ചില സാങ്കേതിക പ്രശ്നങ്ങൾ

വീണമോളാണ്‌ ഞായറാഴ്‌ച ആദ്യമുണർന്നത്‌. സ്‌കൂളുള്ള ദിവസങ്ങളിൽ അവൾ ഉണർന്നാലുടൻ ‘മമ്മീ’ എന്നുവിളിച്ച്‌ കരയാറാണ്‌ പതിവ്‌. മമ്മി വന്ന്‌ എടുത്താലല്ലാതെ അവൾ കിടക്കയിൽ നിന്ന്‌ അനങ്ങാറില്ല. പക്ഷെ ഇന്ന്‌ ഞായറാഴ്‌ചയാണ്‌.

അവൾ കട്ടിലിൽ മുട്ടുകുത്തിനിന്ന്‌, ജനാലയുടെ കർട്ടൻ നീക്കി പുറത്തേക്ക്‌ നോക്കി. മഞ്ഞുപെയ്യുകയാണ്‌. ആകാശത്തുനിന്നും ചെറിയ പഞ്ഞി കഷണങ്ങൾ പോലെ പാറി പാറി….. മുറ്റം ഒരു വെളുത്ത പരവതാനി ആയിട്ടുണ്ട്‌. റോഡരുകിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾ പകുതി മഞ്ഞിൽ മൂടിപ്പോയിരിക്കുന്നു. ഇലകൾ കൊഴിഞ്ഞ മരച്ചില്ലകളിലുമുണ്ട്‌ മഞ്ഞ്‌. ആകപ്പാടെ എല്ലാം വെള്ളനിറം.

‘മുത്തശ്ശിയോട്‌ പറയണം മഞ്ഞുപെയ്യുന്ന കാര്യം’ അവൾ വിചാരിച്ചു. മുത്തശ്ശിയെ കുറിച്ചോർത്തപ്പോൾ അവൾ ചുമരിലെ മിക്കി മൗസിന്റെ ആകൃതിയിലുള്ള ക്ലോക്കിലേക്ക്‌ അക്ഷമയോടെ നോക്കി. ചെറിയ സൂചി ഏഴു കഴിഞ്ഞുനിൽക്കുന്നു. വലിയ സൂചി പത്തിലും. സമയം നോക്കാൻ അവൾ ഇതുവരെ പഠിച്ചിട്ടില്ല. എങ്കിലും അക്ഷമ തോന്നുമ്പോൾ അവൾ ക്ലോക്കിൽ നോക്കി നിൽക്കും. സൂചികളുടെ രഹസ്യഭാഷ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട്‌. ഇന്ന്‌ മുത്തശ്ശി കഥ പറയുന്ന ദിവസമാണ്‌.

മുത്തശ്ശിയെ നേരിൽ കണ്ട ഓർമ്മ വീണമോൾക്കില്ല. അവൾക്ക്‌ മൂന്ന്‌ വയസ്സുള്ളപ്പോഴാണ്‌ അവസാനം ഇന്ത്യയിൽ പോയത്‌. അത്‌ രണ്ടുമൂന്നു വർഷം മുൻപാണ്‌. അമ്മമ്മയേയും മുത്തശ്ശിയേയും കാണാറുള്ളത്‌ കമ്പ്യൂട്ടറിലൂടെയാണ്‌. അനേകായിരം മൈലുകൾക്കപ്പുറത്തുനിന്ന്‌ ഒരു വെബ്‌ ക്യാം മുത്തശ്ശിയുടെ വെളുത്ത തലമുടിയും ചുളിഞ്ഞ മുഖവും പകർത്തിയെടുത്ത്‌ യാഹൂ മെസ്സഞ്ചറിന്റെ പെട്ടിയിലൂടെ അവളെ കാണിക്കുന്നു. മുത്തശ്ശിയുടെ കഥകൾ ഹെഡ്‌ ഫോണിലൂടെ അവളെ തേടിയെത്തുന്നു.

നാഗമാണിക്യം തേടിപ്പോയ രാജകുമാരന്മാരുടെ കഥകൾ.

രാക്ഷസന്റെ തടവിൽ കഴിയുന്ന രാജകുമാരിമാരുടെ കഥകൾ.

ഇടയ്‌ക്കൊക്കെ അവൾ ചോദിയ്‌ക്കും..

“മുത്തശ്ശീ, ഇന്ന്‌ ഡൈനസോറിന്റെ കഥ പറയോ..”

“അയ്യോ, ആ ജാതി കഥയൊന്നും മുത്തശ്ശിയ്‌ക്ക്‌ അറിയില്ലല്ലോ.. ഉണ്ണിക്കണ്ണന്റെ കഥ പറയാട്ടോ..”

വെണ്ണ കക്കുന്ന വികൃതിയായ ഉണ്ണിക്കണ്ണൻ അഹങ്കാരിയായ വലിയൊരു പാമ്പിനെ മര്യാദ പഠിപ്പിച്ചത്രേ. അതാലോചിച്ച്‌ അവൾ അറിയാതെ ചിരിച്ചുപോയി.

വേ റ്റു ഗോ ഉണ്ണിക്കണ്ണാ..

കഴിഞ്ഞയാഴ്‌ച പകുതി പറഞ്ഞുനിർത്തിയ കഥ അവൾ ഓർക്കാൻ ശ്രമിച്ചു. രാജാവിന്റെ ഒറ്റ മകളായ, അതി സുന്ദരിയായ രാജകുമാരിയെ രാക്ഷസൻ പിടിച്ചുകൊണ്ടുപോയി. ഏഴുസമുദ്രങ്ങൾക്കപ്പുറത്തുള്ള വലിയൊരു മലയുടെ മുകളിൽ, കാറ്റും വെളിച്ചവും കടന്നുവരാത്ത ഒരു ഗുഹയ്‌ക്കുള്ളിൽ തടവിലാണ്‌ രാജകുമാരി. വീരനായ മന്ത്രികുമാരൻ ഉഗ്രവിഷമുള്ള സർപ്പങ്ങൾ നിറഞ്ഞ സമുദ്രങ്ങൾ താണ്ടി മലമുകളിലെത്തി.

അങ്ങനെ നല്ല രസം പിടിച്ചിരിക്കുമ്പോഴാണ്‌ മുത്തശ്ശി കഥ നിർത്തിയത്‌.

“വയ്യ കുട്ട്യേ.. ബാക്കി അടുത്താഴ്‌ച പറയാട്ടോ..”

അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്‌. അവൾ റ്റെഡ്‌ഡി ബേറിനെ കയ്യിലെടുത്ത്‌ അടുക്കളയിലേക്ക്‌ നടന്നു

“മമ്മീ മുത്തശ്ശി വരാറായോ..”

“രാവിലെ എണീറ്റാലുടൻ കഥ കേൾക്കേണ്ട വിചാരമേയുള്ളൂ..” മമ്മി ചിരിച്ചു.

റ്റോസ്റ്റും പീനട്ട്‌ ബട്ടറും കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഡാഡി അകത്തെ മുറിയിൽ നിന്നും വിളിച്ചു.

“വീണമോളേ അമ്മമ്മ വിളിക്കുന്നു..”

അമ്മമ്മയ്‌ക്ക്‌ വീണമോൾ വളർന്നോ എന്നറിയണം. ഓരോ ആഴ്‌ചയും അവളെ കമ്പ്യൂട്ടറിലൂടെ കാണുമ്പോൾ അമ്മമ്മയ്‌ക്കും മുത്തശ്ശിയ്‌ക്കും അത്‌ഭുതമാണ്‌. അമ്മമ്മയുടെ തലമുടി ഒരാഴ്‌ചകൊണ്ട്‌ കുറെക്കൂടി നരച്ചതായി അവൾക്ക്‌ തോന്നി. അമ്മമ്മയുടെ മമ്മിയാണ്‌ മുത്തശ്ശി. മുത്തശ്ശിയുടെ തലമുടി മുഴുവനും നരച്ചിട്ടാണ്‌. അപ്പോൾ മുത്തശ്ശിയ്‌ക്ക്‌ എത്ര വയസ്സായിക്കാണും? ഡൈനസോറിന്റെ അത്ര?

ഒടുവിൽ മുത്തശ്ശി കഥ പറയാൻ തുടങ്ങി.

“മലയുടെ മുകളിലെത്തിയ മന്ത്രികുമാരൻ കണ്ട കാഴ്‌ച എന്തായിരുന്നു?”

എന്തായിരിക്കും? വീണമോൾ ആലോചിച്ചുനോക്കി.

“രണ്ടുവലിയ പുലികൾ. ഒന്ന്‌ കറുത്തത്‌. മറ്റേത്‌ വെളുത്തത്‌. തീക്കട്ടപോലത്തെ കണ്ണുകളുള്ള രണ്ട്‌ വലിയ പുലികൾ..”

പിന്നെ മുത്തശ്ശി ചുമയ്‌ക്കുവാൻ തുടങ്ങി. മുത്തശ്ശിയുടെ മുഖം വല്ലാതെ വിളറുകയും വിറയ്‌ക്കുകയും ചെയ്തു.

വീണമോൾ ഉറക്കെ വിളിച്ചുപറഞ്ഞു.

“മമ്മീ, കമ്പ്യൂട്ടറിന്‌ എന്തോ പ്രോബ്ലം. പിക്‌ചർ ഷേക്കാവ്വാ..”

——

Generated from archived content: story_apr12_06.html Author: durga

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here