ഒരു വ്യാഴവട്ടത്തിനു മുമ്പ് പിഗ്മാൻ എന്ന കഥ വായിച്ച് മലയാളി അമ്പരക്കുകയുണ്ടായി. ഇതേ കഥ, ഇപ്പോഴെടുത്തു വായിക്കുമ്പോൾ അമ്പരപ്പ് കൂടുകയാണ്. ഇത്, നല്ലൊരു കലാസൃഷ്ടിയുടെ ഗുണമാണെന്ന് വാദിക്കാം. അത്തരത്തിലുള്ള മികച്ച കുറെ കഥകൾ മലയാളത്തിനു നൽകിയ കഥാകാരനാണ് എൻ. പ്രഭാകരൻ. കഥയും ചരിത്രവും കൂടിക്കുഴയുകയും കാലത്തിന്റെ കഥയില്ലായ്മയെ അടയാളപ്പെടുത്തുകയും ചെയ്യുന്ന കഥകൾക്ക് ദീർഘായുസുണ്ടാകും. ആധുനികത തിളച്ചു നിൽക്കുമ്പോഴാണ് എൻ. പ്രഭാകരൻ തന്റെ കഥകൾ എഴുതി തുടങ്ങിയത്. എന്നാൽ മുഖ്യധാര ചാവുനിലങ്ങളായി കണ്ട പ്രാന്തജീവിതങ്ങളെ കഥയിലേയ്‌ക്ക് കൊണ്ടുവന്നിട്ടാണ് ഈ കഥാകൃത്ത് ഒരപരത്വത്തെ മലയാള കഥയിൽ സ്ഥാപിച്ചത്. തിരഞ്ഞെടുത്ത കഥകൾ എന്ന പുതിയ സമാഹാരത്തിൽ തന്റെ പ്രിയപ്പെട്ട കഥകൾ എല്ലാമുണ്ട്. ഒറ്റയാന്റെ പാപ്പാൻ(1971) തുടങ്ങി സ്നേഹിക്കുന്നു(2004) എന്ന കഥയിൽ അവസാനിക്കുന്ന ഈ സമാഹാരം ആയതിനാൽ തന്നെ മൂന്നരദശകങ്ങളുടെ വൈകാരിക ചരിത്രത്തെ പ്രതിനിധീകരിക്കുന്നു എന്നു പറയാം.
ആഖ്യാനത്തിന്റെ ചരിത്രഗതിയിൽ ജനപക്ഷത്ത് നിലയുറപ്പിച്ച എഴുത്തുകാരൻ എന്ന നിലയിൽ കലയുടെ സ്ഥാപനവത്‌കൃതമായ ചട്ടക്കൂടുകളെ സദാ തകർക്കാൻ വ്യഗ്രത കാട്ടിയിട്ടുണ്ട് ഈ കഥാകാരൻ. കഥ, നോവൽ, നാടകം, സഞ്ചാരസാഹിത്യം, സാംസ്‌കാരിക വിമർശനം തുടങ്ങിയ രംഗങ്ങളിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും എഴുത്തിനെ ബഹുലമാക്കുകയും ചെയ്തു. ഓർമ്മയും മറവിയും ചരിത്രത്തെ നേരിടാനുള്ള പ്രധാന രൂപകങ്ങളായും ഈ കഥകൾ സ്വീകരിക്കുന്നു. നവോത്ഥാനകാലത്തും ശേഷവും പ്രാമുഖ്യം നേടിയ പൊതുബോധത്തെ അവിശ്വാസത്തോടും ആശങ്കയോടും നോക്കികാണുന്ന പ്രകൃതം ഈ കഥകളെ വേറിട്ടതാക്കുന്നു.
1990കളിലാണ് പ്രഭാകരന്റെ എഴുത്തിന് മറ്റൊരുതരത്തിലുള്ള സജീവത കൈവരുന്നത് എന്ന കാര്യം കാണാതിരുന്നുകൂടാ. നവോത്ഥാന പൊതുബോധ ക്രമത്തെ അട്ടിമറിച്ച് രാഷ്ര്ടീയ-സാംസ്‌കാരിക യുക്തി ഔപചാരികമായി അംഗീകരിക്കപ്പെടുന്നത് ഈ കാലയളവിലാണ് ഈ മാറ്റത്തെ മറ്റേതു കഥാകൃത്തുക്കളെക്കാളും ഊക്കോടെ ആവിഷ്‌ക്കരിച്ചത് പ്രഭാകരന്റെ കഥകളാണ്. മലയാളിയുടെ മങ്ങിപ്പോകുന്ന ജാഗ്രരുവായനയെ ഈ കഥകൾ ആവിഷ്‌ക്കരിച്ചു. പിഗ്മാൻ എന്ന കഥയിലെ തിന്മയുടെ നിസഹായവും വേദനാജനകവുമായ അന്ത്യം മനുഷ്യാവസ്ഥയുടെയും മൃഗാവസ്ഥയുടെയും മധ്യേ ആയിത്തീരുന്നതിന്റെ പ്രത്യയശാസ്ര്തം ഒരു പരിധിവരെ ഇതുതന്നെ. സർക്കസിലെ ട്രപ്പീസുകളിക്കാരന്റെ കോമാളിയുടെ നിസഹായമായ അവസ്ഥയെ ഓർമ്മിപ്പിക്കുന്നു ഇത്. മറുപിറവി, മായാമയൻ, പെരുമാൾ, കൗജുത്താത്ത, കിടപ്പറരഹസ്യം, ബി.എം.പി, പ്രത്യയശാസ്ര്തം… തുടങ്ങി തൊണ്ണൂറുകളിലെഴുതപ്പെട്ട കഥകളിലെല്ലാം ഇതേ മനുഷ്യാവസ്ഥ ഒളിഞ്ഞും തെളിഞ്ഞും ഉണ്ട്. നാട്ടുചരിത്രം വായിക്കുന്ന കഥാനുഭവം അനുവാചകനെ രസിക്കുമ്പോൾ തന്നെ യാഥാർഥ്യത്തിനും ഉന്മാദത്തിനും മധ്യേ വിധേയത്വത്തോടെ പെരുമാറുന്ന മനുഷ്യൻ ആഗോളീകരണകാലത്തെ ജീവിത നിസഹായതകളെ ഓർമ്മിപ്പിക്കുന്നു. ചരടുതന്നെ അത്ര വലിയ പ്രശ്നമല്ല; മനുഷ്യരാശി മുഴുവൻ അദൃശ്യമായ ഒരു ചരടിനാൽ ബന്ധിക്കപ്പെട്ടിട്ടുണ്ട് (പ്രത്യയശാസ്ര്തം)- വാമൊഴി വ്യവഹാരത്തെ എഴുത്തിന്റെ മൂർച്ചയുള്ള രൂപങ്ങളാക്കി എടുക്കുകയാണ് പ്രഭാകരൻ. മായാമയനിലെ ഉണ്ണികൃഷ്ണൻ നടപ്പിലാക്കുന്ന വിചിത്രമായ പെർഫോമൻസുകൾ ആരെയാണ് ചിരിപ്പിക്കുക? പ്രദേശിയായ ജീവിതോന്മകളെ കടത്തിക്കൊണ്ടുപോയി പുത്തനുടുപ്പണിയിച്ച് പൊന്നുവിലയ്‌ക്ക് മലയാളിക്ക് തന്നെ വിൽക്കുന്ന പുതുലോകവിപണിതന്ത്രം ബി.എം.പി എന്ന കഥയുടെ ഇതിവൃത്തമാണ്. പെരുമാളിലെ അമ്മുക്കുട്ടി ചരിത്രത്തിന്റെ &നേരിന്റെ അതിരുകളെ ഭേദിക്കുന്ന കാഴ്‌ച ഏറെ രസകരമാണല്ലോ. പൗരസ്ത്യവാദത്തിന്റെ സാംസ്‌കാരിക യുക്തികളെ കഠിനമായി ചോദ്യം ചെയ്യുന്ന കഥയാണ് പെരുമാൾ. മറവി ഒരനുഗ്രഹമാണ് എന്നു പ്രചരിപ്പിക്കപ്പെടുന്ന നമ്മുടെ സമൂഹത്തിൽ ചരിത്രത്തെ ലളിതവൽക്കരിക്കപ്പെടുന്നതിന്റെയും ആഘോഷിക്കപ്പെടുന്നതിന്റെയും ഉക്തിവൈചിത്രങ്ങൾ കൗജുത്താത്ത എന്ന കഥയിൽ ഉണ്ട്.
കഥ എഴുതുന്നതും പറയുന്നതും ഒരേ താളവിതാനത്തിൽ സംഭവിക്കുന്നു എന്നത് പ്രഭാകരന്റെ കഥകളുടെ പ്രത്യേകതയാണ്. അനുഭവവും ഭാഷയും ഒരുപോലെ നാട്ടുവെളിച്ചത്തിൽ പൊതിഞ്ഞാണ് ഈ കഥാകൃത്ത് ഉപയോഗിക്കുന്നത്, ഏതൊരാൾക്കും വായനായോഗ്യമാക്കുന്ന രീതിയിൽ. ഈ സമാഹാരത്തിന്റെ അവതാരികയിൽ (സുനിൽ.പി. ഇളയിടം) രേഖപ്പെടുത്തുംപോലെ “നവോത്ഥാനയഥാതത്വം ഏറ്റെടുക്കാതെ വഴിയിലുപേക്ഷിച്ച ഒരുപാട് ഊർജ്ജപ്രവാഹം ഈ കഥകളിൽ മടങ്ങിയെത്തുന്നുണ്ട്” അടയ്‌ക്കപ്പെട്ട ചരിത്രത്തിന്റെ നിരവധി തുറസുകളെ പ്രകാശിപ്പിക്കുന്ന ഒരു കഥാസമാഹാരമാണിത്.
അംബികാസുതന്റെ പുതിയ സമാഹാരമായ ‘രാത്രി’ എന്ന പുസ്തകം വായിക്കുമ്പോൾ നടാടേ പ്രസ്താവിച്ച കാര്യങ്ങളിൽ നിന്നെല്ലാം ഒരു തുടർച്ചയുള്ളതായി അനുഭവപ്പെടും. ദേശ-ഭാഷ-അനുഭവ മാതൃകകളുടെ സദൃശ്യമായ കാഴ്‌ചകൾ ഈ രണ്ടു കഥാകൃത്തുക്കളിലും ഒരുമിക്കുന്നതുകൊണ്ടായിരിക്കാം ഇത്. മലയാളികളുടെ പ്രദേശികമായ ഹെറിറ്റേജുകളെ കടത്തിക്കൊണ്ടുപോയി നവസാമ്രാജ്യത്വത്തിന്റെ ഡിസ്നേ സ്വപ്നങ്ങൾ പണിതീർക്കുന്ന പുതിയ കാലത്തോടുള്ള സജീവമായ പ്രതികരണം രാത്രികഥകളിലെ മിക്ക കഥകളിലുമുണ്ട്. ‘വിഷവൈദ്യം’ എന്ന കഥയിലെ, ഗ്രാമീണരാൽ സ്നേഹിക്കപ്പെടുന്ന സായ്പിന്റെ രണ്ടുമുഖങ്ങൾ വായനക്കാരനെ പിടികൂടുകതന്നെ ചെയ്യും. പഞ്ചുരുളി, പൊട്ടിയമ്മത്തെയ്യം, തേക്ക് എന്നീ കഥകളിലെല്ലാം പരമ്പരാഗതമായ നമ്മുടെ ആവാസവ്യവസ്ഥയ്‌ക്കു സംഭവിച്ച കോട്ടങ്ങൾ സജീവചർച്ചാവിഷയമാകുന്നു. സത്താപരമായി പ്രാന്തീയരായി തീരുന്ന മനുഷ്യരാണ് പ്രഭാകരന്റെ കഥകളിൽ ഇടം തേടുന്നതെങ്കിൽ ഭൗതികമായിത്തന്നെ അരികുകളിലേയ്‌ക്കു മാറ്റപ്പെട്ട മനുഷ്യന്റെ ജീവിതത്തിലെ അടിസ്ഥാന ദുരന്തങ്ങളാണ് അംബികാസുതന്റെ കഥാവിഷയം. അതുകൊണ്ടുതന്നെ, പ്രതിനിധാനത്തിന്റെ നിലവിട്ട് വെറും നേർക്കാഴ്‌ചകളായി കഥമാറുന്ന സന്ദർഭങ്ങളും ഏറെയുണ്ട്. തെയ്യ&വീരപുരാവൃത്തങ്ങളുടെ വിളനിലം പഴയ കഥകളിലെന്നപോലെ ഈ സമാഹാരത്തിലും ഉണ്ട്. പൊട്ടിയമ്മതെയ്യത്തിന്റെ പുതിയ രൂപഭാവപ്രകൃതി ആർജിക്കുന്ന പാറുവമ്മയുടെ ചരിതം സമാന്തരമായ ഒരു തെയ്യപുരാവൃത്തമായി മാറുന്നു. ബ്രിട്ടീഷുകാരുടെ റയിൽ നിർമ്മാണത്തിലൂടെ തകർന്നുപോയ കീക്കാനും തെയ്യക്കാവിന്റെ അവശിഷ്ടങ്ങളെ പണ്ടെങ്ങോ നാട്ടുകാർ മറ്റൊരു സ്ഥാനത്ത് കുടിയിരുത്തുകയുണ്ടായി. അവിടെയാണ് നമ്മുടെ കാലത്തെ പാറുവമ്മയുടെ ദുരന്തചരിതം അരങ്ങേറുന്നത്. ഇതേ ചരിത്രത്തിന്റെ മറ്റൊരു ഏട് ‘തോക്ക്’ എന്ന കഥയിൽ ഉണ്ട്. തൊണ്ടച്ചൻ പുരാവൃത്തമാണ് ഈ കഥയുടെ അടിപ്പടവ്. എന്നാൽ പ്രകൃതിയിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടുപോകുംവിധമുള്ള ആധുനികവത്‌കരണം, കാടില്ലാത്തകാട്ടിൽ, തന്റെ കുലദൈവത്തിനുള്ള മൃഗത്തെ തോക്കുകൊണ്ട് വേട്ടയാടാനുള്ള പരിതാപകരമായ അവസ്ഥയിലേയ്‌ക്ക് ചിണ്ടനമ്പാടിയെ എത്തിക്കുന്നുണ്ട്. തോക്കിനു മുമ്പിൽ തൊണ്ടച്ചനായി ആകാരം പ്രാപിക്കുന്ന മുയലിനോട് – ‘എനിക്കെന്റെ തെയ്യത്തിന് ചുട്ടിറച്ചിയും ഓട്ടിറച്ചിയും പച്ചിറച്ചിയും കൊടുക്കേണ്ട്?“ എന്ന ചോദ്യം പ്രകൃതിയിൽ നിന്ന് ഉച്ചാടനം ചെയ്തുകൊണ്ടിരിക്കുന്ന ഗോത്രജനതയുടെ അദൃശ്യമായ തേങ്ങലായി മാറുന്നു. ഈ കഥാ സമാഹാരത്തിന് ’രാത്രി-കഥകൾ‘ എന്ന പേരു നൽകിയത് ഒരുപക്ഷേ നമ്മുടെ ഉണർച്ചകളിലേക്ക് പെയ്തിറങ്ങുന്ന പുതിയ സാംസ്‌കാരികയുക്തികളുടെ രാത്രികളെ കുറിച്ചാണെന്ന് ഊഹിച്ചെടുക്കാവുന്നതാണ്. (നന്ദി ഃ കറന്റ് ബുക്സ് ബുള്ളറ്റിൻ)
തിരഞ്ഞെടുത്ത കഥകൾ (എൻ. പ്രഭാകരൻ)
വില ഃ 140രൂ.
രാത്രി (അംബികാസുതൻ മാങ്ങാട്)
വില ഃ 38രൂ.
Generated from archived content: book1_oct15_07.html Author: dr_umar_tharamel
Click this button or press Ctrl+G to toggle between Malayalam and English