ആയൂര്‍വേദവും ഔഷധസസ്യകൃഷിയും

ഇന്ന് കേരളത്തിലും കേരളത്തിനു പുറത്തുമായി നിരവധി ആയൂര്‍വേദ ആശുപത്രികളും ചികിത്സാലയങ്ങളും ഉയര്‍ന്നു വരുന്നു. വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയോടൊപ്പം തന്നെ ആരോഗ്യമേഖലയിലും പുത്തന്‍ ഉണര്‍വുകള്‍ പ്രകടമാകുന്നു ആയൂര്‍വേദ ചികിത്സ തേടി സ്വദേശത്തു നിന്നും വിദേശത്തു നിന്നും നിരവധി ആളുകള്‍ നമ്മുടെ നാട്ടിലെത്തുന്നു. ഇതെല്ലാം ആയൂര്‍വേദ ചികിത്സയുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്നു. ആയൂര്‍വേദ ചികിത്സയും ഔഷധ നിര്‍മ്മാണവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആയൂര്‍വേദ ഔഷധങ്ങളുടെ പ്രധാന ചേരുവകയും അസംസ്കൃത വസ്തുവുമായ ഔഷധ സസ്യങ്ങളുടെ ഉല്‍പ്പാദനവും ലഭ്യതയും എത്ര കണ്ട് വര്‍ദ്ധിച്ചു എന്നതില്‍ സംശയമുണ്ട്. ഇക്കാര്യത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കപ്പെടുന്നുണ്ടോ എന്നതും ചിന്തനീയം തന്നെ. ഇന്ന് വിപണിയില്‍ ലഭിക്കുന്ന എല്ലാ ആയൂര്‍വേദ ഔഷധങ്ങളും ഉള്‍ക്കൊള്ളുന്നത് സസ്യജന്യമായ മൂലകങ്ങള്‍‍ തന്നെയാണൊ? അതോ മറ്റെന്തെങ്കിലും വസ്തുക്കള്‍ ഈ പേരില്‍ ചേര്‍ക്കപ്പെടുന്നുണ്ടോ? മുന്‍ കാലങ്ങളില്‍ ആയൂര്‍വേദ ചികിത്സയും രോഗീപരിപാലനവും നടത്തിയിരുന്നത് ശാന്തവും ശാലീനവും കണ്ണിനും മനസ്സിനും കുളിര്‍മ പകരുന്ന പ്രകൃതിയും , ആവോളം ശുദ്ധവായുവുമായിരുന്നു. മാത്രമല്ല ഇവിടെയൊക്കെ മുറ്റത്തും പറമ്പിലുമെല്ലാം ധാരാളം ഔഷധ സസ്യങ്ങളും കാണാമായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍‍ ആയുര്‍വേദ ചികിത്സയും കച്ചവടമായപ്പോള്‍‍ രീതികള്‍‍ പലതും മാറി. വ്യാപാര സമുച്ചയങ്ങളിലും സഞ്ചാരികളുടെ വിശ്രമകേന്ദ്രങ്ങളിലും ഫ്ലാറ്റുകളിലും ആയൂര്‍വേദ ചികിത്സാലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍‍ തുമ്പയും തുളസിയുമെല്ലാം പ്ലാസ്റ്റിക് ചെടിക്കു വഴി മാറി കൊടുത്തു. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ശുദ്ധ വായു പോലും ലഭിക്കാത്ത രീതിയില്‍ ചികിത്സാരംഗത്തും അപജയം സംഭവിക്കുന്നു. ഇത്തരം ആശുപത്രികളും ഔഷധ പരിപാലനത്തിനു യാതൊരു പരിഗണനയും നല്‍കുന്നില്ല എന്നതും വളരെ വേദനാജനകമാണ്. ഔഷധ സസ്യങ്ങളുടെ ചിത്രം വരച്ചതുകൊണ്ട് വരും തലമുറയ്ക്ക് എന്ത് പരിജ്ഞാനമാണ് സംലഭ്യമാകുക.

മുന്‍ കാലങ്ങളില്‍ നാട്ടിന്‍ പുറത്തു നിന്നും വനത്തില്‍ നിന്നുമൊക്കെയായിരുന്നു ഔഷധ സസ്യങ്ങള്‍ വ്യാപകമായി ശേഖരിച്ചിരുന്നത്. എന്നാല്‍ ലക്കും ലഗാനുമില്ലാത്ത വനനശീകരണവും കൃഷിയിടങ്ങള്‍ വ്യാപകമായി മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കാന്‍ തുടങ്ങിയതും കൃഷിയിടങ്ങളിലെ രൂക്ഷമായ രാസവളപ്രയോഗവും വഴി ഔഷധ സസ്യങ്ങള്‍ നാമാവശേഷമായി. തുമ്പയും തുളസിയും തൊട്ടാവാടിയും കുറുന്തോട്ടിയും തുടങ്ങി ഔഷധ സസ്യങ്ങളൊന്നും തന്നെ തൊടിയിലും തോട്ടങ്ങളിലും കാണാതായി. മാത്രമല്ല നിരവധി ഔഷധ സസ്യങ്ങള്‍ വംശനാശ ഭീക്ഷണി നേരിടുന്നു. വനമൂലികകളും ഔഷധ സസ്യങ്ങളും ശേഖരിക്കുക എന്നത് ആദിവാസികളുടെ പ്രധാന വരുമാന മാര്‍ഗമായിരുന്നു ഇന്ന് അതും അന്യമായി. ഈയൊരവസ്ഥയില്‍ വിപണിയില്‍ പെരുകുന്ന മരുന്നുകള്‍ അവകാശപ്പെടുന്നതു പോലെ ഇതിലെല്ലാം അടങ്ങിയിരിക്കുന്നത് ഔഷധ സസ്യങ്ങളില്‍ നിന്നുള്ള ചേരുവകകളും മൂലകങ്ങളും തന്നെയാണോ എന്ന സംശയം സ്വാഭാവികം മാത്രം.

കേരളത്തിലെ കാര്‍ഷിക മേഖല ഇന്നനുഭവിക്കുന്ന വിലത്തകര്‍ച്ചയും വിളവുകളുടെ ലഭ്യതക്കുറവും ഒന്നു വിശകലനം ചെയ്താല്‍ ഒരു മാറ്റത്തിനു തയാറായി പരമ്പരാഗത കൃഷി രീതികളോടൊപ്പം ഒരു ഇടവിളയോ അല്ലെങ്കില്‍ വര്‍ദ്ധിച്ച അളവില്‍ തന്നെയോ ഔഷധ കൃഷിയിലേക്ക് തിരിയാന്‍ കര്‍ഷകര്‍ തായ്യാറായാല്‍ മെച്ചപ്പെട്ട സ്ഥിരവരുമാനം ലഭിക്കും എന്നത് തര്‍ക്കമറ്റ സംഗതിയാണ്. കാരണം അയ്യായിരത്തിലധികം വര്‍ഷം പഴക്കവും പാരമ്പര്യമുള്ളതും ഭാരതത്തിന്റെ പൈതൃകവുമായി ഇഴുകിച്ചേര്‍ന്നതുമായ ആയൂര്‍വേദവും ആയൂര്‍വേദ ചികിത്സയും സ്വദേശത്തും വിദേശത്തും കൂടുതല്‍ സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ഗുണമേന്മയുള്ള ഔഷധ നിര്‍മ്മാണം കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നു.

വയനാട്ടില്‍ നിന്നും മൈസൂരിലേക്കു യാത്ര ചെയ്യുമ്പോള്‍ സമാനമായൊരു ചിന്തയാണ് കാണാന്‍ കഴിയുക. ഇവിടെ കര്‍ഷകര്‍ പച്ചക്കറികള്‍ സൂര്യകാന്തി ജമന്തിച്ചെടി കടുക് കരിമ്പ് മാമ്പഴം പപ്പായ വിവിധയിനം പൂക്കള്‍ തുടങ്ങി കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് കൃഷി ചെയ്യുകയും വിപണിയിലെത്തിക്കുകയും ചെയ്യുന്നു . ഓരോ തവണ യാത്ര ചെയ്യുമ്പോഴും വിവിധങ്ങളായ വിളകളാണ് ഇപ്രകാരം കാണാന്‍ കഴിയുക. മലയാളികളുടെ അടുക്കളയിലേക്കുള്ള പച്ചക്കറിയും ഓണക്കാലത്ത് പൂക്കളമിടാനുള്ള പൂക്കളും എന്തിനേറെ മലയാളി മങ്കമാര്‍ക്ക് തലയില്‍ ചൂടാനുള്ള മുല്ലയും അടക്കം കറിവേപ്പിലയും പച്ചമുളകും വരെ അയല്‍‍ സംസ്ഥാനങ്ങളില്‍ വിളയിച്ച് നമ്മുടെ നാട്ടില്‍ വിപണം ചെയ്ത് അവര്‍ പണമുണ്ടാക്കുന്നു.

ഇവിടെയാണ് നമ്മുടെ കാര്‍ഷിക മേഖലയില്‍ ഒരു പുനര്‍ വിചിന്തനം ഉണ്ടാകേണ്ടത്. ആയൂര്‍വേദ മേഖല വികസിക്കുകയാണ്. അതിനനുസരിച്ച് നിര്‍മ്മാണത്തിനു ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ജൈവകൃഷി രീതിയില്‍ ഇവ ഉത്പാദിപ്പിക്കുകയാണെങ്കില്‍ ഗുണമേന്മയേറിയ ആയൂര്‍വേദ ഔഷധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇത് ഏറെ സഹായകമാകും. പ്രകൃതിയുടെ പച്ചപ്പ് വര്‍ദ്ധിക്കാനും അമിതമായ രാസവളപ്രയോഗം മൂലം കൃഷി ഭൂമിയിലുണ്ടായ ദോഷ ഫലങ്ങള്‍ പരിഹരിക്കാനും അതുവഴി കൃഷിയിടം കൂടുതല്‍ ഫലഭൂയിഷ്ടമാകാനും സഹായകമാകും. പ്രകൃതിയില്‍ നിന്നും നമുക്ക് നഷ്ടപ്പെട്ടു പോയ ഔഷധ മൂല്യമുള്ള ശുദ്ധ വായുവും കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന തുമ്പിയും ചിത്ര ശലഭങ്ങളും പൂമ്പാറ്റയുമെല്ലാം വീണ്ടും പാറിപ്പറന്നു നടക്കുന്നത് വരും തലമുറയ്ക്കു കാണാനും ആസ്വദിക്കാനും ഇടയാവുകയും ചെയ്യും. ഒപ്പം കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സ്ഥിരവരുമാനവും.

അമിത്മായ രാസവളപ്രയോഗവും കീടനാശികളുടെ ദുരുപയോഗവും കാരണമാണ് ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ മാനവരാശിയെ കാര്‍ന്നു തിന്നുന്നത്. ഇതിനൊരു പരിഹാരമാകണമെങ്കില്‍ ജൈവകൃഷി പുനസ്ഥാപിക്കപ്പെടുകയും ജീവിത ശൈലിയില്‍ ഒരു മാറ്റമുണ്ടാവുകയും വേണം. ഈ നില ഇതു പോലെ തുടര്‍ന്നാല്‍ വരും തലമുറക്ക് ആരോഗ്യ പൂര്‍ണ്ണമായ ഒരു ജീവിതം കണികാണാന്‍ പോലും കിട്ടില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം. ഇവിടെയാണ് ആയൂര്‍വേദത്തിന്റെയും ഔഷധ സസ്യങ്ങളുടേയും ജൈവകൃഷിയുടേയും പ്രസ്ക്തി വര്‍ദ്ധിക്കുന്നതും.

കൃഷി വകുപ്പുമായി സഹകരിച്ച് ഇതിനാവശ്യമായ ബോധ വത്ക്കരണ പരിപാടികള്‍ നടത്താന്‍ പ്രാദേശിക തലത്തില്‍ ആയൂര്‍വേദ ഡോക്ടര്‍മാരുടെ കൂട്ടായ്മകള്‍ താത്പര്യമെടുത്താല്‍ അത് ഏറെ ഉചിതമായിരിക്കും. സമീപഭാവിയില്‍ ഇതിന്റെ സത്ഫലങ്ങള്‍ നമുക്ക് ദൃശ്യമാകും. ഔഷധ സസ്യകൃഷി വ്യാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറുകള്‍ നിരവധി പദ്ധതികളിലൂടെ കോടിക്കണക്കിനു രൂപയാണ് മാറ്റി വയ്ക്കുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് ഇതേപറ്റി വേണ്ടത്ര അറിവിലാത്തതിനാല്‍ വര്‍ഷം തോറും ഈ തുകയുടെ സിംഹഭാഗവും പാഴായി പോകുന്നു. കുടുംബശ്രീ , കൃഷിവകുപ്പ് , പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന പോലുള്ള പദ്ധതികള്‍ വഴി ഔഷധസസ്യ കൃഷി വ്യാപകമാക്കാന്‍ ഏറെ സഹാ‍യകമാണ്.

വായന കളരിയിലൂടെയും നാട്ടറിവുകള്‍ പങ്കു വച്ചും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രകൃതിയോടും കൃഷിയോടും ആഭിമുഖ്യം വളര്‍ത്തുന്ന രീതി യില്‍ പത്രമാധ്യമങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍‍ ശാഘനീയമാണ്. വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ബോധവത്ക്കരണ പദ്ധതിയുടെ ഭാഗമായി കുറെയേറെ വിദ്യാലയങ്ങളില്‍ ഔധധ സസ്യോദ്യാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞു എന്നത് ഏറെ അഭിനന്ദാര്‍ഹമാണ്. കുട്ടികളിലൂടെ ഔഷധസസ്യ കൃഷിയുടെ പ്രാധാന്യം മാതാപിതാക്കളിലേക്ക് എത്തിക്കാനും തങ്ങളുടെ പുരയിടത്തില്‍ ലഭ്യമായ സ്ഥലത്ത് സ്ഥിരവരുമാനം തരുന്ന ഔഷധ സസ്യങ്ങള്‍‍ നട്ടുവളര്‍ത്താന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും ഭാവിയില്‍ ഏറെ പ്രയോജനമാകും. പ്രകൃതി സംരക്ഷണത്തിനും ജൈവ കൃഷി പ്രോത്സാഹനത്തിനും ആയൂര്‍വേദ മേഖലയുടെ വ‍ളര്‍ച്ചക്കും വേണ്ടി പത്ര മാധ്യമങ്ങള്‍ നല്‍കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

Generated from archived content: essay1_dec2_13.html Author: dr_soumya_t_anto

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English