പുഴയോരത്ത്‌

എനിക്ക്‌ ഓർമ്മവച്ച കാലം മുതലേ അവൾ ഞങ്ങളോടൊപ്പമുണ്ട്‌. പഠനമുറിയിൽ എന്റെയും രാധേച്ചിയുടെയും മേശകൾക്ക്‌ നടുവിലായി, ചുമരിൽ നിന്ന്‌ അവൾ വിദൂരതയിലേക്ക്‌ നോക്കി സദാ പുഞ്ചിരിതൂകിക്കൊണ്ടിരുന്നു. ഞാനവളെ അന്ന എന്നുവിളിച്ചു. സൂര്യരശ്‌മികളേറ്റ്‌ തിളങ്ങുന്ന ഒരു പുഴ അവൾക്കരികിലൂടെ നുരഞ്ഞുപതഞ്ഞ്‌ ഒഴുകുന്നുണ്ടായിരുന്നു. പുഴയ്‌ക്കക്കരെ മുളങ്കാടുകളാണ്‌. ഇക്കരെ വളളിച്ചെടികൾ ചുറ്റിയ വലിയ ഒരു മരം അവൾക്കായി തണൽ വിരിച്ചു. പൂമ്പാറ്റകൾ അവൾക്കുചുറ്റും നൃത്തം ചെയ്‌തു. അവളാകട്ടെ കാറ്റിൽ പറക്കുന്ന നീണ്ട തലമുടിയെ ഒതുക്കാൻ നിൽക്കാതെ വിദൂരതയിലേക്ക്‌ നോക്കി പുഞ്ചിരി തൂകിക്കൊണ്ടിരുന്നു.

എനിക്ക്‌ ഒന്നോ രണ്ടോ വയസ്സ്‌ പ്രായമുളള കാലത്താണ്‌ ഏതോ ഒരു മാസികയിൽ നിന്ന്‌ രാധേച്ചി അന്നയുടെ ചിത്രം വെട്ടിയെടുത്ത്‌ ചുമരിൽ ഒട്ടിച്ചത്‌. അക്കാലത്ത്‌ അവളെ കാണിച്ചാണത്രേ അമ്മ എനിക്ക്‌ ചോറു തന്നിരുന്നത്‌. പിന്നീട്‌ സംസാരിക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ ചിത്രത്തിനുമുന്നിൽ മണിക്കൂറുകൾ ചിലവഴിക്കാൻ തുടങ്ങി. പാവകളോടോ മറ്റു കളിപ്പാട്ടങ്ങളോടോ ഞാൻ ഒരു താൽപ്പര്യവും കാണിച്ചിരുന്നില്ല. എക്കാലത്തും അന്നയായിരുന്നു എന്റെ പ്രിയപ്പെട്ട കൂട്ടുകാരി. തെക്കേതിലെ പൂച്ച മാന്തിയതും, ബോഗൺവില്ല പടർപ്പിനരികിൽ ഒരു ഇഴയുന്ന സാധനത്തെ കണ്ടതുമെല്ലാം ഞാൻ അവളോടാണ്‌ ആദ്യം പറഞ്ഞത്‌. സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോൾ എനിക്ക്‌ അവളോട്‌ പറയാനുളള കാര്യങ്ങൾ കൂടിക്കൂടി വന്നു.

“അന്നാ… സരോജിനി ടീച്ചർ ഇന്ന്‌ സുനിതയെ വീണ്ടും തല്ലി..”

“അന്നാ… നാളെ കണക്കുപരീക്ഷയാ..”

“അന്നാ സിനിയ്‌ക്കാ ക്ലാസ്സിൽ ഒന്നാം റാങ്ക്‌.”

രാധേച്ചി പഠിക്കുന്നതിനിടയിൽ എന്റെ ജൽപനങ്ങൾ കേട്ട്‌ ചിരിക്കുകയും, ‘ഈ പെണ്ണിനു ഭ്രാന്താ..“ എന്ന്‌ ഇടയ്‌ക്കിടെ പറയുകയും ചെയ്യും. എങ്കിലും രാധേച്ചിയ്‌ക്കും അന്നയെ ഇഷ്‌ടമായിരുന്നു. വേനലവധിയ്‌ക്ക്‌ സ്‌കൂളടയ്‌ക്കുമ്പോൾ ഞങ്ങൾ ക്രയോണുകളും ചായപ്പെട്ടികളുമായി മണിക്കൂറുകൾ അന്നയുടെ മുന്നിലിരിക്കും. രാധേച്ചിയ്‌ക്ക്‌ നന്നായി ചിത്രം വരയ്‌ക്കാൻ അറിയാം. എങ്കിലും അന്നയുടെ ചിത്രം എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്ക്‌ പകർത്താനായില്ല.

”കാറ്റും സൂര്യനും ആണ്‌ പ്രശ്‌നം…“ രാധേച്ചി പറയും.

കാറ്റിന്റെ ശക്തമായ ഒരു സാന്നിദ്ധ്യം ആ ചിത്രത്തിലുണ്ടായിരുന്നു. സൂര്യൻ പുഴവെളളത്തിനും മുളങ്കാടിനും നിരവധി നിറങ്ങൾ കൊടുത്തു. പക്ഷെ യഥാർത്ഥപ്രശ്‌നം അന്നയുടെ ഗൂഢമായ മുഖഭാവമായിരുന്നു. അങ്ങനെ എല്ലാ വർഷവും ഞങ്ങൾ അന്നയുടെ വൈകല്യമുളള നിരവധി പകർപ്പുകളെ സൃഷ്‌ടിച്ചു.

സ്‌കൂളിൽ എനിക്ക്‌ കൂട്ടുകാർ വളരെ കുറവായിരുന്നു. നന്നെ വെളുത്ത്‌ എപ്പോഴും കരയുന്ന മുഖഭാവമുളള പ്രീത, എല്ലാത്തിനും കയർക്കുന്ന സുനിത, പഠിക്കാൻ മിടുക്കിയായ സിനി. ഒന്നല്ലെങ്കിൽ മറ്റൊരു കാര്യത്തിനു ഞാനവരോട്‌ എപ്പോഴും വിട്ടുനിന്നു.

”രഞ്ചൂന്‌ വല്യ ഗമയാ.“ സുനിത ഇടയ്‌ക്കിടെ പറഞ്ഞുകൊണ്ടിരിക്കും.

”രഞ്ചൂനോട്‌ ഇനി മിണ്ടണ്ട.“

വീട്ടിലെത്തി അന്നയെ കാണാനുളള തിരക്കിലായിരിക്കും എപ്പോഴും ഞാൻ.

പത്താം ക്ലാസിൽ എത്തിയതിൽ പിന്നെ രാധേച്ചി ഉച്ചയ്‌ക്ക്‌ എന്നെ കാണാൻ വരാറില്ല. വീട്ടിലെത്തിയാലും ട്യൂഷൻ ക്ലാസിലേക്കോടാനുളള തിരക്കാണ്‌. ആരോടും അധികം മിണ്ടാൻ നിൽക്കാറില്ല.

”അവളിപ്പം സുത്രവാക്യങ്ങളുടെ ലോകത്താ..“ അച്‌ഛൻ തമാശയായി പറയും.

രാധേച്ചിയെ ശല്യപ്പെടുത്തരുത്‌ എന്ന്‌ അമ്മ എന്നെ താക്കീതുചെയ്തിട്ടുണ്ട്‌. അതുകൊണ്ട്‌ ഒഴിവുദിവസങ്ങളിലും ഞാൻ അന്നയുടെ ലോകത്തുതന്നെ ആയിരുന്നു. ഞാൻ അവളോടൊപ്പം മുളങ്കാടുകളെ നോക്കിയിരുന്നു. പൂമ്പാറ്റകൾ ഞങ്ങൾക്കുചുറ്റും നൃത്തം ചെയ്‌തു.

ഞാനവളോട്‌ രാധേച്ചിയെപ്പറ്റി പറഞ്ഞു.

”രാധേച്ചിയ്‌ക്ക്‌ എന്നോട്‌ മിണ്ടാനേ നേരല്യ. ചിലപ്പൊ തനിയെയിരുന്ന്‌ ചിരിക്കുന്നത്‌ കാണാം. എന്തെങ്കിലും ചോദിച്ചാ എന്നെ ചീത്ത പറയും.“

അന്ന എന്നോട്‌ പറഞ്ഞത്‌ പുഴയുടെ സംഗീതം ശ്രദ്ധിയ്‌ക്കാനാണ്‌. ഞാൻ കാതോർത്തു. എനിക്ക്‌ കേൾക്കാനായത്‌ ചീവിടുകളുടെ കരച്ചിൽ മാത്രമാണ്‌.

സ്‌കൂൾ ബസ്സിറങ്ങി വീട്ടിലേക്ക്‌ നടക്കുമ്പോൾ പുഴയിൽ കുളിച്ചുവരുന്ന കുട്ടികളെ ഞാൻ കാണാറുണ്ടായിരുന്നു. എനിക്കും രാധേച്ചിക്കും പുഴയിൽ പോയി കുളിക്കുവാനോ പുഴയോരത്തുപോയിരിക്കുവാനോ അനുവാദമുണ്ടായിരുന്നില്ല. നനഞ്ഞ തോർത്തുമുണ്ട്‌ മാത്രമുടുത്ത, ചറപറ ചിലയ്‌ക്കുകയും കലഹിക്കുകയും ചെയ്യുന്ന ആ കുട്ടികളോട്‌ എനിക്ക്‌ അടക്കാനാവാത്ത അസൂയ തോന്നി. അവർക്ക്‌ പുഴയുടെ തണുപ്പറിയാം. സംഗീതമറിയാം.

പുഴയോരത്തുപോകുന്നതിനെപ്പറ്റി ഞാൻ രാധേച്ചിയോടു ചോദിച്ചു. കയ്യിലൊരു പുസ്‌തകവുമായി, ഉമ്മറത്ത്‌ തൂണുംചാരി ഇരിക്കുകയായിരുന്നു രാധേച്ചി. കണ്ണുകൾ കരഞ്ഞുകലങ്ങിയിരിക്കുന്നു. മനസ്സ്‌ പുസ്‌തകത്തിലല്ല എന്ന്‌ വ്യക്തമാണ്‌. രൂക്ഷമായ ഒരു നോട്ടമല്ലാതെ എനിക്ക്‌ മറുപടി ഒന്നും കിട്ടിയില്ല.

”ഭയങ്കര ഒഴുക്കാന്നാ സുനിത പറഞ്ഞത്‌. എടയ്‌ക്ക്‌ ശവം ഒഴുകിവരുന്നതും കാണാത്രേ.“

രാധേച്ചി മതിലിനപ്പുറത്തേക്ക്‌ നോക്കിയിരിക്കുകയാണ്‌. ഞാൻ പറഞ്ഞതൊന്നും കേട്ട ലക്ഷണമൊന്നുമില്ല. രാധേച്ചി ഈയിടെയായി അങ്ങനെയാണ്‌. കളിയും ചിരിയുമൊന്നും തീരെ ഇല്ല. ഏതുനേരവും പുസ്‌തകം തുറന്നുപിടിച്ച്‌ ദൂരേയ്‌ക്ക്‌ നോക്കി ഒരേ ഇരിപ്പ്‌. രാത്രിയൊക്കെ ഏങ്ങലടിച്ച്‌ കരയുന്നതും കേൾക്കാം.

പുഴയോരത്തുപോകുന്നതിനെപ്പറ്റി ഞാൻ അന്നയോട്‌ പറഞ്ഞു. അവൾ ഗൂഢമായി പുഞ്ചിരിക്കുകമാത്രം ചെയ്‌തു.

ക്രിസ്‌തുമസ്‌ പരീക്ഷ കഴിഞ്ഞു സ്‌കൂളടച്ച ദിവസം, ഇരുവശത്തും കൈതക്കാടുകളുളള ഇടുങ്ങിയ വഴിയിൽക്കൂടെ ഞാൻ പുഴയോരത്തേയ്‌ക്ക്‌ നടന്നു. തോളിൽ തൂക്കിയിരുന്ന സ്‌കൂൾ ബാഗിൽനിന്നും എന്റെ ഇൻസ്‌ട്രുമെന്റ്‌ ബോക്‌സ്‌ വല്ലാതെ ശബ്‌ദമുണ്ടാക്കുന്നുണ്ടായിരുന്നു. പുഴയിൽ കുളിച്ചുവരുന്ന പെണ്ണുങ്ങളും കുട്ടികളും എന്നെ ചോദ്യഭാവത്തിൽ നോക്കി. ഞാൻ ബാഗ്‌ നെഞ്ചിൽ ചേർത്തുപിടിച്ച്‌ വേഗത്തിൽ നടന്നു.

പുഴയിലേക്കുളള പടവുകളിലൊന്നിൽ ചെരുപ്പഴിച്ചുവച്ച്‌ ഞാൻ താഴേക്കിറങ്ങി. പുഴയുടെ തണുപ്പ്‌ എന്റെ കാൽവിരലുകളിലൂടെ വല്ലാത്ത ഒരു ആവേശമായി അരിച്ചുകയറി. ഞാൻ മുന്നോട്ടുനടന്നു. കാറ്റ്‌ എന്റെ തലമുടിയെ അലങ്കോലപ്പെടുത്തുകയും മുട്ടറ്റമുളള പാവാടയെ ഒരു കുടപോലെ വീർപ്പിക്കുകയും ചെയ്‌തു. പുഴവെളളം കയ്യിൽ കോരിയെടുത്ത്‌ ഞാൻ മുഖം കഴുകി.

”കുട്ടി എന്താ ഇവിടെ..“ ചീരക്കാരി നാണിയമ്മയാണ്‌. പച്ചയും ചുവപ്പും ഇലകൾ നിറച്ച വട്ടിയുമായി അവർ എല്ലാ ശനിയാഴ്‌ച്ചയും എന്റെ വീട്ടിൽ വരാറുണ്ടായിരുന്നു.

”നല്ല ഒഴുക്കുളള സമയാ… കുട്ടി വേഗം വീട്ടിലേയ്‌ക്ക്‌ പോയ്‌ക്കോ.“

ചെറിയൊരു നിരാശയോടെ ഞാൻ മുകളിലേയ്‌ക്ക്‌ നടന്നു. പക്ഷെ തിരിച്ചു വീട്ടിൽ പോകാൻ എനിക്കു തോന്നിയില്ല. പുഴയോരത്തുകൂടെ ഞാൻ വെറുതെ നടന്നു. കൈതക്കാടുകൾ, വേലിയും മതിലുമില്ലാത്ത വാഴത്തോട്ടങ്ങൾ, അവിടവിടെയായി ചെറിയ പാറക്കെട്ടുകൾ. ഞാൻ അന്നയെപ്പോലെ ഗൂഢമായ ഒരു പുഞ്ചിരിയോടെ അതെല്ലാം നോക്കി.

അപ്പോഴാണ്‌ ഞാനവളെ കണ്ടത്‌. ദൂരെ പുഴയിലേക്ക്‌ ചാഞ്ഞു കിടക്കുന്ന വലിയ ഒരു മരത്തിനരികിലാണ്‌ അവൾ നിന്നിരുന്നത്‌. കാറ്റിൽ പറക്കുന്ന നീണ്ട തലമുടി.

ഞാൻ ഓടി അവൾക്കരികിലെത്തി. കിതപ്പു നിയന്ത്രിച്ചുകൊണ്ട്‌ ഞാൻ ഉറക്കെ വിളിച്ചു.

”രാധേച്ചി..“

രാധേച്ചി തിരിഞ്ഞുനോക്കി. ചുവന്നുവീർത്ത മുഖം. കരഞ്ഞുകലങ്ങിയ കണ്ണുകൾ.

ഞാൻ രാധേച്ചിയുടെ കൈകൾ ചേർത്തുപിടിച്ചു. രാധേച്ചി വല്ലാത്തൊരു ഭയത്തോടെ എന്റെ മുഖത്തേയ്‌ക്കും പുഴയിലേക്കും മാറിമാറി നോക്കി. രാധേച്ചിയുടെ കൈകൾ വല്ലാതെ വിറയ്‌ക്കുന്നുണ്ടായിരുന്നു.

പിന്നീട്‌ ഞങ്ങൾ കൈതക്കാടുകൾക്കിടയിലൂടെ വീട്ടിലേക്ക്‌ നടന്നു. പുഴയുടെ സംഗീതം അപ്പോഴും എനിക്ക്‌ കേൾക്കാമായിരുന്നു. പക്ഷെ എന്തുകൊണ്ടോ ഞാനപ്പോൾ അന്നയെ ഓർത്തില്ല.

Generated from archived content: story1_sept20_06.html Author: durga

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here