ക്രെഡിറ്റ്‌ കാർഡ്‌

ബാംഗ്ലൂരെത്ത്യാ മോനേ?

കൽപറ്റയിൽ നിന്നാണ്‌ അയാൾ കയറിയത്‌. കോറത്തുണി കൊണ്ടുണ്ടാക്കിയ വീർത്തു നിൽക്കുന്ന മുഷിഞ്ഞ ഒരു ഭാണ്ഡക്കെട്ടും, തിരുമ്പിയിട്ട്‌ കാലങ്ങളായ്‌ എന്ന്‌ വിളിച്ചോതുന്ന അഴുക്കുവസ്ര്തങ്ങളുമായ്‌ അയാൾ. അലസമായ്‌ കിടക്കുന്ന, ഒട്ടുമുക്കാലും നരച്ച മുടി മുഖത്തേക്കൂർന്നു കിടക്കുന്നു. ക്ഷൗരക്കത്തി മറന്നു പോയ മുഖരോമങ്ങൾ. കുണ്ടിലാണ്ടു കിടക്കുന്ന കണ്ണുകൾ ചടച്ച ആ ശരീരത്തിന്റെ ഭാഗമേ അല്ല എന്ന്‌ തോന്നിപ്പിച്ചു. ബസ്സിലെ മറ്റു വൃത്തിയുള്ള ശരീരങ്ങളോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച്‌ കൊണ്ട്‌ അയാൾക്ക്‌ ചുറ്റും പഴകിയ വിയർപ്പു നാറ്റം തളം കെട്ടി നിന്നു. അയാൾ ബസ്സിൽ കയറി, തന്റെ സീറ്റിന്റെ അടുത്തുള്ള കമ്പികാലിൽ ചാരി നിന്ന മുതൽ നഷ്ടമായ ഉറക്കം തിരിച്ചു പിടിക്കാൻ റാൾഫ്‌ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ്‌ ആ ചോദ്യം വന്നത്‌. അവൻ തെല്ലരിശത്തോടെ പറഞ്ഞു.

ഇനിയുമൊരുപാട്‌ സമയം എടുക്കും.

ബസ്സിനു മുന്നിലെ ചില്ലിലൂടെ കാണുന്ന അകലങ്ങളിലേക്ക്‌ നോട്ടം പായിച്ചു കൊണ്ടയാൾ കമ്പിക്കാലിൽ ചാരി നിലത്തേക്കിരുന്നു.

ഓ… മതി. ഇനി തിരക്കില്ല.

റാൾഫ്‌ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. കണ്ണുകൾ ഇറുക്കിയടച്ചിട്ടും മായാതെ നിൽക്കുന്ന വെളിച്ചത്തെയും ലൈറ്റണയ്‌ക്കാത്ത ഡ്രൈവറെയും അവൻ ശപിച്ചു. പ്രൈവറ്റ്‌ ബസ്സിൽ സീറ്റ്‌ ലഭിക്കാത്തതിനാൽ സർക്കാർ വണ്ടിയിൽ കയറേണ്ടി വന്ന – എം.ബി.എ. കഴിഞ്ഞ തനിക്കു വെറുമൊരു മാർക്കറ്റിംഗ്‌ എക്സിക്യൂട്ടീവിന്റെ ജോലി തന്ന – തന്റെ ദൗർഭാഗ്യത്തെ പഴിച്ചു കൊണ്ട്‌, നല്ലതെന്തെങ്കിലും ഓർത്തെടുക്കാൻ അവൻ ശ്രമിച്ചു കൊണ്ടിരുന്നു. ഈ മാസത്തെ ടാർഗറ്റ്‌ ലഭിക്കാത്തതിന്‌ നാളെ ഏരിയാമാനേജറുടെ കയ്യിൽ നിന്നും കിട്ടാൻ പോകുന്ന തെറികളുടെ വൈവിധ്യത്തെയും, തന്നെ കാണുമ്പോൾ മുഖം കറുക്കുകയും വഴി മാറി നടക്കുകയും ചെയ്യുന്ന നൂറുകണക്കിന്‌ വരുംകാല കസ്‌റ്റമേഴ്സിനെയും അവൻ മറക്കാൻ ശ്രമിച്ചു. കഴിഞ്ഞ മാസം വിറ്റു തീർന്ന ക്രെഡിറ്റ്‌ കാർഡുകൾ തനിക്ക്‌ സമ്മാനിച്ച കമ്മീഷൻ തുകയെ കുറിച്ചുള്ള ചിന്ത അവന്റെ മുഖത്തൊരു പുഞ്ചിരി വിടർത്തി.

ഒന്നുറക്കം പിടിച്ചു വന്നപ്പോഴേക്കും വണ്ടി ഒന്നു കുലുങ്ങിച്ചാടി. ഒരു വളവും തിരിഞ്ഞ്‌ സഡൺബ്രേക്കിട്ട്‌ നിന്നു.

ബത്തേരി… ബത്തേരി… പത്ത്‌ മിനിറ്റ്‌ താമസമുണ്ട്‌. ചായ കുടിക്കേണ്ടവർക്ക്‌ കുടിക്കാം. മൂത്രമൊഴിക്കേണ്ടവർക്ക്‌ അതാവാം.

ചിലർ പതുക്കെ എഴുന്നേറ്റ്‌ പുറത്തേക്ക്‌ നീങ്ങി തുടങ്ങി. ഉറക്കം മുടങ്ങിയതിലുള്ള നീരസം പ്രകടമാക്കിയ മറ്റു ദേഹങ്ങൾ അനങ്ങിയില്ല. എന്തു ചെയ്യണമെന്ന്‌ ആലോചിച്ച്‌ അവനിരിരുന്നു.

ബാംഗ്ലൂരെത്ത്യാ മോനേ?

എല്ലാ അസ്വാസ്ഥ്യങ്ങൾക്കുമിടയിൽ അയാൾ അതേ ചോദ്യവും കൊണ്ട്‌ ഒരിക്കൽ കൂടി വന്നിരിക്കുന്നു. റാൾഫ്‌ അയാളെ രൂക്ഷമായ്‌ നോക്കി.

ബാംഗ്ലൂരെത്ത്യാ മോനേ?

വീണ്ടും അതേ ചോദ്യം.

ഇല്ല!!!

കടുപ്പിച്ച്‌ പറഞ്ഞു കൊണ്ട്‌ അവൻ എഴുന്നേറ്റു.

ഓ… മതി. ഇനി തിരക്കില്ല. അയാൾ ചിരിക്കാൻ ശ്രമിച്ചു. കറ വീണ പല്ലുകളും കവിളൊട്ടിയ മുഖവും ആ ശ്രമത്തെ പിന്തുണച്ചില്ല.

ഒരു കാപ്പി.

കടി വല്ലതും വേണോ.

വേണ്ട.

അകലെയല്ലാതെ കാണുന്ന ഇരുട്ട്‌ പിടിച്ച കാടും, ഒരിക്കലുമുറങ്ങാത്തവയെന്ന്‌ അവന്‌ തോന്നിയ ചീവീടുകളുടെ മൂളലും, മെല്ലെ വീശുന്ന കാറ്റിന്റെ തണുപ്പ്‌ ശരീരത്തിലേക്കടിച്ച്‌ കയറുമ്പോൾ ഉള്ളിലൂടെയിറങ്ങുന്ന ചുക്കുകാപ്പിയുടെ ചൂടും സ്വാദും ! ഊതിയൂതി ആസ്വദിച്ചു കൊണ്ടവൻ കാപ്പി കുടിച്ചു.

മൂത്രപ്പുരയുടെ അടുത്തെത്തിയപ്പോൾ മൂക്കിലേക്കടിച്ച രൂക്ഷഗന്ധം, തൽക്കാലം കാര്യം സാധിക്കേണ്ട എന്ന്‌ തീരുമാനത്തിലെത്തിച്ചു. തിരിച്ച്‌ ബസ്സിൽ കയറി. ഭാഗ്യം! അയാളെ കാണുന്നില്ല. വരാതിരുന്നാൽ മതിയായിരുന്നു, ശവം! അവൻ ഉറങ്ങാനുള്ള വട്ടം കൂട്ടി.

ഡോ കിഴവാ, ഇവിടെ കിടക്കാൻ പറ്റില്ല.

ഡ്രൈവറുടെ ആക്രോശം കേട്ട്‌ അവൻ ഞെട്ടിയുണർന്നു. മനസ്സില്ലാമനസ്സോടെ തലയുയർത്തി നോക്കി. അയാൾ ബോണറ്റിനരികിൽ കിടക്കുകയാണ്‌.

തന്നോടല്ലേടോ പറഞ്ഞത്‌. ഇവിടെ കിടക്കാൻ പാടില്ല. വന്നേ വന്നേ, ഏണീറ്റേ അവിട്‌ന്ന്‌…

കണ്ടക്ടറും രംഗത്തെത്തി. കിഴവൻ എണീക്കാൻ ഭാവമില്ല.

ശ്ശെടാ, ഇത്‌ വലിയ ശല്യമായല്ലോ. എടോ, എണീക്കെടോ.

ഞാനിവ്‌ടെ കെടന്നാലെന്താ സാറേ?

ഇവിടെ ഇങ്ങനെ കെടന്നുറങ്ങാൻ പറ്റില്ല. അതോണ്ട്‌ ഡ്രൈവർക്കാ ബുദ്ധിമുട്ട്‌.. കണ്ടക്ടർ വിശദീകരിച്ചു.

അത്‌ ശരിയാ. നിങ്ങൾ ഉറങ്ങുന്നത്‌ കണ്ടാൽ അയാൾക്കും ഉറക്കം വരില്ലേ?

ഡ്രൈവർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തും തങ്ങളുടെ ജീവനെ തന്നെ ബാധിക്കാം എന്ന തിരിച്ചറിവുണ്ടായ ഒരു യാത്രക്കാരൻ വേഗത്തിൽ ഇടപെട്ടു.

അതിന്‌ ഞാനുറങ്ങണില്ല സാറെ. എനിക്കുറക്കല്ല്യാണ്ടായിട്ട്‌ ദെവസം കൊറ്യായി.

അയാൾ മെല്ലെ എഴുന്നേറ്റിരിന്നു. അത്‌ ഡ്രൈവർക്ക്‌ ബോധിച്ചില്ലെന്ന്‌ തോന്നുന്നു. അയാൾ വണ്ടിയെടുക്കാനുള്ള ഭാവമില്ല.

കക്ഷി നല്ല വെള്ളത്തിലാണോ?

അടുത്ത സീറ്റിലെ യാത്രകാരനന്റെ വക അന്വേഷണം. റാൾഫിന്റെ ക്ഷമ നശിച്ചു. ഈ നാശം കയറിയ മുതൽക്ക്‌ മെനക്കേടാ.

അങ്ങോരവിടെ ഇരുന്നോട്ടെ. ഇങ്ങക്കെന്താ ചേതം? പോവാൻ നോക്ക്‌ സാറേ. ഇപ്പഴേ വൈകി.

മുൻസീറ്റിലെ ചില യാത്രക്കാരും അതേറ്റ്‌ പിടിച്ചെന്ന്‌ തോന്നുന്നു. വണ്ടി സ്റ്റാർട്ടായി.

കണ്ണുകൾ അടയ്‌ക്കുമ്പോൾ, അയാൾ തന്നെ നോക്കി നന്ദിപൂർവ്വം ചിരിക്കുകയാണെന്ന്‌ അവൻ മനസ്സിലാക്കി. ബസ്സ്‌ വേച്ച്‌ വേച്ച്‌ നീങ്ങി തുടങ്ങി.

ഒരു ബഹളം കേട്ടാണ്‌ അവൻ ഉണർന്നത്‌. ബസ്സിന്റെ മുന്നിൽ നിന്നാണ്‌ ശബ്ദഘോഷം.

ങ്ങളോടല്ലേന്ന്‌ മിണ്ടാതിരിക്കാൻ പറഞ്ഞത്‌.. ഡ്രൈവറുടെ ശബ്ദം അവൻ മയക്കത്തിനിടയിൽ തിരിച്ചറിഞ്ഞു.

ഒന്ന്‌ പറ മോനെ, ബാംഗ്ലൂരെത്ത്യാ?

ഇതിപ്പോ നാലാമത്തെ പ്രാവശ്യാ ഞാൻ പറേണത്‌… എത്ത്യാ ഞാൻ പറ്യേലെ?

പൊടിയ്‌ക്കിത്തിരി വട്ടുണ്ടെന്നാ തോന്നുന്നേ.

കൂട്ടത്തിൽ നിന്നൊരു അശരീരി ശബ്ദം. മുരണ്ട്‌ കൊണ്ട്‌ ബസ്സ്‌ അതിവേഗം സഞ്ചാരം തുടർന്നു.

ബാംഗ്ലൂർ… ബാംഗ്ലൂർ…ലാസ്റ്റ്‌ സ്റ്റോപ്പ്‌… എല്ലാരും എറങ്ങ്വാ…

ആദ്യമേ എണീറ്റ ആളുകൾ ധൃതിയിൽ തങ്ങളുടെ ബാഗുകളും പെട്ടികളും എടുത്ത്‌ തുടങ്ങി. ഉറക്കമുണർന്ന ആളുകൾ തങ്ങളുടെ ഊഴം കാത്ത്‌ സീറ്റിൽ തന്നെ ഇരുന്നു. വേറെ ചിലർ തിടുക്കം കാട്ടി തിക്കും തിരക്കും തുടങ്ങി. പുറത്ത്‌ യാത്രക്കാരെ ക്ഷണിച്ച്‌ കൊണ്ട്‌ ഓട്ടോക്കാരും ടാക്സിക്കാരും, മലയാളം കലർന്ന കന്നഡത്തിൽ ബഹളം കൂട്ടി. അലങ്കോലമായ്‌ കിടന്ന തലമുടി ചീകി കൊണ്ട്‌ റാൾഫ്‌ എണീറ്റു.

മണി അഞ്ചരയായതേയുള്ളൂ. ബസ്സ്‌ വരാൻ ആറു മണിയെങ്കിലുമാകും. നല്ല തണുപ്പ്‌. സിറ്റി ബസ്സ്‌റ്റാന്റിന്റെ ആളൊഴിഞ്ഞ ഒരു കോണിൽ നിന്ന്‌ കൊണ്ട്‌ അവനൊരു സിഗററ്റിന്‌ തീ കൊളുത്തി.. കഴുത്തിന്‌ ചുറ്റും നല്ല വേദന. ഉറക്കം ശരിയാകാത്തത്‌ കൊണ്ടുള്ള സുഖക്കേട്‌ വേറെയും. അവൻ ആഞ്ഞാഞ്ഞ്‌ വലിച്ചു.

മോനേ…

ആ ശബ്ദം. റാൾഫ്‌ ഞെട്ടിത്തിരിഞ്ഞു നോക്കി. പുഞ്ചിരിക്കാനുള്ള വൃഥാശ്രമവുമായ്‌ അയാൾ വീണ്ടുമിതാ തന്റെ മുന്നിൽ! റാൾഫിന്‌ തന്റെ ഗതികേടിനെ വിശ്വസിക്കാനായില്ല. ഇങ്ങോർ ഇവിടെയുമെത്തിയോ? ഇതിനെ പറ്റി പാടെ മറന്നിരിക്കുകയായിരുന്നു. ഇന്നത്തെ ദിവസം മോശമാകാതിരിക്കാൻ ഒരു വഴിയും കാണുന്നില്ല.

നിങ്ങക്കെന്താ വേണ്ടത്‌?

അയാൾ വലതു കയ്യിലിരുന്ന കവർ അവന്റെ മുന്നിലേക്ക്‌ നീട്ടി.

ഈ വിലാസം ഏട്യാന്നൊന്ന്‌ …

നീരസത്തോടെ അവൻ ആ കവറ്‌ വാങ്ങി. അതിന്‌ പുറത്ത്‌ അവൻ ജോലി നോക്കുന്ന കമ്പനിയുടെ വലിയ ലോഗോ. ജിജ്ഞാസാപൂർവ്വം അവൻ കവർ തുറന്ന്‌ നോക്കി. ക്രെഡിറ്റ്‌ കാർഡിന്റെ മന്തലി സ്റ്റേറ്റ്‌മെന്റാണ്‌. വർഷങ്ങൾ മുൻപുള്ള ഏതോ ഒരു തുക പെരുകി പെരുകി പേജിന്റെ മറുപുറത്ത്‌ വലിയൊരു തുകയായ്‌ നിൽക്കുന്നു. കടമെടുത്ത തുകയും, സമയത്തിന്‌ അതടയ്‌ക്കാത്തതിനാലുള്ള പിഴയും, പിഴയടയ്‌ക്കാത്തതിനാൽ വന്ന പിഴയും, പിന്നെ വേറെ എന്തൊക്കെയോ കണക്കുകളും ചേർത്ത്‌ വലിയൊരു കുടിശ്ശിക! തന്റെ മുന്നിലെ കടലാസിൽ കാണുന്ന തുകയും ആ കടലാസുമായ്‌ വന്ന മനുഷ്യനും തമ്മിലുള്ള പൊരുത്തക്കേടിന്റെ മുന്നിൽ റാൾഫ്‌ അമ്പരന്നു നിന്നു. ഇതു വരെ അയാളോട്‌ കാട്ടാത്തത്ര ആർദ്രതയോടെ അവൻ ചോദിച്ചു.

ഇതാരുടെ ബില്ലാണ്‌?

ന്റെ ചെക്കന്റെ.

റാൾഫിന്റെ ശ്രദ്ധ വീണ്ടും ആ സ്റ്റേറ്റ്‌മെന്റിലേക്ക്‌ മാറി. വൃത്തിയിൽ അച്ചടിച്ച ആ ബഹുവർണ്ണകടലാസിന്റെ ഏറ്റവും മുകളിലായ്‌ കട്ടിയുള്ള അക്ഷരത്തിൽ കുറിച്ച പേരിൽ അവന്റെ കണ്ണുടക്കി – വിശ്വനാഥൻ വേലായുധൻ!

അവൻ ആ പേർ പതുക്കെ ഒന്നാവർത്തിച്ചു – വിശ്വനാഥൻ വേലായുധൻ!

ഒരാഘാതമേറ്റ പോലെ റാൾഫ്‌ തന്റെ മുന്നിൽ നിൽക്കുന്ന ആ വൃദ്ധനെ നോക്കി. ജീവനില്ലാത്ത കണ്ണുകളോടെ അയാൾ തന്നെ നോക്കി നിൽക്കുകയാണെന്ന്‌ ഒരു ഞെട്ടലോടെ അവൻ മനസ്സിലാക്കി. നീണ്ട്‌ കൂർത്ത അയാളുടെ മുഖത്തിൽ, സാധാരണതേതിലും വലിയ ആ ചെവികളിൽ, മുഖരോമങ്ങൾ മറയ്‌ക്കാൻ ശ്രമിക്കുന്ന കവിളിലെ നുണക്കുഴികളിൽ അവൻ മറ്റൊരു മുഖം തിരഞ്ഞു. അതിൽ, തന്റെ ആദ്യത്തെ ഉപഭോക്താവിന്റെ ഛായ അവൻ തിരിച്ചറിഞ്ഞു. വിശ്വനാഥൻ വേലായുധൻ!!!

വിലാസം അറ്യോ മോനേ?

അയാളുടെ വിറയാർന്ന ശബ്ദം അവനെ ചുറ്റുപാടിലേക്ക്‌ തിരിച്ചു കൊണ്ടു വന്നു.

ആ… ഈ റോഡിന്റെ അപ്പുറം, ദാ ആ കാണുന്ന കറുത്ത ചില്ലിട്ട വലിയ കെട്ടിടമില്ലേ, അത്‌ തന്നെ.

കുറച്ച്‌ ദൂരെയായ്‌ , ആകാശങ്ങളിലേക്ക്‌ നോക്കി തലയുയർത്തി നിൽക്കുന്ന ആ ക്രെഡിറ്റ്‌ കാർഡ്‌ കമ്പനിയെ അവൻ ചൂണ്ടി കാണിച്ചു. ആ കാഴ്‌ചയിൽ എന്തോ ഓർത്തു നിന്ന അയാളുടെ മുഖത്ത്‌ പതുക്കെ ദേഷ്യം ഇരമ്പി കയറവെ, റാൾഫിന്റെ ചിന്തകൾ വാക്കുകളായ്‌ പുറത്ത്‌ വന്നു.

ഇത്‌ … ഇത്‌ … നിങ്ങളുടെ മകനാണോ…?

അതു വരെയുണ്ടായിരുന്ന ദേഷ്യം മനസ്സിലെ വിഷമത്തിന്‌ വഴി മാറി. അത്‌ അയാളുടെ മുഖത്ത്‌ തെളിഞ്ഞു. അതേയെന്ന അർത്ഥത്തിൽ അയാൾ മൂളി.

ഈ ബില്ല്‌..?

അവൻ വരുത്തിവെച്ച കടം. ആകെയുള്ള മോൻ… പട്ടണത്തില്‌ പണി തേടി വന്ന മോൻ… അവൻ വരു ത്തി വെച്ച കടം.

അയാളുടെ ശബ്ദം വല്ലാതെ വിറച്ചു തുടങ്ങി. സംസാരിക്കാൻ അയാൾ പ്രയാസപ്പെടുന്നതായ്‌ അവന്‌ തോന്നി. ബട്ടനുകൾ വേർപ്പെട്ട്‌ അലസമായ്‌ കിടക്കുന്ന ഷർട്ടിനിടയിലൂടെ അഴുക്ക്‌ പുരണ്ട നെഞ്ചിൽ നീണ്ട നഖങ്ങളുള്ള കൈവിരലുകളോടിച്ച്‌ ദുസ്സഹമായ വ്യഥയോടെ അയാൾ നിലത്തിരുന്നു.

മോൻ ഇപ്പോ…?

എന്തോ പറയാൻ അയാൾ ശ്രമിച്ചു. പറയാനാഞ്ഞ വാക്കുകളിലെ നൊമ്പരമോർത്ത്‌ പറയാനാകാതെ അയാൾ ഒരു നെടുവീർപ്പോടെ കണ്ണുകളടച്ചു.

ശ്വാസത്തിന്റെ താളം തിരിച്ചു കിട്ടിയപ്പോൾ അയാൾ – വല്ലാത്തൊരാവേശത്തോടെ – തുടർന്നു.

ഈ പട്ടണം അവനെ നശിപ്പിച്ചു. അവന്റെ രാത്രികൾ, പകലുകൾ ഇവിടെയുള്ളവർ കട്ടു. അവന്‌ കാശ്‌ കൊടുത്ത്‌ കൊടുത്ത്‌ അവനെ കടക്കാരനാക്കി. കടം കൂട്യപ്പോൾ അവനെ പേടിപ്പിച്ചു. ഉപദ്രവിച്ചു. സഹിക്കാഞ്ഞ്‌ … ന്റെ മോൻ ന്റെടുത്ത്‌ ഓടിയെത്തിയപ്പോൾ അവെടെയും അവരെത്തി. ഒടുക്കം, അവനെ കൊണ്ട്‌ വേണ്ടാത്തത്‌ തോന്നിപ്പിച്ച്‌…. നെല്ലിമലേന്റെ ചോട്ടീന്ന്‌ … ന്നെ ക്കൊണ്ടന്നെ …ന്റെ മോന്റെ ശവം പെറ്‌ക്കിയെടുപ്പിച്ചു! ഇപ്പഴും…. ഇപ്പഴും ദാ അവന്റെ ശരീരത്തിന്റെ മണം…

അയാൾ തന്റെ ശരീരം മണത്തു. മുഖം തോളിലമർത്തി പൊട്ടിക്കരഞ്ഞു.

തണുത്തുറഞ്ഞ നിശബ്ദത അവർക്കിടയിൽ വേദനിച്ച്‌ നിന്നു. ആ വേദന പതുക്കെ തന്നിലേക്ക്‌ പകരുന്നതായ്‌ റാൾഫിന്‌ തോന്നി.

കുറച്ച്‌ സമയത്തിന്‌ ശേഷം, ചിന്തകൾ ഒന്ന്‌ ശമിച്ചപ്പോൾ, റാൾഫ്‌ ചുറ്റും നോക്കി. അയാൾ അവിടെയില്ല! അവൻ ഏണീറ്റ്‌ മുന്നോട്ട്‌ നടന്നു. ബസ്സ്‌ സ്റ്റാൻഡിന്‌ പുറത്തെത്തിയപ്പോൾ, ദൂരെയായ്‌ നടന്ന്‌ നീങ്ങുന്ന അയാളെ കണ്ടു. കറുത്ത ചില്ലിട്ട ആ കെട്ടിടത്തെ ലക്ഷ്യമാക്കി, അയാൾക്ക്‌ പിറകെ അവനും നടന്നു.

————

നശിച്ചു പോട്ടെ! നീയും നിന്റെ മക്കളും നശിച്ച്‌ പോട്ടെ!!!

രണ്ട്‌ കൈകളിലുമായ്‌ കോരിയെടുത്ത മലം ആ കെട്ടിടത്തിന്റെ ഭിത്തികളിൽ തേച്ച്‌ പിടിപ്പിച്ച്‌ കൊണ്ട്‌, വന്യമായ ഭാവത്തോടെ അയാൾ ഉറക്കെയുറക്കെ പറഞ്ഞു. വേച്ച്‌ വേച്ച്‌ നടക്കുന്ന നഗ്നമായ ആ ശരീരം ചുട്ടു പഴുത്ത ദേഷ്യത്താൽ വിറച്ചു.

നശിച്ചു പോട്ടെ! നീയും നിന്റെ എല്ലാതും നശിച്ച്‌ നശിച്ച്‌ പോട്ടെ!!!

കെട്ടിടത്തിന്റെ കറുത്ത ചില്ലുകളിൽ അയാളുടെ വിസ്സർജ്ജനത്തിന്റെ മഞ്ഞ നിറം തിളങ്ങി നിന്നു. ഉദിച്ചുയരുകയായിരുന്ന സൂര്യന്റെ കിരണങ്ങൾ അതിന്‌ മാറ്റ്‌ കൂട്ടി.

ഒന്നു തടുക്കാൻ പോയപ്പോൾ കിട്ടിയ പ്രഹരത്തിന്റെ ഭീതിദമായ ഓർമ്മ, ഒരിക്കൽ കൂടി അയാളെ തടുക്കുന്നതിൽ നിന്നും സെക്യൂരിറ്റി ഗാർഡിനെ പിന്തിരിപ്പിച്ചു. കെട്ടിടത്തിന്റെ രണ്ടാം ഗെയിറ്റിനരികിലെ സെക്യൂരിറ്റിക്കാരെ വിളിക്കാൻ പോലും മറന്നു നിന്ന അയാൾക്ക്‌ പിറകിൽ, അപൂർവ്വമായ ആ കാഴ്‌ച കാണാൻ നാലഞ്ച്‌ വഴിയാത്രകാരും സ്ഥാനം പിടിച്ചു.

നടന്നതെല്ലാം ഒന്നോർത്തെടുക്കാനാകാതെ റാൾഫ്‌ സ്തംഭിച്ചു നിന്നു. കുറച്ച്‌ മുൻപ്‌, കെട്ടിടമടുക്കും തോറും അയാളുടെ വേഗത വർദ്ധിച്ചത്‌ അവൻ മനസ്സിലാക്കിയിരുന്നു. പക്ഷെ തന്റെ കയ്യിലെ ഭാണ്ഡം ശ്രദ്ധയോടെ ഒരരികിൽ വെച്ച്‌, കാറ്റിന്റെ വേഗത്തിൽ അയാൾ വസ്ര്തങ്ങൾ അഴിച്ച്‌ മാറ്റുമെന്നും അവിടെയിരുന്ന്‌ തന്നെ മലവിസർജ്ജനം നടത്തുമെന്നും ഭ്രാന്തമായ ചിന്തയിൽ പോലും ആരും കരുതില്ലല്ലോ! ഉറക്കച്ചടവിലായിരുന്ന സെക്യൂരിറ്റിക്കാരനും ഒന്നും തന്നെ മനസ്സിലായി കാണില്ല. ഇത്ര നേരത്തെ ആയതിനാൽ ചുറ്റുവട്ടത്തൊന്നും പോലീസുകാരുമില്ല.

തന്റെ വിസർജ്ജനത്തിന്റെ ശേഷിപ്പുകൾ ആ കെട്ടിടത്തിലാകെ തന്നാൽ കഴിയും വിധം പകർത്തിയെന്ന്‌ ബോദ്ധ്യമായപ്പോൾ അയാൾ നിലത്ത്‌ വെച്ച ഭാണ്ഡത്തിനരികിലെത്തി. ലോലമായ എന്തോ ഒന്ന്‌ കൈകാര്യം ചെയ്യുന്ന പോലെ പതിയെ തുറന്നു. ഒരു മൺകലവും ഒരു പൊതിക്കെട്ടും എടുത്ത്‌ പുറത്തേക്ക്‌ വെച്ചു. അപ്പോൾ അയാളുടെ മുഖത്ത്‌ കണ്ട ഭാവമാറ്റത്തിൽ നിന്ന്‌ ആ മൺകലത്തിനുള്ളിൽ എന്തായിരിക്കുമെന്ന്‌ അവൻ ഊഹിച്ചു.

അയാൾ ഭാണ്ഡകെട്ടെടുത്ത്‌ തിരിച്ച്‌ കെട്ടിടത്തിനരികിലേക്ക്‌ നടന്നു. തൊണ്ട പൊട്ടുമാറുറക്കെ നിലവിളിച്ച്‌ കൊണ്ട്‌ അയാൾ അത്‌ മുകളിലേക്കെറിഞ്ഞു. അതിനുള്ളിൽ നിന്ന്‌ നോട്ടുകൾ കാറ്റിലേക്കിറങ്ങി. ചില്ലറകൾ നിലം പതിച്ചു.

ഇന്നാ ഏട്‌ത്തോ… ന്റെ എല്ലാം നീ എടുത്തോടാ പിശാചേ… കൂര വിറ്റതും നെലം വിറ്റതും എല്ലാം… എല്ലാം നീയെടുത്തോ…. എന്നാലും എന്റെ മോനെ തിരിച്ചു തരാൻ…..ആ….ഇത്ര നാളും ഉള്ളിൽ സൂക്ഷിച്ച കണ്ണീരെല്ലാം അണപൊട്ടിയൊഴുകിയപ്പോൾ, വല്ലാത്ത വേദനയോടെ അയാൾ കരഞ്ഞു. ഭാഷയും ഭാഷകൾക്കതീതമായ കദനവും മനസ്സിലാകാത്ത ജനം മിഴിച്ചു നിന്നു.

മനസ്സിലെ വിങ്ങൽ ഒന്നടങ്ങിയപ്പോൾ അയാൾ ധൃതിയിൽ എഴുന്നേറ്റ്‌ ചുറ്റും നോക്കി. പൊതിക്കെട്ടെടുത്ത്‌ കെട്ടിടത്തിന്‌ മുന്നിലെ ഫൗണ്ടന്റെ അരികിലേക്ക്‌ നടന്നു. അതിലേക്കിറങ്ങി അയാൾ മുങ്ങി. പലവട്ടം മുങ്ങി നിവർന്ന്‌ ശവം നാറുന്ന തന്റെ ശരീരം ശുദ്ധിയാക്കി. അറപ്പ്‌ കൊണ്ടോ ഭയം കൊണ്ടോ, ആരും അയാളെ തടുത്തില്ല. കുളി കഴിഞ്ഞ്‌, പൊതിക്കെട്ടഴിച്ച്‌ അയാൾ അലക്കിയ വസ്ര്തങ്ങൾ ധരിച്ചു. ചുറ്റുമുള്ളവരുടെ ശ്രദ്ധ അപ്പോൾ ചിതറി കിടക്കുന്ന നോട്ടുകളിലായിരുന്നു.

ക്രെഡിറ്റ്‌ കാർഡ്‌ കമ്പനിയുടെ കണക്കിൽ കിട്ടാകടമായ്‌ മാറിയ മകന്റെ ചിതാഭസ്മവുമായ്‌ ആ അച്ഛൻ നടന്നു നീങ്ങി.

നടന്നതെല്ലാം മറക്കാൻ ബോധപൂർവ്വം ശ്രമിച്ചു കൊണ്ട്‌, ഇനിയും പൂർത്തീകരിക്കാനാവാത്ത സെയിൽസ്‌ ടാർഗറ്റിന്റെ കണക്കുകളും, കസ്റ്റമേഴ്‌സിനായ്‌ കമ്പനി നൽകുന്ന പുതിയ ഓഫറുകളുടെ മൂല്യങ്ങളും മനസ്സിൽ ആവാഹിച്ച്‌, അവൻ ആ ആൾക്കൂട്ടത്തിന്റെ ഭാഗമായി.

നഗരം ചലനം തുടർന്നു.

Generated from archived content: story6_sept25_08.html Author: drishyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here