ഇതു ജീവിതം

(അതേ ഭവനം വിളക്ക്‌ വച്ച്‌ പ്രാർത്ഥിക്കുന്നു അമ്മ. കുട്ടികളും വന്ന്‌ പ്രാർത്ഥിക്കുന്നു സ്‌തുതി പാടുന്നു).

കുട്ടികൾ ഃ അമ്മേ അപ്പൻ വന്നില്ലേ. രാവിലെ പോയതല്ലേ?

അമ്മ ഃ ആ….. വരും ഒരു നല്ല കാര്യത്തിന്‌ പോയതല്ലേ എല്ലാം തീരുമാനച്ചിട്ടല്ലേ വരുകയുള്ളു.

കുട്ടികൾ ഃ അമ്മേ, അമ്മ പറഞ്ഞില്ലേ ഇന്ന്‌ കറന്റിടാൻ ആൾക്കാര്‌ വരുമെന്ന്‌. ഇപ്പോൾ വരെയും വന്നില്ലല്ലോ അവര്‌.

അമ്മ ഃ ഇന്ന്‌ അവർക്ക്‌ തെരക്കായിരിക്കും. നാളെ വരും. (പെൺമക്കൾ രണ്ടും വന്ന്‌ കേറുന്നു. ഒരാൾ സാരി, മറ്റേയാൾ ഹാഫ്‌ സാരി). ആ നിങ്ങൾ വന്നോ? എന്താ ഇത്ര വൈകിയേ…..

പെൺമക്കൾ ഃ ബസ്‌ കിട്ടിയില്ലമ്മേ. ദേ നിങ്ങൾക്ക്‌ രണ്ടുപേർക്കും ചേട്ടൻ തന്നതാ (രണ്ട്‌ ടീ ഷർട്ട്‌). അവർ മോളുമായിട്ട്‌ ഇവിടെ വരാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.

കുട്ടികൾ ഃ ഹായ്‌ കൊള്ളാം

മൂത്തവൾ ഃ അത്‌ നിങ്ങൾക്ക്‌ പിറന്നാൾ സമ്മാനമാണ്‌.

കുട്ടികൾ ഃ അമ്മ ഞങ്ങൾക്ക്‌ പായസം വെച്ച്‌ തരണം

മൂത്തവർ ഃ പോടാ, ഇവിടെ കഞ്ഞിക്ക്‌ വകയില്ല. പിന്നെയാ പായസം (കരയുന്നു)

അമ്മ ഃ കരയേണ്ട മക്കളെ നമ്മുടെ കഷ്‌ടകാലം എല്ലാം തീരും. നിങ്ങക്ക്‌ തങ്കംപോലത്തെ ഒരു ചേട്ടനില്ലേ.

കുട്ടികൾ ഃ ചേച്ചി, ചേച്ചി നമ്മുടെ വീട്ടിൽ കറന്റിടാൻ പോവുകയാ. നാളെ അവര്‌ വരും.

(പരീക്ഷീണിതനായി അപ്പൻ വന്ന്‌ കയറുന്നു. ചാരുകസേരയിലേക്ക്‌ മറിയുന്നു.)

അപ്പൻ ഃ മോളെ അപ്പന്‌ ഒരു ഗ്ലാസ്‌ വെള്ളം.

അമ്മ ഃ അയ്യോ! ഇയാൾക്ക്‌ എന്നാ പറ്റി. ആകെ വിയർക്കുന്നല്ലോ? (വീശുന്നു).

(മകൾ അപ്പന്‌ വെള്ളവുമായി വരുന്നു. അപ്പൻ അത്‌ വാങ്ങി കുടിക്കുന്നു. എന്നിട്ട്‌ കണ്ണുമടച്ച്‌ കിടക്കുന്നു).

അമ്മ ഃ കുട്ടികളെ നിങ്ങൾ പോയി കൊന്ത തുടരൂ. അമ്മ ഇപ്പോൾ വരാം. (കുട്ടികൾ എല്ലാം പോകുന്നു)

അപ്പൻ ഃ ഹാ അവരൊക്കെ പോയോ?

അമ്മ ഃ ഉം…… പോയ കാര്യം എങ്ങനെയായി?

അപ്പൻ ഃ ഒന്നുമായില്ല

അമ്മ ഃ എന്താ? അവർക്ക്‌ ഇഷ്‌ടപ്പെട്ടില്ലേ?

അപ്പൻ ഃ അതിന്‌ അവിടെ വരെ പോയാലല്ലേ അറിയൂ.

അമ്മ ഃ അപ്പോ പോയില്ലേ?

അപ്പൻ ഃ അവൾ ആത്‌മഹത്യ ചെയ്യുമെന്ന്‌ പറഞ്ഞു

അമ്മ ഃ ആര്‌?

അപ്പൻ ഃ മരുമോള്‌

അമ്മ ഃ എന്തേ?

അപ്പൻ ഃ ആദ്യം അവളുടെ അനുജത്തിയുടെ കല്യാണം നടത്തണം. പിന്നീട്‌ ഈ സ്‌ഥലവും വീടും അവളുടെ പേരിൽ എഴുതി കൊടുക്കണം എന്നാൽ മാത്രമെ നമ്മുടെ മക്കളെ കെട്ടിക്കാൻ പാടുള്ളു. അതെഴുതി കൊടുത്താൽ നാളെ നമ്മൾ എവിടെ പോകും.?

അമ്മ ഃ പാവം എന്റെ മകൻ. അവൻ ഒത്തിരി കഷ്‌ടപ്പെടുന്നു. സാരമില്ല. നമുക്ക്‌ നമ്മുടെ കഷ്‌ടപ്പാട്‌ മതി. അവൻ സന്തോഷമായിരിക്കട്ടെ.

അപ്പൻ ഃ അതേ, അത്‌ പറഞ്ഞ്‌ നമുക്ക്‌ ആശ്വസിക്കാം. മക്കളെയും മാമ്പൂക്കളേയും കണ്ട്‌ മോഹിക്കരുത്‌ എന്ന്‌ പണ്ടാരാണ്ട്‌ പറഞ്ഞിട്ടുണ്ട്‌.

മകൾ ഃ (അകത്ത്‌ നിന്ന്‌) ഓ……. ഈ മണ്ണെണ്ണ വിളക്ക്‌ നാളെ നമുക്ക്‌ കറന്റ്‌ വരുമ്പോൾ ഇതൊക്കെ നമ്മൾ എന്ത്‌ ചെയ്യും?

(മൂന്നാമത്തെ പുത്രി വിളക്കുമായി വരുന്നു)

അപ്പൻ ഃ അതെ മകളെ നമ്മൾ എന്ത്‌ ചെയ്യും?

അവസാനിച്ചു.

Generated from archived content: drama1_feb20_09.html Author: dr_sr.vinitha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here