാവികമായും വളരേണ്ടതാണ്‌. അതിനുളള തേടലുകളാണ്‌ അവൻ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഭൂതവർത്തമാനങ്ങളുടെ സഞ്ചിതജ്ഞാനമാണത്‌. അനന്തമായ ഭൂതത്തിന്റെ കാട്ടുപടർപ്പുകളും വർത്തമാനത്തിന്റെ സമതടങ്ങളും ചികഞ്ഞുതീർക്കേണ്ടതുകൊണ്ടുതന്നെ ഇതത്ര എളുപ്പമല്ല എന്നുമാത്രം.

സസ്യാരാധനയും പുരാവൃത്തങ്ങളും

കാട്ടിൽ അലഞ്ഞുനടന്നിരുന്ന ആദിമനുഷ്യന്‌ ആഹാരവും ആരൂഢവും നല്‌കിയിരുന്നത്‌ മരങ്ങളായിരുന്നു. അതിനാൽ അവ അവന്‌ ആരാധ്യങ്ങളായി. ശുദ്ധമായ വൃക്ഷാരാധനയിൽ നിന്നും പ്രതിരൂപാത്മകമായ വിഗ്രഹാരാധനയിലേക്ക്‌ ആരാധനാ സമ്പ്രദായം വികസിച്ച പിൽക്കാലത്ത്‌ ദേവവിഗ്രഹങ്ങൾ മരച്ചുവട്ടിൽ പ്രതിഷ്‌ഠിക്കാൻ തുടങ്ങി. വിഗ്രഹങ്ങൾക്കൊപ്പം മരവും വിശുദ്ധമായി. കാലിച്ചാൻ കാഞ്ഞിരവും പൊലിയന്തറപ്പാലയും കന്നിമാരത്തേക്കുമൊക്കെ ആരാധ്യമായത്‌ ഇങ്ങനെയാണ്‌. വൃക്ഷത്തിൽ കുടികൊളളുന്ന ദേവചൈതന്യമാണ്‌ ആരാധിക്കപ്പെടുന്നത്‌. എന്നാൽ ശുദ്ധമായ സസ്യാരാധന അപൂർവ്വം ചില ഗോത്രവർഗങ്ങൾക്കിടയിൽ ഇപ്പോഴുമുണ്ട്‌. ആളർ മഞ്ചാടിയെ ആരാധിക്കുന്നു. മുതുവാന്‌മാർ നീലക്കുറിഞ്ഞിയെയും.

നീലകുറിഞ്ഞി പല കാട്ടുജാതിക്കാർക്കും ആരാധനാപാത്രമാണ്‌. വൻമലകൾ നിറഞ്ഞ കുറിഞ്ഞിനിലം സ്ഥലസസ്യങ്ങളുടെയടിസ്ഥാനത്തിൽ ‘ഐന്തിണ’കളെന്നു ഭൂപ്രകൃതി നിർണ്ണയം നടത്തിയിരുന്ന പ്രാചീനകാലത്ത്‌ കുറവരുടെയും വേട്ടുവരുടെയും ഭൂമിയായിരുന്നു; അധിനിവേശസംസ്‌കാരം ദേശീയ ജനതയുടെ തനതുസംസ്‌കൃതിയെ മാറ്റിമറിച്ചെങ്കിലും ദുർഗമമായ കുറിഞ്ഞി നിലത്തിന്റെ ജീവിതവൃത്തിയിൽ ഇവയ്‌ക്ക്‌ കാര്യമായ സ്വാധീനം ചെലുത്താനായില്ല. മയൂരവർമ്മന്റെ പടയോട്ടക്കാലത്ത്‌ വംശശുദ്ധിനിലനിർത്താൻ കാടുകയറിയ തുളുനാട്ടധിപന്മാരായ കൊറഗർക്കും വിജയനഗരസാമ്രാജ്യസ്ഥാപനം അഭയാർത്ഥികളാക്കിയ അട്ടപ്പാടിയിലെ ഇരുളർക്കും അഭയം നല്‌കിയത്‌ കുറഞ്ഞിത്തിണയാണ്‌. ‘തിണ’യുടെ സംസ്‌കാരം നിലനിർത്താനായതുകൊണ്ടുതന്നെ മുരുകൻ സ്ഥലദൈവവും ഇഷ്ടസുമമായ കുറിഞ്ഞി വിശുദ്ധവും ആണെന്ന പ്രാചീനവിശ്വാസം ഇപ്പോഴും തുടരുന്നു.

കുറിഞ്ഞിപൂക്കുന്ന കാലം മുരുകൻ കോവിലുകളിൽ ഉത്സവമാണ്‌. നീലക്കുറിഞ്ഞിപ്പൂകൊണ്ടുളള മാലയാണത്രേ വിവാഹവേളയിൽ മുരുകൻ വളളിയുടെ കഴുത്തിൽ ചാർത്തിയത്‌. വ്യാഴവട്ടത്തിലൊരിക്കൽ മാത്രം കൺതുറക്കുന്ന നീലക്കുറിഞ്ഞിയുടേതുമാത്രമായ വസന്തകാലത്തെ മുതുവന്മാർ ഭക്തിയോടും വിശുദ്ധിയോടും കൂടിയാണ്‌ സ്വാഗതം ചെയ്യുന്നത്‌. കുറിഞ്ഞി പൂക്കുന്ന വർഷം മുതുവാ ഗ്രാമങ്ങളിൽ ആരും തന്നെ വിവാഹം കഴിക്കാറില്ല. വിവാഹം മൂലം ദമ്പതിമാർക്കുണ്ടാകുന്ന അശുദ്ധി ഒഴിവാക്കാനാണത്രേ ഇത്‌. ‘വട്ടവട’ പഞ്ചായത്തിലെ കോവിലൂർ ഗ്രാമത്തിൽ ഇന്നും ഈ വിശ്വാസം നിലനില്‌ക്കുന്നുണ്ട്‌.

പ്രാപഞ്ചികവും വാസ്‌തവവുമായ പ്രത്യേകതകൾക്കെല്ലാം ഗോത്രവർഗങ്ങൾ കാരണം കണ്ടെത്തുന്നു. കാരണങ്ങൾ കഥകളാവുന്നു. അവ കാട്ടറിവിന്‌ ഈടുവെപ്പുകളുമായിത്തീരുന്നു. വനനിഷ്‌കളങ്കതയുടെ ചോദ്യങ്ങൾക്കുത്തരമാണ്‌ ഈ കാട്ടുവാങ്ങ്‌മയങ്ങൾ. പൂത്തുലഞ്ഞു നില്‌ക്കുന്ന ചമതയും വസ്‌ത്രമുരിഞ്ഞെറിയുന്ന വെന്തെക്കും നാമനാമം ചൊല്ലുന്ന കടമാന്തോരയും അവരിൽ കഥകൾ നെയ്യുന്നു. ഇലവമരത്തിന്റെ കൂർമ്പൻ മുളളുകളെക്കുറിച്ച്‌ ഒറിസ്സയിലെ ആദിവാസികൾക്കിടയിൽ നടപ്പുളള ഒരു പഴങ്കഥയിങ്ങനെയാണ്‌ഃ ജൂഡ്‌ഗറിലെ രാജാവിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു. പക്ഷെ മക്കളില്ല. രാജ്ഞിമാരെ ചികിത്സിച്ച്‌ വന്ധ്യത മാറ്റുന്നവർക്ക്‌ രാജാവ്‌ പാതിരാജ്യം വാഗ്‌ദാനം ചെയ്തു. കാലിയദാനോവെന്ന ഒരു ദിവ്യനുണ്ടായിരുന്നു അയൽരാജ്യത്ത്‌. ദാനോവിന്റെ അത്ഭുതശക്തിയെക്കുറിച്ച്‌ കേട്ടറിഞ്ഞ രാജാവ്‌ പത്നിമാരെ അയാളുടെ കുടിലിലേക്ക്‌ ചികിത്സക്കയച്ചു. കാലിയദാനോ യഥാർത്ഥത്തിൽ നരഭോജിയായ ഒരു രാക്ഷസനായിരുന്നു. തന്റെ രോഗിണികളെ അവൻ ശാപ്പിട്ടു. മാസങ്ങൾക്കുശേഷം പത്നിമാരെ തിരികെക്കൊണ്ടുവരാനായി രാജാവ്‌ കാലിയദാനോവിന്റെ കുടിലിലെത്തി. രാജാവിനു കാണാൻ കഴിഞ്ഞത്‌ കുറെ എല്ലും മുടിയും മാത്രം. രാജാവിനു കാര്യങ്ങൾ മനസ്സിലായി. തന്റെ പ്രേയസിമാരുടെ ഘാതകനെ അന്വേഷിച്ച്‌ അയാൾ കാട്ടിലലഞ്ഞു. കാട്ടിലൊരിടത്തു രാക്ഷസൻ ഒളിച്ചിരുപ്പുണ്ടായിരുന്നു. രാജാവിനെ കണ്ട രാക്ഷസൻ അടുത്തുളള ഒരു വലിയമരത്തിൽ വലിഞ്ഞുകയറി. കയറുന്നതിനിടയിൽ തന്റെ കൂർത്ത പല്ലുകളോരോന്നായി അവൻ മരത്തിൽ മറച്ചുവച്ചു. രാജാവിന്‌ മരത്തിൽ കയറാനായില്ല. രാക്ഷസന്‌ ഇറങ്ങാനും. കാലിയദാനോ ഇപ്പോഴും ഇലവുമരത്തിലിരിക്കയാണത്രെ. രാക്ഷസൻ തറപ്പിച്ചുവെച്ച പല്ലുകളത്രേ ഇലവിൽമുളളുകൾ.

കാട്ടിലെ അഗ്നിനാളമായ ചമതയുടെ പൂവിന്‌ രക്തവർണം വന്നതിനെക്കുറിച്ച്‌ കോറാപ്പുട്ടിയിലെ ആദിവാസികൾക്കിടയിലൊരു കഥയുണ്ട്‌ഃ വെംഗു, മുരിയ, ഭാത്ര എന്നീ മൂന്നു ഗോത്രങ്ങളുടെ തലവനായിരുന്ന ചൈതുഭാത്രയുടെ സുന്ദരിയായ മകളെ അവളുടെ ഇഷ്ടത്തിനു വിപരീതമായി ഒരാൾക്കു വിവാഹം ചെയ്തുകൊടുത്തു. വിവാഹം കഴിഞ്ഞ്‌ ഏറെക്കഴിയും മുമ്പുതന്നെ ഒരു മുരിയാ യുവാവുമായി അവൾ പ്രണയത്തിലായി. ഭർത്താവില്ലാത്തപ്പോഴെല്ലാം അവൾ യുവാവുമായി രഹസ്യമായി സംഗമം തുടങ്ങി. ഒരു ദിവസം ഭർത്താവ്‌ ഭാര്യയുടെ വിശ്വാസവഞ്ചന നേരിൽ കണ്ടു. കോപാക്രാന്തനായ അയാൾ രണ്ടുപേരെയും തല്ലിക്കൊന്നു വനത്തിലേക്കു വലിച്ചെറിഞ്ഞു. രണ്ടു ശരീരങ്ങളിൽ നിന്നും ചാലിട്ടൊഴുകിയ രക്തം ഒരു അരുവിയായിത്തീർന്നു. ഈ അരുവിയിൽ ഒരു മരം പൊടിച്ചുയർന്നു. ചോരപൂക്കുന്ന മരം. അതത്രേ ചമത. പീച്ചിയിലെ മലയരുടെ കഥയിലെ കുറുന്തോട്ടിക്ക്‌ വെന്തേക്കിനോട്‌ കലശലായ പ്രേമം. ഒടുവിൽ വിവാഹാഭ്യർത്ഥന. ഇത്രേം പോരുന്നൊരു ചെറുക്കൻ മാനം മുട്ടുന്ന തന്നെ കെട്ടുകയോ? വെന്തേക്ക്‌ നാണംകൊണ്ടു ചൂളിപ്പോയി. അതോടെ തൊലി പൊളിയാനും തുടങ്ങി.

അച്ചിയിടിയെന്നും കുളിരിടിയെന്നും രണ്ടുതരം ഇടിയുണ്ടെന്നാണ്‌ കോതയാർ പ്രദേശത്തെ കാണിക്കാർ പറയുന്നത്‌. അച്ചിയിടി പുല്ലും മരവും നശിപ്പിക്കും. കുരൂരിടി സൗമ്യപ്രകൃതിയാണ്‌. തൊലിപ്പുറമേ തൊട്ടു തലോടുകയേ ഉളളൂ; മരവളർച്ച നിർത്തില്ല. കാട്ടാളനീതിയത്രേ കാണിക്കക്കാർക്ക്‌ ഇടി. തുണിയിൽ പൊതിഞ്ഞ ഒരു കല്ലും പിറകിൽ തൂക്കി നിറുത്തിയൊരു കാട്ടാളൻ. കാണുന്ന മരുതുമരങ്ങളിലെല്ലാം അവൻ കല്ലുകൊണ്ടിടിക്കും.

ഒരു ഗോത്രചിഹ്ന പൂർവ്വികന്റെ പിനതലമുറക്കാരാണ്‌ തങ്ങളെന്നു വിശ്വസിക്കുന്നവരാണ്‌ ഗോത്രവർഗങ്ങൾ. ഈ കുലചിഹ്നം പലപ്പോഴും മരങ്ങളായിരിക്കും. ജീവൻ കൊടുത്തും ഇവർ ഗോത്രവൃക്ഷത്തെ രക്ഷിച്ചു വന്നു. സംഘകാലകേരളം ഇത്തരം വിശ്വാസങ്ങളാൽ സമൃദ്ധമായിരുന്നു. അക്കാലത്ത്‌ വംശങ്ങൾ അറിയപ്പെട്ടിരുന്നതുതന്നെ അടയാളവൃക്ഷങ്ങളുടെ പേരിലായിരുന്നു. കടമ്പ്‌ അടയാളവൃക്ഷമാക്കിയ കദംബരും നെന്‌മേനിവാക അടയാളമാക്കിയ മൂഷകവംശവും ഉദാഹരണങ്ങൾ. കേരളത്തിലെ ആദിവാസികളിൽ മാവിലരും മലയരയന്മാരുമാണ്‌ വർഗനാമത്തിൽ അല്പമെങ്കിലും സസ്യബന്ധം നിലനിർത്തുവർ. മാവിലർക്ക്‌ ആ പേരു കൈവന്നത്‌ അവർ ശേഖരിച്ചുവന്നിരുന്ന മാവിലവ്‌ (കൂവളം?) എന്ന മരുന്നിൽനിന്നാണത്രേ. മാവില ധരിച്ചിരുന്നവരാണെന്നും പറഞ്ഞുവരുന്നുണ്ട്‌. കേരളോത്പത്തിയുമായി ബന്ധപ്പെട്ട ഒരു മിത്താണ്‌ മലയരയന്മാരുടേത്‌. ‘പരശുരാമനിർമ്മിതമായ കേരളഭൂമി ചതുപ്പുകൾ നിറഞ്ഞതായിരുന്നു. നിലത്തിന്‌ ഉറപ്പുവരുത്തി വാസയോഗ്യമാക്കുന്നതിനായി ഒരു യാഗം നടത്താൻ പരശുരാമൻ തീരുമാനിച്ചു. അഗസ്ത​‍്യമുനിയായിരുന്നു യാഗം നടത്തിയത്‌. യാഗ രക്ഷ ചെയ്തത്‌ മലവേടന്മാരും. മലവേടർ ’മലയർ‘ എന്ന ഒരൗഷധി അഗസ്ത​‍്യമുനിക്ക്‌ നല്‌കി. സന്തുഷ്‌ടനായ അവരെ തന്റെ ശിഷ്യഗണത്തിലുൾപ്പെടുത്തി ’മലയരയന്മാർ‘ എന്നു പേരു നല്‌കി ആദരിച്ചു.

ആഹാരപദാർത്ഥങ്ങളുടെ ഉത്പത്തിയെക്കുറിച്ചുമുണ്ട്‌ ആദിവാസികൾക്കിടയിൽ പഴങ്കഥകൾ. കക്കുംകായ അഥവാ പരണ്ടക്കായ മറ്റുപല ആദിവാസി വർഗങ്ങൾക്കുമെന്നപോലെ കാണിക്കാർക്കും പ്രിയങ്കരമാണ്‌. പരണ്ടവളളിയുടെ ഉത്പത്തിയെക്കുറിച്ച്‌ കാണിക്കാർക്കിടയിൽ നിലവിലുളള കഥയിങ്ങനെയാണ്‌. ’എന്തു കൊടുത്താലും മതിവരാതെ ദുരാർത്തി കാണിച്ച കാണക്കാരോട്‌ ദേഷ്യം തോന്നി പരമശിവൻ ഒരിക്കൽ തന്റെ കുടലുതന്നെ പറിച്ചെറിഞ്ഞുകൊടുത്തു. അതു പൊടിച്ചു വളർന്നു. അതത്രേ പരണ്ടവളളി. കുടലുപോലെ ചുറ്റിപ്പടർന്നു കിടക്കുന്ന ഒരു വളളിയാണ്‌ പരണ്ട. ഈ ആകൃതിയായിരിക്കാം കുടലുമായി ബന്ധപ്പെട്ട ഒരു കഥയുണ്ടാക്കാൻ അവർക്ക്‌ പ്രേരണ നല്‌കിയത്‌. ശിവന്റെ കുടലാണിത്‌. ആകൃതികൊണ്ട്‌ നികൃഷ്‌ടമായ ഒരു ഭക്ഷ്യസസ്യത്തെ ദിവ്യമായ ഒരു തലത്തിൽ പ്രതിഷ്‌ഠിക്കുകയാണ്‌ പരണ്ടയുടെ ശൈവബന്ധത്തിലൂടെ ഇവർ ചെയ്യുന്നത്‌.

ഭക്ഷണം

ആഹാരം തന്നെ ഔഷധമാക്കിയതിലൂടെ രോഗങ്ങളെ അകറ്റി നിർത്തിയവരാണ്‌ ആദിവാസികൾ. കാട്ടുകിഴങ്ങുകൾ, കാട്ടിലകൾ, പഴങ്ങൾ,കുമിളുകൾ, മുളയരി, കാട്ടുനെല്ലുകൾ, തുടങ്ങിയവയാണ്‌ ആദിവാസിയ്‌ക്കു കാടുനല്‌കുന്ന സസ്യാഹാരം.

കാട്ടുകിഴങ്ങുകൾ

കേരളത്തിലെ ആദിവാസികൾ ഉപയോഗിക്കുന്ന കിഴങ്ങുകളിൽ എൺപതു ശതമാനവും വിവിധയിനം കാട്ടുകാച്ചിലുകളാണ്‌. അട്ടപ്പാടിയിലെ മുഡുഗർ മാത്രം ഒൻപത്‌ ഇനം കാട്ടുകാച്ചിലുകളുപയോഗിക്കുന്നുണ്ട്‌. അവർ ഔഷധമായി ഉപയോഗിക്കുന്ന ‘പന്നിപ്പിടുക്കും’ ഒരു തരം കാട്ടുകാച്ചിൽ തന്നെ. എട്ടുപത്തടി താഴ്‌ചയിലാണ്‌ പല കാട്ടുകിഴങ്ങുകളും ഉണ്ടാവുന്നത്‌. ഓരോ കിഴങ്ങും ഏതിനം വനത്തിലാണുണ്ടാവുന്നതെന്നും ഏതു സമയത്താണ്‌ കിട്ടുകയെന്നും അവർക്കു നല്ല നിശ്ചയമുണ്ട്‌. മിക്ക കാച്ചിലുകളുടെയും വിളവെടുപ്പ്‌ കാലം കന്നി-തുലാം മാസങ്ങളാണ്‌. ‘പെരുക്കു’പോലുളള ചില കാച്ചിലുകൾ കുംഭം-മീനം മാസങ്ങളിലാണ്‌ കിളച്ചെടുക്കുന്നത്‌. ചോലവെന്നി ചോലനായ്‌ക്കന്‌മാരെ സംബന്ധിച്ചിടത്തോളം മാംസാഹാരത്തിനു തുല്യമാണ്‌. മുതുക്കിൻകിഴങ്ങ്‌ പച്ചയ്‌ക്കു വേവിച്ചാല വിഷമാവുമെന്നതിനാൽ കഷണമാക്കി 12 മണിക്കൂർ വെളളത്തിൽ മുക്കിവെച്ച്‌ വേവിച്ച്‌ വെളളമൂറ്റിയെടുത്ത്‌ വീണ്ടും വേവിച്ചാണ്‌ ഇവർ കഴിക്കുന്നത്‌. പീച്ചിയിലെ മലയർ വില്‌പനയ്‌ക്കായി മുതുക്കിൻ കിഴങ്ങ്‌ ശേഖരിക്കാറുണ്ടെങ്കിലും ആഹാരത്തിനായി ഉപയോഗിക്കാറില്ല.

വിവിധ ആദിവാസികൾ ഉപയോഗിക്കുന്ന കാട്ടുകിഴങ്ങുകൾഃ

കാണിക്കാർ (തിരുവനന്തപുരം) ഃ കവല, നൂറാൻ (കീരിനൂറാ), നെടുവാൻ, മാട്ടുനെടുവാൻ, പിർനാംകിഴങ്ങ്‌ (പാറക്കിഴങ്ങ്‌), മുക്കിഴങ്ങ്‌ (മുൾക്കിഴങ്ങ്‌), കരിങ്കിഴങ്ങ്‌, നൂലി.

ചോലനായ്‌ക്കൻ(നിലമ്പൂർ) ഃ ചോലവെന്നി, ഇക്കുവെന്നി, പതിവെന്നി, നൂറ, എരാണി, കവല, കൊയന, മയ്യല്‌, നൊപ്പൻ, നര, സുണ്ടൻ, മുതുക്ക്‌.

മലയർ (പീച്ചി)ഃ നൂറ്റ, കടങ്കാവത്ത്‌, ചന്ദനക്കിഴങ്ങ്‌ (തുന്നി), കാഞ്ഞിരക്കിഴങ്ങ്‌, ചേവൻ, കുപ്പച്ചാവൽ, കൊക്കൻ, മുളളൻ, നോക്ക, കോർണക്കിഴങ്ങ്‌.

തേൻ കുറുമർ (വയനാട്‌) ഃ നൂറ, നാര, ബിണ്ണി, എക്കു, മൊഞ്ചി.

മാവിലൻ (കാസർഗോഡ്‌)ഃ നര, കുരുണ്ട്‌, മുടുക്ക, കേത, കനല്‌.

മുഡുഗർ(അട്ടപ്പാടി)ഃ മയ,സാൽ,വെന്നി, കവലൻ, പെരുക്ക്‌, കുറാണ, ചാവല്‌, നൂറാൻ, ഏരൈ, ചോലൈ, വെത്തിലക്കൊടിക്കിഴങ്ങ്‌, ബീശ്‌ക്കൽകിഴങ്ങ്‌.

കുമിളുകൾ

ആദിവാസിയുടെ കുമിളാഹാരത്തിന്‌ വൈവിധ്യമുണ്ട്‌. ഇരുപതിലേറെ കുമിളുകൾ കേരളത്തിലെ ഗിരവർഗജനത ഉപയോഗിക്കുന്നുണ്ട്‌. ഉത്തരകേരളത്തിലെ ഒരു ഗ്രാമീണനറിയാവുന്ന ഭക്ഷ്യയോഗ്യമായ കുമിളുകളുടെ എണ്ണം പരമാവധി മൂന്നാണ്‌. എന്നാൽ അട്ടപ്പാടിയിലെ കുറുമ്പർ പതിമൂന്നുതരം കുമിളുകൾ കഴിക്കുന്നുണ്ട്‌. അലുമ്പ്‌ (ചോലനായ്‌ക്കർ) അമ്പേ (കുറുമ്പർ) കുമ്മായം (കുറിച്യർ) കുമെ (പണിയർ) തുടങ്ങി വ്യത്യസ്ത നാമങ്ങളിലാണ്‌ കുമിൾ അറിയപ്പെടുന്നത്‌. മണ്ണിലും മൺപുറ്റിലും മരത്തിലും മരപ്പൊത്തിലും വളരുന്ന കുമിളുകൾ ഇവർ കഴിക്കുന്നുണ്ട്‌. പുറ്റുലമ്പേ, അത്തിയമ്പേ, അലശലുമ്പ്‌ എന്നിങ്ങനെ വളരുന്ന സ്ഥാനത്തിന്റേയോ മരത്തിന്റേയോ പേർ ചേർത്താണ്‌ കുമിളിനു പേരിടുന്നത്‌. കുമിളുകളിൽ പലതും കൊടുംവിഷമാണ്‌. ഇവയ്‌ക്കിടയിൽനിന്നാണ്‌ ഭക്ഷ്യയോഗ്യമായ ഇനങ്ങൾ കാട്ടുവാസികൾ കണ്ടെത്തിയതെന്നത്‌ ഏറെ അത്ഭുതമുണ്ടാക്കുന്നു. അട്ടപ്പാടിയിൽവെച്ച്‌ ഒരാദിവാസിക്കുട്ടി ഒരിനം കൂൺ പച്ചയ്‌ക്കു തിന്നുന്നത്‌ കാണാൻ കഴിഞ്ഞിട്ടുണ്ട്‌. കൂണുകറിയും മരച്ചീനിപുഴക്കും കാണിക്കാരുടെ പഥ്യാഹാരമാണ്‌. പച്ചമുളകും ഉപ്പുംചേർത്ത്‌ വിഷാംശമില്ലാത്ത ഇലയിൽ പൊതിഞ്ഞ്‌ തീയിൽ വെച്ച്‌ ചുട്ടെടുക്കുകയാണ്‌ ഇവരുടെ പാചകവിധി. കാട്ടുകാച്ചിലുകൾക്കൊപ്പം കൂണുകറി കൂട്ടുന്നവരാണ്‌ ചില ആദിവാസികൾ.

കാട്ടിലകളും കാട്ടുപഴങ്ങളും

കുളക്കൂമ്പാണ്‌ ആദിവാസികളുടെ പ്രധാന ഇലക്കറി. മുതുക്കിന്റെ കിഴങ്ങ്‌ പീച്ചി പ്രദേശത്തെ മലയർ കഴിക്കുന്നില്ലെങ്കിലും ഇല ഇവരുടെ ആഹാരമാണ്‌. മുതുക്കിന്റെ തന്നെ കുടുംബക്കാരനായ ചക്കരവളളിയുടെ ഇല ചോലനായ്‌ക്കർ ഉപയോഗിക്കുന്നു. കുരുമുളകിന്റെ വർഗ്ഗത്തിൽപ്പെട്ട ‘ലെപിയാനുസ്‌ അംബല്ലേറ്റ’ എന്ന ചെടി കാണിക്കാർ കറി വെക്കുന്നു. പന്നൽവർഗത്തിൽപെട്ട ‘ചുരുളി’ അട്ടപ്പാടിയിലും ‘പഴുതാരക്കാലി’ നിലമ്പൂരിലും കാട്ടുജാതിക്കാർ ആഹരിക്കുന്നു. ചിലുവൃ കാക്കഡാഗ്‌ (മണിത്തക്കാളി) തുടങ്ങിയ കാട്ടിലകളും അട്ടപ്പാടിയിൽ ഉപയോഗിക്കുന്നുണ്ട്‌. മരത്തിൽ വളരുന്ന മരത്താളിന്റെ ഇല അരച്ച്‌ മറാട്ടി (കാസർഗോഡ്‌) അപ്പം ചുടാറുണ്ട്‌. മരച്ചേമ്പ്‌ (കൊറഗ) കാട്ടാളൻ ചേമ്പ്‌ (കാണിക്കാർ) തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു ഈ ചെടി.

നെല്ലിക്കയുടെ മാത്രം വലിപ്പമുളള പഴങ്ങളുണ്ടാവുന്ന ഒരു തരം തക്കാളിച്ചെടി അട്ടപ്പാടിയിൽ സാധാരണമാണ്‌. ഇതിന്റെ പഴം ഇവിടത്തുകാർ ഉപയോഗിക്കുന്നു. മാഞ്ചുണ്ട, വിരി എന്നീ പഴങ്ങളും ഇവർ ആഹരിക്കുന്നുണ്ട്‌. പൂവം, പാലി, അത്തി, ചടച്ചി, നെല്ലി, കാട്ടുഞ്ഞാവലുകൾ തുടങ്ങിയവയുടെ പഴങ്ങളും കാവളം, കറുത്തോടൽ, പ്ലാവ്‌, വറ്റോടല തുടങ്ങിയവയുടെ വിത്തുകളും ഗിരിവർഗ ജനതയുടെ ഇഷ്ടഭോജ്യങ്ങളത്രേ. ഉയരമേറിയ മലകളിലെ ചോലക്കാടുകളിൽ പുൽമേടുകളോടു ചേർന്നൂ വളരുന്ന കാട്ടുകൊയ്യയുടെ പഴം മുതുവാൻമാരും ഉപ്പുമാങ്ങാവളളിയുടെ പഴം ചോലനായ്‌ക്കന്‌മാരും തിന്നാറുണ്ട്‌. ഈന്തക്കുരു ശുദ്ധിചെയ്ത്‌ മാവാക്കിയെടുത്ത്‌ മിക്ക ആദിവാസികളും ഉപയോഗിച്ചുവരുന്നുണ്ട്‌.

വംശീയവൈദ്യം

ഏതെങ്കിലുമൊരു വിശ്വാസത്തിലധിഷ്‌ഠിതമായി പരമ്പരാഗത രീതിയിൽ നടന്നുവരുന്ന ക്രിയകളെ ആചാരമെന്നു വിളിക്കുന്നു. വിശ്വാസമാണ്‌ നാടോടി വൈദ്യത്തിന്‌ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഇത്‌ ഒരാചാരം കൂടിയാവുന്നു. നാടോടിവൈദ്യത്തിന്‌ പ്രാകൃതകവും അഭൗമവുമായ രണ്ടു ചികിത്സാ മാർഗ്ഗങ്ങളുണ്ട്‌. പ്രത്യക്ഷ ലക്ഷണങ്ങളിലൂന്നിയുളളതാണ്‌ പ്രാകൃതികചികിത്സ. അഭൗമചികിത്സയെന്നത്‌ ഒരുതരത്തിൽ നിദാന ചികിത്സ തന്നെ. എന്നാൽ ആയുർവേദത്തിലേതുപോലെ ശാസ്‌ത്രീയമായ നിദാനശോധകങ്ങൾ അഭൗമചികിത്സയ്‌ക്കില്ല. മതപരവും അനുഷ്‌ഠാനപരവുമായ ചില കർമ്മങ്ങളിലൂടെയാണ്‌ നിദാനചികിത്സ നടത്തുന്നത്‌. ഗർഭമലസുന്നതിന്‌ ‘ഗന്ധർവനും കരുകലക്കിയും പോലുളള ദേവതകളാണ്‌ കാരണമെന്നു വിശ്വസിക്കുകയും ഗർഭരക്ഷയ്‌ക്കായി കെന്ത്രോൻ പാട്ടും മലയറാട്ടവും നടത്തുകയും ചെയ്യുന്നത്‌ നാടോടി വൈദ്യത്തിലെ നിദാന ചികിത്സയത്രേ. രോഗം മാറാൻ ഉറുക്കെഴുതിക്കെട്ടുന്നതും സോറിയാസിസ്സ്‌ ശമിക്കാൻ പാമ്പിനു മുട്ട നേദിക്കുന്നതും ഈ ചികിത്സമാർഗത്തിനുദാഹരണം തന്നെ. ഇന്നു നാം അന്ധവിശ്വാസമെന്നു വിളിക്കുന്ന ഈ ചികിത്സാമാർഗ്ഗങ്ങൾ വിശാലാർത്ഥത്തിൽ ഒരുതരം മാനസിക ചികിത്സ കൂടിയാണ്‌. ദേഹം ചുവന്നു തുടുക്കുന്ന ’തൂവക്കാടി‘യെന്ന രോഗത്തിന്‌ അത്യുത്തര കേരളത്തിൽ ’തച്ചുമന്ത്രം‘ എന്ന അനുഷ്‌ഠാനകർമ്മം നടത്താറുണ്ട്‌. തച്ചുമന്ത്രത്തിന്‌ കാരിലഞ്ഞി, കരിനൊച്ചിൽ, കരിഞ്ഞെളു എന്നീ മൂന്നു ഔഷധച്ചെടികൾകൊണ്ട്‌ രോഗിയെ ഉഴിയുകയും ഇതു നടത്തുന്ന മലയ സമുദായത്തിൽപ്പെട്ട സ്‌ത്രീകൾ ചില അനുഷ്‌ഠാന ഗാനങ്ങൾ പാടുകയും ചെയ്യും. ഈ മൂന്നു ചെടികളും ദേഹത്തുണ്ടാവുന്ന തിണർപ്പുകൾ മാറ്റാൻ ശക്തിയുളളവയത്രേ. അനുഷ്‌ഠാന കർമ്മങ്ങൾരോഗിയിൽ ശമനബോധമുണ്ടാക്കുമ്പോൾ തൂപ്പുകളായുപയോഗിക്കുന്ന ഔഷധികൾ ശമനൗഷധങ്ങളായി വർത്തിക്കുന്നു. മരുന്നും മന്ത്രവും ഒരേ സമയം പ്രവർത്തിക്കുകയാണിവിടെ.

നാടോടി ചികിത്സയ്‌ക്ക്‌ രണ്ടു കൈവഴികളുണ്ട്‌. ഗൃഹവൈദ്യവും പാരമ്പര്യവൈദ്യവും. ഗൃഹവൈദ്യം വീട്ടമ്മമാരുടെ ചികിത്സയാണ്‌. അല്ലെങ്കിൽ നാമോരോരുത്തരും അറിയാതെ തന്നെ സ്വായത്തമാക്കിയ ഔഷധജ്ഞാനമാണ്‌. കൈമുറിഞ്ഞാൽ തെങ്ങിൻ ചുണങ്ങുവക്കുന്നതും അർശസ്സിനു നത്തയ്‌ക്ക കറി വെച്ചുകൂട്ടുന്നതും ഗൃഹവൈദ്യമത്രേ. ആയുർവ്വേദവും പാരമ്പര്യവൈദ്യവും തമ്മിൽ വളരെ നേർത്ത അതിർവരമ്പുകളേയുളളു. പഞ്ചഭൂത-ത്രിദോഷ സിദ്ധാന്തങ്ങൾ പ്രാമാണിക ഗ്രന്ഥങ്ങൾ നല്‌കുന്ന ഔഷധവിധികൾ എന്നിവ അടിസ്ഥാനമാക്കി നിർവഹിക്കപ്പെടുന്ന ആയുർവേദത്തെപ്പോലെ ഏതെങ്കിലുമൊരു സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ അരോഗാവസ്ഥയെ നിർവചിക്കുന്നില്ല പാരമ്പര്യവൈദ്യം. ബൃഹദ്‌ത്രയത്തിലെയും മറ്റും ഔഷധവിധികളല്ല പരമ്പരാഗതമായി പകർന്നുകിട്ടിയ അപൂർവ്വജ്ഞാനമാണ്‌ ഈ ചികിത്സയുടെ കൈമുതൽ. ആയുർവ്വേദ വൈദ്യന്മാർ മിക്കവരും ഇത്തരം പാരമ്പര്യവൈദ്യന്മാരാണ്‌.

പാരമ്പര്യവൈദ്യത്തിന്റെ തന്നെ ചൈതന്യപൂർണമായ ഒരു മുഖമത്രേ വംശീയവൈദ്യം ഽ​‍െ(പഎലണൂടപകവസവണ)ഽപ. പ്രകൃതിയുമായുളള ബന്ധം മുറിഞ്ഞു പോകാത്ത ഗോത്രവർഗത്തിന്റെ ആറാമിന്ദ്രിയം കണ്ടെത്തിയ അനുഭവസിദ്ധമായ അറിവുകളാണ്‌ വംശീയവൈദ്യത്തിന്റെ അടിത്തറ. ’ഗോത്രവർഗത്തിന്റെ തനതു പരിതോവസ്ഥകളിൽനിന്നും പരിണമിച്ചുണ്ടായതും ഭൗമമോ അഭൗമമോ ആയ നിദാന-ചികിത്സാ മാർഗങ്ങളെയെല്ലാം ഉൾക്കൊളളുന്നതുമാണ്‌ വംശീയ വൈദ്യം. പ്രാകൃതികമോ അമാനുഷമോ ആയ ശക്തികളുടെ പ്രവർത്തനം മൂലമെന്നു കരുതുന്ന രോഗങ്ങൾക്ക്‌ ഉപയോഗപ്പെടുത്തുന്ന ചികിത്സാരീതികൾ കൂടി ഉൾക്കൊളളുന്ന ഗോത്രജനതയുടെ സകലമാന വിശ്വാസങ്ങളും ഇതിന്റെ ഭാഗമാണ്‌. (ഹ്യൂഗസ്‌ഃ1968).

കുടുംബ പാരമ്പര്യം വഴിയും സ്വപ്‌നദർശനം വഴിയുമാണ്‌ ഗോത്രചികിത്സകന്‌ ഔഷധജ്ഞാനം ലഭിക്കുന്നത്‌. ഗോത്രവൈദ്യന്റെ സഹായിയായികൂടി വൈദ്യം പഠിക്കുന്നവരുമുണ്ട്‌. ഗൂഢമായ പ്രയോഗങ്ങൾ ഏറ്റവും വിശ്വസ്തർക്കുമാത്രം പകർന്നുകൊടുക്കുകയെന്നതാണു ഗോത്രവൈദ്യത്തിന്റെ രീതി. സാമാന്യയുക്തിക്ക്‌ ഉൾക്കൊളളാൻ പ്രയാസമില്ലാത്ത നാട്ടുവൈദ്യത്തിന്റെ പൊതുവായ ദായക്രമമാണിത്‌. എന്നാൽ ‘അന്തിക്ക്‌ ഒരിക്കെ ഒറങ്ങാൻ കെടന്നപ്പൊ കിനാവില്‌ ദൈവം വന്ന്‌ ഉപദേശം തന്ന്‌. കാട്ടിലെ പെച്ച മരുന്നിന്റെ പേര്‌ ഉപദേശിച്ചു തന്നു​‍്‌.’ എന്ന ആദിവാസി വൈദ്യന്റെ സത്യവാങ്ങ്‌മൂലം പരിഷ്‌കൃതലോകത്തിന്‌ മനസ്സിലാക്കാൻ പ്രയാസമുണ്ട്‌. പ്രകൃതിയുമായുളള പാരസ്‌പര്യമാണ്‌ കാട്ടറിവുകളെ രൂപപ്പെടുത്തുന്ന വന്യാനുഭവങ്ങൾക്ക്‌ കാരണമാവുന്നത്‌. ഇല ഞരടി മണപ്പിച്ചും തണ്ടു പൊട്ടിച്ചുനോക്കിയും പഴം രുചിച്ചും പരിശോധിച്ച ശേഷമേ ഒരു ചെടി തങ്ങളുടെ പരിചയമേഖലയിൽ പെടുമോ ഇല്ലയോ എന്നു നീഗ്രിറ്റോകൾ തീർപ്പു കല്‌പിക്കുവെന്നു ലെവിസ്‌ട്രൗസ്‌ പറയുന്നു. ദൈവദത്തമായ അറിവ്‌ പ്രകൃതിദത്തമായതുതന്നെ. പ്രകൃതിയിൽ നിന്നകലുമ്പോൾ അറിവുകളുടെ ഈടുവെപ്പ്‌ കുറയുന്നുവെന്നു മാത്രം. കാട്ടറിവുകളിലേക്ക്‌ നിയതമായ മാർഗങ്ങളില്ല. ഒരുൾവിളി, അകക്കണ്ണിന്റെ തുറവാകാം ആദിവാസിയുടെ ചികിത്സാ ദർശനം രൂപപ്പെടുത്തിയിരിക്കുക. ഈ പൊരുളറിയാനുളള വിവേകം നഷ്‌ടപ്പെട്ടുപോയതുകൊണ്ടാണ്‌ ആയുർവ്വേദവൈദ്യൻ കോൺക്രീറ്റു മേല്‌ക്കൂരയ്‌ക്കു കീഴിൽ അഞ്ചുകൊല്ലം വൈദ്യം പഠിച്ച ഹുങ്കിൽ ഗോത്രവൈദ്യനെ അന്ധവിശ്വാസിയെന്നും നിരക്ഷരനെന്നും വിളിച്ച്‌ സ്വയം ആക്ഷേപിക്കപ്പെടുന്നത്‌. കാട്ടുവാസികളിൽ നിന്നും അജപാലകരിൽനിന്നും സസ്യപരിചയം നേടണമെന്ന ആചാര്യോപദേശമെങ്കിലും ഇക്കൂട്ടർ ഓർത്തിരുന്നെങ്കിൽ.

നാട്ടുമനുഷ്യന്റെയും കാട്ടുമനുഷ്യന്റെയും പാരമ്പര്യൗഷധ രീതികളിൽ ഔഷധ കേന്ദ്രീകൃതവും അഭൗമവുമായ രണ്ടു ഘടകങ്ങളും പ്രയോഗക്ഷമമാണ്‌. എങ്കിലും നാട്ടു ചികിത്സയിൽ മരുന്നിനാണു പ്രാധാന്യം. ആദിവാസികൾക്ക്‌ രോഗഹേതു രോഗാണുക്കളല്ല, ശത്രുക്കളുടെ കൊടും ചെയ്തികളോ, ദൈവകോപമോ, പിശാചുബാധയോ ആണ്‌. അവയെ ഉന്‌മൂലനം ചെയ്യാനുളള മതാനുഷ്‌ഠാനങ്ങൾക്കാണ്‌ ഗോത്ര ചികിത്സയിൽ പ്രാമുഖ്യം. അതുകൊണ്ടുതന്നെ, ആദിവാസികൾക്കിടയിൽ മന്ത്രവാദികൾ മരുന്നുകാരുമാണ്‌.

കേരളത്തിലെ ഗോത്ര ചികിത്സകൾ ഉപയോഗിക്കുന്ന ഔഷധസസ്യങ്ങൾ, അവരുടെ ചികിത്സാരീതികൾ, വിശ്വാസങ്ങൾ എന്നിവയിലെ മുഖ്യ സവിശേഷതകൾ ചുവടെ ചേർക്കുന്നു.

ഒന്ന്‌ഃ ആയുർവ്വേദത്തിലെ പല പ്രഖ്യാപിത ഔഷധങ്ങളും വംശീയ വൈദ്യത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്‌. എന്നാൽ അവയുടെ പേരും ഉപയോഗക്രമങ്ങളും തികച്ചും വിത്യസ്തമാണെന്നു മാത്രം. വയനാട്ടിലെ ആദിവാസികൾ ഉപയോഗിച്ചുവരുന്ന ചില ഔഷധങ്ങളെ മുൻനിർത്തി തയ്യാറാക്കിയത്‌.

പേര്‌ (ആയുർവ്വേദം) ഉപയോഗം പേര്‌ ഉപയോഗം

(ആയുർവ്വേദം (ആദിവാസി) (ആദിവാസി)

1. മഞ്ചട്ടി രക്തശുദ്ധി, വിസർപ്പം കയ്യറുപ്പൻ കണ്ണിൽ മുറിഞ്ഞാൽ മുലപ്പാൽ

ചേർത്ത്‌ ഇറ്റിക്കുന്നു

2. പാവട്ട നീർവീക്കം, രക്ത പാതാളപ്പെട്ടി വയറിൽനിന്നും കഫം വരുന്നതിന

സംബന്ധമായ വേദനകൾ

3. ഉഴിഞ്ഞ കേശവൃദ്ധി, നീര്‌ പൊക്കണംതൂക്കി പേപ്പട്ടി വിഷത്തിന്‌ അരിക്കാടിയിൽ

വറ്റിക്കാൻ ചേർത്ത്‌ കൊടുക്കുന്നു.

4. വേങ്ങ അസ്ഥിഭംഗം, പ്രമേഹം കവണ ചുട്ടുകരിച്ച്‌ തീ പൊളളലിന്‌

കൃമി

5. ചണ്ണക്കിഴങ്ങ്‌ വിസർപ്പം ചുളളി കുട്ടികളുടെ മൂക്കടപ്പിനു തണ്ടു

പിഴിഞ്ഞു തേക്കുക.

അട്ടപ്പാടിയിലെ ആദിവാസികൾ ഉപയോഗിച്ചുവരുന്ന പാലൈക്കിഴങ്ങ്‌, നീർവേക്ക്‌, പെട്രെക്ക്‌, ശിപ്പിട്ടി ഒട്ട്‌, ചുക്കുട്ടി (കാക്കഡാഗ്‌) ചെരണ്ടൈ, (പാശംശട്ടി), കെവ്‌ര, ആമാഞ്ചി, നികടി ചെടി തുടങ്ങിയ ഔഷധച്ചെടികൾ യഥാക്രമം അടപതിയൻ, ശതാവരി, നിലപ്പാല, വെളുത്ത കൊടുവേലി, മണിത്തക്കാളി, ചുവന്ന തഴുതാമ, ഇടമ്പിരിവലമ്പിരി, കാട്ടുമുതിര, പാടക്കിഴങ്ങ്‌, എന്നീ ആയുർവ്വേദ ഔഷധങ്ങൾ തന്നെ.

രണ്ട്‌ഃ ഒരു ചെടി തന്നെ വിവിധ ഗോത്രവർഗങ്ങളും ആയുർവ്വേദ വൈദ്യൻമാരും വ്യത്യസ്ത നാമങ്ങളിൽ ഉപയോഗിച്ചുവരുന്നുണ്ട്‌.

കാണിക്കാർ പഞ്ചാമൃതപ്പച്ച

വയനാട്ടിലെ ആദിവാസികൾ ഇരിട്ടിമധുരം

അട്ടപ്പാടി ശൂരുചെടി

നാട്ടുവൈദ്യൻമാർ (മധ്യകേരളം) കരക്കഞ്ചാവ്‌

നാട്ടുവൈദ്യൻമാർ (അത്യുത്തരകേരളം) ഋഷിഭക്ഷണം

നാട്ടുവൈദ്യൻമാർ (ദക്ഷിണകേരളം) കല്ലുരുക്കി

മൂന്ന്‌ഃ ഏതു രോഗത്തെ ശമിപ്പിക്കുന്നുവോ ആ രോഗത്തിന്റെ പേരുതന്നെ ചില മരുന്നുചെടികൾക്കും കൈവന്നിട്ടുണ്ട്‌.

ഉദാഃ തീവേക്ക്‌ കിഴങ്ങ്‌ഃ അട്ടപ്പാടിയിൽ തീവേക്കി (തീപ്പൊളളൽ)ന്‌. പനിശൊപ്പ്‌ (പാണൽ), വയനാട്ടിൽ പണിയർ പനിയ്‌ക്ക്‌ ഉപയോഗിക്കുന്നു. കൂരമടക്കി(ആടലോടകം) കുറിച്യർ കുരയ്‌ക്ക്‌ ഉപയോഗിക്കുന്നു. ഹേമദണ്ഡപ്പച്ച കാണിക്കാർ ക്ഷയരോഗത്തിനും ഇടി, ചതവുകൾക്കും ഉണക്കലരി ചേർത്ത്‌ വേവിച്ച്‌ ഉപയോഗിക്കുന്നു.

നാല്‌ഃ ചില സസ്യനാമങ്ങളുടെ പൂർവ്വപദം ജന്തുസൂചകമാണ്‌. സൂചിതങ്ങളായ ജന്തുക്കളുമായുളള സാമ്യതയും ഏതു ജന്തുവിന്റെ ഉപദ്രവത്തെയാണോ ഒരൗഷധം ശമിപ്പിക്കുന്നത്‌ എന്ന വസ്‌തുതയും ആണ്‌ ഈ സമസ്ത പദനിരുക്തിക്ക്‌ അടിസ്ഥാനം.

ഉദാഃ പഴുതാരക്കാലി. (കൽക്കുളത്തെ കാട്ടുനായ്‌ക്കർ)ഃ പന്നിവർഗത്തിൽ പെട്ട ചെടിയുടെ കിഴങ്ങിന്‌ പഴുതാരയുമായി സാമ്യമുണ്ട്‌. പന്നിപ്പിടുക്ക്‌. (അട്ടപ്പാടിയിലെ മൃസുഗർ)ഃ പന്നിയുടെ വൃഷണവുമായി സാമ്യമുളള മുകുളങ്ങൾ പർവ്വസന്ധിയിലുണ്ടാകുന്നതുകൊണ്ടാണ്‌ ഈ കാട്ടുകാച്ചിലിന്‌ പിന്നിപ്പടുക്ക്‌ എന്നു പേരുവന്നത്‌. നരിച്ചേമ്പ്‌ (മലയർ-പീച്ചി)ഃ മരത്തിൽ പറ്റിപ്പിടിച്ചു വളരുന്ന ഈ ചെടിയുടെ തണ്ട്‌ കന്നുകാലികളെ നരി കടിച്ചാൽ വാട്ടിപ്പിഴിഞ്ഞൊഴിക്കുന്നു. അണലിവേഗം-(മലയർ)ഃഅണലി വിഷത്തെ ശമിപ്പിക്കുന്നതുകൊണ്ട്‌.

അഞ്ച്‌ഃ ജന്തുക്കളുമായുളള ഏതു തരത്തിലുളള ബന്ധവും നാമകരണത്തിന്‌ അടിസ്ഥാനമാകാം.

ഉദാഃ കാട്ടാളൻ ചേമ്പ്‌ (കാണിക്കാർ) മലയരുടെ നരിച്ചേമ്പുതന്നെ. ആദിവാസി നമുക്കു കാട്ടാളനാണെങ്കിൽ ആദിവാസി മിത്തുകളിലെ അപൂർവ്വ ജന്തുവാണ്‌ ‘കാട്ടാളൻ’. കടമാന്തുവരഃ തുവരയുടെ കുടുംബത്തിൽപെടുന്ന സസ്യം. ംലാവിന്റെ (കടമാന്റെ) ഇഷ്‌ടഭോജ്യം. കീരിക്കിഴങ്ങ്‌ (കാണിക്കാർ)ഃ കീരി പാമ്പിനെ കീഴടക്കാൻ ഉപയോഗിക്കുന്നുവെന്നു കരുതപ്പെടുന്നു. പാമ്പുവിഷത്തിന്‌ പ്രതിവിധി.

ആറ്‌ഃ ഒരാദിവാസി മേഖലയിൽതന്നെ ഒരു സസ്യത്തിന്‌ ഒന്നിലേറെ പേരുകളുണ്ടാകാം.

ഉദഃ കാക്കഡാഗ്‌, കങ്കെ, ചുക്കുട്ടിച്ചീര-അട്ടപ്പാടിയിൽ മണിത്തക്കാളിയുടെ പേരുകൾ.

ഏഴ്‌ഃ സ്ഥിരമായോ താൽകാലികമായോ കുട്ടികളുണ്ടാവാതിരിക്കാനുളള മാർഗ്ഗങ്ങൾ (മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും) ആദിവാസി ജനതയ്‌ക്കറിവുണ്ട്‌. ഉദാഃ കാസർഗോട്ടെ ചെറവർ-വളർത്തു പൂച്ചയ്‌ക്കു കുഞ്ഞുങ്ങളുണ്ടാവാതിരിക്കാൻ നക്കപ്പുല്ലുവിത്ത്‌ പൊടിച്ചു കൊടുക്കുന്നു.

എട്ട്‌ഃ വ്യത്യസ്ത നാമങ്ങളിലറിയപ്പെടുന്ന ഒരു ഔഷധം വിഭിന്ന ഗോത്രവർഗങ്ങൾക്കിടയിൽ സമാനാവശ്യങ്ങൾക്കുപയോഗിക്കുന്നുണ്ട്‌. ഉദാഃ തലവേദനയ്‌ക്ക്‌ മലയർ (പീച്ചി)ഃ കൊടിഞ്ഞിക്കായ അരച്ചിടുന്നു. കുറുമ്പർ കാരയും, രണ്ടു ചെടികളും ‘ദ്വിമുഖ രുദ്രാക്ഷം’ തന്നെ.

ഒമ്പത്‌ഃ ഔഷധനാമങ്ങൾ വ്യത്യസ്തമാണെങ്കിലും ആദിവാസി ഔഷധപ്രയോഗവും ആയുർവ്വേദത്തിലെ ഉപയോഗവും ഒരുപോലെയാകാം. ഉദാഃ മൂത്രച്ചുടിച്ചിലിന്‌ ഒലബൻചിവേര്‌ ചോലനായ്‌ക്കൻമാർ ഉപയോഗിക്കുന്നു. മൂത്രാശായ രോഗത്തിന്‌ ആയുർവ്വേദം ഉപയോഗിക്കുന്ന കല്ലൂർവഞ്ചി തന്നെയാണ്‌ ഒലബൻചി.

പത്ത്‌ഃ ഒരേ ഔഷധസസ്യത്തിനു തന്നെ വിഭിന്ന വർഗങ്ങൾക്കിടയിൽ പേരും പ്രയോഗസന്ദർഭവും വ്യത്യസ്തമാകാം. ചുളളിയുടെ തണ്ട്‌ പിഴിഞ്ഞ നീര്‌ കുട്ടികളുടെ മൂക്കൊലിപ്പിന്‌ തലയിൽ തേക്കുക (മുഡുഗർ-അട്ടപ്പാടി). കണ്ണിലെ മുറിവിന്‌ കുളക്കോഴിത്തണ്ട്‌ ചതച്ച്‌ തലയിൽ തേക്കുക(കാണിക്കാർ). ചണ്ണക്കൂവയാണ്‌ ഈ രണ്ടു ചെടികളും.

പതിനൊന്ന്‌ഃ തങ്ങളുടെ പരിസരങ്ങളിൽ പുതുതായി എത്തപ്പെടുന്ന സസ്യങ്ങളെക്കൂടി ആദിവാസികൾ ഉപയോഗപ്പെടുത്തുന്നു. കുറിച്യർ കൊങ്ങിണിയുടെ നീര്‌ വെളിച്ചെണ്ണയിൽ ചേർത്ത്‌ പൊളളലിന്‌ ഉപയോഗിക്കുന്നു. ചെറവർ കമ്യൂണിസ്‌റ്റപ്പ, ചുണ്ണാമ്പ്‌ എന്നിവ ചേർത്തു പിഴിഞ്ഞ്‌ നീരെടുത്ത്‌ വെട്ടുമുറിവിന്‌ ഉപയോഗിക്കുന്നു.

പന്ത്രണ്ട്‌ഃ നാട്ടുവൈദ്യത്തിലേതുപോലെതന്നെ പല ഗൂഢപ്രയോഗങ്ങളും ആദിവാസി വൈദ്യത്തിലുണ്ട്‌.

വിഷമകരമായ പ്രസവമെടുക്കാൻ ഉത്തരകേരളത്തിലെ നാട്ടുവൈദ്യൻമാർക്കിടയിൽ മേത്തോന്നിക്കിഴങ്ങുപയോഗിച്ചുകൊണ്ട്‌ ‘ലാംഗലീപ്രയോഗം’ എന്ന രഹസ്യ പ്രയോഗമുണ്ട്‌. ഉത്തരകേരളത്തിലെ നാടൻപേറ്റിച്ചികളായ മലികൾക്ക്‌ (മലയസ്‌ത്രീകൾ) ലാംഗലീ പ്രയോഗവും ഗർഭരക്ഷ, ഗർഭച്ഛിദ്രം തുടങ്ങിയവയ്‌ക്കുളള അനേകം രഹസ്യപ്രയോഗവിധികളും അറിയാമായിരുന്നു. പ്രസവമെടുപ്പ്‌ കത്രികളേറ്റെടുത്തതോടെ ഈയൊരു നാട്ടറിവ്‌ അപ്രത്യക്ഷമായി. ലാംഗലീപ്രയോഗത്തിനു സമാനമായ ഒരു ‘മണ്ണിരപ്രയോഗം’ കുറിച്യർക്കുണ്ട്‌.

പതിമൂന്ന്‌ഃ ആകൃതിയുടെ ആകമാനത്തിലുളള സാമ്യതയാണ്‌ ചെടികൾക്ക്‌ പരസ്പരബന്ധമുളള പേരിടുന്നതിന്‌ ആദിവാസികൾ സ്വീകരിക്കുന്നത്‌. പേരുകളിലെ സാദൃശ്യത്തോടൊപ്പം ജനിതകബന്ധംകൂടി വന്നുപെടാമെന്നുമാത്രം.

Generated from archived content: sasyavijnanam.html Author: e-unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English