ചർമംഃ ചില സുന്ദരസത്യങ്ങൾ

ഒരു ചോദ്യം ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്‌? സംശയമെന്ത്‌ – ചർമം.

അത്‌ ശരീരത്തെ മൊത്തമായും പൊതിഞ്ഞ്‌ സൂക്ഷിക്കുന്നു. ചർമത്തിന്റെ കഥ പറയാനിരുന്നാൽ മുത്തശ്ശിതന്നെ തോറ്റുപോവും. അത്രയ്‌ക്കുണ്ട്‌ പറയുവാൻ.

ചർമത്തെ വെറും ‘തൊലി’ എന്നു പറഞ്ഞ്‌ പുച്ഛിച്ച്‌ തള്ളേണ്ട. അതിന്‌ ഒട്ടേറെ പണികളും ഉത്തരവാദിത്വങ്ങളും ഉണ്ട്‌. ചർമം സ്വന്തം പണികളിൽ മടികാണിക്കുമ്പോൾ നാം രോഗങ്ങൾകൊണ്ടും മറ്റും ബുദ്ധിമുട്ടിയേക്കാം.

ശരീരകാന്തി കാക്കൽ മാത്രമാണ്‌ ചർമത്തിന്റെ പണിയെന്നു കരുതുന്നവർക്ക്‌ തെറ്റി. നമ്മുടെ ശരീരത്തെ ചുറ്റുപാടുകളിൽ നിന്നും വേർതിരിക്കുന്ന ഒരു സ്‌തരമാണ്‌ ചർമം. അത്‌ ഒരുടുപ്പാണ്‌. നീരാവി, പൊടി പടലങ്ങൾ, സോപ്പുകൾ, ഡിറ്റർജന്റുകൾ, രാസവസ്‌തുക്കൾ, മലിനവസ്‌തുക്കൾ തുടങ്ങിയ എന്തെന്ത്‌ വസ്‌തുക്കളുമായാണ്‌ നാം നിത്യസമ്പർക്കത്തിൽ ഏർപ്പെടുന്നത്‌. ഇവയുടെ ഉപദ്രവത്തിൽ നിന്നൊക്കെ ചർമം നമ്മെ രക്ഷിക്കുന്നു. അതുപോലെതന്നെ രോഗാണുക്കൾ, ചൂട്‌, തണുപ്പ്‌ എന്നിവയിൽ നിന്നൊക്കെ നമ്മെ സംരക്ഷിക്കുന്ന ഒരത്ഭുത ഉടുപ്പാണ്‌ ചർമം.

ചർമം അഥവാ സ്‌കിൻ എന്ന ഉടുപ്പിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌. ഏറ്റവും പുറമെയുള്ളത്‌ അധിചർമം അഥവാ എപ്പിഡർമിസ്‌. അതാണ്‌ നാം കാണുന്നത്‌. ആന്തരഭാഗത്തുള്ളതാണ്‌ ചർമം എന്നു വിളിക്കപ്പെടുന്ന ഡർമിസ്‌.

അധിചർമം ഉപരിവ്യതികോശങ്ങളാൽ നിർമിതമായിരിക്കുന്നു. ഇവ അനേകം പാളികോശനിരകളാണ്‌. അതിൽ ഏറ്റവും പുറമെയുള്ള ഏതാനും പാളികോശങ്ങൾ മൃതവും ശൽക്കാകൃതിയിലുള്ളവയുമാണ്‌. ഇതാണ്‌ കോർണിയസ്‌ ലെയർ. ഈ ശൽക്കാകൃതിയിലെ കോശങ്ങൾ ശരീരത്തിൽ നിന്നും പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു.

ത്വക്കിന്‌ പൊരിച്ചിൽ എന്നു പറയുന്നത്‌ കോർണിയസ്‌ ലെയർ അധികമായി അടർന്നുപോവുന്നതിനെയാണ്‌. ത്വക്കിന്‌ ഈർപ്പം കുറവാണെങ്കിൽ ഈ മൃതകോശങ്ങൾ ധാരാളമായുണ്ടാവുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. ഈ കോശങ്ങൾ പൊരിഞ്ഞ്‌ നിൽക്കുന്നത്‌ വ്യക്തമായും കാണാം. അതിൽ അല്‌പം ഈർപ്പം പുരുട്ടിയാൽ അത്‌ അവ്യക്തമാവുന്നു. ഈർപ്പമുണങ്ങുമ്പോൾ പിന്നെയും വ്യക്തം. എണ്ണയുടെ ഈർപ്പം ഏറെനേരം നിൽക്കുന്നു. അതിനാൽ പൊരിച്ചിലുള്ളവർ കൈകാലുകളിൽ എണ്ണ പുരട്ടാറുണ്ടല്ലോ. പൊരിച്ചിൽ ജന്മനായുള്ളവരുമുണ്ട്‌. അത്‌ രോഗമാണ്‌.

നമ്മുടെ ചർമം ധാരാളം എണ്ണ ഉല്‌പാദിപ്പിക്കുന്നു. ആ എണ്ണയുടെ മെഴുക്കാണ്‌ ത്വക്കിന്റെ പൊരിച്ചിൽ ഇല്ലാതാക്കാനും ചർമകാന്തിക്കും കാരണം.

മുറിവുകളിൽ നിന്നും ക്ഷതങ്ങളിൽ നിന്നും ബാക്‌ടീരിയ, രാസവസ്‌തുക്കൾ എന്നിവയുടെ ഉപദ്രവങ്ങളിൽ നിന്നും കോർണിയസ്‌ ലെയർ നമ്മെ രക്ഷിക്കുന്നു.

ത്വക്കിൽ നിന്നും കോർണിയസ്‌ ലെയർ നഷ്‌ടമാവുന്നതുകൊണ്ട്‌ അത്‌ മൊത്തമായും നശിച്ചുപോവില്ലേയെന്ന്‌ സംശയം തോന്നാം അതോർത്ത്‌ വിഷമിക്കേണ്ട. നഷ്‌ടമാവുന്ന കോശങ്ങൾക്കു പകരം കോശങ്ങൾ മാൽപീജിയൻ ലെയർ നൽകുന്നു. കോർണിയസ്‌ ലെയറിന്‌ തൊട്ടുതാഴെയാണ്‌ മാൽപീജിയൻ ലെയറിന്‌ സ്‌ഥാനം. ഇത്‌ അധിചർമത്തിന്റെതന്നെ ഭാഗമാണ്‌.

ഈ മാൽപീജിയൻ ലെയറിൽ ഒരുതരം കറുത്ത വർണകം അടങ്ങിയിരിക്കുന്നു അതാകുന്നു മെലനിൻ. മെലനിൻ വർണകത്തിന്റെ കൂടുതൽ കുറവാണ്‌ ഒരാളുടെ നിറത്തിനു കാരണം. മെലനിന്റെ കൂടുതൽ കുറവ്‌ പാരമ്പര്യമാണ്‌.

കറുത്തവരിലാണ്‌ മെലനിൽ കൂടുതൽ കാണുന്നത്‌. കറുപ്പ്‌ ഒരു ‘കുറവ്‌ എന്നു കരുതുന്നവർ ആ ധാരണ തിരുത്തുക. മെലനിന്റെ പണി എന്തെന്നറിയുമ്പോൾ കറുപ്പിനോട്‌ കൂടുതൽ ബഹുമാനം തോന്നും.

ശരീരപ്രവർത്തനങ്ങൾക്ക്‌ അവശ്യം വേണ്ട ഒരു പോഷകമാണ്‌ ജീവകം. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്‌ക്കും മറ്റും വേണ്ട ഖനിജങ്ങളാണ്‌ കാത്സ്യവും ഫോസ്‌ഫറസും. ഭക്ഷണങ്ങളിലൂടെയാണ്‌ ഇവ ശരീരത്തിലെത്തുന്നത്‌. ദഹനവ്യവസ്‌ഥയിൽനിന്നും ഭക്ഷണത്തിലെ കാൽസ്യം, ഫോസ്‌ഫറസ്‌ ഖനിജങ്ങളെ ആഗിരണം ചെയ്യാൻ ജീവകം-ഡിയുടെ ആവശ്യമുണ്ട്‌. ജീവകം ഡി-യുടെ ഉല്‌പാദകരാണ്‌ മെലനിൻ. സൂര്യവെളിച്ചത്തിന്റെ സാന്നിദ്ധ്യത്തിൽ മെലനിൽ ജീവകം-ഡി ഉല്‌പാദിപ്പിക്കുന്നു. അങ്ങനെ കറുത്തചർമം ജീവകം-ഡിയുടെ ഒരു വൻ ഫാക്‌ടറിയാവുന്നു. കറുത്ത ചർമം ആരോഗ്യത്തിന്റെ ലക്ഷണമാണ്‌. ചുമ്മാതെയാണോ നീഗ്രോകൾക്ക്‌ ഇത്ര ആരോഗ്യം!

അധിചർമത്തിന്‌ ചർമത്തിനെ അപേക്ഷിച്ച്‌ വണ്ണം കുറവാണ്‌. എന്നാൽ കൈപ്പത്തി, കാല്‌പാദങ്ങൾ എന്നിവടങ്ങളിൽ ഏറെ കനം കൂടുതലാണ്‌. ഈ ഭാഗങ്ങൾ നിരന്തരം ഉരസുകയും ഘർഷണത്തിൽ ഏർപ്പെടുകയും ചെയ്യുന്നതു മൂലമാണ്‌ വണ്ണം കൂടുന്നത്‌. ഈ ഭാഗങ്ങൾ ഘർഷണത്തിൽ ഏർപ്പെടാതെയും ഉരസാനനുവദിക്കാതെയും പൊതിഞ്ഞ്‌ സൂക്ഷിക്കുകയാണെങ്കിൽ അധിചർമത്തിന്‌ കട്ടി കുറയുന്നു. ഉദാഹരണമായി നിരന്തരം ഷൂസ്‌ ഉപയോഗിക്കുന്നവരുടെ കാല്‌പാദങ്ങൾ. അവർക്ക്‌ നഗ്നപാദമായി നടക്കാൻ പ്രയാസമായിരിക്കും. നഗ്നപാദമായി പിന്നെയും നടന്നു ശീലിക്കുകയാണെങ്കിൽ അധിചർമത്തിന്‌ കട്ടി കൂടുകയും അത്തരം നടത്തം പ്രയാസമല്ലാതാവുകയും ചെയ്യുന്നു.

അധികം ഉരസലും ഘർഷണവും ഉണ്ടാവുന്ന എവിടെയും അധിചർമത്തിന്‌ കട്ടികൂടുതൽ ഉണ്ടാവാം. തെങ്ങുകയറ്റക്കാരുടെ കാലിൽ ഉണ്ടാവുന്ന ’കായ്‌പും‘ ഇതിനുദാഹരണമാണ്‌.

അധിചർമത്തിൽ നിന്നും രൂപാന്തരം പ്രാപിച്ചവയാണ്‌ നഖവും മുടിയുമൊക്കെ. അധിചർമത്തിൽ രക്തക്കുഴലുകൾ ഇല്ല. അതിനാലാണ്‌ ത്വക്കിൽ നേരിയ പോറൽ ഏറ്റാൽ ചോര വരാത്തത്‌.

അധിചർമത്തിന്‌ തൊട്ടു കീഴെ കാണുന്നതാണ്‌ ചർമം അഥവാ ഡർമിസ്‌. ഇതിന്‌ വണ്ണം കൂടുതലാണ്‌. സംയോജിതകലകൊണ്ടാണ്‌ മുഖ്യമായും നിർമിച്ചിരിക്കുന്നത്‌. ചർമത്തിൽ ധാരാളം രക്തക്കുഴലുകൾ, നാഡികൾ, മൃദുല പേശിതന്തുക്കൾ, ചർമഗ്രന്ഥികൾ, രോമകൂപങ്ങൾ ആദിയായവ കാണപ്പെടുന്നു.

ഇതിൽ ഡർമൽ പാപ്പിലകൾ എന്നറിയപ്പെടുന്ന മുഴകൾ കാണപ്പെടുന്നു. ഇത്തരം മുഴകളിൽ സംവേദനഗ്രാഫികളായ കണികകൾ ഉണ്ട്‌. അവയാണ്‌ സെൻസറി കോർപസെൽസ്‌. ഈ സെൻസറികോർപസെൽസ്‌ ഇന്ദ്രിയങ്ങളാണ്‌ ചൂട്‌, തണുപ്പ്‌, സ്‌പർശനം, മർദനം ആദിയായവ അറിയാൻ സഹായിക്കുന്നത്‌.

ഈ സംവേദനഗ്രാഹികളായ കണികകൾ പ്രവർത്തിക്കുന്നില്ലായെന്നുതന്നെ കരുതുക. ഒരാൾ നിങ്ങളുടെ പുറത്ത്‌ തട്ടിയാൽ നിങ്ങൾക്ക്‌ അറിയാനാവുമോ? നട്ടുച്ചയും മഞ്ഞുമുടിയ രാത്രിയും ചർമത്തിന്‌ ഒരേപോലെ. മാമരം കോച്ചുന്ന തണുപ്പിൽ പുതച്ചുമൂടി ഇരുന്നാൽ സുഖം തോന്നുമോ? കയ്യിൽ കനൽ തന്നാലും മഞ്ഞുകട്ടതന്നാലും ഒരുപോലെ.

ചർമഗ്രന്ഥികളിൽ സ്‌നേഹഗ്രന്ഥികളും സ്വേദഗ്രന്ഥികളും വരുന്നു. സ്‌നേഹഗ്രന്ഥികളാണ്‌ സെബേഷ്യസ്‌ ഗ്രന്ഥികൾ. ഇവ സീബം അഥവാ സ്‌നേഹദ്രവ്യം (എണ്ണ) ഉല്‌പാദിപ്പിക്കുന്നു. ഈ എണ്ണയാണ്‌ ചർമത്തെയും മുടിയെയും തിളക്കമുള്ളതാക്കുന്നത്‌. സ്‌നേഹഗ്രന്ഥികളുടെ പ്രവർത്തനത്തിൽ ഹോർമോണുകൾക്ക്‌ പങ്കുണ്ട്‌. മധുരപ്പതിനേഴിൽ ഹോർമോണുകളുടെ സ്വാധീനത്താൽ സ്‌നേഹഗ്രന്ഥികൾ നന്നായി പ്രവർത്തിക്കുകയും ധാരാളം സ്‌നേഹദ്രവ്യം ഉല്‌പാദിപ്പിക്കുകയും ചർമത്തിലെ രക്തക്കുഴലുകൾ നന്നായി രക്തപ്രവാഹമുണ്ടാക്കുകയും ചെയ്യുന്നു. അതിനാലാണ്‌ പെൺകുട്ടികളിൽ പതിനേഴിന്റെ കാന്തി മിന്നുന്നത്‌. ഈ ഗ്രന്ഥിയിൽ നിന്നു വരുന്ന സീബം ത്വക്കിന്റെ പുറത്ത്‌ ഒരു നേർത്ത പടലമാവുന്നു. ഇത്‌ വെളിച്ചത്തെ പ്രതിഫലിപ്പിച്ച്‌ തിളങ്ങുന്നു.

സ്‌നേഹഗ്രന്ഥികളിൽ നിന്നും എണ്ണ ചർമത്തിന്റെ ഉപരിതലത്തിലേക്ക്‌ ഒഴുകുന്നു. അത്‌ ചർമത്തെ ഉണങ്ങാനോ വെട്ടിച്ച്‌ പൊട്ടാനോ അനുവദിക്കാതെ ഈർപ്പമുള്ളതായി സൂക്ഷിക്കുന്നു. ഈ എണ്ണയും ത്വക്കിന്റെ ’വാട്ടർപ്രൂഫ്‌‘ സ്വഭാവവും ത്വക്കിലൂടെയുള്ള അമിതമായ ജലനഷ്‌ടം തടയുന്നു. കുളിച്ചില്ലേലും ചിലരെങ്കിലും സോപ്പുപയോഗിച്ച്‌ മുഖം കഴുകാറുണ്ട്‌. ഇത്‌ ദിവസവും മൂന്നോ, നാലോ പ്രാവശ്യമാവും. ഇത്‌ വായിക്കുന്ന നിങ്ങളും അക്കൂട്ടത്തിൽ ഒരാളാവാണം. സോപ്പ്‌ ചർമത്തിന്റെ ആരോഗ്യം കാക്കുന്ന മാലാഖയെന്നാരും കരുതേണ്ടതില്ല. അത്‌ ചർമത്തെ ഈർപ്പം നശിപ്പിച്ച്‌ ഉണക്കുന്നു.

സൗന്ദര്യവർദ്ധിനികളുടെ രൂപത്തിൽ ധാരാളം രാസവസ്‌തുക്കൾ മുഖ്യമായും സ്‌ത്രീകളെ പ്രലോഭിപ്പിക്കാൻ കമ്പോളത്തിൽ എത്തുന്നുണ്ട്‌. അതിൽ പ്രധാനി സോപ്പാണ്‌. അവ പല നിറത്തിലും മണത്തിലും ആകൃതിയിലും ഭാവത്തിലും ഇറങ്ങുന്നു. ടി.വി. തുറന്നാൽ കാണുന്ന പരസ്യങ്ങളിൽ പ്രധാനി ഈവക സാമഗ്രികളാണ്‌. ചർമസംരക്ഷണത്തിന്റെ കുത്തക അവകാശപ്പെട്ടുകൊണ്ടാണ്‌ പരസ്യങ്ങൾ സംസാരിക്കുന്നത്‌. മേനി വെളുത്ത ധാരാളം ചിത്രങ്ങളും ഒപ്പം സൗന്ദര്യവർദ്ധിനികളുടെ ചിത്രവും കണ്ട്‌ നമ്മുടെ സ്‌ത്രീകൾ അവയ്‌ക്കു പിന്നാലെ പോവുന്നു.

ഒരുപക്ഷേ ചിലരെങ്കിലും ധരിക്കുന്നതിൽനിന്നും ഭിന്നമായിട്ടാവാം സോപ്പുകളുടെ സ്വഭാവം. സോപ്പുകൾ രാസവസ്‌തുക്കളാണ്‌. സോപ്പ്‌ എന്ന നാമം തന്നെ ഒരു രാസവസ്‌തുവിന്റെ പേരിനെയാണ്‌ സൂചിപ്പിക്കുന്നത്‌. ഒരു ക്ഷാര(സോഡിയം&പൊട്ടാസ്യം സാൾട്ട്‌)ത്തിന്റെയും ഒരുയർന്ന ഫാറ്റി അംലത്തിന്റെയും സംയുക്തമാണ്‌. ഇതിന്റെമേൽ നിറവും മണവുമൊക്കെ ചേർത്ത്‌ പേരുകളും ചാർത്തി കമ്പോളത്തിൽ എത്തിക്കുകയാണ്‌. അതിൽ അല്‌പം ഔഷധദ്രവ്യം ചേർത്തെന്നു വച്ച്‌ സോപ്പിന്റെ സ്വഭാവം മാറുമോ? കാക്ക കുളിച്ചാൽ കൊക്കാകില്ല. സൗന്ദര്യവർദ്ധിനികൾ വാരിത്തേച്ച്‌ നാം ചർമത്തെ കൊലയ്‌ക്കുകൊടുക്കുകയാണെന്ന കാര്യം മറക്കണ്ട.

ചർമത്തിന്റെ ആരോഗ്യത്തിന്‌ ചർമത്തിലേക്ക്‌ ശരിയായ രക്തസഞ്ചാരം ആവശ്യമാണ്‌. അതിലേക്ക്‌ ചർമം മുടങ്ങാതെ മസാജ്‌ ചെയ്യുന്നത്‌ നന്ന്‌. അത്‌ അത്ര എളുപ്പപ്പണിയല്ലായെന്നു തോന്നാം. കുളികഴിഞ്ഞ്‌ ശരീരം ടവൽകൊണ്ട്‌ അമർത്തി തുടച്ചാൽ മതി. മസാജ്‌ ചെയ്യുന്ന പണി ഈ തുടപ്പ്‌ നടത്തിക്കൊള്ളും. കുളിക്കുമ്പോൾ ഇഞ്ചപ്പട്ടയോ മറ്റോ കൊണ്ട്‌ ശരീരത്തിൽ തേക്കുന്നതും കൊള്ളാം. ഇത്‌ ചർമത്തിലെ അഴുക്ക്‌ പോകാൻ സോപ്പിന്‌ പകരമായിട്ടാവാം.

ചർമം ഒരു ’തെർമോ റെഗുലേറ്റർ‘ ആയി പ്രവർത്തിക്കുന്നു. നമ്മുടെ ശരീരോഷ്‌മാവ്‌ 36.9 ഡിഗ്രി സെൽഷ്യസ്‌ ആണ്‌. ഈ ഊഷ്‌മാവ്‌ സ്‌ഥിരമായി നിലനിർത്തുന്ന കാര്യത്തിൽ ത്വക്ക്‌ നല്ലൊരു പങ്കു വഹിക്കുന്നു.

ചൂടുള്ളപ്പോഴോ കായികദ്ധ്വാനത്തിൽ ഏർപ്പെടുമ്പോഴോ നമ്മുടെ ശരീരത്തിൽ ചൂടുണ്ടാവുന്നു. അപ്പോൾ ത്വക്കിലെ രക്തക്കുഴലുകൾ വികസിക്കുകയും ത്വക്കിലേക്ക്‌ കൂടുതൽ രക്തപ്രവാഹമുണ്ടാവുകയും ചെയ്യുന്നു. അങ്ങനെ ശരീരത്തിലെ താപം പുറത്തേക്ക്‌ നഷ്‌ടമാവുന്നു. അതു മാത്രമല്ല. സ്വേദഗ്രന്ഥികൾ ധാരാളം വിയർപ്പുണ്ടാക്കുന്നു. ഈ വിയർപ്പ്‌ ബാഷ്‌പമാവാൻ വേണ്ട താപം ശരീരത്തിൽ നിന്നുമെടുക്കുന്നു. അങ്ങനെയും ശരീരം തണുക്കുന്നു. നാം വിയർക്കുമ്പോൾ വിയർപ്പ്‌ തുടച്ചുമാറ്റുന്നു. അതുകൊണ്ട്‌ ശരീരം ഉദ്ദേശിക്കുന്ന ഫലം സിദ്ധിക്കുന്നില്ല. വിയർപ്പ്‌ ബാഷ്‌പികരിക്കപ്പെടാൻ നാം അനുവദിക്കാത്തതിനാൽ ശരീരോഷ്‌മാവ്‌ കുറയുന്നില്ല.

ശീതകാലത്ത്‌ ത്വക്കിലേക്കുള്ള രക്തക്കുഴലുകൾ ചുരുങ്ങുകയും ത്വക്കിലേക്കൊഴുകുന്ന രക്തത്തിന്റെ അളവ്‌ കുറയുകയും ചെയ്യുന്നു. തൽഫലമായി താപനഷ്‌ടം കുറയുന്നു. മാത്രവുമല്ല, വിയർപ്പ്‌ ഗ്രന്ഥികളുടെ പ്രവർത്തനം മന്ദഗതിയിലുമാവുന്നു.

ചർമം ഒരു വിസർജനേന്ദ്രിയമായും പ്രവർത്തിക്കുന്നു. ജലം, ലവണങ്ങൾ, അല്‌പം യൂറിയ എന്നിവ വിയർപ്പിന്റെ രൂപത്തിൽ വിസർജിക്കുന്നു.

ചർമത്തിൽ ഇലാസ്‌റ്റിക്‌ തന്തുക്കളുണ്ട്‌. മാത്രമല്ല, ധാരാളം കൊഴുപ്പുമുണ്ട്‌. ഇവയുടെ സഹായത്തിലാണ്‌, തൊക്ക്‌ തൊട്ടാൽ പൊട്ടുന്ന തരത്തിൽ ടെമ്പറിൽ നിൽക്കുന്നത്‌. പ്രായമേറുമ്പോൾ കൊഴുപ്പ്‌ നഷ്‌ടമാവുകയും ഇലാസ്‌റ്റിക്‌ തന്തുക്കളുടെ ഇലാസ്‌റ്റിക സ്വഭാവം നഷ്‌ടമാവുകയും ചെയ്യുന്നു. അതിന്റെ ഫലമായാണ്‌ പ്രായമായവരിൽ ചർമം ചുക്കിച്ചുളിയുന്നത്‌.

ചർമകഥ പറയാനിരുന്നാൽ വേണ്ടുവോളമുണ്ട്‌. നമ്മുടെ മനസ്സുമായി ഏറെ അടുത്ത ഒരവയവമാണ്‌ ചർമം. നമ്മുടെ വികാരവിക്ഷോഭങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും പ്രതികരണങ്ങൾ ത്വക്കിലേക്ക്‌ സംക്രമിക്കുന്നു. ഏറെ മാനസിക സംഘർഷം അനുഭവിക്കുന്ന ഒരാളിന്റെ ചർമം പെട്ടെന്ന്‌ ചുക്കിച്ചുളിയുന്നതും ചർമത്തിൽ വരകൾ വീഴുന്നതും തലമുടി നരയ്‌ക്കുന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ. ഒത്തിരി മനോസംഘർഷം അനുഭവിക്കുന്ന ഒരാൾക്ക്‌ കുറച്ചു നേരത്തെ വാർദ്ധക്യം വരുന്നു.

ഇഷ്‌ടക്കേട്‌ കാണിക്കാൻ ആളുകൾ മുഖത്തും പുറത്തും ചൊറിയുന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ. ക്ലാസിൽ അദ്ധ്യാപകന്റെ ചോദ്യത്തിന്‌ ഉത്തരമറിയാത്ത വിദ്യാർത്ഥി തല ചൊറിയുന്നതും കണ്ടിരിക്കും. താൻ ഇന്ന്‌ കുളിച്ചില്ലല്ലോ, കുളിക്കാതെ കിടന്നാൽ ശരീരം ചൊറിയുമല്ലോ എന്ന്‌ കിടക്കയിൽ ഓർക്കുന്ന ഒരാൾ പുലരുംവരെ പുറം ചൊറിയുന്നതും മനസ്സും ചർമവുമായുള്ള ബന്ധത്തിനുദാഹരണമാണ്‌.

കടുത്ത ക്രിസ്‌തുമതവിശ്വാസികളുടെ ദേഹത്ത്‌ പഞ്ചക്ഷതങ്ങൾ ഉണ്ടാകുന്നതും മറ്റൊരുദാഹരണമാണ്‌.

മനോസംഘർഷം ഉള്ളവരുടെ തലമുടി വേഗം നരയ്‌ക്കുന്നു. മാത്രമല്ല, ചർമ്മരോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതകൂടുന്നു. ചില ഗുഹ്യരോഗങ്ങൾക്ക്‌ ചർമത്തിൽ മുഴുവനായും വ്രണങ്ങൾ ഉണ്ടാവുകയും രോഗത്തിന്റെ ഒരു ഘട്ടത്തിൽ രോഗിയുടെ മനോനില തെറ്റുകയും ചെയ്യുന്നതായി കാണുന്നുണ്ട്‌.

ചർമം സ്‌പർശന സുഖങ്ങളുടെ കലവറ കൂടിയാണ്‌. ചുംബനവും ആലിംഗനവുമൊക്കെ ചർമം വഴി അനുഭവിക്കുന്ന സ്‌പർശനസുഖമാണ്‌. അമ്മയുടെ തലോടൽ കുഞ്ഞിന്‌ സൗഖ്യമാണ്‌. വാ വലിച്ചു കരയുന്ന കുഞ്ഞിന്റെ പുറത്ത്‌ പതിയെ തട്ടുമ്പോൾ കുഞ്ഞ്‌ കരച്ചിൽ നിറുത്തുന്നതും സ്‌പർശനസുഖത്തിനുദാഹരണമാണ്‌. സ്‌ത്രീകൾ അന്യോന്യം മുടിയിൽ പേൻ ചികയുന്ന കാഴ്‌ച അവരുടെ വൈകാരിക അവസ്‌ഥയെയും അവരിലെ സ്‌പർശനസുഖത്തെയും കാണിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും സ്വകീയജീവിതത്തിൽ ഓർത്തോർത്തു ചിരിക്കാൻ ഇങ്ങനെ എന്തെന്തനുഭവങ്ങൾ.

കടപ്പാട്‌ – ജ്വാല മുബൈ.

Generated from archived content: arogyarangam2.html Author: dr_venu_thonnaykkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here