നാട്ടറിവിലെ മണ്ണും പെണ്ണും

മനുഷ്യനു മറ്റെന്തിനോടുമുള്ള ബന്ധത്തെ സംസ്ക്കാര നിര്‍വചനത്തിന്റെ പരിധിക്കുള്ളില്‍ വിശദീകരിക്കാവുന്നതാണ്. ജനനം മുതല്‍ കുടുംബത്തോടും ചുറ്റുപാടുകളോടും നാടിനോടും പ്രകൃതിയോടും അതിലെ പക്ഷി മൃഗാദികളോടും ഉണ്ടാക്കിയെടുത്ത ജൈവബന്ധം അടുത്ത തലമുറയിലേക്ക് സംക്രമിക്കപ്പെടുകയും വീണ്ടും കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി , സ്വത്വ നിര്‍വചനക്ഷമമായി നിലകൊള്ളുകയും ചെയ്യുന്ന പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്.

ഇന്നത്തെ സാംസ്ക്കാരിക വ്യവഹാരങ്ങള്‍ മിക്കവയും വിപണിയെ ലക്ഷ്യമാക്കുന്നതും പ്രകൃതിയെ ചൂഷണ വിധേയമാക്കുന്നതും മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാത്തവയുമാണ്. വികസനം, പുരോഗതി എന്നീ പേരുകളില്‍ നൂതന പരീക്ഷണങ്ങളുടേയും കണ്ടു പിടുത്തങ്ങളുടേയും പിന്‍ബലത്തോടു കൂടി മനുഷ്യന്റെ ജീവിത ശൈലി പൊടുന്നനെയുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുകയും അതോടൊപ്പം തന്നെ മാറിയ ചുറ്റുപാടുകള്‍ ഗൗരവകരമായ ചില തിരിച്ചറിവുകളേയും പ്രവര്‍ത്തന മേഖലകളേയും മുന്നൊട്ടുവയ്ക്കുകയും ചെയ്ത പശ്ചാത്തലമാണ് പരിസ്ഥിതി വിജ്ഞാനത്തിന്റെ വളര്‍ച്ചക്കു പിന്നിലുള്ളത്. മനുഷ്യന്‍ പ്രകൃതിക്കു വിധേയമായി ജീവിക്കുക എന്നതും പ്രകൃതിയെ മനുഷ്യന്റെ താല്‍പ്പര്യങ്ങള്‍ക്കു കീഴ്പ്പെടുത്തി ഉപയോഗിക്കുക എന്നതും വിരുദ്ധഭാവത്തില്‍ നില്‍ക്കുന്ന രണ്ടു കാഴ്ചപ്പാടുകളാണ്. പുതിയ കണ്ടു പിടുത്തങ്ങളും അറിവുകളും മനുഷ്യജീവിതത്തെ അതിരില്ലാത്ത ആഗ്രഹങ്ങളിലേക്കും അതിനെ സഫലീകരിക്കാനുള്ള സാധ്യതകളുടെ അന്വേഷണത്തിലേക്കും നയിച്ചു. തല്‍ഫലമായി പ്രകൃതിക്കു വഴങ്ങി മെരുക്കാനുള്ള തന്ത്രങ്ങളിലേക്ക് സ്വാഭാവികമായും അത് എത്തിച്ചേരുകയും ചെയ്തു.

ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്കെത്തിയ വികസനം ഭൂമിയോടും ദൈവത്തോടും പക്ഷികളോടും മൃഗങ്ങളോടും മാത്രമല്ല മനുഷ്യനു പരസ്പരമുള്ളതുമായ ബന്ധങ്ങളില്‍ പോലും പൊരുത്തക്കേടുകള്‍ സൃഷ്ടിച്ചു. കൃഷി രീതികളും ആഹാരശീലങ്ങളും വിദ്യാഭ്യാസ സമ്പ്രദായവും മൃഗപരിപാലനവും തൊഴിലുമെല്ലാം കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് നവീകരിച്ചു.

ചൂഷണത്തിന്റെ ഇര എന്ന നിലയില്‍ സ്ത്രീയും പ്രകൃതിയും ഒരേ രീതിയില്‍ വിലയിരുത്തപ്പെട്ടത് അടുത്ത കാലത്താണ്. പാരിസ്ഥിതിക സ്ത്രീവാദം എന്ന് പ്രയോഗിച്ചത് 1974 ല്‍ ആണ്. പേരിലും വിശേഷണങ്ങളിലും ഇടപെടലുകളിലും സ്ത്രീക്കും പ്രകൃതിക്കും സമാനമായ വ്യവഹാര ക്രമമാണ് കാണാന്‍ കഴിയുക. ചൂഷണം, കൈയേറ്റം, കടന്നാക്രമണം എന്നീ പ്രയോഗങ്ങളെല്ലാം പെണ്ണും പ്രകൃതിയും ഒരു പോലെ അനുഭവിക്കുന്ന വ്യഥകളാണ്. ‘ അവള്‍’ എന്നും ‘ പ്രകൃതി ദേവി’ എന്നും ‘ പ്രകൃതി മാതാവ്’ എന്നും വ്യവഹരിക്കപ്പെടുമ്പോള്‍ പ്രകൃതിയെന്ന സങ്കല്‍പ്പത്തിലെ സ്ത്രൈണഭാവമാണ് മുന്നിട്ടു നില്‍ക്കുന്നത്.

പുരുഷന്റെ അധീശത്വം ഉറപ്പിച്ച് നിറുത്താനുള്ള വ്യഗ്രതയില്‍ പ്രകൃതിയുടെ സ്വാഭാവികതയും സ്ത്രീയുടെ നൈസര്‍ഗ്ഗിക പ്രാഗത്ഭ്യങ്ങളും അവഗണിക്കുകയും അവമതിക്കുകയും ചെയ്തു, തല്‍ഫലമായി ജീവന്റെ നിലനില്‍പ്പും സാമൂഹിക സുരക്ഷിതത്വവും അവിശ്വസനീയമായ വിധം അപകടാവസ്ഥയിലായി. ഈ സ്ഥിതി വിശേഷം പ്രകൃതിക്ക് വേണ്ടിയും വനിതക്കു വേണ്ടിയും പാര്‍ശ്വവത്ക്കരിച്ച് ഇതരവിഭാഗങ്ങള്‍ക്ക് വേണ്ടിയും ശബ്ദിക്കുന്ന സിദ്ധാന്തങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും രൂപം കൊടുത്തു. പരിസ്ഥിതി വാദം , പാരിസ്ഥിതിക സ്ത്രീവാദം , കീഴാളപഠനങ്ങല്‍ എന്നിങ്ങനെ അവ പല മാര്‍ഗ്ഗങ്ങളിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിച്ചു. എന്നാല്‍ ഇത്തരം ആശയഗതികള്‍ നമ്മുടെ നാട്ടാചാരങ്ങളിലും നാടന്‍ കലകളിലും വളരെ മുമ്പു പ്രചാരത്തിലുണ്ടായിരുന്നു എന്ന വസ്തുത ഏറെ കൗതുകം സൃഷ്ടിക്കുന്നതും ഗൗരവത്തോടെ കാണേണ്ടതുമാണ്.

പ്രകൃതിയെ മാതാവായും ജീവജാലങ്ങളെ തുല്യപ്രാധാന്യമുള്ളവയായും കാണുന്ന പാരിസ്ഥിതിക മൂല്യബോധമാണ് ദ്രാവിഡ പാരമ്പര്യത്തിലുള്ളത്. പ്രകൃതിയും ഈശ്വരനേയും കഴിയുന്നത്ര ഒന്നിച്ചു നിറുത്താന്‍ അവള്‍ ശ്രദ്ധിച്ചു. പ്രകൃതിക്കിണങ്ങുന്ന വിധത്തിലുള്ള വീക്ഷണങ്ങളും വിശ്വാസങ്ങളും രൂപം കൊണ്ടു. വൃക്ഷവും കാവും തോടും പുഴയും വിശ്വാസത്തോടു ചേര്‍ന്ന് വിശുദ്ധിയുടെ പരിവേഷമാര്‍ന്ന് , തനിക്കു മനസിലാകാത്ത പ്രകൃതി പ്രതിഭാസങ്ങളെ ഈശ്വരരഹിതമായി കണ്ട് മനുഷ്യന്‍ അവയോട് പൊരുത്തപ്പെട്ടു. മനുഷ്യന്‍ ജീവിക്കേണ്ടത് പ്രകൃതിക്കിണങ്ങിയ വിധത്തിലാകണമെന്നും മനുഷ്യന്റെ ചെയ്തികള്‍ ജിവതാളത്തിന്‍ പ്രതിബന്ധമാകരുതെന്നും പഴമക്കാര്‍ നിഷ്ക്കര്‍ഷിച്ചു.പ്രകൃതിയെ ചൂഷണം ചെയ്യുക എന്നതായിരുന്നില്ല, പ്രകൃതി പ്രതിഭാസങ്ങളോട് പൊരുത്തപ്പെട്ട് മുന്നോട്ടു പോകുക എന്നതായിരുന്നു പൊതുവെയുള്ള സമീപനം. നാഗാരാധനയും അമ്മ ദൈവാരാധനയും മൃഗാരാധനയും വൃക്ഷാരാധനയും മറ്റും ലോകത്തെമ്പാടുമുണ്ടായിരുന്ന പ്രാചീനമായ ആരാധനാ സമ്പ്രദായങ്ങളാണ്. ദേശത്തിന്റേയും ഭാഷയുടേയും ഗോത്രത്തിന്റേയും കാലാവസ്ഥയുടേയും ഭേദം അനുസരിച്ച് മേല്‍പ്പറഞ്ഞ ആരാധനാ രീതികള്‍ വ്യത്യസ്ത ശൈലികളില്‍ അനുഷ്ഠിക്കുകയുണ്ടായി. കാലം മാറിയതനുസരിച്ച് ആരാധനാ സമ്പ്രദായങ്ങളിലും അനുഷ്ഠാനനിര്‍വഹണങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. കേരളത്തില്‍ ഇന്നും നിലവിലുള്ള നാട്ടാചാരങ്ങള്‍ ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇവരുടെയെല്ലാം ഉദ്ദേശ്യം പ്രകൃതിക്കിണങ്ങുന്ന ജീവിതമാണ്. ഇവയില്‍ ബഹുഭൂരിഭാഗവും പെണ്ണിന്റേയും മണ്ണിന്റേയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന പ്രവണതകള്‍ക്കെതിരെയുള്ള പ്രതിരോധവുമാണ് .

വടക്കേ മലബാറിലെ കാര്‍ഷിക വ്യവസ്ഥയിലൂന്നിയ ഗ്രാമീണ സംസ്കൃതിയോടും കാവുകളോടും ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന അനുഷ്ഠാനമാണ് തെയ്യം. ഒന്നൂറ് നാല്‍പ്പത് ( ഒരു നൂറു + നാല്‍പ്പത്) എന്ന കണക്കില്‍ നൂറ്റി നാല്‍പ്പത് തെയ്യങ്ങളാണ്. ചൊല്ലില്‍ ഉള്ളതെങ്കിലും അഞ്ഞൂറിലേറെ തെയ്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്നാണ് കണക്ക് . ഓരോ തെയ്യത്തിനും അതിന്റെ ഉത്ഭവ പശ്ചാത്തലവുമായി ബന്ധപ്പെട്ട് പുരാവൃത്തവും അനുഷ്ഠാന രീതികളുമുണ്ട്. പുരാവൃത്തങ്ങളുടെ ഈ വൈപുല്യവും വൈവിധ്യവും പ്രകൃതിയെ മനുഷ്യന്‍ അത്ഭുതത്തോടു കൂടി നോക്കിക്കണ്ടതിന്റെ ഫലമാണ്.

കൃഷിയോട് മനുഷ്യനുണ്ടായിരുന്ന സമീപനത്തിന്റെ വ്യക്തമായ ചിത്രം തെയ്യാനുഷ്ഠാനത്തില്‍ നിന്നു ലഭിക്കും. കൃഷിയെ , കന്നുകാലികളെ , പൈതങ്ങളെ എല്ലാം സരക്ഷിക്കാനാണ് തെയ്യം ഉറഞ്ഞാടുന്നത്. കന്നുകാലികളെ പാലിനു വേണ്ടി എന്നതിനപ്പുറം കൃഷിപ്പണിക്കും വളത്തിനും വേണ്ടിയാണ് സംരക്ഷിക്കുന്നത്.

താണുടന്‍ നോക്കുമ്പോള്‍ നാലേമുല

ഒന്നു കുടിക്കും കടച്ചിക്കല്ലോ

ഒന്നങ്ങ് വ്ടത്തെ ദേവന്മാര്‍ക്ക്

മൂന്ന് നാല് മുക്കൂറ്റി പാല്‍ കറന്നു

കോതാമൂരിപ്പാട്ടിലെ ഈ പരാമര്‍ശവും ആധുനിക ധവള വിപ്ലവകാലത്ത് കന്നുകുട്ടിയെ കുടിക്കാനനുവദിക്കാത്ത മൃഗപരിപാലനവും താരതമ്യപ്പെടുത്താവുന്നതാണ്. നാടന്‍ പശുവിന്റെ പാലു തന്നെ കുഞ്ഞിനു കൊടുക്കണമെന്ന് കടാങ്കോട്ടു മാക്കത്തിന്റെ തോറ്റത്തിലെ നിരീക്ഷണം.

കുഞ്ഞിന് ഭാഗ്യമുള്ള ഗോദാവരിപ്പയ്യിന്റെ പാല്‍ തന്നെ കൊടുക്കണം വിപണി മൂല്യത്തിനപ്പുറം കാലാവസ്ഥക്കും ആരോഗ്യ സംരക്ഷണത്തിനും ഇണങ്ങിയ ജീവിത ശൈലിയാണ് പഴയകാലത്തെ മൃഗപരിപാലനം ലക്ഷ്യമാക്കിയിരുന്നത്.

മനുഷ്യനെ ഭയപ്പെടുത്തിയിരുന്നതും അവന്റെ പരിധിക്കുള്ളില്‍ നിക്കാത്തതുമായ കാര്യങ്ങളെ ഉപാസിച്ച് അതിനോടുള്ള ഭയത്തില്‍ നിന്ന് മുക്തി നേടുക എന്ന സമ്പ്രദായത്തിനു മികച്ച ഉദാഹരണമാണ് കേരളത്തിലെ നാഗാരാധന. ഇവിടെ സര്‍പ്പക്കാവുകള്‍ വ്യാപകമായിട്ടുണ്ടായിരുന്നു. വിവിധരീതിയിലുള്ള അനുഷ്ഠാനങ്ങളാണ് ഓരോ കാവിലും ഉണ്ടായിരുന്നത്. വടക്കന്‍ കേരളത്തില്‍ നാഗപ്പോതി , നാഗകന്യക തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാ‍ടിക്കുന്നത് സാധാരണമാണ്. പുലയര്‍ക്കാണ് നാഗതെയ്യത്തോട് കൂടുതല്‍ ആഭിമുഖ്യം ഉണ്ടായിരുന്നത്. പായ നെയ്യാനും വട്ടി കെട്ടാനും മറ്റുമായി കൈതോലകള്‍ ശേഖരിക്കുന്ന അവസരത്തില്‍ ഉണ്ടായിരുന്ന പാമ്പുകളുടെ ശല്യം ഒഴിവാക്കാനും സര്‍പ്പഭീതിയില്‍ നിന്ന് മോചനം നേടാനുമാണ് നാഗതെയ്യങ്ങളെ കെട്ടിയാടുന്നത്. സര്‍പ്പത്തെ കൊന്നൊടുക്കി വിഷഭയത്തില്‍ നിന്ന് മോചനം നേടുകയെന്ന ഏകപക്ഷീയ നിലപാടുകള്‍ ഇവിടുത്തെ പാരമ്പര്യത്തിലുണ്ടായിരുന്നില്ല. പാമ്പുകള്‍ക്കും അവയേപ്പോലെ മറ്റു ജീവികള്‍ക്കും സ്വച്ഛവിഹാരത്തിന് സൗകര്യമൊരുക്കുക എന്നത് കാവുസംരക്ഷണത്തിന്റെ പ്രധാന ലക്ഷ്യമാണ്.

മകരം 16 ന് നടത്തിവരുന്ന ഏര്‍പ്പ് രജസ്വലയായി എന്ന സങ്കല്‍പ്പത്തില്‍ ഭൂമിക്ക് വിശ്രമം നല്‍കുന്ന ദിവസമാണ് അന്ന് കൃഷിയിടം നനയ്ക്കുകയോ കിളയ്ക്കുകയോ ചെയ്യില്ല . പരാശഹോരയില്‍ മണ്ണോ പെണ്ണോ ആകട്ടെ രജസ്വലയെ പ്രത്യേകം പരിഗണിക്കേണ്ടുന്നതിന്റെ ആവശ്യകത എടുത്തു പറയുന്നുണ്ട്.

ത്രീനി അഹാനിരജസ്വലാ

ബീജം ന വ്യാപയേത് അത്ര

ജനാ: പാപത് വിനശ്യതി

രജസ്വലയില്‍ ബീജപാപം ചെയ്യുന്നത് അവളെ നശിപ്പിക്കുകയും സ്വയം നശിക്കുകയും സ്വയം തിന്മ ക്ഷണിച്ചു വരുത്തുകയും ചെയ്യും എന്ന് വ്യക്തം. ഉണക്കലരി, വെല്ലം, പഴം എന്നിവ ചേര്‍ത്ത് ഏര്‍പ്പു ദിവസം എട്ടു ദിക്കിലും വിളമ്പുന്നു. വായു ഭഗവാന് ആഹരിക്കാനായി തുവരപ്പായസം തൂശനിലയില്‍ വിളമ്പുന്നതും ആ ദിവസത്തിന്റെ പ്രത്യേകതയാണ്. കാറ്റ് പോലും രജസ്വലയായ ഭൂമിയെ അസ്വസ്ഥയാക്കരുതെന്ന് ആഗ്രഹിക്കുന്ന ഉദാത്തമായ പാരിസ്ഥിതികബോധമാണിത്. വയലരികിലെ തുവരകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ചടങ്ങിനാകും. തുവര നെല്ലിനെ ബാധിക്കുന്ന കീടങ്ങളെ അകറ്റുമെന്ന നാട്ടറിവിനെ അബോധമായി പ്രയോ‍ഗിക്കുന്ന തലവും ഈ പായസ നിര്‍മ്മാണത്തിലുണ്ട്. മിക്ക തെയ്യങ്ങളുടേയും നിര്‍വഹണത്തിന്റെ ഭാഗമായി കുരുസി ( ഗുരുതി) യുണ്ട്. ഓരോ കൃഷിയും ഭൂമിയെ ക്ഷീണിപ്പിക്കും എന്ന ധാരണയില്‍ ഭൂമിക്ക് നവജീവന്‍ കൊടുക്കുന്നതിനാണ് ഈ അര്‍പ്പണം. പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു സ്ത്രീക്കു നല്‍കുന്ന ചികിത്സക്കും കരുതലിനും സമാനമാണിത്.

മനുഷ്യനോടൊപ്പം മറ്റു ജീവജാലങ്ങളുടേയും സുരക്ഷിതമായ ആവാസസ്ഥാനമെന്ന നിലയില്‍ പ്രകൃതിയെ കാണുന്ന ഉദാത്ത സങ്കല്‍പ്പങ്ങളാണ് നാടന്‍ അറിവുകള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി കൊടുക്കുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ ‘ ഭൂമിയുടെ അവകാശികള്‍‍ ‘ എന്ന പേരില്‍ ലളിതഭാഷയില്‍ പറഞ്ഞു വച്ചതും പരിസ്ഥിതിപ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളതുമായ കാഴ്ചപ്പാടുകളുടെ സാന്നിധ്യം പല നാടന്‍ ആവിഷ്ക്കാരങ്ങളിലും പുരാവൃത്തങ്ങളിലുമുണ്ട്.

കണ്ടനാര്‍ കേളന്‍ എന്ന തെയ്യത്തിന്റെ പുരാവൃത്തം വകതിരിവില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന തിന്റെ അനന്തരഫലമെന്തെന്നു വെളിപ്പെടുത്തുന്നു. റാക്ക് കുടിച്ച് ഉന്മത്തനായി പുനം കൊത്തിയ കേളന്‍ കൂടുതലൊന്നും ചിന്തിക്കാതെ അതിനു നടുവില്‍ നിന്നാണ് തീ വച്ചത്. നാലുചുറ്റും തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ വഴി അന്വേഷിച്ചു, ആകെ കണ്ടത് ഒരു നെല്ലിമരം മാത്രമാണ്. അതില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച കേളനെ കാട്ടു തീയില്‍ നിന്ന് രക്ഷപ്പെടാന്‍ നെല്ലിമരത്തില്‍ കയറിയ രണ്ടു പാമ്പുകള്‍ ആക്രമിച്ചു. സര്‍പ്പദംശനമേറ്റിട്ടും കാട്ടുതീയില്‍പ്പെട്ടുള്ള കേളന്റെ മരണം വനനശീകരണത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ വ്യാഖ്യാന സാധ്യതയുള്ളതാണ്.

കടാങ്കോട്ടു മാക്കത്തിന്റെ തോറ്റത്തില്‍ പൂരാഘോഷത്തിന്റെ വിശദമായ വര്‍ണനയുണ്ട്. മാക്കം പൂരം നൊയമ്പു നോക്കുന്ന സന്ദര്‍ഭത്തില്‍ കാമെനെയുണ്ടാക്കാനായി പൂക്കള്‍ ശേഖരിക്കുന്നു. വിശേഷപ്പെട്ട കിളിതിന്നി പൂക്കള്‍ കിളിതിന്നി മലയില്‍ നിന്ന് കൊണ്ടുവരാനായി ഭൃത്യനെ ഈയവനാടനെ പറഞ്ഞയക്കുന്നു. മലയിലെത്തിയ ഈയ്യവനാടനെ കണ്ട് കിളികളെല്ലാരും ഒളിച്ചു. അവശേഷിച്ചിരുന്ന മുടവന്‍ കിളി നല്ലൊരു പാട്ടുപാടി തന്നാല്‍ പൂ കൊത്തി ഉതിര്‍ത്തു തരാമെന്നു പറയുന്നു. തന്റെ പാട്ടിലുള്ള അറിവു കുറവും വിദ്യാഭ്യാസമില്ലായ്മയും വിചാരിച്ചപ്പോള്‍ നിരാശനായെങ്കിലും പൂ ആവശ്യപ്പെടുന്ന കുഞ്ഞിമാക്കത്തിന്റെ മുഖം മനസ്സില്‍ കണ്ടുകൊണ്ട് ആത്മാര്‍ത്ഥതയോടെ അയാള്‍ ഒരു പാട്ടു കെട്ടിയുണ്ടാക്കി പാടി.

നിരക്ഷര ഭൂരിപക്ഷത്തിന്റെ സ്വത്വാവിഷ്ക്കാരത്തിന്റെ ഭാഗമായി നാടന്‍ പാട്ടു രൂപപ്പെടുന്ന സാഹചര്യം പോലും അതിഗംഭീരമായി സൂചിപ്പിക്കുന്ന സന്ദര്‍ഭമാണിത്. പാട്ടു കേട്ടു സന്തുഷ്ടരായ കിളികള്‍ പറന്നെത്തി ഇഷ്ടം പോലെ പൂക്കള്‍ ഉതിര്‍ത്തു കൊടുത്തു.

ഏഴുവട്ടി നിറയെ പൂക്കള്‍ ശേഖരിച്ച് ഈയ്യവനാടന്‍ പൂരം നാളില്‍ വരണമെന്നും അവിടെ പന്തല്പുറത്ത് ചോറ് എറിഞ്ഞു തരാമെന്നും പന്തലില്‍ തിനങ്കതിരും തൂക്കുമെന്നും പക്ഷികളോടു പറഞ്ഞു. പ്രകൃതി വിഭവങ്ങള്‍ മനുഷ്യനു മാത്രമല്ല അവകാശപ്പെട്ടത് എന്ന് പ്രഖ്യാപിക്കുന്ന നാട്ടുമനസ്സിന്റെ സാന്നിദ്ധ്യം ഇവിടെ യുണ്ട്. തിനയും നെല്‍ക്കതിരുകളും ആ‍ാചാരത്തിനു വേണ്ടിയും അലങ്കാരത്തിനു വേണ്ടിയും കെട്ടിത്തൂക്കുന്ന ഗ്രാമീണ ഗൃഹങ്ങള്‍ മാനവികതയേയും സഹജീവി സ്നേഹത്തെയും വിളംബരം ചെയ്യുന്നു. വടക്കേ മലബാറില്‍ മീനത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെ ആഘോഷിക്കുന്ന പൂരക്കാലം വ്യക്തമായ ഉര്‍വരതാനുഷ്ഠാനമാണ്. കാമദാഹത്തിനു ശേഷം സ്ത്രീകള്‍ മുന്നിട്ടിറങ്ങി കാമനു പുനര്‍ജന്മം നേടിക്കൊടുക്കുന്ന പുരാവൃത്തമുള്ള ആ ആഘോഷം മണ്ണിന്റേയും പെണ്ണീന്റേയും ഉത്സവം എന്നതിലുപരി മുഴുവന്‍ ജീവരാശിയുടേയും തടസ്സമില്ലാത്ത നിലനില്‍പ്പിനെ മുഖ്യ വിഷയമാക്കുന്നു.

തെയ്യത്തിനു വൃക്ഷാരാധനയുമായി ഏറെ ബന്ധമുണ്ട്. കാവുകളിലോ വൃക്ഷച്ചുവടുകളിലോ ആണ് പല പ്പോഴും ആരാധന നടക്കുന്നത്. പാല, ചമ്പകം, ഇലഞ്ഞി, കാഞ്ഞിരം തുടങ്ങിയ വൃക്ഷങ്ങളിലാണ് മിക്ക ദേവതമാരും കുടി കൊള്ളുന്നത്. വികസനത്തിന്റെ പേരില്‍ വൃക്ഷങ്ങള്‍ ഇല്ലാതാകുമ്പോള്‍ അത് ആ പ്രദേശത്തിന്റെ തനിമ നശിപ്പിക്കുമെന്ന തിരിച്ചറിവിലാണ് പല അനുഷ്ഠാനങ്ങളും രൂപപ്പെട്ടത്. സ്ത്രീ കെട്ടുന്ന ഏക തെയ്യം എന്ന പേരില്‍ വിഖ്യാതമായ ദേവകൂത്ത് കാവ് സംരക്ഷണമെന്ന വലിയ ലക്ഷ്യമുള്ള ചടങ്ങ് എന്ന നിലയിലാണ് പ്രസക്തമാകുന്നത്. പുരാതനകാലത്ത് മലയോര മേഖലയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ തുറമുഖത്തെത്തിച്ചിരുന്നത് പ്രധാനമാര്‍ഗമായിരുന്നു കുപ്പം പുഴ . കുപ്പം പുഴ കടലില്‍ ചേരുന്നിടത്ത് ഉള്ള തായക്കടവാണ് ദേവകൂത്ത് കെട്ടിയാടുന്നത്. വള്ളിയമ്മ എന്ന അപ്സരസ് പൂ പറിക്കാനായി കൂട്ടുകാരികളോടൊപ്പം തായക്കടവിലെത്തുന്നതും, കാവിന്റെ സൗന്ദര്യത്തില്‍ മതി മറന്ന് രാത്രിയില്‍ ഒറ്റപ്പെടുന്നതം വള്ളിക്കുടിലില്‍ സുരക്ഷിതമായി രാത്രി കഴിച്ചതും മറ്റുമാണ് പുരാവൃത്തത്തിലുള്ളത്. ഒറ്റപ്പെട്ടു പോയ ദേവകന്യകക്ക് കാവിലുള്ള കുച്ചിലില്‍ ( വള്ളിക്കുടില്‍) സുരക്ഷിതമയി രാത്രി കഴിച്ചു കൂട്ടാന്‍ കഴിഞ്ഞു. പുഴയും കടലും അതിരിട്ടിട്ടുള്ളതും അനേകം ദിവ്യ ഔഷധങ്ങള്‍ നിറഞ്ഞതും അസാധാരണ സൗന്ദര്യമാര്‍ന്നതും ഒറ്റപ്പെട്ട സ്ത്രീക്ക് അഭയം കൊടുത്തതുമായ ആ പ്രദേശത്ത് വീണ്ടും വരണമെന്ന ആഗ്രഹിച്ച കന്യകയുടെ ഇഷ്ടങ്ങളാണ് തായക്കാവിന് ദേവതാ സാന്നിധ്യം നല്‍കിയത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കല് ‍അവിടെ ഒരു സ്ത്രീ തന്നെ തെയ്യം കെട്ടുമ്പോള്‍ കാവിനൊപ്പം കാവിന്റെ ജൈവ വൈവിധ്യവും സംരക്ഷിക്കണമെന്ന വലിയ ചിന്തക്കാണ് ആരാധനാ ക്രമമെന്നതിനേക്കാള്‍ പ്രാധാന്യം ലഭിക്കുന്നത്.

പ്രകൃതിയില്‍ നിന്ന് ആവശ്യമുള്ളതു മാതമെടുക്കുകയെന്ന മര്യാദ ലംഘിച്ചപ്പോള്‍ ആണ് പ്രകൃതിയെ മുന്‍ നിറുത്തി മനുഷ്യന്‍ ചൂഷണം ചെയ്തു തുടങ്ങിയത്. മലകള്‍ അതിരുകള്‍ ആയിട്ടുള്ള ഗ്രാമത്തിന്റെ പരിമിതികളില്‍ ഭൗതിക നേട്ടങ്ങളില്‍ പരിമിതമായ താത്പര്യം മാത്രമുള്ള പഴയ മനുഷ്യന്‍ സ്വച്ഛമായ ഭൂപ്രകൃതിയുടേയും മലയിറങ്ങി വരുന്ന ദേവതമാരുടേയും കിളികളുടേയും തുമ്പികളുടേയും പണിയിടങ്ങളില്‍ നിറയുന്ന പാട്ടിന്റേയും മറ്റും പശ്ചാത്തലത്തില്‍ ജീവിച്ചു. കാലം മാറി, അഗ്രഹങ്ങള്‍ അതിരുകള്‍ ഇല്ലാതെ വളര്‍ന്നപ്പോള്‍ ഇതേ കൃഷിയിടങ്ങളിലേക്ക് രാസവളവും എന്‍ഡോസള്‍ഫാനും സഹോദര വിഷങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊതുകുകളും കടന്നു വന്നു. വലിച്ചെറിയല്‍ സംസ്ക്കാരം വ്യക്തി ബന്ധങ്ങളിലേക്കും കടന്നു കയറി. കുറഞ്ഞ അധ്വാനവും കൂടുതല്‍ വിളവും എന്ന സമീപനം അതിന്റെ ദൂഷ്യ ഫലങ്ങളെ ഗൗരവമായെടുത്തില്ല . ക്ഷീര വിപ്ലവമെന്ന പേരില്‍ നടപ്പാക്കിയ പദ്ധതികളിലൂടെ ഈ പ്രദേശത്തിന്റെ കാലാവസ്ഥക്കിണങ്ങിയ പാലുല്പാദിപ്പിക്കുന്ന നാടന്‍ പശുക്കളേയും കോതാമൂരിപ്പാട്ടിലെ ഗോദാവരി പയ്യിന്റെ നൂറും പാലിന്റെ സവിശേഷതകളേയും അപ്രസകതമാക്കിക്കൊണ്ട് അത്യുത്പാദന ശേഷിയുള്ള വിദേശ ജനുസുകള്‍ കടന്നു വന്നു.

വയനാട്ടിലെ ആദിവാസികളുടെ ശീലങ്ങളെക്കുറിച്ച് അതേ വിഭാഗത്തില്‍ നിന്ന് വന്ന കെ. കാളന്‍ പറഞ്ഞത്, വയനാട്ടിലെ ആദിവാസികള്‍ക്ക് വാച്ചും ക്ലോക്കും വേണ്ട കാക്ക കരഞ്ഞാല്‍ വൈകുന്നേരമായി എന്നാണ്. അന്നന്നത്തെ അപ്പത്തിനപ്പുറം അധികമൊന്നും ആഗ്രഹിക്കാതിരുന്ന ആദിവാസിക്ക് കാട് വിഭവങ്ങളാലും സമ്പന്നമായിരുന്നു. മെച്ചപ്പെട്ട വീടുകളും ഭക്ഷണവും വരുമാനവും നല്‍കി ആദിവാസിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഉദ്ദേശിച്ച പുരോഗതി കൈവരിക്കാത്തതും ആദിവാസി യുവത്വം മദ്യത്തിനടിമപ്പെട്ടതും അവന്റെ ജീവിത ദര്‍ശനത്തെ മനസിലാക്കാന്‍ ശ്രമിക്കാത്തതു കൊണ്ടാണ്. അമിതമായെതെന്തും വിഷമാണ് എന്ന് വിവേകാനന്ദന്‍ പറഞ്ഞ വാക്കുകള്‍ പ്രസക്തമാക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

Generated from archived content: essay1_apr9_12.html Author: dr_v_lissimathew

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here