അപ്പൂപ്പന്‍ മാവ് പൂത്തു

വൃദ്ധ ദമ്പതികള്‍ക്ക് സെക്സ് ആകാമോ എന്നാണ് ഒരാള്‍ എന്നോട് ചോദിച്ചിരിക്കുന്നത്. വൃദ്ധരായാല്‍ എന്തുകൊണ്ട് സെക്സ് ആയിക്കൂട ? അവര്‍ക്ക് അക്കാര്യത്തിലയിത്തം കല്‍പ്പിച്ചിരിക്കുകയാണൊ? പിന്നെ എന്തുകൊണ്ട് പാടില്ലായെന്ന് തോന്നുന്നു. വൃദ്ധരായാല്‍ സെക്സ് പാടില്ലായെന്ന സാംസ്ക്കാരികബോധമാണ് അതാകാമോ എന്ന ചോദ്യത്തിന് കാരണമാകുന്നത്. പിന്നെ അതേക്കുറിച്ച് ഉള്ള അജ്ഞതയും വൃദ്ധ ദമ്പതികള്‍ക്ക് വൃദ്ധന്‍ അഥവാ വൃദ്ധയ്ക്ക് ലൈംഗികബന്ധത്തിനു വേണ്ടതായ ആരോഗ്യമുണ്ടെങ്കില്‍ അതാകം എന്നാണ് എന്റെ അഭിപ്രായം. അതിലേക്ക് ശാരീരികാ‍രോഗ്യം പോരാ മാനസികാരോഗ്യവും താത്പര്യവും വേണം. പിന്നെ ഹോര്‍മോണുകളുടേയും മറ്റും സ്വാധീനവും.

വൃദ്ധനായ ഒരാള്‍ക്ക് ലൈംഗിക ആരോഗ്യം നശിച്ചുവെന്ന് കാഴ്ചക്കാരായ നാമല്ലേ പറയുന്നത്. അയാള്‍ പറഞ്ഞില്ലല്ലോ. ഒരാള്‍ക്ക് സെക്സ് വേണമോ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടത് അയാളാണ്. ഒരു വൃദ്ധന്റെ മനസില്‍ ലൈംഗിക താത്പര്യമുണ്ടെങ്കില്‍ , അതിനു കഴിയുമെന്ന വിശ്വാസമുണ്ടെങ്കില്‍ , അതാവാം. പ്രായം എഴുപത് കഴിഞ്ഞ നമ്പൂതിരി പതിനേഴുകാരിയെ വിവാഹം ചെയ്തിരുന്നത് അധികം പണ്ടൊന്നുമല്ല. പേരമക്കളുടെ പ്രായമുള്ള യുവതികളെ വിവാഹം ചെയ്തിരുന്ന മുസ്ലീംകളും മലബാറില്‍ ധാരാളം. ഇതൊന്നും നഷ്ടപ്പെട്ട ലൈംഗികശേഷിയുടെ ലക്ഷണങ്ങളല്ല. തിളക്കുന്ന വൃദ്ധ വീര്യത്തിന്റെ സ്വാധീനമാണ്.

ഏതു പ്രായത്തിലും ദാമ്പത്യത്തിന്റെ അടിയൊഴുക്ക് സെക്സ് തന്നെയാണ്. ഏതു പ്രായത്തിലും നാം അതാഗ്രഹിക്കുന്നു. എന്നാല്‍ സാഹചര്യം , വിശ്വസങ്ങള്‍ ,ആചാരങ്ങള്‍ , ആരോഗ്യപ്രശ്നങ്ങള്‍ ആദിയായ ഘടകങ്ങള്‍ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടുന്നു. നോക്കുക പൊതുസ്ഥലത്ത് നില്‍ക്കുന്ന അപ്പൂപ്പന്‍ മാവ് കൂടി പുഷ്പ്പിക്കാറില്ലേ? കായ്ക്കാറില്ലേ? മരത്തിനു പ്രായമായെന്നു വച്ച് പൂവും കായും വേണ്ടായെന്ന് വയ്ക്കാ‍നാവുമോ? മരം അതിന്റെ ധര്‍മ്മം പ്രായമോര്‍ക്കാതെ നടത്തിക്കൊണ്ടിരിക്കുന്നു. എല്ലാ ജീവജാതികളുടെയും അവസ്ഥയാണിത്.

ആരോഗ്യകരമായ സെക്സ് ഒരാളിലെ വാ‍ര്‍ദ്ധക്യത്തെ അകറ്റുകയാണ്ചെയ്യുന്നത്. അത് വാര്‍ദ്ധക്യത്തിന്റെ ശത്രുവാണ്. വൃദ്ധരായ അനവധി പേര്‍ സെക്സിന്റെ അപ്രിമേയമായ സുഖത്തിന് ഉടമകളാവുന്നു. വയസായെങ്കിലെന്ത്, അവരുടെ സ്നേഹവു. അടുപ്പവും കണ്ടു പഠിക്കണം എന്ന് ചില വൃദ്ധ ദമ്പതികളെ മാതൃകയാക്കി പറയുന്നത് കേട്ടിട്ടില്ലേ? അവരൊക്കെയും വാര്‍ദ്ധക്യത്തിലും സെക്സിന്റെ സുഖമറിയുന്നവരും സെക്സിലൂടെ ബന്ധങ്ങളുടെ ഊഷ്മളത കാക്കുന്നവരുമാണ്.

വാര്‍ദ്ധക്യത്തില്‍ ഇതെങ്ങെനെ നേടുന്നു? ആരോഗ്യം കുറയുന്ന പ്രായത്തില്‍ മരണവും കാത്തിരിക്കുന്ന വൃദ്ധദമ്പതികള്‍ക്ക് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ദൈവനാമവും ജപിച്ചിരുന്നാല്‍ പോരേയെന്നാവും ചെറുപ്പക്കാര്‍ ചോദിക്കുന്നത്. അത് വലിയൊരു മണ്ടത്തരമാണ്. വൃദ്ധ ദമ്പതികളുടെ മനസിലും അവരുടെ മാനസിക ശാരീരികരോഗ്യത്തിനൊപ്പം ലൈംഗികാര്‍ത്തിയും ലൈംഗികാവശ്യവും നിലനില്‍ക്കുന്നു. അതിനാല്‍ അതനുഭവിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. എല്ലാ സുഖങ്ങളും പോലെ ലൈംഗിക സുഖം ‘ ആബ്സ്ട്രാക്ക്’ ആണ്. ആത്മനിഷ്ഠാപരമാണ്. ഒരു സത്യം കൂടി സ്വയം തിരിച്ചറിയുക. ആരുടെടെ മനസിനും പ്രായമാകുന്നില്ല. പ്രായമെന്ന ബോധം നല്‍കുന്നത് സമൂഹവും സമൂഹങ്ങളെ നിയന്ത്രിക്കുന്ന സംസ്ക്കാരം വിത്തിട്ട ബോധവുമാണ്.

വാര്‍ദ്ധ്യത്തിലും യൗവനബോധം സൂക്ഷിക്കാന്‍ വേണ്ടത് പോസ്റ്റീവ് ചിന്തയാണ്. അസാദ്ധ്യമെന്നു കരുതുന്ന പലതും നേടാന്‍ വേണ്ടത് പോസ്റ്റീവ് ചിന്തയാണ്. വാര്‍ദ്ധക്യകാലത്തെന്തിന് സെക്സ് എന്ന ചിന്ത തന്നെ നെഗറ്റീവ് ആണ്. പോസറ്റീവ് ചിന്തക്കൊപ്പം നല്ല ആഹാരം , ഉറക്കം, വേണ്ടെത്ര വിശ്രമം, അസ്വാസ്ഥ്യങ്ങളും ആകുലതകളുമില്ലത്ത ജീവിതം , ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ചികിത്സ, വ്യായാമം എന്നിവയൊക്കെയാവുമ്പോള്‍ പിന്നെയെന്ത് വാര്‍ദ്ധക്യം? പ്രായബോധം പോലും ഒരു പരിധി വരെ ലൈംഗീകചിന്തക്ക് തടസ്സമാണ് ആരോഗ്യത്തിന്റെ പോലും ശത്രുവാണ്. അതിനാല്‍ പ്രായത്തിന്റെ അതിര്‍ വരമ്പിടുന്ന കൂട്ടങ്ങളില്‍ പെടാതെ സ്വതന്ത്രമായി ചിന്തിക്കുക.

വാര്‍ദ്ധക്യ കാലത്തുണ്ടാവുന്ന കാമചോദനയിലെ കുറവിന് ശാരീരികവും മാനസികവും സാമൂഹ്യവുമായ ഘടകങ്ങളും മനസിനെ സ്വാധീനിക്കുന്നു. പല ശാരീരികഘടകങ്ങളും പരിഹരിക്കാവുന്നതാണ്. മാനസികവും സാമൂഹ്യവുമായ ഘടകങ്ങളെ ദമ്പതികള്‍ സ്വയം നേരിടേണ്ടതാണ്. നമുക്കു ചുറ്റിലുമുള്ളവര്‍ ഒരാ‍ളുടെ പ്രശ്നങ്ങളെ എവ്വിതം ലഘൂകരിക്കാം എന്നല്ല, ഏപ്രാ‍കാ‍രം വലുതാ‍ക്കാം എന്നു ചിന്തിക്കുന്നവരാണ്.

ആര്‍ത്തവവിരാമത്തോടെ സ്ത്രീകളില്‍ ജനനേന്ദ്രിയത്തിലെ ലൂബ്രിക്കേഷന്‍ ഒരു വിഷയമാണ്. സെക്സ് ഹോര്‍മോണുകളുടെ കുറവുമൂലം ലൂബ്രിക്കേഷന്‍ കുറയും. അത് ലിംഗപ്രവേശനത്തിന് വിഷമമുണ്ടാക്കുന്നു. യോനിയും ഒപ്പം പുരുഷലിംഗവും മുറിയാനിടവരും. ഇത് സംഭോഗത്തിനുള്ള ഭയത്തിനും ഇഷ്ടക്കുറവിനും ഇടയാകുന്നു. ഇതുണ്ടാകാതിരിക്കാനായി ചിലതരം ജെല്ലികള്‍ സംഭോഗത്തിനുമുമ്പ് യോനിയിലോ ലിംഗത്തിലോ പ്രയോഗിക്കുകയാണെങ്കില്‍ അനായാസ ലിംഗപ്രവേശനം നടക്കുകയും സംഭോഗം അയത്ന ലളിതമാവുകയും വാര്‍ദ്ധക്യത്തില്‍ യുവമിഥുനങ്ങളെപ്പോലെ സ്വപ്നം കണ്ടുറങ്ങാനുമാവുന്നു.

പുരുഷന്മാരില്‍ ഉദ്ധാരണശേഷിക്കുറവ് ഒരുഘടകമാണ്. അക്കാര്യത്തിലും മാനസികവും ശാരീരികവുമായ ഘടകങ്ങളുണ്ട്. അത് പരിഹരിക്കാനും മാര്‍ഗങ്ങള്‍ വൈദ്യശാസ്ത്രം ഉപദേശിക്കുന്നുണ്ട്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നല്ലേ പ്രമാണം. എന്തിനേറെപ്പറയണം? കഴിയുന്നതുപോലെയാവട്ടെ. തൃപ്തിപോരെന്നോ, ശക്തികുറഞ്ഞെന്നോ, കൂടുതലെന്നോ പരാതിപ്പെട്ട് വൃദ്ധദമ്പതികള്‍ക്കടുത്ത് ആരെങ്കിലുമെത്തുമോ? വാര്‍ദ്ധ്യക്യ കാലത്ത് ലൈഗികബന്ധം പാപമെന്നും മോശമെന്നുമുള്ള ബോധം മനസ്സില്‍നിന്നും ആദ്യമകറ്റുക. നിങ്ങളുടെ മനസ്സില്‍ നിങ്ങളെ യുവാവാക്കാനും വൃദ്ധനാക്കാനുമാവും എന്ന് മനസ്സിലാക്കുക. മനസ്സിന്റെ കരുത്താണ് ഏറ്റവും വലുത്.

Generated from archived content: essay1_mar8_12.html Author: dr_venu_thonnaykkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here