ടെറ്റനസ്‌

കാലിൽ ഒരാണി കൊള്ളുകയോ ഒന്നു തട്ടിമുറിയുകയോ മതി ടെറ്റനസിന്‌ കുത്തിവയ്‌പെടുക്കാൻ. ടെറ്റനസിന്‌ കുത്തിവയ്‌പെടുക്കാത്തവരോ ഇതറിയാത്തവരോ ഇവിടെ കുറവാണ്‌. എന്നാൽ, ഈ കുത്തിവയ്‌പ്‌ എന്തിനെന്നറിയുന്നവർ ചുരുങ്ങും.

കാൽ മുറിഞ്ഞു. മരുന്നൊന്നും കഴിക്കേണ്ട. പഴുക്കാതിരിക്കാൻ ടി.ടി. (ടെറ്റനസ്‌ ടോക്‌സോയ്‌ഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌) തന്നാൽ മതി എന്നു പറയുന്നവർ അനവധിയാണ്‌. ടി.ടി. എടുത്തിട്ടും മുറിവ്‌ പഴുത്തല്ലോയെന്ന്‌ പറയുന്നവരുമുണ്ട്‌. ഈ കുത്തിവയ്‌പ്‌ ടെറ്റനസ്‌ എന്ന രോഗത്തിനെതിരെയുള്ള പ്രതിരോധചികിത്സയാണെന്നറിയാതെയാണ്‌ മിക്കവരും ആരോഗ്യബോധനം നടത്തുന്നത്‌.

ടെറ്റനസ്‌ ടോക്‌സോയ്‌ഡ്‌ വാക്‌സിൻ ഗർഭിണികൾ എടുക്കാറുണ്ട്‌. ചിലതരം തൊഴിലിൽ ഏർപ്പെടുന്നവർ ആറുമാസത്തിലൊരിക്കൽ ഈ വാക്‌സിൻ എടുക്കുന്നു. ഒരിക്കൽ എടുത്താൽ ഈ വാക്‌സിന്റെ ശക്തി ആറുമാസത്തോളം നീണ്ടുനിൽക്കുമെന്നാണ്‌ കരുതിയിരുന്നത്‌. എന്നാൽ ഇത്‌ അത്ര കാലമുണ്ടാവില്ലെന്ന വാദം ഇപ്പോൾ ശക്തിപ്രാപിച്ചിരിക്കുന്നു. ഈ വാക്‌സിൻ ഫലപ്രദമല്ലെന്ന പ്രചാരണവും രംഗത്തുണ്ട്‌. അതവിടെ നിൽക്കട്ടെ. ടെറ്റനസ്‌ അഥവാ ഹനുസ്‌തംഭനം എന്നാലെന്താണ്‌? പെട്ടെന്നൊരു പനി വരിക, താടി കോടി പേശികൾ കോച്ചിവലിച്ച്‌ ശരീരം മരംപോലായി ഒരു മരണം. അത്രതന്നെ. ഒരു സാധാരണക്കാരന്‌ ഇതില്‌പരമോന്നും മനസ്സിലായെന്നുവരില്ല.

നാഡീകോശങ്ങളെ ബാധിക്കുന്ന അതിമാരകമായ ഒരു രോഗമാണിത്‌. ക്ലോസ്‌ട്രിഡിയം ടെറ്റനി എന്നതരം ബാക്‌ടീരയയാണ്‌ രോഗമുണ്ടാക്കുന്നത്‌. ബാസിലി ഇനത്തിൽപ്പെട്ട എനറോബിക്‌ ബാക്‌ടീരയയാണ്‌. അതിനാൽ ഓക്‌സിജന്റെ അഭാവത്തിലും ഈ അണുവിന്‌ നിലനില്‌പുണ്ട്‌. ഡ്രംസ്‌റ്റിക്കിന്റെ ആകൃതിയാണിതിന്‌.

ഇതിന്റെ സ്‌പോറുകൾ എവിടെയും കാണാം. വീട്‌, തെരുവ്‌, കൃഷിസ്‌ഥലങ്ങൾ എന്നുവേണ്ട എല്ലായിടത്തുമുണ്ട്‌. കുതിര, ആട്‌, എന്നിവയുടെ ദഹനേന്ദ്രിയ വ്യവസ്‌ഥയിലാണ്‌ ഇതിന്റെ സ്വാഭാവിക ആവാസം. അതിനാൽ ഇവയുടെ വിസർജ്യം വീഴുന്നിടത്ത്‌ ഇത്‌ കാണപ്പെടുന്നു. അവിടെനിന്നും മറ്റിടങ്ങളിലേക്ക്‌ പകരുകയാണ്‌ ചെയ്യുന്നത്‌. ജൈവാവശിഷ്‌ടങ്ങൾ ധാരാളമുള്ള വെളിച്ചം കുറഞ്ഞ ഈർപ്പവും ചൂടുമുള്ളിടത്താണ്‌ ഈ സ്‌പോറുകൾ (രേഗാണുക്കൾ) ധാരാളമായി കാണുന്നത്‌.

ചെറിയൊരു മുറിവോ ചർമത്തിലുണ്ടാവുന്ന പോറലോ മതി ഈ സ്‌പോറുകൾക്ക്‌ ശരീരത്തിനുള്ളിൽ കടക്കാൻ. പൊതുവെ സ്‌പോറുകൾ നിരുപദ്രവകാരികളാണ്‌. അധികം വൈകാതെ ഇവ പരിപൂർണ ബാക്‌ടീരിയ ടെറ്റനോസ്‌പാസം എന്ന ഒരതിശക്തമായ വിഷവസ്‌തു പുറപ്പെടുവിക്കുന്നു. ഈ വിഷവസ്‌തു (ടോക്‌സിൻ) ചുരുങ്ങിയ സമയംകൊണ്ട്‌ രക്തപര്യയന വ്യവസ്‌ഥയിൽ പ്രവേശിച്ച്‌ ശരീരമാസകലമുള്ള നാഡീയഗ്രങ്ങളിൽ എത്തിച്ചേരുന്നു. അവിടെനിന്നും യാത്ര തുടങ്ങി സുഷുമ്‌നാ നാഡിയിലും പിന്നെ മസ്‌തിഷ്‌ക്കത്തിലുമെത്തുന്നു. അതോടെ നാഡികൾക്ക്‌ പേശികളുടെ മേലുള്ള നിയന്ത്രണം തകരാറിലാവുകയും പേശികളുടെ സ്വാഭാവിക പ്രവർത്തനങ്ങൾക്ക്‌ വിഘാതമാവുകയും ചെയ്യുന്നു. തൽഫലമായി stiffness-ഉം regidity-യും ഉണ്ടാവുകയും spasm അനുഭവപ്പെടുകയും ചെയ്യുന്നു.

രോഗിക്ക്‌ വായ തുറക്കാൻ ബുദ്ധിമുട്ടുണ്ടാവുകയാണ്‌ രോഗത്തിന്റെ തുടക്കം. കീഴ്‌ത്താടി മേൽത്താടിയുമായി തുന്നിക്കെട്ടിയ മാതിരി ചേർന്നിരിക്കും. തുടർന്ന്‌ കഴുത്ത്‌, നട്ടെല്ല്‌, വയർ, കൈകാലുകൾ എന്നിവിടങ്ങളിലേക്ക്‌ spasm എത്തുന്നു.

spasm തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ചികിത്സകൊണ്ട്‌ പ്രയോജനമില്ല. 50 മുതൽ 100 spasm വരെയുണ്ടാവാം. തീവ്രമായ രോഗാണുബാധയിൽ അത്‌ നൂറുകണക്കിനാവാം. spasm മൂലം രോഗി കിടക്കയിൽ വില്ലുപോലെ വളഞ്ഞുവരാം. മാറിലെ പേശികളുടെ ശക്തമായ spasm മരണത്തിന്‌ കാരണമാവുന്നു.

കാലങ്ങളായി മനുഷ്യർ ഏറെ ഭയന്നിരുന്ന ഒരു രോഗമാണിത്‌. പുരാതന ഗ്രീസിലും ഭാരതത്തിലും ഈ രോഗത്തെ കുറിച്ചറിഞ്ഞിരുന്നു. ‘ടെറ്റനോസ്‌’ എന്ന ഗ്രീക്‌ പദത്തിൽനിന്നാണ്‌ ടെറ്റനസ്‌ എന്ന വാക്കിന്റെ ജനനം. ടെറ്റനോസ്‌ എന്ന പദത്തിനർത്ഥം ടെൻഷൻ അഥവാ സംഘർഷം എന്നാണ്‌.

ടെറ്റനസ്‌ നിയോ നാറ്റോറം എന്നയിനം ബാക്‌ടീരിയ ചോരക്കുഞ്ഞുങ്ങളെയാണ്‌ ബാധിക്കുന്നത്‌. ലോകത്ത്‌, ഓരോ മിനിറ്റിലും ഒരു നവജാതശിശു ടെറ്റനസു മൂലം മരിക്കുകയാണ്‌. പ്രതിവർഷം 50,000 അമ്മമാരും 6,00,000 നവജാതശിശുക്കളും ടെറ്റനസ്സിനിരയാവുന്നു വെന്നാണ്‌ യൂണിസെഫിന്റെ കണക്ക്‌.

കുഞ്ഞിന്റെ പൊക്കിൾകൊടിയിലൂടെയാണ്‌ ഈ രോഗാണുക്കൾ ശരീരത്തിൽ കടക്കുന്നത്‌. ഇന്നും ഇന്ത്യയിൽ കുഗ്രാമങ്ങളിൽ പ്രസവമെടുക്കുന്നത്‌ വേണ്ടത്ര പരിശീലനം ലഭിച്ചവരല്ല. അവർ കുഞ്ഞിന്റെ പൊക്കിൾകൊടി മുറിക്കാനുപയോഗിക്കുന്നത്‌ രോഗാണുപൂർണമായ കറിക്കത്തികളാണ്‌. ഇവയിലൂടെ ടെറ്റനസ്‌ സ്‌പോറുകൾ കുഞ്ഞിന്റെ ശരീരത്തിൽ പ്രവേശിക്കാൻ എളുപ്പമാണ്‌. ഇവർ പൊക്കിൾകൊടി മുറിച്ച മുറിവായിൽ ചാണകമോ മണ്ണോ പൊത്തുകകൂടി ചെയ്യുന്നു. ഇവയിൽ ധാരാളം ടെറ്റനസ്‌ സ്‌പോറുകൾ ഉണ്ടാവും. ഈ കുട്ടികൾ രക്ഷപ്പെടുന്നത്‌ പെറ്റമ്മയുടെ ഭാഗ്യം ഒന്നുകൊണ്ടുമാത്രം.

ഒരു വ്യക്തിയുടെ ശുചിത്വബോധവും ടെറ്റനസ്‌ ബാധയുമായി ബന്ധമുണ്ട്‌. ശരീരത്തിൽ മുറിവോ ചർമത്തിൽ ചെറിയൊരു പോറലോ ഏൽക്കാത്ത ആൾക്കുവരെ ടെറ്റനസ്‌ ബാധ കാണുന്നുണ്ട്‌. പലപ്പോഴും ഡോക്‌ടർമാരെ ഈ പ്രശ്‌നം കുഴയ്‌ക്കുന്നു. ചെവിയിൽ തീപ്പെട്ടിക്കോലോ ഈർക്കിലോ മറ്റെന്തെങ്കിലുംകൊണ്ടോ ഒന്നു ചുരണ്ടിയ കാരണം മതി ടെറ്റനസ്‌ സ്‌പോർ ശരീരത്തിൽ കടന്നുകൂടാൻ. ഗർഭിണികൾ ടെറ്റനസ്‌ വാക്‌സിൻ എടുക്കുകയാണെങ്കിൽ പ്രസവമെടുക്കുന്ന സമയത്തുണ്ടാകാനിടയുള്ള ടെറ്റനസ്‌ ബാധ ഒഴിവാക്കാനാവും.

ടെറ്റനസ്‌ സ്‌പാസമുണ്ടായതിനുശേഷം ചികിത്സ ഫലപ്രദമല്ലാതായാണ്‌ കാണുന്നത്‌. ഇതിലേക്കു വേണ്ട വിദഗ്‌ദ്ധ ചികിത്സയ്‌ക്കുള്ള ഇന്റൻസീവ്‌ കെയർ യൂണിറ്റുകൾ വലിയ ആശുപത്രികളിലേ ഉണ്ടാവൂ. മെച്ചപ്പെട്ട ആന്റിബയോട്ടിക്കുകളുടെ ഉപയോഗം, tracheotony എന്നിവകൊണ്ട്‌ ജീവൻ നിലനിർത്താൻ ശ്രമിക്കാറുണ്ട്‌.

ഒരു മുറിവ്‌ വരുമ്പോൾ പോയി വാക്‌സിൻ എടുക്കുന്നതിനേക്കാൾ നന്ന്‌ നേരത്തേതന്നെ ഒരു കോഴ്‌സ്‌ വാക്‌സിൻ എടുക്കുകയാണ്‌.

മൂന്നൊ ആറോ ആഴ്‌ചകൾ ഇടവിട്ട്‌ മൂന്ന്‌ വാക്‌സിനുകൾ എടുക്കുക. എന്നിട്ട്‌ ഒരു വർഷത്തിനുശേഷം ഒരു ബൂസ്‌റ്റർ വാക്‌സിൻ. അതിനുശേഷം ഓരോ അഞ്ചു വർഷങ്ങൾ കഴിയുമ്പോഴും ഓരോ ഇഞ്ചക്‌ഷൻ കൂടി എടുക്കണം. അത്‌ ശരീരത്തിന്‌ പൂർണസംരക്ഷണം നൽകുന്നു. പത്തു വർഷത്തോളം ഇവ്വിധം ഇമ്യൂണൈസ്‌ ചെയ്യത്തക്ക വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ശാസ്‌ത്രജ്ഞർ.

ടെറ്റനസ്‌ മൂലം ധാരാളം ചോരക്കുഞ്ഞുങ്ങൾ മരിക്കുന്നതിനെതിരെ ഗർഭിണികളെ ഇമ്യൂണൈസ്‌ ചെയ്യുന്നതാവും നന്ന്‌. ഇമ്യൂണൈസ്‌ ചെയ്‌ത ഗർഭിണിയിൽനിന്നും കുഞ്ഞിനും ഏതാനും മാസം വരെ ടെറ്റനസിൽ ഇമ്യൂണിറ്റി ലഭിക്കുന്നു.

കടപ്പാട്‌ – ജ്വാല മാസിക.

Generated from archived content: arogyarangam1.html Author: dr_venu_thonnaykkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here