ആൾക്കൂട്ടത്തിൽ

വൃശ്ചികസന്ധ്യതൻ കുങ്കുമ വർണ്ണമീ

വീഥിയിൽ മെല്ലെ നിഴൽ വിരിയ്‌ക്കെ,

വീടണഞ്ഞീടുവാൻ വെമ്പുമാൾക്കൂട്ടത്തി-

ലെവിടെയോ നിൻ മുഖം കണ്ടുവോ ഞാൻ.

പൊട്ടില്ല, പൂവില്ല പൊന്നിൻ തരിയില്ല

കൺകളിൽ ചൈതന്യമൊട്ടുമില്ല.

ശുഷ്‌കിച്ച ദേഹം മറയ്‌ക്കുവാനുളളതോ

കീറിപ്പറഞ്ഞതാം ചേലമാത്രം.

ചേർത്തുപിടിച്ചൊരാ സഞ്ചിയിലുളളതോ

നാളത്തെയൂണിന്റെ കായ്‌ക്കറികൾ?

അഞ്ചുകാശിന്നായ്‌ കയർക്കുന്ന ദാർഷ്‌ട്യമാ-

ണിന്നുനിൻ കൺകളിൽ കാണ്മതെന്നോ?

എങ്കിലുമെൻ സഖീ കണ്ണടച്ചീടുകിൽ

കാണാമെനിയ്‌ക്കു നിൻ പഴയരൂപം.

നന്മകൾ കാച്ചിക്കുറുക്കിയുണ്ടാക്കിയ

കാഞ്ചനവിഗ്രഹമെന്നപോലെ.

അന്നൊക്കെ നിൻ മുഖമേതോ അവാച്യമാം

സംശുദ്ധസൗന്ദര്യമായിരുന്നു.

പൗർണ്ണമിപോലെ നിൻ പുഞ്ചിരിയന്നൊരു

നാടിന്റെയാനന്ദമായിരുന്നു.

പിന്നെ ആർക്കായി നിൻ കണ്ണിൽ പ്രണയത്തി-

നാദ്രമാം ഉന്മാദമങ്കുരിച്ചു?

എവിടെവച്ചാണു നിൻ ഭാവം പകർന്നതെ-

ന്നോർക്കുവാനാവതേയില്ല തെല്ലും.

പിന്നീടറിഞ്ഞു ഞാൻ ഏറെ ജന്മങ്ങളിൽ

തീവാരിയിട്ടു നീ പോയകാര്യം.

തടയുവാനായില്ലെനിയ്‌ക്കു നിൻ പാതയിൽ

ഈ ഞാനൊരാൽമരം മാത്രമല്ലേ?

ജീവിതഭാരമാം ഭാണ്ഡവുമേന്തി നീ

മെല്ലെ തിരക്കിൽ മറഞ്ഞുപോകെ,

തിങ്ങുമാൾക്കൂട്ടത്തിലങ്ങനെ നിന്നു ഞാൻ

ഓർമ്മതൻ ലോകത്തിലേകനായി.

കത്തും നിലവിളക്കല്ല നീ ഇന്നൊരു

നീറിപ്പുകയുമടുപ്പുമാത്രം.

എന്താണു നിൻ കഥ എന്നറിയില്ലതിൽ

ഉണ്ടാവുമെത്രയോ നൊമ്പരങ്ങൾ.

ആഴ്‌ന്ന മുറിവുകൾ, കണ്ണുനീർച്ചാലുകൾ

കത്തുന്ന നോവിൻ നിലവിളികൾ,

ചുടുനെടുവീർപ്പുകൾ, നേർത്ത ഞെരക്കങ്ങൾ

ഹൃത്തടം പൊട്ടും നിസ്സംഗതകൾ.

തളരില്ല നീയീ കെടുതിയിലെന്നു ഞാൻ

വെറുതെ നിനയ്‌ക്കുകിലെന്തു കാര്യം.

എത്രമേൽ നിന്നെ ഞാൻ സ്‌നേഹിച്ചിരുന്നുവെ-

ന്നിപ്പോൾ പറയുകിലെന്തു കാര്യം.

Generated from archived content: poem2_feb22_06.html Author: durga

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here