ഇതു ജീവിതം

ഇടിഞ്ഞു വീഴാറായി നില്‌ക്കുന്ന ഭവനം. പണ്ടെങ്ങോ പെയിന്റ്‌ ചെയ്‌തു എന്ന്‌ തോന്നിക്കുന്ന ചുവരുകൾ. പഴന്തുണിപോലെ തൂക്കിയിട്ടിരിക്കുന്ന ജനാല വിരികളും ഡോർ വിരികളും. ഒരു കട്ടിലിൽ ഒരു വൃദ്ധയായ സ്‌ത്രീ കിടക്കുന്നു. കട്ടിലിനരികിൽ കഞ്ഞി ആറ്റികൊണ്ട്‌ കന്യാസ്‌ത്രീ നില്‌ക്കുന്നു. അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ച്‌ കഞ്ഞി കോരി കൊടുക്കുന്നു. അരികത്ത്‌ ചാരു കസേരയിൽ തേരത്തെ കണ്ട വൃദ്ധൻ തലയ്‌ക്ക്‌ കൈയും കൊടുത്ത്‌ കിടക്കുന്നു. ചിന്തയിൽ ആണ്ടിരിക്കുകയാണ്‌. ഒരു റാന്തൽ വിളക്ക്‌ മേശപ്പുറത്ത്‌ വച്ചിരിക്കുന്നു. അകത്തെ മുറിയിൽ നിന്നും കുട്ടികൾ പഠിക്കുന്ന ശബ്‌ദം.

കന്യാസ്‌ത്രീ ഃ എടാ ഒന്ന്‌ പതുക്കെ വായിക്ക്‌

കുട്ടികൾ ഃ ഞങ്ങൾക്ക്‌ നാളെ പരീക്ഷയാണ്‌

കന്യാസ്‌ത്രീ ഃ അതിന്‌ ഈ ലോകം മുഴുവൻ അറിയിക്കണോ നിങ്ങൾക്ക്‌ പരീക്ഷയാണെന്ന്‌ (രണ്ട്‌ ടീനേജഴ്‌സ്‌ കടന്നു വരുന്നു)

കുട്ടികൾ ഃ ഞങ്ങൾ നിറുത്തി. ഇനി നാളെ വെളുക്കുന്നതുവരെ ഞങ്ങൾ പഠിക്കുന്നില്ല. അമ്മാ, വെശക്കുന്നു.

അമ്മ ഃ നല്ല ചൂടു കഞ്ഞിയുണ്ട്‌. അപ്പനും ഒഴിച്ചുകൊടുത്ത്‌ മക്കളും കഴിച്ചോളൂ. അല്‌പം ഉണക്ക നെത്തോലി കലത്തിലുണ്ട്‌. അത്‌ ചുട്ടെടുക്കൂ. അതും കൂട്ടി കഴിച്ചോളൂ……. മതി മോളെ നീ വല്ലതും പോയി കഴിക്ക്‌.

കന്യാസ്‌ത്രീ ഃ അമ്മ കുറച്ചുകൂടി കഴിക്ക്‌. ഞാൻ തുളസിച്ചാറ്‌ കണ്ണിലൊഴിച്ച്‌ തരാം. പനി മാറും. അമ്മ അങ്ങനെയല്ലെ എന്റെ പനി മാറ്റിയത്‌.

അപ്പൻ ഃ അമ്മയ്‌ക്ക്‌ കുറച്ച്‌ തുളസി കഷായം ഇട്ടുകൊടുക്കു നീ…

അമ്മ ഃ ഓ…….. അതൊന്നും വേണ്ട മോളെ ഇവിടെ കുരുമുളകും ചുക്കും ഒന്നും ഇല്ല. നീ തുളസിയിട്ട്‌ വെള്ളം തിളപ്പിച്ച്‌ തന്നാൽ മതി. (മകളുടെ കൈ തള്ളിമാറ്റിയിട്ട്‌) മതി അമ്മയ്‌ക്ക്‌, നീ വല്ലതൂം കഴിക്ക്‌ (കന്യാസ്‌ത്രീ അകത്തേക്ക്‌ പോകുന്നു) (ഒരു കോപ്പയിൽ കഞ്ഞിയുമായി വരുന്നു. അപ്പന്റെ കൈയിൽ കൊടുക്കുന്നു. അദ്ദേഹം നിവർന്ന്‌ ഇരുന്ന്‌ കഞ്ഞി കുടിക്കുന്നു. കന്യാസ്‌ത്രീയും കഞ്ഞി കുടിക്കുന്നു.

അമ്മ ഃ നിങ്ങൾ അവനെ കാണാൻ പോയില്ലേ.

അപ്പൻ ഃ ആരെ

അമ്മ ഃ മൂത്തവൻ വന്നു എന്നു കേട്ടു. അവന്‌ ഇവിടെ വരെ ഒന്നു വരാമായിരുന്നു. രണ്ടിസമായി വന്നിട്ട്‌ എന്ന്‌ അറിഞ്ഞു. ആ…… വലിയവനായില്ലേ…. അവന്‌ തൊരക്കുണ്ടാകും.

അപ്പൻ ഃ വന്നതായി ഞാൻ അറിഞ്ഞില്ല. ആ വഴിയൊന്നും പോകാൻ സാധിച്ചില്ല. നാളെയാവട്ടെ ഒന്നു പോയി കാണാം.

അമ്മ ഃ പെര നിറഞ്ഞ്‌ അവന്‌ രണ്ടാ പെങ്ങന്മാര്‌ അവരുടെ കാര്യം അവനോട്‌ ഒന്ന്‌ പറയണ്ടേ. അവനല്ലാതെ ആരാ ഇതൊക്കെ നോക്കി. നടത്താൻ?

അപ്പൻ ഃ നീ വേവലാതിപ്പെടാതെ. ദൈവം എല്ലാം നോക്കിക്കൊള്ളും ആരേയും കണ്ടിട്ടല്ല ദൈവം ഓരോത്തരേയും സൃഷ്‌ടിക്കുന്നത്‌ അതിറ്റകളുടെ കാര്യം ദൈവം നോക്കിക്കൊള്ളും.

(പുറത്ത്‌​‍്‌ കാർ വന്ന്‌ നില്‌ക്കുന്ന ശബ്‌ദം. എല്ലാവരും അങ്ങോട്ട്‌ നോക്കുന്നു. വളരെ സുമുഖനായ, 40 വയസ്സ്‌ തോന്നിക്കുന്നയാൾ അകത്തേക്ക്‌ വരുന്നു. കൂടെ നേരത്തെ കണ്ട സ്‌ത്രീയും. സാരിയാണ്‌ വേഷം, സ്ലീവ്‌ലെസ്‌ ബ്ലൗസ്‌)

ആൾ ഃ ഈശോ മിശിഹാക്കു സ്‌തുതിയായിരിക്കട്ടെ.

(അപ്പന്റെയടുത്ത്‌ കുനിയുന്നു. അപ്പൻ കുരിശു വരച്ച്‌ ചുംബിക്കുന്നു. അമ്മയുടെ അടുത്തേക്ക്‌ ചെല്ലുന്നു. കുരിശു വരച്ച്‌ കെട്ടിപ്പിടിച്ച്‌ ചുംബിക്കുന്നു) അമ്മ വല്ലാതെ പനിക്കുന്നുണ്ടല്ലേ. മരുന്ന്‌ വാങ്ങിച്ചില്ലേ (ആരും ഒന്നും മിണ്ടുന്നില്ല).

സ്‌ത്രീ ഃ ഓ….. ഇപ്പോൾ നാട്ടിൽ എല്ലാവർക്കും പനിയാ അത്‌ രണ്ട്‌ ദിവസം കഴിയുമ്പോൾ മാറും.

കന്യാസ്‌ത്രീ ഃ ചേട്ടാ കഞ്ഞിയെടുക്കട്ടെ, ചേച്ചി?

സ്‌ത്രീ ഃ ഓ………….. വേണ്ട.

ആൾ ഃ ഞങ്ങൾ ഹോട്ടലിൽ നിന്നും കഴിച്ചിട്ടാണ്‌ വന്നത്‌. നീ എപ്പോൾ വന്നു? ബസ്‌ സ്‌റ്റോപ്പിന്റെ അടുത്തല്ലേ ഞങ്ങളുടെ വീട്‌ അവിടെ കയറിയിട്ട്‌ പോരാരുന്നല്ലോ?

സ്‌ത്രീ ഃ വലിയ ആളായി പോയില്ലേ, അവൾക്ക്‌ നമ്മളെ ബഹുമാനിക്കാൻ പറ്റുമോ?

കന്യാസ്‌ത്രീ ഃ (ഒന്നും മിണ്ടാതെ നില്‌ക്കുന്നു. അപ്പൻ തലയും കുമ്പിട്ടിരിക്കുന്നു. അല്‌പസമയത്തിനു ശേഷം) ഈ വീട്ടിൽ ഉള്ളവർ ഒരിക്കലും അതു ചെയ്യില്ല. നിങ്ങൾ രണ്ടുപേരും ഞങ്ങൾക്ക്‌ അപ്പനും അമ്മയും ആണെന്നാണ്‌ ഇവര്‌ ഞങ്ങളെ പഠിപ്പിച്ചത്‌. അത്‌ മറന്ന്‌ ഞങ്ങൾ ഒരിക്കലും ഒന്നും പ്രവർത്തിക്കില്ല. (സ്വരം ഇടറുന്നു)

ആൾ ഃ നീ അവളെ വിഷമിപ്പിക്കാതെ. അമ്മയെ എന്തേ ഡോക്‌ടറെ കാണിച്ചില്ലാ?

കന്യാസ്‌ത്രീ ഃ കൊണ്ടുപോയില്ല. അത്രതന്നെ (അകത്തേയ്‌ക്ക്‌ നടന്നു പോകുമ്പോൾ). ഇവിടെ കാശ്‌ കെട്ട ​‍ിവച്ചിരിക്കുകയല്ലേ.

ആൾ ; അമ്മേ, ഈ വീടൊക്കെ ഒന്നു ശരിയാക്കണം. അപ്പൻ നാളെ ആ മേശിരിയെ എന്നെ കാണാൻ പറയൂ.

അപ്പൻ ഃ ഉവ്വ്‌

ആൾ ഃ ഇന്ന്‌ ഞാൻ ഇലക്‌ട്രിസിറ്റി ഓഫീസിൽ പോയിരുന്നു. ഇവിടെ കറന്റ്‌ കണക്‌ഷന്‌ വേണ്ടി അപേക്ഷിക്കാൻ.. നാളെ അവര്‌ ഇവിടെ വരും. (അമ്മയുടെ മുഖം സന്തോഷംകൊണ്ട്‌ വിടരുന്നു. കന്യാസ്‌ത്രീയും അടുത്ത്‌ പുഞ്ചിരിച്ചു കൊണ്ട്‌ നില്‌ക്കുന്നു.) രണ്ടാമത്തെയാളുടെ കല്യാണക്കാര്യം. ഒരെണ്ണം ശരിയായിട്ടുണ്ട്‌. അപ്പനുമായി ഒന്ന്‌ ചർച്ച ചെയ്യണം. അവർക്ക്‌ ഇഷ്‌ടപ്പെട്ടാൽ നമുക്ക്‌ നടത്താം. അപ്പൻ നാളെ അങ്ങോട്ട്‌ ഒന്ന്‌ വാ കുഞ്ഞാസ്‌ രണ്ടും എവിടെ?

അമ്മ ഃ അവര്‌ ഉറക്കമായി. നാളെ പരീക്ഷയാണ്‌. രണ്ടാമത്തെവളും മൂന്നാമത്തവളും ഇവിടെയില്ല. മൂത്തവളുടെ വീട്ടിൽ പോയി. അവിടെ പള്ളിപ്പെരുന്നാളാ. നാളെ ഇവളും പോകും. ഇന്നു പോകും എന്നാ പറഞ്ഞത്‌. എന്റെ പനി കണ്ടപ്പം. അങ്ങ്‌ മടിച്ചു. അവിടേയ്‌ക്ക്‌ വിളിച്ച്‌ പറഞ്ഞിട്ടില്ല.

ആൾ ഃ ഞാൻ വിളിച്ചു പറയാം. ഇവിടെ എത്ര ലൈറ്റ്‌ ഇടേണ്ടി വരുമെന്ന്‌ നോക്കണ്ടേ (അകത്തേക്ക്‌ പോകുന്നു, കൂടെ നേരത്തെ കണ്ട സ്‌ത്രീയും)

അമ്മ ഃ ഞാൻ പറഞ്ഞില്ലേ, അവന്‌ നമ്മയൊക്കെ കാര്യമാ. എല്ലാം മനസ്സിൽ കരുതി ചെയ്‌തോളും. ദൈവം കനിഞ്ഞുതന്ന സന്താനമാ അവൻ. നാളെ ഇയാൾ അങ്ങ്‌ ചെല്ല്‌. എല്ലാം ഉറച്ചാല്‌ അവൻ തിരിച്ചുപോകുന്നതിന്‌ മുമ്പെ രണ്ടാമത്തെവളെ ഇറക്കാം. ഈ വീടിന്റെ പണിയൊക്കെ അങ്ങ്‌ നില്‌ക്കട്ടെ.

അപ്പൻ ഃ ഉം…

അമ്മ ഃ അവൻ നേരത്തെ പറഞ്ഞതാ അവന്റെ വീട്ടിൽ പോയി താമസിക്കാൻ ഇയാളാ അതിന്‌ സമ്മതിക്ക ​‍ാതെ

അപ്പൻ ഃ അതിന്റെ ആവശ്യമൊന്നുമില്ല.

അമ്മ ഃ ഇനിയിപ്പോൾ ഇവിടെ കറന്റ്‌ വന്നാൽ പിന്നെ ഒരു പ്രശ്‌നവുമില്ല. വീടൊന്നു വെള്ളയടിച്ച്‌ കിട്ടിയാൽ മതി, ഇപ്പോൾ. നാളെ ഇയാള്‌ അവനോട്‌ അതങ്ങ്‌ പറ.

(പെട്ടെന്ന്‌ അകത്ത്‌ നിന്നും ഒരു കരച്ചിൽ, ഉയർന്ന സ്വരത്തിൽ സംസാരം)

സ്‌ത്രീ ഃ ഞാൻ പറഞ്ഞാൽ ഇവിടെ ആര്‌ കേൾക്കാനാ. ഈ വീട്ടിലുള്ളവരെ ചുട്ടു കരിക്കാനാണ്‌ നോക്കുന്നത്‌. ഈ വീട്ടിൽ കറന്റ്‌ ഇട്ടാൽ ഷോക്കടിച്ച്‌ ഇവരെല്ലാം ചാകും. ഇയാൾക്ക്‌ (ഭാന്താ. ഇയാളുടെ അപ്പനും അമ്മയ്‌ക്കും തിന്നാൻ മാത്രമെ അറിയുള്ളു. ചെമ്പും തൂക്കിയിരിക്കുന്ന പെൺമക്കളാ. ഒരു തുണ്ട്‌ സ്വർണ്ണമുണ്ടോ? വന്നിരിക്കുന്നു പൊന്നാങ്ങള പെങ്ങന്മാരെ കെട്ടിക്കാൻ. എന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ സമ്മതിക്കില്ല മനുഷ്യാ. എനിക്കും പെൺമക്കളാ പണം നശിപ്പിക്കാൻ ഞാൻ അനുവദിക്കില്ല.

അമ്മ ഃ എന്താ മോളെ അവിടെ ഒരു ഒച്ച. (അപ്പനും അകത്തേക്ക്‌ പോകുന്നു)

കന്യാസ്‌ത്രീ ഃ ഒന്നും നടക്കില്ല. ഞാൻ ഉറങ്ങാൻ പോകുന്നു. (ആൾ പുറത്തേക്ക്‌ വരുന്നു കൂടെ സ്‌ത്രീയും)

ആൾ ഃ അതേടി, എനിക്ക്‌ ഭാന്ത്രാ.

സ്‌ത്രീ ഃ ഇത്‌ കണ്ടാ ഈ കുതിർന്നിരിക്കുന്ന മതിലിൽ കറന്റ്‌ ഇട്ടാൽ ഇവിടെയുള്ളവർ ഷോക്കടിച്ചു മരിക്കും. ഇവിടെ കറന്റ്‌ വേണ്ടാ. വീട്‌ പുതുക്കി പണിതിട്ട്‌ മതി. വെറുതെ ചെലവ്‌ എത്രാവർത്തി പറഞ്ഞാലും ഇയാൾക്ക്‌ മനസ്സിലാകില്ല.

(അപ്പൻ വരുന്നു)

ആൾ ഃ അവളതൊക്കെ പറയും. അപ്പൻ നാളെ അവിടെ വാ നമുക്ക്‌ ഒരുമിച്ച്‌ ചെറുക്കന്റെ വീടു വരെ പോകാം.

അപ്പൻ ഃ ശരി മകനെ (അവൻ ഇറങ്ങുന്നു. കാർ നീങ്ങുന്ന ശബ്‌ദം)

Generated from archived content: drama1_jan28_09.html Author: dr_sr.vinitha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English