നിങ്ങള്‍ ദയവായി വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക. ഇപ്പറയുന്നത് ഗര്‍ഭിണികളോടാണ്. ഗര്‍ഭിണികള്‍ അവരുടെ ആരോഗ്യം ഭക്ഷണം ഇത്യാദി കാര്യങ്ങളെക്കുറിച്ച് നമുക്കൊക്കെ വര്‍ദ്ധിച്ച ശ്രദ്ധയാണ്. ഈ ശ്രദ്ധയൊക്കെ ചിലപ്പോഴെങ്കിലും ഗുണത്തിലേറെ ദോഷം ചെയ്യുന്നതായി കാണാം. ഏതു കാര്യത്തിനോടുമുള്ള അമിതശ്രദ്ധയും താത്പര്യവും ഉത്കണ്ഠയുമൊക്കെ ബുദ്ധിമുട്ടുകള്‍ വരുത്തിവയ്ക്കുമെന്നതാണ് ശരി. ഭക്ഷണക്കാര്യത്തില്‍ പലര്‍ക്കും വലിയ താല്‍പ്പര്യമാണ്. വലിച്ചു വാരി കണ്ടമാനം തിന്നുന്നതാണ് ആരോഗ്യം നില നിര്‍ത്താന്‍ നല്ലതെന്ന് കരുതുന്നവര്‍ ധാരാളം.
ഒരു നേരത്തെ ഭക്ഷണം വൈകുകയോ വേണ്ടെത്ര അളവില്‍ എത്തിയില്ലായെന്ന് തോന്നുകയോ മതി അവര്‍ക്കാകെ പ്രശ്നമാണ്. അത്തരകാര്‍ക്കിടയില്‍ ഒരു ഗര്‍ഭിണി ഉണ്ടെങ്കിലോ പറയാനുണ്ടോ?
നല്ല ആരോഗ്യമുള്ളവരുടെ കാര്യത്തില്‍ തന്നെ ഇത്ര ആധി. അപ്പോള്‍ ഗര്‍ഭത്തില്‍ ഒരു കുഞ്ഞിനെ പേറുന്ന ഒരു സ്ത്രീയുടെ ഭക്ഷണകാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധയെ പറ്റി പറയാനില്ല. ഒക്കെ നല്ലതു തന്നെ എന്നാല്‍ ഏതിനുമൊരു പരിധിയുണ്ട്. അത് കഴിഞ്ഞാല്‍ ആപത്ത്. എവിടെയാണ് പരിധി?
ഗര്‍ഭിണികള്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധിക്കണം. ഇത് കേട്ട് ആരും തര്‍ക്കിക്കാനൊന്നും പോവുന്നില്ല. ഈ മുദ്രാവാക്യം ഇന്നുമിന്നലെയൊന്നും പറഞ്ഞുകേട്ടതുമല്ല. പണ്ട് വീടുകളിലെത്തി പ്രസവമെടുത്തിരുന്ന പതിച്ചിമാര്‍ തൊട്ട് ആയിരം പേറ് കണ്ട വല്യമ്മമാരടക്കം ആധുനിക ഡോക്ടര്‍മാര്‍ വരെ ഇടതടവില്ലാതെ പറയുന്ന കാര്യമാണിത്.
ഇന്ന് പഴയതു പോലൊന്നുമല്ല അമ്മയും ഭര്‍ത്താവുമൊക്കെ ഗര്‍ഭിണിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ്. ശ്രദ്ധ ഏതുതരത്തില്‍ എന്നേ അറിയേണ്ടതൊള്ളു. ഗര്‍ഭിണികള്‍ ശരീരമനങ്ങാതിരിക്കുക കണ്ടമാനം തിന്നുക ഇത്യാദി കാര്യങ്ങളില്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ ശ്രദ്ധ കാണുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഗര്‍ഭിണികളെക്കൊണ്ട് ഏറെ തീറ്റിക്കാനാണ് കുടുംബത്തിലെ മറ്റംഗങ്ങള്‍ ശ്രദ്ധിക്കുന്നത്. പുറത്തുപോകുന്നവര്‍ മടങ്ങുമ്പോള്‍ വീട്ടിലെ ഗര്‍ഭിണികള്‍ക്ക് എന്തെങ്കിലും ഒരു പൊതി കരുതും. ആ പൊതിയില്‍ തിന്നാനുള്ളത് എന്താണ്, അതിന്റെ ദൂഷ്യഫലമെന്താണ് എന്നുള്ളത് പിന്നെയുള്ള കാര്യം.
ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുക എന്നതിന്നര്‍ത്ഥം ഗര്‍ഭിണിയെക്കൊണ്ട് അധികം തീറ്റിപ്പിക്കുക എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് ജനം. ഈ ധാരണക്ക് വിദ്യാസമ്പന്നര്‍ക്കും മാറ്റമൊന്നുമുണ്ടായിട്ടില്ല. അധികഭക്ഷണം വരുത്തുന്ന ആപത്ത് ഏറെയുണ്ട് എന്നറിയുക.
അധികം ഭക്ഷിക്കുന്നതോ പോകട്ടെ കൊടുക്കുന്നതോ, ബേക്കറിയുടെ ചില്ലിട്ട അലമാരിയില്‍ ഉറങ്ങുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍. ഇവയെ ‘ ചത്ത ഭക്ഷണം’ എന്നു വിളിക്കുന്നതിലും തെറ്റില്ല. അതിനുള്ളില്‍ പല വസ്തുക്കളും ദോഷം ചെയ്യുന്നവയാണ്. അവയുടെ നിറം തന്നെ ശ്രദ്ധിച്ചിട്ടില്ലേ ഈ നിറം എവിടെ നിന്നു വന്നു? തീര്‍ച്ചയായും കൃത്രിമമാണ്. ചെറിയ രോഗങ്ങള്‍ മുതല്‍ മാരകരോഗങ്ങള്‍ വരെ വരുത്താന്‍ ഇതിനു ശക്തിയുണ്ട്. അര്‍ബുദരോഗം തന്നെയാണ് ഒരുദാഹരണം.
നല്ല ആരോഗ്യവും ശരീരവ്യായാമവുമുള്ള ഒരാള്‍ക്കുവരെ സഹിക്കാനാവാത്ത രാസവസ്തുക്കളാണ് അതിനുള്ളില്‍ ചേര്‍ക്കുന്നത്. ഈ വക പദാര്‍ത്ഥങ്ങള്‍ ഗര്‍ഭിണികള്‍ കഴിച്ചാലുണ്ടാകുന്ന ആപത്തുകളുടെ ഒരേകദേശ രൂപം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു.
ഭക്ഷണം മാത്രമോ വേണ്ടതിനും വേണ്ടാത്തതിനും ഔഷധങ്ങള്‍ വാങ്ങിക്കൊടുത്ത് ഗര്‍ഭിണിയെ അന്വേഷിക്കാനും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കു ധൃതിയാണ്. മരുന്നുകളുടെ കാര്യം പറയുകയാണെങ്കില്‍ ഒരു പാടുണ്ട്. ഇവിടെ ഔഷധ കുത്തകകള്‍ക്കു കുറവില്ല. അവര്‍ക്ക് വ്യവസായം നിലനില്‍ക്കണം. ഔഷധമേഖല കയ്യടക്കണം. അതിനായി അവര്‍ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ മരുന്നിറക്കുന്നു. ഔഷധം കുറിച്ചുകൊടുക്കാന്‍ കുറെ ഡോക്ടര്‍മാരും വാങ്ങാനാളുണ്ടെങ്കില്‍ അവരുടെ വ്യാപാരം നന്നായി നടന്നുകൊള്ളും.
ടോണിക്കുകള്‍ എന്ന പേരില്‍ കമ്പോളത്തില്‍ ധാരാളം ഔഷധങ്ങള്‍ ഇറങ്ങുന്നു. ഇവയില്‍ മിക്കതും ഗുണം ചെയ്യുന്നില്ലായെന്നു മാത്രമല്ല ദോഷം വരുത്തുക കൂടി ചെയ്യുന്നു.
ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കാതെ തന്നെ ഔഷധ സേവയും ടോണിക്ക് ഉപയോഗവും ധാരാളം നടക്കുന്നുണ്ട്. അത്തരത്തില്‍ തന്നെ എന്തുമാത്രം ഔഷധങ്ങളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ആയൂര്‍വേദ ഔഷധങ്ങളാണ് ദുരുപയോഗത്തിന്റെ കാര്യത്തില്‍ മുന്‍ പന്തിയില്‍. ആയൂര്‍വേദ ഔഷധങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലായെന്ന ധാരണയെയാണ് ഔഷധകമ്പനികള്‍ ചൂഷണം ചെയ്യുന്നത്.
ഏതുതരം ഔഷധങ്ങളാണ് കമ്പോളത്തില്‍ എത്തുന്നത് ഔഷധങ്ങളുടെ പേരിനേക്കാള്‍ മുന്നില്‍ വരുന്നത് അവ കൊണ്ട് ചികിത്സിക്കാവുന്ന രോഗങ്ങളുടെ ലിസ്റ്റാണ്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രോഗനിര്‍ണ്ണയവും ഔഷധനിര്‍ദ്ദേശവും പരസ്യങ്ങളിലൂടെ ഔഷധക്കമ്പനികള്‍ തന്നെ നടത്തുന്നു. ഇങ്ങനെ പോയാല്‍ ഇനിയുള്ള കാലം ഡോക്ടര്‍മാര്‍ മിണ്ടാതിരുന്നാല്‍ മതി.
പത്രമാസികകള്‍ ഇലട്രോണിക് മാധ്യമങ്ങള്‍ എന്നിവയില്‍ വരുന്ന മരുന്നുകളെക്കുറിച്ചുള്ള പരസ്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? കയ്യില്‍ വാച്ചു കെട്ടിയ ച്യവന മഹര്‍ഷി നേരിട്ടു വന്നാണ് ഔഷധങ്ങള്‍ തയ്യാര്‍ ചെയ്യുന്നത്. ആരാണ് ഇത്തരം പരസ്യങ്ങളില്‍ വീണു പോകാത്തത്? വിശ്വാസികള്‍ക്ക് ഔഷധത്തിനോട് താല്‍പ്പര്യം തോന്നാന്‍ ഇതില്‍ പരം എന്തു കാരണം വേണം?
പരസ്യങ്ങള്‍ മിക്കപ്പോഴും കബളിപ്പിക്കലാണ്. എന്നാല്‍ അതിനെതിരെ ശബ്ദിക്കാന്‍ നമ്മുടെ ബ്യൂറോക്രസിക്കുപോലും ആവാതെ പോകുന്നു. അതില്‍ നിന്ന് ഈ ഔഷധകുത്തകകളുടെ സ്വാധീനശക്തി നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഔഷധക്കഥകള്‍ പറയുകയാണെങ്കില്‍ കണ്ടമാനമുണ്ട്. തത്ക്കാലം അതവിടെ നില്‍ക്കട്ടെ. നമുക്ക് ഗര്‍ഭിണികളുടെ കാര്യത്തിലേക്കു മടങ്ങാം.
ഈ വക മരുന്നുകള്‍ ആരോഗ്യമുള്ളവരില്‍ തന്നെ ദോഷങ്ങള്‍ വരുത്തുന്നുവെങ്കില്‍ ഗര്‍ഭിണികളുടെ കഥ പറയുവാനുണ്ടോ?
ഔഷധങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഇനിയുമുണ്ട് ഗര്‍ഭിണികളുമായി ബന്ധപ്പെട്ട ഒരുപാട് സംഗതികള്‍. ഗര്‍ഭിണിയെന്നറിഞ്ഞാല്‍ പിന്നെ ശരീരമനങ്ങാന്‍ കൂടി അനുവദിക്കില്ല. ഒരു ഇടത്തരം കുടുംബത്തില്‍ ചെന്നു നോക്കുകയാണെങ്കില്‍ നമുക്കത് വ്യക്തമായി മനസിലാക്കാനാവും.
ഇന്ന് ന്യൂക്ലിയസ് ഫാമിലികളാണല്ലോ ഒരു വീട്ടില്‍ ഒരു പെണ്‍കുട്ടി മാത്രവുമാവും പിന്നെ പറയാനുമില്ല ഭക്ഷണം കഴിച്ചാല്‍ കൈ കഴുകാന്‍ കൂടി എഴുന്നേറ്റ് വെള്ളമെടുക്കാന്‍ അനുവദിക്കില്ല.
ഉയര്‍ന്ന കുടുംബങ്ങളിലെ കാര്യങ്ങളും മറിച്ചല്ല എന്നിരിക്കിലും ഗര്‍ഭിണികള്‍ പ്രത്യേക വ്യായാമമുറകള്‍ ശീലിക്കുന്നതു കാണാം. അതിന് വേണ്ട സൗകര്യങ്ങളും അവിടങ്ങളില്‍ ഉണ്ടാകും.
താഴ്ന്ന വരുമാനമുള്ള കൂലിപ്പണിക്കാര്‍ക്കിടയിലോ അവര്‍ക്ക് നിത്യവൃത്തി കഴിയാന്‍ പണിയെടുത്താലേ കഴിയുകയുള്ളു. ഇതേ ശരണം എന്നു നിനച്ച് ഗര്‍ഭിണികള്‍ക്ക് വീട്ടിനുള്ളില്‍ തന്നെ ഇരിക്കാനാവില്ല. അവര്‍ നിരന്തരം വ്യായാമം ചെയ്ത് പോവുകയാണ്. നാട്ടില്‍ എന്റെ തറവാട്ടിനടുത്ത് താമസിച്ചിരുന്ന ഗര്‍ഭിണിയായ ഒരു സ്ത്രീയെകുറിച്ചാണ് ഇതെഴുതുമ്പോള്‍ ഞാനോര്‍ക്കുന്നത്. ഏതാണ്ട് 28 വയസ് പ്രായമുണ്ടായിരുന്ന ആ സ്ത്രീയുടെ ചുറുചുറുക്ക് കണ്ടാല്‍ അവര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായണെന്ന് തോന്നുകയേ ഇല്ലായിരുന്നു. അന്ന് പകലും അവര്‍ പണിയെടുത്തു. രാത്രി 12 മണി കഴിയുമ്പോഴാണ് അവര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടത്. രാത്രി രണ്ടുമണിയോടെ ആശുപത്രിയില്‍ അവര്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. എല്ലാ ഗര്‍ഭിണികള്‍ക്കും അനുഭവം ഇത്തരത്തിലുമുണ്ടാവണം എന്ന അര്‍ത്ഥത്തിലല്ല ഇപ്പറഞ്ഞത്.
ഇടത്തരം കുടുംബങ്ങളിലെ ഗര്‍ഭിണികളിലാണ് പ്രസവസംബന്ധിയായ ബുദ്ധിമുട്ടുകള്‍ അധികവും കണ്ടുവരുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ അമിതമായ വളര്‍ച്ച, ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദം എന്നിങ്ങനെ എത്രയെത്ര പ്രശ്നങ്ങള്‍. ഒരു ഗര്‍ഭിണിക്ക് പ്രതിദിനം 2400 കിലോ ഊര്‍ജ്ജം ആവശ്യമാണ്. അതേക്കാളും ആവശ്യമാണ് മുലയൂട്ടുന്ന അമ്മമാര്‍ക്ക്. ‘ വയറ്റില്‍’ വളരുന്ന കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്കും കൂടിയാണ് ഗര്‍ഭിണികളില്‍ കാണുന്ന വര്‍ദ്ധിച്ച ഊര്‍ജ്ജാവശ്യം. മുലയൂട്ടുന്ന അമ്മമാരില്‍ അധികം വേണ്ടുന്ന ഊര്‍ജാവശ്യം പ്രത്യേകം പറയേണ്ടിതില്ലല്ലോ.
വിദേശരാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ ഗര്‍ഭിണികളില്‍ അമിതമായ കാലറി ഊര്‍ജ്ജത്തിന്റെ ആവശ്യമുള്ളതായി കാണുന്നില്ലായെന്നാണ് തെളിഞ്ഞത്.
അതിനാല്‍ ഗര്‍ഭിണികളെ ആവശ്യമില്ലാതെ തല്ലിത്തീറ്റിക്കാതിരിക്കുക. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം നല്‍കുക. എന്താണാവശ്യമെന്ന് കണ്ടു നല്‍കുക. അവരും പ്രകൃതിയുടെ സന്തതികളാണ് എന്നറിയുക. അവരുടെ ശാരീരികാവശ്യങ്ങള്‍ വെളിപ്പെടുത്താന്‍ തക്ക മാര്‍ഗങ്ങള്‍ പ്രകൃതി തന്നെ ഒരുക്കുയിട്ടുണ്ട്. അത് വേണ്ട പോലെ പ്രവര്‍ത്തിച്ചുകൊള്ളും. പ്രകൃത്യായുള്ള ജൈവപ്രവര്‍ത്തനങ്ങളെ നാമായിട്ട് തകര്‍ക്കരുത്.
ഭക്ഷണത്തിന്റെ ആവശ്യം വിളിച്ചറിയിക്കുന്ന നാഴികമണിയാണ് വിശപ്പ്. വിശപ്പിന്റെ വിളി കേള്‍ക്കുവോളം വിശപ്പിനെക്കുറിച്ച് മറന്നേക്കുക. വയറില്‍ ഒന്നല്ല ആയിരം കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ കൂടി.
നാം കൃത്രിമ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിന്റെ ജൈവതാളമാണ് തകരുന്നത്. അത് വിശപ്പ് തുടങ്ങിയ വികാരങ്ങളുടെ നാശത്തിന് കാരണമാവുന്നു.
അമ്മ കഴിക്കുന്ന ഭക്ഷണമാണ് ഗര്‍ഭത്തിലുറങ്ങുന്ന കുഞ്ഞിനു ലഭിക്കുന്നത്. ഭക്ഷണം ഇന്ധനമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ശാരീരിക ആവശ്യങ്ങള്‍ക്കു വേണ്ട ഇന്ധനമാണ് ഗ്ലൂക്കോസ്.
അല്‍പ്പം ശരീര ശാസ്ത്രം. ഗര്‍ഭാശയം അമ്മയുടെ ശരീരഭാഗമാണ്. അതിനു മുകളിലാണ് കുഞ്ഞു വളരുന്നത്. കുഞ്ഞിനെ അമ്മയുമായി ബന്ധിപ്പിക്കുന്നതാണ് പ്ലാസിന്റ. അമ്മയും കുഞ്ഞുമായുള്ള സകലമാന വിനിമയം നടക്കുന്നത് പ്ലാസിന്റ വഴിയാണ്. ഗര്‍ഭത്തിലുറങ്ങുന്ന കുഞ്ഞിനു വേണ്ട ആഹാരം കടന്നുപോവുന്നതും ഓക്സിജനു വേണ്ട ആഹാരം കടന്നു പോവുന്നതും ഓക്സിജനും വിസര്‍ജ്യവസ്തുക്കളും കൈമാറുന്നതും ഇതുവഴിയാണ്. ഇപ്രകാരം കടന്നു പോവുന്നതാണ് സാങ്കേതികമായി ‘ ഡിഫ്യുഷന്‍’.
ഡിഫ്യൂഷന്‍ മുഖേന അമ്മയുടെ ശരീരത്തില്‍ നിന്ന് ഗ്ലൂക്കോസ് കുഞ്ഞിന്റെ ശരീരത്തില്‍ പ്ലാസിന്റ വഴി എത്തുന്നു. ഇത് അമ്മയുടെ ശരീരത്തിലെ ബ്ലഡ് പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ ഗാഢതയെയാണ് ആശ്രയിച്ചിരിക്കുന്നത്.
അമ്മയുടെ ശരീരത്തിലെ ഗ്ലൂക്കോസ് ഗാഢത രണ്ടു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്ന് കഴിക്കുന്ന ഭക്ഷണം മറ്റൊന്ന് ഭക്ഷനത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരകളുടെ അളവ്.
മറ്റൊരു പ്രധാന ഘടകമാണ് ഇന്‍സുലിന്‍. ഇതൊരു ഹോര്‍മോണാണ്. പാന്‍ക്രിയാന്‍ ഒരു ഗ്രന്ഥിയാണ്. ഉദരാശയത്തില്‍ കാണുന്ന അതിന്റെ അന്തര്‍ ഗ്രന്ഥി ഡിവിഷന്‍ പുറപ്പെടുവിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ്. ഇന്‍സുലിന്‍ മറ്റൊന്ന് ഗ്ലൂക്കഗൊണ്‍.
രക്തത്തില്‍ അലിഞ്ഞു കിടക്കുന്ന ഗ്ലൂക്കോസിന്റെ ശരാശരി അളവ് 100 മില്ലി ലിറ്റര്‍ രക്തത്തിന് 80-120 മില്ലിഗ്രാം ആണ്. ഇതിലുപരിയായി വരുന്ന ഗ്ലൂക്കോസിനെ ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഗ്ലൈക്കോജനാക്കി മാറ്റുന്നു. ഗ്ലൈക്കോജന്‍ ഒരു അലേയ സംയുക്തമാണ്. കരളില്‍ സൂക്ഷിക്കപ്പെടുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അഭാവമുണ്ടാവുമ്പോള്‍ ഗ്ലൈക്കോജന്‍ ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നു. ആ പണി ഗ്ലൂക്കഗണ്‍ ഹോര്‍മോണിന്റേതാവുന്നു.
വൈകിയുള്ള ഗര്‍ഭധാരണത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. അവരില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തില്‍ അല്പം മടി കാണിച്ചുവെന്നു വരാം. അപ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഏറെ ഉയരുന്നു. അത് ഗര്‍ഭസ്ഥശിശുവിലേക്കും കടക്കാം .
പ്രമേഹരോഗികളില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടൂതലായിരിക്കും. കാരണം ഇന്‍സുലിന്‍ ഹോര്‍മോണിന്റെ അഭാവമാണ്. ഗര്‍ഭിണിയായ പ്രമേഹരോഗിയില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് ഗ്ലൂക്കോസ് കയറുന്നു. ഇത് അധികമായാല്‍ ഗുണത്തേക്കാളുപരി ദോഷങ്ങള്‍ക്കിട വരുത്തുന്നു.
ഇത് ‘ മാക്രോസോമിക് ’ കുഞ്ഞുങ്ങളുണ്ടാവാന്‍ കാരണമാവുന്നു. കുഞ്ഞുങ്ങള്‍ അധികമായും തടിക്കുന്നു. അവരില്‍ അസ്ഫിയ, ഹൈപ്പഗ്ലൈസീമിയ, ഹൈപ്പര്‍ ബിലിറൂബിനേമിയ ,ഹൈപ്പൊകാത്സീമിയ, ഹൈലിന്‍ കാര്‍ട്ടിലേജ് , മെമ്രേന്‍ ഡിസീസ് എന്നിവയുണ്ടാകുന്നു. ചുരുങ്ങിയ കാലം കൊണ്ട് രക്തത്തിലേക്ക് ഏറെ ഗ്ലൂക്കോസ് കടന്നു ചെന്ന കുഞ്ഞുങ്ങളിലാണ് ഇത്തരത്തില്‍ കാണുന്നത്. എന്നാല്‍ ഏറെ കാലമായാല്‍ അമിതമായ തടി, ഡയബറ്റിസ് ആദിയായവ ഉണ്ടാകുന്നു.
എന്നാല്‍ ഇതില്‍നിന്നും രക്ഷപ്പെടാന്‍ മറ്റോരു മാര്‍ഗമുണ്ട്. പുത്തന്‍ ഗവേഷണങ്ങള്‍ ആണ് ഈ കണ്ടെത്തലിനു പിന്നില്‍. നാരുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ കഴിക്കുകയാണെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളെ മാക്രോസോമിയായില്‍നിന്നു രക്ഷിക്കാം. ഗര്‍ഭിണി പ്രമേഹരോഗിയാണെങ്കില്‍ക്കൂടി രക്ഷപ്പെടാം. പ്ലാസിന്റയിലെ ചില ഘടകങ്ങള്‍ വരെ കുഞ്ഞിന് തകരാറുണ്ടാക്കുന്ന കാര്യത്തില്‍ ഏറെ പ്രസക്തമാണ്.
ഗ്ലൂക്കോസിന്റെ കഥ അവിടെ നില്‍ക്കട്ടെ. ധാരാളം മറ്റ് പോഷകഘടകങ്ങള്‍ കൂടിയുണ്ട്. അവയൊക്കെ നേരിയ അളവിലാവും വേണ്ടത്. ലോഹമൂലകങ്ങള്‍, ജീവകങ്ങള്‍ , ആദിയായവ ഇക്കൂട്ടത്തില്‍ വരുന്നു. ഇവയുടെ അഭാവത്തില്‍ ഗര്‍ഭമലസല്‍, ജനിതക തകരാറുകള്‍, ആദിയായവ ഉണ്ടാകുന്നു. ഇതൊക്കെ മനസ്സിലാക്കിയത് മൃഗങ്ങളില്‍ ഗവേഷനം നടത്തിയാണ്.
ഗര്‍ഭിണിയായ അമ്മമാരില്‍ ഇരുമ്പ് അംശത്തിന്റെ അഭാവം കാണാറുണ്ട്. ഗര്‍ഭസ്ഥശിശു നല്ലൊരു പരാദമാണ്. തനിക്കാവശ്യമുള്ളത്ര ഇരുമ്പിന്റെ അംശം മുഴുവനും അത് അമ്മയില്‍നിന്നുമെടുക്കുന്നു. അമ്മ ഇരുമ്പിന്റെ അംശം കൂടൂതലുള്ള പച്ചിലക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുന്നത് നന്ന്. ടോണിക്കുകള്‍ കഴിവതും ഒഴിവാക്കുക.
വേണ്ടെത്ര ജീവകങ്ങള്‍ കഴിക്കുന്നതായാല്‍ കുഞ്ഞിന് ന്യൂറല്‍ ട്യൂബ് തകരാറുകള്‍ ഉണ്ടാവുകയില്ല. മസ്തിഷ്ക്ക വളര്‍ച്ച നന്നായുണ്ടാകും. എന്നു വച്ചാല്‍ മന്ദബുദ്ധികള്‍ പിറക്കുന്ന കാര്യത്തില്‍ കുറവുണ്ടാകും എന്നര്‍ത്ഥം. ഗര്‍ഭിണികള്‍ പുളി, നെല്ലിക്ക ആദിയായവയോട് കാണിക്കുന്ന താല്‍പ്പര്യം ശരീരത്തിനാവശ്യമായ ഈ വക ലോഹാംശങ്ങളുടെ കുറവിനെയാണ് കാണിക്കുന്നത്. ആ സമയം അച്ചാറുകള്‍ കഴിക്കാതിരിക്കുക.
ബേക്കറി ഭക്ഷണങ്ങള്‍ , അച്ചാറുകള്‍ , പ്രോസസ്ഡ് ഭക്ഷണങ്ങള്‍ തുടങ്ങിയവയോട് ഇന്ന് ജനത്തിന് താല്‍പ്പര്യമേറുന്നു. വന്‍ നഗരങ്ങളിലാണ് ഈ ശീലം അധികമായും കണ്ടുവരുന്നത്. കേരളത്തിലെ നഗരങ്ങളിലും ഇതൊക്കെ ഫാഷനായി മാറിയിട്ടുണ്ട്.
ഗര്‍ഭിണികളായ ഭാര്യമാരുമായി ബേക്കറികളിലെ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്ന ഭര്‍ത്താക്കന്മാരെ കാണാറുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ വരുത്തി വയ്ക്കുന്ന ആപത്തുകള്‍ അവരറിയുന്നുണ്ടാവില്ല.
ഇത് എഴുതുമ്പോള്‍ വളരെയേറെ പ്രാധാന്യമുള്ള മറ്റൊരു സംഗതി ഓര്‍ത്തു പോവുകയാണ്. പൊതുജനത്തിന് ആരോഗ്യകാര്യത്തില്‍ അവബോധം ഉണ്ടാക്കിക്കൊടുക്കേണ്ടവരാണ് ഡോക്ടര്‍മാര്‍ എന്നതില്‍ ആരും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. അവരും ഭക്ഷണത്തിന്റെ കാര്യത്തില്‍ തീരെ ശ്രദ്ധിക്കുന്നില്ല. ബേക്കറി – പ്രോസസ്ഡ് ഭക്ഷണങ്ങളുടെ കസ്റ്റമര്‍മാരില്‍ വളരെയേറെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമുണ്ട്. ഇപ്പറയുന്നതില്‍ സംശയമുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്ക് സമീപമോ നഗരങ്ങളിലോ ഉള്ള ബേക്കറികളില്‍ ഒരു വൈകുന്നേരം ഒന്നന്വേഷിച്ചാല്‍ മതിയാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപത്തുള്ള ബേക്കറികള്‍ ഇപ്പറഞ്ഞതിന് ഉദാഹരണമാണ്.
ദാഹമടക്കുന്നതിന് ഒരു ഗ്ലാസ്സ് പച്ചവള്ളമോ നാരങ്ങാ നീരോ പോലും കഴിക്കാന്‍ ആരോഗ്യശാസ്ത്രത്തിന്റെ കുത്തകപാട്ടം വാങ്ങിയ ഡോക്ടര്‍മാര്‍ക്കു പോലും മടിയായിരിക്കുന്നു. അവര്‍ കോണ്‍സട്രേറ്റ് ഡ്രിങ്ക് എന്ന പേരിലിറങ്ങുന്ന ‘ വിഷപാനീയം ‘ വാങ്ങിക്കുടിക്കാനാണ് താല്‍പ്പര്യം കാണിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാവുമ്പോള്‍ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ പിറകെ ഓടുന്ന ഒരു സാധാരണക്കാരനെ എങ്ങനെ പഴിക്കും? വേലി തന്നെ വിളവു തിന്നാല്‍ നാം ആ പരാതി ആരോടാണ് പറയേണ്ടത്?
പ്രോസസ്ഡ് ഭക്ഷണങ്ങള്‍ വരുത്തുന്ന വിനകളുടെ മുഴുവന്‍ രൂപമൊന്നും നമുക്കറിവായിട്ടില്ല. അവയില്‍ ധാരാളം ‘ ആഡിറ്റീവ്സ്’ ചേര്‍ക്കുന്നുണ്ട്. അതുമൂലം കണ്ടമാനം ദോഷങ്ങള്‍ ഉണ്ടാവുന്നു. അവയെ ക്കുറിച്ചുള്ള പഠനങ്ങള്‍ ഇനിയും വേണ്ടിയിരിക്കുന്നു.
ഭക്ഷണങ്ങളില്‍ ധാരാളം കീടനാശിനികള്‍ കടന്നു കൂടുന്നു. ആധുനിക കൃഷിരീതികള്‍ അവിടം വരെ എത്തിനില്‍ക്കുന്നു. ടിന്‍ ഫുഡുകളില്‍ കീടനാശിനികള്‍ കാണില്ലായെന്ന് കരുതുന്നവരുണ്ട്. അത് മണ്ടത്തരമാണ്. ടിന്‍ ഫുഡുകളില്‍ കൂടി കീടനാശിനികള്‍ കാണപ്പെടുന്നുണ്ട്.
പച്ചില, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നത് നന്ന്. എന്നാല്‍ അവയൊക്കെ കമ്പോളത്തില്‍ നിന്ന് വാങ്ങുമ്പോള്‍ പൂര്‍ണ്ണമായും കീടനാശിനി മുക്തമെന്ന് പറയാനാവില്ല. അതിനാല്‍ അവയൊക്കെ സ്വന്തം വീട്ടുവളപ്പില്‍ കൃഷി ചെയ്തുണ്ടാക്കി കീടനാശിനി വിമുക്തമാക്കുന്നതാണ് നല്ലത്.
ആപത്തുകള്‍ നിലക്കുന്നില്ല. ഭക്ഷണത്തിലൂടെ ധാരാളം ബാക്ടീരിയകള്‍ ശരീരത്തില്‍ കടക്കാം. സാല്‍മനല്ല ബാക്ടീരിയകളുടെ ആക്രമണം ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുന്നു. ഗര്‍ഭമലസല്‍, ചാപിള്ള പിറക്കല്‍ എന്നിവയ്ക്കു കൂടി കാരണമാകുന്നുണ്ട്. അതിനാല്‍ ഭക്ഷണത്തിലൂടെ കടക്കാവുന്ന രോഗാണുക്കളെക്കുറിച്ച് ഗര്‍ഭിണി തന്നെ ഒരു ധാരണയില്‍ എത്തുന്നതാണ് നല്ലത്.
മദ്യം മറ്റൊരു വിനയാകുന്നു. അത് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ മന്ദീഭവിപ്പിക്കുന്നു. അതിനാല്‍ ഗര്‍ഭിണികള്‍ മദ്യമൊഴിവാക്കേണ്ടതുണ്ട്. മദ്യം ശരീരത്തിനകത്തു കടക്കാന്‍ മദ്യപിക്കണമെന്നില്ല. അരിഷ്ടം തുടങ്ങിയ ആയൂര്‍വേദ തയ്യാറാക്കലുകളില്‍ മദ്യം ധാരാളമായി കാണപ്പെടുന്നു. അതുപോലെ തന്നെ ഹോമിയോപ്പൊതി ഔഷധങ്ങളിലൂടെയും മദ്യം ശരീരത്തിലെത്താം.
ചായ, കോഫി, കോള എന്നിവയില്‍ ധാരളം ആല്‍ക്കലോയ്ഡുകള്‍ കാണപ്പെടുന്നു. ഇവയും ദോഷകാരികള്‍ തന്നെ. അതിനാല്‍ ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് കുറക്കണം.
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വിശപ്പു തോന്നുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക. കുഞ്ഞിന്റെ ആരോഗ്യത്തിന് നന്ന് എന്നു പറഞ്ഞ് അച്ചടക്കമില്ലാതെ എപ്പോഴും ഭക്ഷണം കഴിക്കാതിരിക്കുക. ഗര്‍ഭത്തില്‍ വളരുന്ന കുഞ്ഞ് നല്ലൊരു പരാദമാണ്. അതിനു വേണ്ടത് അമ്മയുടെ ശരീരത്തില്‍ നിന്ന് അത് ചൂഷണം ചെയ്തു കൊള്ളും.
ഭക്ഷണത്തില്‍ വൈവിധ്യമുള്ളവ ഉള്‍പ്പെടുത്തുക. പച്ചക്കറികള്‍, പഴങ്ങള്‍, നാരുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഉണ്ടായിരിക്കണം.
ജീവകങ്ങളും ധാതുക്കളും ഗുളികയുടെ രൂപത്തില്‍ കഴിക്കുന്ന ശീലം കുറക്കുക. ശരീരത്തില്‍ വേണ്ടെത്ര ജീവകങ്ങളും ധാതുക്കളും മുന്‍പറഞ്ഞ ഭക്ഷണങ്ങളില്‍ ഉണ്ടാകും. അത്യാവശ്യമെങ്കില്‍ മാത്രം ഗുളികകളെ ആശ്രയിക്കുക.
അച്ചാറുകള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍, ചീസ് ആദിയായവ പരമാവധി കുറക്കുക. കഴിക്കുന്ന ഭക്ഷണമേതായാലും അതില്‍ മലിനീകരണവും രോഗാണുബാധയും മില്ലെന്ന് ഉറപ്പു വരുത്തുക. പുക, മദ്യം, കോഫി, ചായ, കോള, കോണ്‍സണ്‍ട്രേറ്റ് ഡ്രിങ്കുകള്‍ ആദിയായവ ഉപേക്ഷിക്കുക.
പഴക്കമുള്ള പഴങ്ങളോ ഭക്ഷണപദാര്‍ത്ഥങ്ങളോ കഴിക്കാതിരിക്കുക. പരിസര ശുചിത്വവും പരമാവധി പാലിക്കുക.
Generated from archived content: essay1_jan18_13.html Author: dr_venu_thonnaykkal