ആ മണൽപാതയും താമരപ്പൊയ്‌കയും
പേരറിയാത്തതാമായിരം പൂക്കളും
ആ പുഴയോരവും പാഴ്‌മുളങ്കൂട്ടവും
അവിടെ തുടിച്ചോരു കാറ്റിന്റെ ഈണവും
വിരിയും വസന്തവും മാമ്പഴക്കാലവും
എങ്ങും നമുക്കായ് കരുതും മധുരവും
നമ്മുടെ ബാല്യവുമിന്നുമോർക്കുന്നുവോ
സ്നേഹിതാ, നീയിന്നുമെന്നെയോർക്കുന്നുവോ?
അന്തമില്ലാത്തൊരാ പഴയമൺപാതയിൽ
ഒറ്റയ്‌ക്കു നിന്നെയും കാത്തു ഞാൻ നിന്നതും
കണ്ണുനീരൊട്ടുന്ന കുഞ്ഞു മുഖവുമായ്
ക്ഷീണിച്ചു മന്ദം നടന്നുനീ വന്നതും
പുസ്‌തകക്കെട്ടുവലിച്ചെറിഞ്ഞന്നു നീ
‘ആവില്ലെനിയ്‌ക്കിനി’ എന്നു പറഞ്ഞതും
പിന്നെ ചിരിച്ചതുമിന്നുമോർക്കുന്നുവോ
സ്നേഹിതാ, നീയിന്നുമെന്നെയോർക്കുന്നുവോ?
പൂക്കൾ കൊതിച്ചൊരെൻ മുറ്റത്തെ മുല്ലയെ
നോക്കാതെ പോയൊരാ പുതിയ പൂക്കാലവും
എരിയുന്ന വേനലും പൊരിയും കിനാക്കളും
വെറുതെ കരിഞ്ഞൊരെൻ മൂകാനുരാഗവും
ആ മഴക്കാലവും കാറ്റിന്നിരമ്പലും
അവയിൽ കുതിർന്നൊരെൻ വ്യർത്ഥസ്വപ്നങ്ങളും
ഒടുവിലാ വേർപാടുമിന്നുമോർക്കുന്നുവോ
സ്നേഹിതാ, നീയിന്നുമെന്നെയോർക്കുന്നുവോ?
ഇരവിന്റെയിരുളിൽ വിധിയെ പഴിയ്‌ക്കവേ
ഒരു കുളിർകാറ്റുനിന്നരികത്തണയുകിൽ
വന്യമീ വീഥിയിലൊറ്റയ്‌ക്കുഴറവേ
ഒരു മഞ്ഞുതുളളി നിൻ തോളിൽ പതിയ്‌ക്കുകിൽ
ഏറെ വിഷണ്ണനായ് തീരത്തുനിൽക്കവേ
ഒരു തിരമാല നിൻ പാദം നനയ്‌ക്കുകിൽ
ഓർക്കുക വീണ്ടുമാ പഴയ മൺപാതയെ
മരണമില്ലാത്തൊരാ പഴയ സ്വപ്നങ്ങളെ.
Generated from archived content: poem2_aug10-05.html Author: durga_aravind