ഭൂപടം നിവരുമ്പോൾ

ഭൂപടം നിവരുമ്പോൾ റോസിക്കുട്ടി ഒരു തുണിക്കടയിലെ തിരക്കിലാണ്‌. ഒരു കല്യാണത്തിനുള്ള ആളുകളുണ്ട്‌ ചുറ്റിലും ഉന്തും തള്ളുമേറ്റ്‌ റോസിക്കുട്ടിക്ക്‌ കലികയറി.

“എന്തോന്നാണിതെന്റീശോയേ. വഴി നീളെ തുണിയില്ലാത്ത പെണ്ണുങ്ങടെ പടങ്ങളാ. സിനിമേലും ടീവിലുമാണേൽ പറയാനുമില്ല! ഇതൊന്നും പോരാഞ്ഞിട്ടു കക്കൂസിലും കുളിമുറീലും ഒളിക്യാമറ! പെണ്ണുങ്ങളെ തുണിയില്ലാതെ കാണുന്നതാ എല്ലാവർക്കുമിഷ്‌ടം. എന്നിട്ടും എന്തൊരു തെരക്കാ തുണിക്കടേൽ. ആരെ ചുറ്റിക്കാണിക്കാനാ ഈ തുണിയെല്ലാം കെട്ടിപൊതിഞ്ഞോണ്ടു പോണത്‌! അതും തീ വെലകൊടുത്ത്‌! ഇതാ ഈ പെണ്ണുങ്ങക്ക്‌ ബുദ്ധിയില്ലാന്ന്‌ പറയുന്നത്‌. ആവശ്യം അറിഞ്ഞു ചെലവാക്കണം.

ഇങ്ങനെ ആത്മഗതം നടത്തിക്കൊണ്ട്‌ തിരക്കിനിടയിൽ നുഴഞ്ഞുകയറുമ്പോഴാണ്‌ റോസിക്കുട്ടി അയാളെ കണ്ടത്‌. ഒരു കോലാപ്പി പെണ്ണിന്റെ മൂടും താങ്ങി ചുരിദാർ സെക്‌ഷനിൽ നിന്നും ഇറങ്ങി വരുന്നു. അയാടെ ചന്തം ലേശം കൂടീട്ടൊള്ളതെല്ലാതെ കുറഞ്ഞിട്ടില്ല. റോസിക്കുട്ടീടെ നെഞ്ചകം ഒന്നു കാളി.

‘ഈശോമറിയം ഔസേപ്പേ…. ഇയാളെയാണല്ലോ വെറും ഒന്നരലക്ഷത്തിന്റെ കൊറവുകൊണ്ട്‌ എനിക്ക്‌ കൈമോശം വന്നത്‌! പരസ്‌പരം കണ്ടിഷ്‌ടപ്പെട്ട്‌ ഏതാണ്ടൊറപ്പിച്ച മട്ടിലായതായിരുന്നു. ആ വകയിൽത്തന്നെ എത്ര കണ്ണേറുകളും കള്ളച്ചിരീം നെടു വീർപ്പുകളും നഷ്‌ടമായി! അവന്റെയപ്പൻ ആനച്ചുവടേലൊരു നില്‌പുനിന്നു! തുകയിലൊരു നയാപൈസ കൊറയ്‌ക്കുകേലെന്ന്‌, ഫൂ! നശിച്ച കെളവൻ! അങ്ങനെയാ ആ കച്ചവടം മാറിപ്പോയത്‌. എന്നിട്ടെന്തായി? അവനു കിട്ടിയത്‌ ആ കൊരങ്ങത്തിയെയാണല്ലോ. നന്നായിപ്പോയി! അനുഭവിക്കട്ടെ! ആ നട്ടെല്ലില്ലാത്തോന്റെ കണ്ണിൽപെടാതെ പോട്ടെന്നു പിറുപിറുത്ത്‌ റോസിക്കുട്ടി തിരക്കിലൂടെ ഊളിയിട്ടു.

അതിനെടേൽ കറന്റും പോയി. വിയർത്തൊഴുകി നിൽക്കുമ്പോഴാണ്‌ വീട്ടിലെ മുതലിനെപ്പറ്റി ഓർത്തത്‌. ഒന്നരലക്ഷം കുറച്ചു കിട്ടിയ ചരക്കാണെങ്കിലും ഗുണനിലവാരം തീരെ പോര. മടിയനാണ്‌. എല്ലാക്കാര്യങ്ങളും ഭാര്യയുടെ തലയിലാണ്‌ അതിയാനവിടെക്കിടന്ന്‌ ഓരോന്നുത്തരവിടും എടീ…. അങ്ങോട്ടുപോടീ…. ഇങ്ങോട്ടുപോടീ…. അതു ചെയ്യടീ…. ഇതു ചെയ്യടീ….. ഇയാക്കൊരു പ്രൈവറ്റ്‌ സെക്രട്ടറിയെ നിയമിച്ചാൽപ്പോരായിരുന്നോ? വെറുതെ പെണ്ണുകെട്ടി മനുഷ്യരെ ദ്രോഹിക്കണമായിരുന്നുന്നോ? ഇന്നും ഒരു നൂറുകൂട്ടം കാര്യങ്ങളേല്പിച്ചിട്ടുണ്ട്‌. കറന്റ്‌ബില്ല്‌, ഫോൺ ബില്ല്‌, റേഷൻകട പണ്ടാരമടങ്ങാൻ! കൂടെ വേറൊരു നാണംകെട്ട പണിയും!

”നീ തുണിക്കടേക്കേറുമ്പം എനിക്കൊരു ജോഡി ഷഡ്‌ഢിയും ബനിയനും കൂടെ വാങ്ങിക്കോ“

മുടിഞ്ഞു പോകാനായിട്ട്‌ ഇത്രമടിയുള്ളവർക്ക്‌ അതൊക്കെ ഇടാതെയങ്ങു നടന്നുകൂടേയെന്ന്‌ ചോദിക്കാനാഞ്ഞതാണ്‌. ചെലപ്പം കേറി അനുസരിച്ചു കളയുമെന്ന്‌ തോന്നിയതുകൊണ്ട്‌ മിണ്ടിയില്ല.

റോസിക്കുട്ടി ഇങ്ങനെയോരോന്നു ചിന്തിച്ചു ചിന്തിച്ച്‌ കയറിയുമിറങ്ങിയും സമയം നട്ടുച്ച. ഇനിയുമുണ്ട്‌ കടകൾതാണ്ടാൻ. ഈ സ്‌ഥിതി തുടർന്നാൽ ബോധക്കേടുറപ്പ്‌! അതുകൊണ്ട്‌ ഒരു ഹോട്ടലിൽ കയറാനവളുറച്ചു. ചെന്നുകയറിയപ്പോഴോ, അവിടിരുന്ന ആണുങ്ങളെല്ലാം കൂടെ ’റോസിക്കുട്ടിയേ…. ഇതൊന്തോന്നാടീ‘ എന്നമട്ടിൽ തുറിച്ചു നോക്കാൻ തുടങ്ങി.

’പോകിനെടാ പട്ടികളേ…‘ എന്ന്‌ ആത്‌മഗതം നടത്തിക്കൊണ്ട്‌ റോസിക്കുട്ടി ഒരു മൂലയിൽ ചെന്നിരുന്ന്‌ ഒരു മസാലദോശ തിന്നു. രണ്ടുഗ്ലാസ്‌ വെള്ളം കൂടെ അകത്താക്കി എണീറ്റപ്പോൾ മൂത്രമൊഴിക്കണമെന്നു തോന്നി. ദൈവമേ! ഒളിക്യാമറവഴിയെങ്ങാനും സംഗതി പരസ്യമായാലോ! താൻ മൂത്രമൊഴിക്കുന്നരംഗം ഇന്റർനെറ്റിലൂടെ വരുന്നതോർത്തപ്പോൾ റോസിക്കുട്ടി കിടുങ്ങിപ്പോയി. വരട്ടെ! വീട്ടിലെത്തിയിട്ടുമതി ഈ മാതിരി ധാരാളിത്തമൊക്കെ അവൾ ആശയടക്കി, ’ഗജരാജവിരാജിതമന്ദഗതി‘യിൽ പുറത്തിറങ്ങിപ്പോയി.

ഉച്ചസൂര്യൻ ഭൂപടത്തിനുമുകളിൽ അവളുടെ പോക്കുവരവുകൾ കണ്ണുമിഴിച്ച്‌ നോക്കുന്നുണ്ടായിരുന്നു. കുട നിവർത്തി അവളതിനൊരു മറയിടാൻ ശ്രമിച്ചുനോക്കി. മുഖവും വീർപ്പിച്ചു പാഞ്ഞുപോയ ഒരു ബസിന്റെ ഫൂൽക്കാരത്തിൽ കുട പറന്നുപോയി.

’എന്താ പെങ്ങളേയെന്ന്‌ ഒരു പോലീസുകാരൻ. അയാൾ പെങ്ങളേയെന്നു വിളിച്ചല്ലോ എന്നോർത്ത്‌ റോസിക്കുട്ടി സന്തോഷിച്ചു. പക്ഷേ, ആ വിളിയിൽ ഒരു പുഴുത്ത തെറിയുടെ ഈണവും ഭാവവും ഗന്ധവുമുണ്ടായിലുന്നല്ലോയെന്ന്‌ അടുത്ത നിമിഷം തിരിച്ചറിഞ്ഞ്‌ അവൾ മനസ്സുകൊണ്ട്‌ അയാളെ അറിയാവുന്നതെറി മുഴുവൻ വിളിച്ചു.

കൈയിൽ നിറയെ പലവലുപ്പത്തിലും നിറത്തിലുമുള്ള പായ്‌ക്കറ്റുകളുമായി അവൾ ബസ്‌റ്റോപ്പിലെത്തുമ്പോൾ വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. പൊള്ളുന്ന തൊണ്ടയിലേക്ക്‌ വഴിയരുകിലെകടയിൽ നിന്നും ഒരു നാരങ്ങാവെള്ളം വാങ്ങിയൊഴിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞുവന്നു. അടിവയറ്റിലെ മൂത്രക്കടച്ചിൽ ഒന്നുകൂടെ ശക്തമായി. ചുട്ടുപഴുത്ത കാലടികളിൽ നിന്നും നീരാവി പൊന്തിവന്ന്‌ നെറുകയിൽ തട്ടുന്നതായവൾക്കുതോന്നി. അപ്പോഴവൾക്ക്‌ കഠിനമായ തലവേദന അനുഭവപ്പെട്ടുതുടങ്ങി. വസ്‌ത്രത്തിന്റെ എല്ലാ ജാലകങ്ങളിലൂടെയും പാഞ്ഞുകയറിക്കൊണ്ടിരുന്ന പൊടി പടലങ്ങൾ വിയർപ്പുമായി കുഴഞ്ഞുമറിഞ്ഞ്‌ ശരീരത്തിൽ പലയിടത്തും കുത്തുന്ന ചൊറിച്ചിൽ ഉണ്ടാക്കിക്കൊണ്ടിരുന്നു. വീട്ടിൽ ചെല്ലുമ്പോൾ ചെയ്‌തു തീർക്കാനുള്ള അനേകം ജോലികളെക്കുറിച്ചോർത്തപ്പോൾ വേറെയേതെങ്കിലും വീട്ടിലേയ്‌ക്ക്‌ വഴിതെറ്റിപ്പോകാൻ അവളാഗ്രഹിച്ചു.

എന്നിട്ടും ബസ്സുവന്നപ്പോൾ കൃത്യമായി ബോർഡുവായിച്ചുനോക്കി അവൾ സ്വന്തം വീട്ടിലേക്കുതന്നെ തിരിച്ചു. വീട്ടിലെത്തിയാൽ മൂത്രമൊഴിക്കാമല്ലോയെന്ന ചിന്ത അവളെ സന്തോഷിപ്പിച്ചു.

തിരക്കിനിടയിലേയ്‌ക്ക്‌ ശരീരത്തെ കുത്തിത്തിരുകി വീണുപോകാതെ ബാലൻസു ചെയ്‌തു നിൽക്കുമ്പോൾ റോസിക്കുട്ടിയുടെ പിൻഭാഗം തഴുകിത്തഴുകി ഒരു പഴുതാരക്കൈ ഇഴയുന്നതവളറിഞ്ഞു. കോപത്തെക്കാളേറെ നിസ്സഹായതയോടെ റോസിക്കുട്ടി തിരിഞ്ഞുനോക്കി. തുറിച്ചുനോക്കുന്ന പല മുഖങ്ങളിൽ ആരുടേതാണാ പഴുതാരയെന്നവൾക്കു മനസ്സിലായില്ല. ഏതാണ്ടെല്ലാമുഖങ്ങളിലും ‘ നിനക്കു ഞാൻ പോരേടീ റോസിക്കുട്ടീ’ എന്നൊരു നിശ്ശബ്‌ദവാഗ്‌ദാനം. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്‌ ആവുന്നത്രശക്തിയെടുത്ത്‌ അവൾ അലറി.

”അയ്യോ… ആരോ എന്നെ പീഢിപ്പിക്കുന്നേ… രക്ഷിക്കണേ….“

ഇത്തരമൊരു പ്രതികരണം അന്തസ്സുള്ള ഒരു സ്‌ത്രീയിൽ നിന്നും തീരെ പ്രതീക്ഷിക്കാത്തതുപോലെ ആളുകൾ പെട്ടന്ന്‌ ഒഴിഞ്ഞുമാറി. റോസിക്കുട്ടി കിട്ടിയ അവസരമുപയോഗിച്ച്‌ മുന്നിലേയ്‌ക്ക്‌ ഞെരുങ്ങിക്കയറി. ആളുകൾ അവളെ അവജ്ഞയോടെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. അവളതുകാണാത്തമട്ടിൽ പുറത്തേയ്‌ക്കു നോക്കിനിന്നു.

വീടിന്റെ പടികടന്ന്‌ തിരിഞ്ഞു നോക്കിയപ്പോൾ സൂര്യനെ അവിടെയെങ്ങും കണ്ടില്ല. പാവം റോസിക്കുട്ടി! അവൾക്ക്‌ ദേഷ്യം വന്നു. ഇരുട്ടത്തിനി എന്തെല്ലാം ജോലികളാണ്‌ ചെയ്‌തു തീർക്കേണ്ടത്‌! ആ സങ്കടത്തോടെ കണ്ണുംതുറിച്ച്‌ ആകാശത്തേയ്‌ക്കുനോക്കി കൈയുയർത്തി റോസിക്കുട്ടി ഒരൊറ്റ ശാപം വച്ചുകൊടുത്തു.

”ഈ സൂര്യൻ നാളെ ഉദിക്കാതെ പോകട്ടെ!“

പേടിക്കണ്ട ശാപം ഫലിക്കാനൊന്നും പോകുന്നില്ല. റോസിക്കുട്ടി നമ്മുടെ പുരാണത്തിലെ പഴയ ശീലാവതിയൊന്നുമല്ലല്ലോ. ഈ രാത്രി ഇരുണ്ടുവെളുക്കുമ്പോൾ ഭൂപടങ്ങൾക്കുമേൽ കണ്ണുംതുറിപ്പിച്ച്‌ നമ്മുടെ സ്വന്തം തമ്പുരാൻ ഉണ്ടാവും തീർച്ച…….

Generated from archived content: story_competition15_sep30_10.html Author: dr_silvikkutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here