മസ്തിഷ്ക്കപ്പുരയില്‍ തീ പിടിച്ചവന്റെ പുറപ്പാട്

രാവിലെ ഒരു ചായ കഴിക്കണമെങ്കില്‍ ദിനപത്രമൊന്നു തുറന്നു നോക്കണം. എന്റെ മനസിനെ ദിനപത്രവുമായി അത്ര കണ്ട് കോര്‍ത്തു കെട്ടിയിരിക്കുകയാണ്. നമുക്കിടയില്‍ പലരുടെയും അവസ്ഥ ഇത്തരത്തിലാവും. പത്രം മറിച്ചു നോക്കാന്‍ പോലും ഇന്ന് നാം ഭയപ്പെടുന്നു. ചില വാര്‍ത്തകള്‍ കണ്ട് കണ്ണുപൊത്തുകയാണ്. മനസ്സിന്റെ ഏങ്ങലടികള്‍ ശരീരം തുറന്ന് പുറത്തു വരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഈയിടെയുണ്ടാവുന്ന സംഭവങ്ങള്‍ നമ്മുടെ മസ്തിഷക്കപ്പുരയില്‍ കനല്‍ വാരി നിറയ്ക്കുന്നതാണ്. മുത്തശ്ശിയെ ഒരു യുവാവ് ബലാത്കാരം ചെയ്തു. ആവാര്‍ത്ത പൂര്‍ണ്ണമായും വായിക്കാന്‍ കൂടി എനിക്കായില്ല. വാര്‍ത്ത കേട്ട മാത്രയില്‍ വാരിയെല്ലുകള്‍ ഉടഞ്ഞു വീഴും പോലും മനസ്സിലെ ആധി പെറ്റുപെരുകുന്നു. മനസ്സിന്റെ ഏതുതരം വിഹ്വലതയാണ് അവനെ ആ നീചകൃത്യത്തിന് പ്രേരിപ്പിച്ചത്. ബീഭത്സതയുടെ ഒരു വലിയ ചിത്രം എന്റെ മനസില്‍ കൊത്തിനിറക്കപ്പെട്ടു. ആ വാര്‍ത്ത കേട്ടവരുടേയും മാനസികാവസ്ഥ മറിച്ചായിരിക്കില്ല.

അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെക്കുറിച്ചോര്‍ക്കുമ്പോള്‍ കൂടി കാമം ഉറഞ്ഞുതാഴുന്നതാണ് നമ്മുടെ സംസ്ക്കാരം. ഇവിടെ മുത്തശ്ശി എന്ന ബോധത്തിനുമേല്‍ പോലും കാമത്തെ അഴിച്ചു വിട്ടിരിക്കുന്നു.

നമ്മുടെ മനസുകളില്‍ എന്നും സ്നേഹത്തിന്റെ തേന്‍ കോരി നിറച്ച് നമ്മുടെ മന‍സും ശരീരവും വളരുന്നതും നോക്കി രാത്രിയെ കാവലാക്കി നമുക്ക് കാവലിരുന്ന അമ്മ. ആ അമ്മയുടെ നേര്‍ക്കാണ് ഒരു നീചന്‍ തന്റെ കാമഭ്രാന്തിന്റെ ചൂണ്ടയെറിഞ്ഞത്. പിന്നെ വലിച്ചു കീറി മരണത്തിന് തീയിട്ടത്.

സ്നേഹത്തിന്റെ നീരുറവ വരണ്ടിരിക്കുന്നു. സദാചാര ബോധത്തിന്റെ കൂമ്പടഞ്ഞിരിക്കുന്നു. കാമം മൂത്ത് മനുഷ്യന്‍ വിറളി പിടിച്ചോടുകയാണ്. പേ പിടിച്ച നായ്ക്കളേപ്പോലെ ദിശാബോധം കെട്ടുഴലുന്നു.

മുത്തശ്ശിയെ മാത്രമല്ല സ്വന്തം മകളെ പോലും ബലാത്കാരം ചെയ്യാന്‍ മടിയില്ലാത്തവരായിരിക്കുന്നു. സ്വന്തം മകളില്‍ സന്താനോത്പാദനം നടത്തി പിതാവും മുത്തച്ഛനും എന്ന പേരിനര്‍ഹനായിരിക്കുന്നു. ആ സ്ഥാനം അലങ്കാരമായി ചൂടുന്നു.

നമുക്കിവരെ ദ്രോഹി, കാപാലികര്‍ എന്നൊക്കെ വിളിച്ച് ക്ഷോഭമകറ്റാം. അങ്ങനെ മനസ്സിന്റെ നീറ്റലില്‍ നിന്ന് തെല്ലൊരാശ്വാസം.

മൃഗങ്ങള്‍ പോലും ചെയ്യാനറയ്ക്കുന്ന ഈ നീചകൃത്യത്തെ മൃഗീയം എന്ന് വിശേഷിപ്പിക്കാനാകില്ല. ഇത്തരക്കാരെ കാണുന്നതുപോലും അറപ്പും വെറുപ്പുമാണ്. ഭീകരം ഭീകരവാദികളുടെ ചിന്തയേക്കാള്‍ ഭീകരം. നമുക്കിവരെ കൊടും ഭീകരരുടെ ഗണത്തില്‍ പെടുത്താം.

അങ്ങനെ നമുക്കു ചുറ്റും സമീപഗൃഹങ്ങളിലും ഭീകരതയുടെ വിത്തുകള്‍ മുളപൊട്ടുകയാണ്. ഇത്തരമൊരു ഭീകരതയിലേക്ക് നയിക്കപ്പെടുന്ന ഘടകം എന്താവും? തീര്‍ച്ചയായും മനസ്സിന്റെ സ്വാധീനം തന്നെയാണ് അടിസ്ഥാനപരമായി വര്‍ത്തിക്കുന്നത്. മനസ്സിനെ അത്തരത്തില്‍ രൂപപ്പെടുത്തുന്ന ഘടകങ്ങളാണ് നാം മനസിലാക്കേണ്ടത്.

ഏത് പ്രവൃത്തിയുടേയും അടിസ്ഥാനപരമായ അംശം മനസു തന്നെയാണ്. ആ പ്രവൃത്തിക്കായി മാനസികോര്‍ജ്ജം പകരാനുണ്ടാക്കിയ ഘടകമെന്ത്? അഥവാ മനസ്സിനെ അവ്വിധം രോഗപങ്കിലമാക്കിയതെന്ത്? അത് വൈറസോ ബാക്ടിരിയയോ അല്ല. ആ അണു തികച്ചും ജനിതകവും സാമൂഹ്യവും തന്നെ അത്തരം അണുക്കള്‍ സമൂഹത്തില്‍ എപ്രകാരം സൃഷ്ടിക്കപ്പെട്ടുവെന്നു നാം ചിന്തിക്കേണ്ടതായി വരും.

എല്ലാ സുഖങ്ങള്‍ക്കും ശരീരത്തിന്റെ സാന്നിദ്ധ്യം വേണം. ഒപ്പം മനസിന്റെ അദൃശ്യസാന്നിദ്ധ്യവും ആവശ്യമാണ്. ഭോഗസുഖത്തിന്റെ ആസ്വാദന പ്രക്രിയയിലും ഈ ജൈവ ഫോര്‍മുലയുടെ ആപ്ലിക്കേഷനു മാറ്റമില്ല. മനസിന്റെ ഘടന രൂപപ്പെടുന്നതില്‍ സംസ്ക്കാരത്തിന് പങ്കുണ്ട്. സമൂഹം രൂപപ്പെടുന്നതിന്റെ ഒരുല്‍പ്പന്നമാണ് സംസ്ക്കാരം. അപ്പോള്‍ സമൂഹത്തിന്റെ ദിശാചലനങ്ങളെ ഉരുട്ടിമറിച്ച് ഈ ചിന്തയുടെ വഴി സമൂഹത്തില്‍ തന്നെ നാം തേടണം.

കാലങ്ങളായി നാം നേടിയതും അത് പരിണമിച്ചുണ്ടായതുമായ ഒരു സാംസ്ക്കാരിക ബോധമുണ്ട് . ആ ബോധമാണ് നമ്മെ സദാചാരത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നത്. സ്നേഹം, പ്രണയം, കാമം, അമ്മ, അച്ഛന്‍, പെങ്ങള്‍, ഭാര്യ, വേഷം, പെരുമാറ്റം, കുടുംബം തുടങ്ങി സമൂഹത്തിന്റെ അടിസ്ഥാന ബോധത്തിന്റെ ഒരു ധാരണ നമ്മില്‍ ജനിപ്പിച്ചതും ആ സാംസ്ക്കാരിക ബോധമാണ്. ജനനം മുതല്‍ മരണം വരെയുള്ള ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നം ആരാണ്? എവ്വിധമാകണം സമൂഹത്തിന്റെ ഭാഗമായി ജീവിക്കേണ്ടത് എന്ന ഒരു ബോധം അന്തര്‍ധാരയായി നമുക്കൊപ്പമുണ്ട്. അതിന്റെ വെളിച്ചത്തിലാണ് വികാരപ്രകടനങ്ങളും അതുമായി ബന്ധപ്പെട്ട ചിന്തപോലും പ്രവര്‍ത്തിക്കുന്നത്.

മനുഷ്യരുടെയെന്നല്ല ഏതു ജീവിയുടേയും അടിസ്ഥാന ജൈവിക വികാരമാണ് കാമം. പ്രണയം കാമത്തിന്റെ നാന്ദിയാണ്. കാമത്തെ പ്രവര്‍ത്തിപ്പിക്കാന്‍ ശരീരത്തിന് അതിന്റേതായ ഒരു രസതന്ത്രമുണ്ട്. ജൈവബദ്ധമായ ബലതന്ത്രമുണ്ട്. എന്നാല്‍ കാമം ഉണര്‍ത്താന്‍ ശരീരഭാഷയും അസ്പൃശ്യമായ ഊര്‍ജവും ഉണ്ടാവണം. ഇതിന്റെയൊക്കെ പ്രവര്‍ത്തനം തന്നെ നാം നേടിയ സംസ്കൃതിയുടെ നേര്‍ത്ത ചരടിന്റെ പ്രകമ്പനങ്ങളാലാണ്. ആ നേര്‍ത്ത തന്ത്രികളാണ് പൊട്ടിപ്പോയിരിക്കുന്നത്. അതെങ്ങനെ സംഭവിച്ചു?

അന്നും ഇന്നും എന്നും കാമത്തിന്റെ ഭാഷയും പ്രതികരണവും സ്വഭാവവും ഗുണവും ഒന്നുതന്നെയാണ്. എന്നാല്‍ ഇന്നു മാത്രം കാമം കയര്‍ പൊട്ടിക്കുകയും ആ വെള്ളപ്പാച്ചിലില്‍ അരുതാക്കയങ്ങളില്‍ തീറ്റ തേടിയെത്തുകയും ചെയ്യുന്നത് എന്തുകൊണ്ട്? പുരുഷന്മാരില്‍ പ്രണയത്തിനും കാമത്തിനും പഴയ പ്രതാപശ്വര്യങ്ങള്‍ കെട്ടുപോയോ? അതോ അവര്‍ അസംതൃപ്തമായ ലൈംഗിക കെട്ടുപാടുകളിലേക്കു കൂപ്പുകുത്തിയോ?

ആഗോളവത്ക്കരണത്തിന്റെ ഉപോത്പന്നമാണ് വര്‍ദ്ധിച്ചു വരുന്ന ലൈംഗികാഭാസത്തിനും ലൈംഗികപീഢയ്ക്കും ഇടവരുത്തുന്നതെന്ന ചിന്തക്ക് ഇവിടെ നേരിട്ട് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ഇത്തരം പ്രകടനങ്ങളുടെ കുത്തക നമുക്കാവരുതല്ലോ.

സദാചാര സാംസ്ക്കാരിക ബോധങ്ങള്‍ക്ക് സാരമായ വീഴ്ച പറ്റിയിട്ടുണ്ടാവണം. അക്കാര്യത്തില്‍ നമ്മുടെ സമൂഹത്തിന് വലിയ പങ്കുണ്ട്. വേഷം, പെരുമാറ്റം എന്നിവയില്‍ വന്ന മാറ്റവും ശ്രദ്ധേയമാണ്. ചാനലുകളില്‍ വരുന്ന ചില വിനോദപരിപാടികള്‍ പോലും നമ്മിലെ സാംസ്ക്കാരിക ( സദാചാര) ബോധത്തിനു മേല്‍ അധികാരമുറപ്പിക്കാനും അങ്ങനെ വികാരങ്ങള്‍ക്കുള്ള കടിഞ്ഞാണ്‍ നഷ്ടപ്പെടുത്താനും കാരണമാകുന്നു.

നഷടപ്പെടുന്ന ലൈംഗികസൗഖ്യങ്ങള്‍ ലൈംഗിക അരാജകത്വത്തിലേക്ക് വഴുതാനിടയാകുന്നു. അസംതൃപ്തമായ രതി അതിനൊരു കാരണമാണ്. മൂടി വയ്ക്കപ്പെട്ട ഒരു സ്വകാര്യ സൗഖ്യം ഒറ്റക്കു പങ്കിടുമ്പോള്‍ അനുഭവവേദ്യമാവേണ്ടത് പ്രദര്‍ശനവത്ക്കരിച്ച് അനുഭവിക്കുമ്പോള്‍ രതിതീവ്രതയില്‍ വരുന്ന കുറവ് അസംതൃപ്തിയുണ്ടാക്കും. ആര്‍ത്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കുറ്റവാളിക്ക് ഒരു മനസുണ്ട്. അത്തരത്തില്‍ ഒരു മനസാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.‍ അവ്വിധമൊരു മനസ് ഈ കാലഘട്ടത്തിന്റെ സംഭാവനയല്ല മനുഷ്യനുണ്ടായ കാലം മുതല്‍ ഉള്ളതാണ്. എന്നാല്‍ ഇന്നത് സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. കുറ്റവാളികളുടെ അടിച്ചമര്‍ത്തപ്പെട്ട മനസിനെ ഉണര്‍ത്താന്‍ സഹായിച്ചത് ഇവിടെ നിലനില്‍ക്കുന്ന സാമൂഹ്യ രാഷ്ട്രീയ സദാചാര ബോധത്തിന്റെ പിന്ബലം തന്നെ. നീതിന്യായ വ്യവസ്ഥകള്‍ക്കും രാഷ്ട്രീയ കാഴ്ചപ്പാടിനും പോലീസിനും അതില്‍ പങ്കുണ്ട്. ഏത് ഹീനകൃത്യം ചെയ്താലും രക്ഷപ്പെടാമെന്ന ചുറ്റുപാട് തണലായി മാറുമ്പോള്‍ കുറ്റവാളികളുടെ മനസ്സില്‍ കൂടുതല്‍ ഉണര്‍വുണ്ടാകുന്നു.

പ്രണയത്തിനും കാമത്തിനും ലഭ്യമായിരുന്ന പവിത്രതയും കാമലഭ്യതക്കുള്ള നിയന്ത്രണവും നമുക്ക് നഷ്ടമായിരിക്കുന്നു. സദാചാരബോധം തുരുമ്പിച്ച സങ്കല്‍പ്പങ്ങളായി ബോധമനസ്സ് രൂപപ്പെടുത്തുന്നതില്‍ ലഭ്യമായിരുന്ന പശ്ചാത്തലം അശാന്തിയുടെയും ജീവിത വേഗതയുടേയും നഷ്ടപ്പെടുന്ന കുടുംബബന്ധങ്ങളുടേയും വിഹ്വലതകളായിരിക്കുന്നു.

ശരിയേത് തെറ്റേത് എന്ന ബോധം പോലും തിരിച്ചറിയപ്പെടാനാവാത്ത വിഹ്വലതകള്‍ക്കിടയില്‍ പച്ചപിടിക്കുന്ന ഉപബോധമനസ്സ് ബോധമനസ്സിനെ കീഴടക്കുമ്പോള്‍ ജന്തുസഹജമായ ജൈവവാസനകള്‍ മാത്രം മസ്തിഷ്ക്കപ്പുരയില്‍ നിറയുന്നു. ചായം പിടിപ്പിച്ച ബോധമനസ്സിന് നിറം കെട്ടിരിക്കുന്നു.

മുതിര്‍ന്നവരെ ബഹുമാനിച്ചിരുന്ന അവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്ന തലമുറയുടെ അന്ത്യം കണ്ടു തുടങ്ങിയിരിക്കുന്നു. ഗ്ലാമര്‍ എന്ന ഓമനപ്പേരില്‍ വസ്ത്രം മറന്ന തുള്ളലുകള്‍ക്ക് പ്രാമുഖ്യം നല്‍കി ടെലിവിഷന്‍ പെട്ടികളില്‍ നിറയുന്ന പ്രോഗ്രാമുകള്‍ സ്വീകരണമുറികള്‍ക്ക് അലങ്കാരമാകുന്നു. അവയില്‍ ചിലതെങ്കിലും നിയന്ത്രിതമായ കാമബോധത്തിനു മേല്‍ വിഹ്വലതകളുടെ മണം പുരട്ടുന്നവയാണ്. അത്തരം വിഹ്വലതകളാല്‍ ഭരിക്കപ്പെടുന്ന ബോധത്തിനു നടുവില്‍ ജീവിക്കുകയും അസംതൃപ്തമായ കാമജീവിതത്തിന് തടസമാകുകയും ചെയ്യുമ്പോള്‍ എത്തപ്പെടുന്ന ഒരു മാനസിക തലമുണ്ട്. വാഴത്തപ്പെടേണ്ടവരേപ്പോലും അമര്‍ച്ച ചെയ്യാന്‍ കൊതിക്കുന്ന ഒരു രൗദ്രഭാവം അവിടെ നിറയുകയാണ്. ആ ഭാവത്തിലേക്കു സമൂഹം അഴുകിയൊലിക്കുകയാണ്. ജീവിതമൂല്യങ്ങളെ ധനവുമായി ചേര്‍ത്ത് വില പറയുന്ന ശോഷിച്ച സാമൂഹ്യബോധത്തിന് പത്തര മാറ്റ് പകിട്ട് നാം ഏര്‍പ്പെടുത്തുകയാണ്.

പരസ്പരധാരണയുടേയും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പവിത്രമായ സദാചാരബോധത്തിന്റെയും ഒരു കാലം നമ്മുടെ ഓര്‍മ്മകളെ കുളിരണിയിക്കാനുണ്ടാവും. ആ ഓര്‍മകളുടെ നടുവില്‍ പൂര്‍വാര്‍ജിത ബോധങ്ങളുടെ പുണ്യം ചൊല്ലി വിലാപങ്ങളുടെ കെട്ടഴിക്കാം.

Generated from archived content: edito1_dec10_12.html Author: dr_venu_thonnaykkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here