-യുവാവായ പടയാളി കുതിരയോട് പറയുന്നത്-
പോകുക വേഗമെൻ മൂകപ്രസാദമേ
വഴിയേറെയുണ്ട് നമുക്കുതാണ്ടാൻ.
എന്നുമെന്നോർമ്മയിൽ വാടാമലരുകൾ
പുഞ്ചിരിതൂകുമാ നാട്ടിലെത്താൻ.
ഇനിയും കരിയാത്ത മുറിവിന്റെ വേദന
പിന്നിലേയ്‌ക്കെന്നെ വലിയ്‌ക്കയില്ല.
ഏറെ കഠിനമാണിപ്പാതയെങ്കിലും
എങ്ങുമിടയ്‌ക്കു നാം നിൽക്കയില്ല.
പിന്നിട്ട നാളുകളേകും വിളക്കുമായ്
ദുർഘടമീവഴി താണ്ടിടേണം.
നേരം വെളുക്കുവാൻ നിൽക്കാതെ, തളരാതെ
വേഗേന മുന്നോട്ടു പോയിടേണം.
മറവിയുടെ ഹിമപാളി മൂടിയില്ലെങ്കിലും
ഏറെ മറന്നു ഞാൻ ബാല്യകാലം.
എല്ലാം കപടമാണെന്നറിയാതെയീ
ഞാനുമൊരു കുഞ്ഞായിരുന്ന കാലം.
ചുറ്റും വിശുദ്ധിയുടെ പൂമാരിപെയ്യവേ
ഉണ്ടായെനിയ്‌ക്കൊരു കൂട്ടുകാരൻ.
പേരറിയാത്തൊരാ പാഴ്‌ച്ചെടിതന്നിലെ
പൂക്കളെ സ്‌നേഹിച്ച പാട്ടുകാരൻ.
എല്ലാം മനോഹരമായൊരാ നാളുകൾ
ഒന്നായ് കൊഴിയുകയായിരുന്നു.
ഓരോ ഉഷസിലും സൂര്യനുദിയ്‌ക്കവേ
ഞാനും വളരുകയായിരുന്നു.
എന്നോ അറിഞ്ഞു ഞാൻ ആരോ ചിലർ
എന്റെ നാടിനെ വെട്ടിമുറിച്ചിടുന്നു.
കറയറ്റ സൗന്ദര്യമാകുമാ പൊൻവിള-
ക്കൂതിയണയ്‌ക്കാൻ ശ്രമിച്ചിരുന്നു.
നാടിനെ കാക്കുവാൻ പോയോർ-അവരിനി
തിരികെ വരില്ലെന്നറിഞ്ഞതില്ല.
ഓരോ നടുക്കുന്ന വാർത്തയുമെത്തവേ
കർത്തവ്യബോധം മറഞ്ഞുമില്ല.
ഏതോ കിനാവിന്റെ സൗന്ദര്യമുളെളാരാ
പൂക്കൾ വിലപ്പെട്ടതായിരുന്നു.
എങ്കിലും നാടിന്റെ പുഞ്ചിരി എത്രയോ
ഏറെ വിലപ്പെട്ടതായിരുന്നു.
ഇതുവരെ കേൾക്കാത്ത പലതും പഠിയ്‌ക്കവേ
മോഹങ്ങൾ ഞങ്ങൾ മറന്നുപോയി.
തോക്കിന്റെ കാഞ്ചിയമർത്തി വലിയ്‌ക്കവേ
കൗമാരമെങ്ങോ പറന്നുപോയി.
ചോരതൻ നിറമുളള സന്ധ്യകളെത്രയോ
എത്രയോ താണ്ടിയൊടുക്കി ഞങ്ങൾ.
മരണം മണക്കുന്ന രാവുകളെത്രയോ
എത്രയോ പിന്നിട്ടടക്കി ഞങ്ങൾ.
ഒടുവിലാ മൂകമാം പുലരിയിൽ ഞങ്ങളെ
വിട്ടവനുമെങ്ങോ പിരിഞ്ഞുപോയി.
പേരറിയാത്തൊരാ നീലിച്ചപൂക്കളെ
സ്‌നേഹിച്ച ഹൃദയം നിലച്ചുപോയി.
പായുക വേഗമെൻ മൂകപ്രസാദമേ
വഴിയിനിയുമുണ്ട് നമുക്കുതാണ്ടാൻ.
ഏതോ വിശുദ്ധമാം സൗരഭ്യമുളെളാരാ
നീലിച്ചപൂക്കളുടെ നാട്ടിലെത്താൻ.
ഏകനാം പടയാളി ഞാനെന്റെയുളളിലെ
നൊമ്പരമാരോടു ചൊന്നിടേണം.
വിജയിയാണെങ്കിലും വിജയിച്ചുവെന്നു ഞാൻ
ആരോടു ചെന്നു പറഞ്ഞിടേണം.
Generated from archived content: poem2_nov9_05.html Author: durga