വിത്തും ജ്യോതിഷവും

അങ്കുരണശേഷിയിലൂടെ സമൃദ്ധിയുടെ കലവറയായി മാറുന്ന ‘വിത്ത്‌’ ജീവനത്തിന്റെ നാമ്പാണ്‌. വിത്തുഗുണം പത്തുഗുണമെന്ന ചൊല്ലും അന്വാർത്ഥമാണ്‌. വിത്തിന്റെ മുളയ്‌ക്കാനുളള കഴിവ്‌ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മണ്ണ്‌, ആർദ്രത, കാലാവസ്‌ഥ, ദേശസ്‌ഥിതി മുതലായവ ‘ഭൗതികഘടകങ്ങ’ളാണ്‌. ഇവയ്‌ക്കു പുറമേ നാടൻ കർഷകസങ്കല്പത്തിൽ ഭൗതികേതരമെന്നോ അദൃഷ്‌ടമെന്നോ പറയാവുന്ന മറ്റു ചില ഘടകങ്ങൾകൂടി ഉൾപ്പെടുന്നുണ്ട്‌. അത്തരത്തിലുളള വിശ്വാസങ്ങളെപ്പറ്റി അല്പം ചിന്തിക്കാം.

‘വിത’ ഇറക്കുന്നവന്റെ ‘കൈപ്പുണ്യം’ മുൻപറഞ്ഞ വിശ്വാസത്തിൽ പെടുന്നു. ചിലർ എന്തു കൃഷി ചെയ്‌താലും നല്ല ഫലം ലഭിക്കുമ്പോൾ മറ്റു ചിലരുടെ കൃഷി വിഫലമായും കാണാറുണ്ട്‌. ഇത്തരം അവസ്‌ഥാന്തരങ്ങളെ അപഗ്രഥിച്ചായിരിക്കണം ജ്യോതിഷത്തെ കൃഷിയുമായി ബന്ധപ്പെടുത്താനിടയായത്‌. ചില പ്രത്യേകനാളിൽ ജനിച്ചവർക്കും അപ്രകാരം ചില പ്രത്യേക മുഹൂർത്തങ്ങളിൽ ആരംഭിക്കുന്ന കൃഷികൾക്കും സഫലത നിർണ്ണയിക്കുന്ന ജ്യോതിഷ വചനങ്ങൾ ധാരാളമാണ്‌.

ഇരുപത്തേഴു നാളുകളെ തരംതിരിച്ചതിൽ ഓരോ നാളിനും ഓരോ വൃക്ഷമെന്ന്‌ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്‌. ഈ വൃക്ഷങ്ങളിൽ ചിലതു ഫലമുണ്ടാകുന്നവയും ചിലതു ഫലമുണ്ടാകാത്തവയുമാണ്‌. ഫലമുണ്ടാകുന്നവകളിൽ തന്നെ വൈവിധ്യം കാണാറുണ്ട്‌. ഉദാഹരണത്തിനു അശ്വതിയ്‌ക്കു ‘കാഞ്ഞിര’വും രോഹിണിയ്‌ക്കു ‘ഞാവലു’മാണ്‌ വൃക്ഷം. രണ്ടും ഫലവൃക്ഷങ്ങളാണെങ്കിലും രസഭേദം മൂലം രോഹിണിയ്‌ക്കു മേന്മകൂടും. ഫലമുണ്ടാകുന്ന നാളുകളെ പൊതുവെ കായുളള നാളെന്നും പറയാറുണ്ട്‌. കായുളള നാളുകളിൽ കൃഷി ആരംഭിക്കുന്നതു ശോഭനമാണെന്നു കരുതുന്നു.

കൃഷികൾ പലവിധമാണല്ലോ. മണ്ണിനടിയിൽ ഫലം നൽകുന്ന കിഴങ്ങുവർഗ്ഗവും ഒരു തവണ ഫലം തന്നു നശിച്ചുപോകുന്ന സസ്യങ്ങളും സ്‌ഥായിയായി ഫലം തരുന്ന വൃക്ഷങ്ങളും മറ്റും ആദ്യമായി നടുന്നതിനു നല്ല നാളുകളും നല്ല സമയവും നല്ല ആഴ്‌ചയും കണ്ടെത്തണം. എളളു വിതയ്‌ക്കാൻ ശനിയാഴ്‌ചയും വാഴ വെയ്‌ക്കാൻ വ്യാഴാഴ്‌ചയും മറ്റും ഉത്തമമത്രേ. ഗ്രഹങ്ങളുടെ ഇഷ്‌ടരാശി സ്‌ഥിതിയും നോക്കേണ്ടതുണ്ട്‌. മേടം മുതലായ പന്ത്രണ്ടു രാശികളെ വനരാശി, ജലരാശി, ഗ്രാമരാശി മുതലായി പലതരത്തിൽ തിരിക്കുന്നുണ്ട്‌. ജ്യോതിശാസ്‌ത്രരീത്യാ പതിനൊന്നു കരണങ്ങൾ ഉളളതിൽ സസ്യം നശിപ്പിക്കുന്ന പശുക്കരണസമയം ധാന്യവർഗ്ഗങ്ങളും ആനക്കരണ സമയം വാഴ കരിമ്പു മുതലായവയും നടാനാരംഭിക്കുന്നതു നന്നല്ല. കിഴങ്ങുവർഗ്ഗങ്ങൾ കുത്തിപ്പറിക്കുന്ന ജന്തുവാണല്ലോ പന്നി. തന്‌മൂലം പന്നിക്കരണസമയം കിഴങ്ങുവർഗ്ഗങ്ങൾ നടുന്നതിനു നന്നല്ല.

കൃഷി തുടങ്ങുന്ന സമയത്തെ വേലിയേറ്റം വേലിയിറക്കമെന്നിവയും കൃഷ്‌ണപക്ഷവും വെളുത്തപക്ഷവും സ്വാധീനിക്കുന്നുണ്ട്‌. വെളുത്തപക്ഷത്തിൽ സസ്യലതാദികൾ പെട്ടെന്നു വളരുന്നുവെന്നും കറുത്തപക്ഷത്തിൽ കീടജന്തുക്കളുടെ ആക്രമണ സാധ്യത കൂടുതലാകയാൽ പ്രതിരോധ പ്രവർത്തനത്തിനായി കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നും പറയപ്പെടുന്നു. പ്ലാവ്‌ മുതലായ വൃക്ഷങ്ങൾ മുറിയ്‌ക്കുന്നതുപോലും പക്ഷം നോക്കിയാകുന്നതു ശോഭനമാണ്‌. സസ്യലതാദികളുടെ ഇലകളുടെ പച്ചനിറത്തിനും സൂര്യപ്രകാശത്തിനും തമ്മിലുളള ബന്ധം ശാസ്‌ത്രീയമായി തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടല്ലോ. മേൽ പ്രസ്‌താവിച്ച വസ്‌തുതകൾ കണക്കിലെടുത്താണ്‌ കൃഷിയിൽ ജ്യോതിഷത്തിന്റെ പ്രസക്തി നിർണ്ണയിച്ചിട്ടുളളത്‌. വിത്തിറക്കുന്നതിനും വിളവെടുക്കുന്നതിനും സമയം നോക്കണം. ഞാറ്റുവേലകൾക്കും ഋതുക്കൾക്കും ഇക്കാര്യത്തിലുളള പ്രാധാന്യം ശ്രദ്ധാർഹമാണ്‌. പയർവർഗ്ഗങ്ങൾ കൃഷി തുടങ്ങാൻ രോഹിണി ഞാറ്റുവേലയും കുരുമുളകിനു തിരുവാതിര ഞാറ്റുവേലയും വാഴയ്‌ക്കു അത്തം ഞാറ്റുവേലയും ഉത്തമമെന്നു പറയപ്പെടുന്നു.

കൃഷിഗീത ഉഴവു തുടങ്ങാനും (ചാലിടാനും) വിതയ്‌ക്കാനും ജ്യോതിഷത്തിൽ നിത്യദോഷങ്ങളെന്ന്‌ പറഞ്ഞിട്ടുളള കാലം ഒഴിവാക്കണം. രോഹിണി, പുണർതം, പൂയം, അത്തം, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം നാളുകൾ പൊതുവെ നന്നാണ്‌. കരണങ്ങളിൽ ആനക്കരണവും സിംഹക്കരണവും പുലിക്കരണവും ശോഭനം. എടവം, മിഥുനം, മീനം, മകരം, കർക്കിടം രാശികളിൽ കൃഷിയാകാം. ആഴ്‌ചകൾക്കും കൃഷിയാരംഭത്തിൽ പ്രാധാന്യമുണ്ട്‌.

ഒരു വർഷത്തെ മഴയെ നിർണ്ണയിക്കുന്ന രീതി വിഷു സംക്രാന്തി വരുന്ന ആഴ്‌ചനോക്കി പറയുന്നരീതി പരാമർശിക്കുന്നുണ്ട്‌. വർഷം ഒരു പറയെന്നുളളതാണെത്രെ ഏറ്റവും ഉത്തമം. വർഷം രണ്ടു പറയായാൽ വിരിപ്പുകൃഷിക്ക്‌ ദോഷമാണെന്നും നാല്‌ പറയായാൽ ദാരിദ്ര്യമാണെന്നും പറയപ്പെടുന്നു. മൂന്നു പറയും നന്നാണ്‌.

വൃശ്ചികക്കാറ്റു തുടങ്ങുന്ന ദിവസം തിരിച്ചറിയാൻ വിഷമമില്ലല്ലോ. അതിൽ നിന്നും ഏഴാം മാസം വർഷം തുടങ്ങുമെത്രേ. തുലാത്തിൽ തന്നെ കാറ്റുതുടങ്ങിയാൽ വേനൽമഴ പ്രതീക്ഷിക്കാം. തുലാം മുതൽ മകരംവരെ വീശുന്ന കാറ്റിനു ഗർഭമുണ്ടാകുമെന്നാണ്‌ പറയുന്നത്‌. മേടം മുതൽ മേഘം വർഷിക്കാനും തുടങ്ങും. ഇക്കാര്യം കൂടുതൽ ശാസ്‌ത്രീയ നിരീക്ഷണങ്ങളിലൂടെ തെളിയിക്കാനാകും.

Generated from archived content: essay1_mar11.html Author: dr_vr_muraleedharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here