ആനയെ അറിയാന്‍

കരയില്‍ വസിക്കുന്ന വലിപ്പത്തിലും ആകാര ഭംഗിയിലും മുന്നിട്ടു നില്‍ക്കുന്ന മൃഗമാണ് ആന. ‘ ആനച്ചന്തം’ എന്ന വാക്കില്‍ നിന്നുതന്നെ ആന ആകര്‍ഷിക്കുന്ന ജനശ്രദ്ധ ഏറെ വ്യക്തമാണ്. ആനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രധാനപേജുകളിലാണ് പത്രമാധ്യമങ്ങളില്‍ ഇന്നു പ്രത്യക്ഷപ്പെടുന്നത്. പൊതുപരിപാടികള്‍, ഉത്സവങ്ങള്‍ മുതലായവയ്ക്ക് ആനകള്‍ ഇന്നു ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകങ്ങളായി മാറിക്കഴിഞ്ഞു.

ആനകളെക്കുറിച്ചു മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളില്‍ ആനപരിപാലനത്തിലെ കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍, രോഗങ്ങള്‍, മദകാല വിക്രിയയകള്‍, ക്രൂരത, മനുഷ്യരുമായുള്ള മത്സരങ്ങള്‍ തുടങ്ങി വിവിധ ഉപവിഭാഗത്തില്‍പ്പെട്ടവ ഉള്‍പ്പെടുന്നു.

കാട്ടാനകളെ മെരുക്കിയെടുത്ത് നാട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. നാട്ടാനയും കാട്ടാനയും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ആനകളെ ചിലര്‍ ശാസ്ത്രീയമായ തീറ്റക്രമവും പരിപാലനമുറകളും അവലംബിച്ചു വളര്‍ത്തുമ്പോള്‍ വേണ്ട രീതിയില്‍ പരിചരണം ലഭിക്കാത്ത ആനകളും കുറവല്ല.

ആന പരിപാലനത്തിലെ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ആനയുടെ പ്രത്യേകതകള്‍, സ്വഭാവം, മദക്കാല വിക്രിയകള്‍, പരിചരണം, രോഗങ്ങള്‍, ക്രൂരത തടയാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ വിവിധ വിഭാഗത്തില്‍പ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ആനകളുടെ പ്രത്യേകതകളും അവയെ കുറിച്ചുള്ള പൊതുവായ വിവരങ്ങളും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പൊതു ജനങ്ങള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ജന്തു ക്ഷേമ സംഘടനാ വോളിണ്ടിയര്‍മാര്‍, വെറ്റിറിനറി ഡോക്റ്റര്‍മാര്‍. പാപ്പാന്‍മാര്‍, ആന ഉടമസ്ഥര്‍, ദേവസ്വം ജീവനക്കാര്‍ മുതലായവര്‍ക്കു പ്രത്യേകം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

ആന സംരക്ഷണത്തെ കുറിച്ച് സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസുകള്‍, ശില്‍പശാലകള്‍, തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നത് ആനകളും മനുഷ്യരും തമ്മിലുള്ള മെച്ചപ്പെട്ട സുഹൃദ്ബന്ധത്തിന് ആക്കം കൂട്ടും. ഇത്തരം സംരംഭങ്ങള്‍ക്ക് ‘ആനയെ അറിയാന്‍’ എന്ന ഈ പുസ്തകം വഴികാട്ടിയാകുമെന്നു പ്രത്യാശിക്കുന്നു.

Generated from archived content: book1_july9_13.html Author: dr_tp_sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here