പട്ടം

കോഫി ഹൗസിൽ അയാൾക്ക്‌ അഭിമുഖമായി ഇരിക്കുമ്പോൾ അവൾക്ക്‌ നേരിയ പരിഭ്രമമുണ്ടായിരുന്നു.

തന്റെ കൈവിരലിലെ മോതിരം പലവുരു തൊട്ടുനോക്കിയും, കട്‌ലറ്റ്‌ കഴിക്കുന്നതിനിടയിൽ ഫോർക്ക്‌ പ്ലേറ്റിൽ മുട്ടിച്ച്‌ ശബ്‌ദമുണ്ടാക്കിയും അവൾ അയാൾ പറയുന്നത്‌ കേട്ടുകൊണ്ടിരുന്നു.

ജനാലയിലൂടെ കടലിന്റെ കടുംനീലയും അസ്തമയസൂര്യന്റെ ചുവപ്പും അവർക്ക്‌ കാണാമായിരുന്നു.

കടൽത്തീരത്തേക്ക്‌ അലസമായി നോക്കിക്കൊണ്ട്‌ അയാൾ തന്റെ ജീവിതത്തെ പറ്റി അവളോട്‌ പറഞ്ഞു.

സ്വയം ഉയർന്നുവന്ന മനുഷ്യനാണ്‌ അയാൾ. അയാളുടെ ഇന്നലെകളിൽ കണ്ണീരിന്റെ ഉപ്പും, മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചവും ഉണ്ട്‌.

വിവാഹനിശ്ചയത്തിനുശേഷം ആദ്യമായാണ്‌ അവൾ അയാളോടൊപ്പം പുറത്തിറങ്ങുന്നത്‌. അതിനുമുൻപ്‌ അയാളോട്‌ ഒറ്റയ്‌ക്ക്‌ സംസാരിക്കുവാൻ അവൾക്ക്‌ അവസരം ഉണ്ടായിട്ടില്ല.

അല്ലെങ്കിൽ തന്നെ അവൾക്ക്‌ അയാളോട്‌ ഒന്നും പറയാനില്ലായിരുന്നു. തന്റെ ജീവിതത്തിലെ പുതിയ സംഭവങ്ങളെ ഒരു കാഴ്‌ചക്കാരിയുടെ നിസ്സംഗതയോടെയാണ്‌ അവൾ സ്വീകരിച്ചത്‌.

എങ്കിലും അയാളോടൊപ്പം ഇരിക്കുമ്പോൾ അവളുടെ കൈപ്പത്തികൾ വിയർക്കുകയും, ഹൃദയമിടിപ്പ്‌ ഭയപ്പെടുത്തുന്ന വിധത്തിൽ ശക്തിയാകുകയും ചെയ്യും.

കടൽത്തീരത്ത്‌ നല്ല തിരക്കുണ്ടായിരുന്നു. കൈകോർത്തുപിടിച്ച്‌ തിരമാലകളെ വെല്ലുവിളിക്കുന്ന യുവതീയുവാക്കൾ. ചക്രം പടിഞ്ഞിരുന്ന്‌ കപ്പലണ്ടി കൊറിക്കുന്ന വയസ്സന്മാർ. ഐസ്‌ക്രീം നുണയുന്ന കുഞ്ഞുങ്ങൾ. മറ്റൊരു ഭാഗത്ത്‌ പട്ടം പറത്തുന്ന കുട്ടികളുടെ ആർപ്പുവിളികൾ.

ഒരു പട്ടം തീതുപ്പുന്ന ഡ്രാഗണിന്റെ ആകൃതിയിലാണ്‌. അതിന്‌ പച്ച നിറത്തിലുളള ചിറകുകളും നീണ്ട വാലും ഉണ്ടായിരുന്നു.

അത്‌ കാറ്റിൽ ഉയർന്നും താഴ്‌ന്നും ആകാശത്തിന്റെ അതിർത്തികൾ തേടിക്കൊണ്ടിരുന്നു.

അയാൾ തന്റെ ബാല്യത്തെക്കുറിച്ച്‌ പറയുകയായിരുന്നു. പട്ടം പറത്തലിന്റെ ആർപ്പുവിളികളില്ലാത്ത ബാല്യം. കളിക്കോപ്പുകളും മിഠായികളും ഇല്ലാത്ത ബാല്യം. വിശപ്പിന്റെ നീറ്റലുകൾ. ഒന്നിലും തളരാത്ത വാശി.

അവളാകട്ടെ പട്ടത്തിനെക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു.

പണ്ട്‌ പണ്ട്‌, പുൽച്ചെടികൾ പരവതാനി വിരിച്ച ഒരു മൈതാനത്ത്‌ ചെറിയ ഒരു സംഘം കുട്ടികൾ പട്ടം പറത്തുകയായിരുന്നു.

വിടർന്ന നക്ഷത്രക്കണ്ണുകളുളള ഒരു പെൺകുട്ടിയായിരുന്നു സംഘത്തിന്റെ നേതാവ്‌. അവൾ പട്ടത്തിന്റെ ചരട്‌ വിദഗ്‌ദ്ധമായി ചലിപ്പിച്ചു. പട്ടം മേഘങ്ങൾക്കിടയിൽ വലിയ അർദ്ധവൃത്തങ്ങൾ ചമച്ചു.

ഒടുവിൽ അത്‌ ചരടുപൊട്ടി, മരങ്ങളും പൂക്കളും നിറഞ്ഞ താഴ്‌വരകൾ താണ്ടി, ദൂരെ രാക്ഷസന്റെ കോട്ടയ്‌ക്ക്‌ മുകളിൽ ചെന്നുവീണു.

ആദ്യം ഒന്നു ഭയന്നുവെങ്കിലും കുട്ടികൾ പട്ടം തിരിച്ചെടുക്കുവാൻ തന്നെ തീരുമാനിച്ചു. അവർ ഒരു ജാഥയായി നടന്ന്‌ രാക്ഷസന്റെ കോട്ടയ്‌ക്ക്‌ മുന്നിലെത്തി.

നേതാവായ പെൺകുട്ടി കോട്ടവാതിൽ തളളിത്തുറന്നു.

“ആരത്‌” കോട്ടയുടെ മാറാല പിടിച്ച അകത്തളത്തിന്റെ ഇരുട്ടിൽ നിന്ന്‌ രാക്ഷസൻ അലറി.

“അല്ലയോ രാക്ഷസാ” പെൺകുട്ടി പറഞ്ഞു.

“ഞങ്ങളുടെ പട്ടം കോട്ടയുടെ ഏറ്റവും ഉയർന്ന ഗോപുരത്തിൽ കുടുങ്ങി നിൽക്കുകയാണ്‌. മുകളിലേക്ക്‌ വന്ന്‌ അതെടുക്കാൻ എന്നെ അനുവദിക്കുക.”

രാക്ഷസൻ കിളിവാതിലിലൂടെ പുറത്തേക്ക്‌ നോക്കി.

പെൺകുട്ടിയുടെ തുടുത്ത മുഖവും നക്ഷത്രക്കണ്ണുകളും കണ്ട്‌ പളള തടവിക്കൊണ്ട്‌ രാക്ഷസൻ പറഞ്ഞു.

“അകത്തേക്ക്‌ വരിക.”

കടൽത്തീരത്ത്‌ ഇരുട്ട്‌ പരന്നു തുടങ്ങിയിരുന്നു.

“നമുക്ക്‌ അൽപം നടക്കാം.” അയാൾ അവളോട്‌ പറഞ്ഞു.

ലൈറ്റ്‌ ഹൗസിൽ നിന്നുളള വെളിച്ചം അത്ഭുതത്തോടെ നോക്കിക്കൊണ്ട്‌ അവൾ അയാളോടൊപ്പം നടന്നു.

പ്രകാശത്തിന്റെ ചിതറിയ ചീളുകൾക്കിടയിൽ അവളുടെ മുഖം അയാൾക്ക്‌ അതിമനോഹരമായി തോന്നി.

“നിന്റെ കണ്ണുകൾ നക്ഷത്രങ്ങളെപ്പോലെയാണ്‌.” അവളുടെ വിയർത്ത കൈപ്പത്തി ചേർത്തുപിടിച്ചു കൊണ്ട്‌ അയാൾ പറഞ്ഞു.

അവൾ ആകാശത്തേക്ക്‌ നോക്കി. ഡ്രാഗണിന്റെ ആകൃതിയിലുളള പട്ടം ചരടുമുറിഞ്ഞ്‌ ചുവടുതെറ്റിയ ഒരു നർത്തകിയെപ്പോലെ അലയുന്നുണ്ടായിരുന്നു.

പിന്നീട്‌ തെരുവിലൂടെ ഒരു ഭ്രാന്തിയെപോലെ ഓടുമ്പോളും അത്‌ അവൾക്കു മുകളിൽ തന്നെ ഉണ്ടായിരുന്നു.

Generated from archived content: story_dec28_05.html Author: durga_aravind

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here