സെപ്തംബര്‍ 14-ലെ മാതൃഭൂമി ദിനപത്രത്തില്‍ (വിദ്യ) മുഹമ്മദ് സലീംഖാന്റെ ‘ഹമാരാ രാഷ്ട്രഭാഷാ ദിവസ്’ എന്ന തലക്കെട്ടില്‍ ഒരു സചിത്ര ലേഖനമുണ്ട്. അതില്‍ 1949 സെപ്തംബര്‍ 14-ന് ഭരണഘടന സമിതിയില്‍ ഹിന്ദി രാഷ്ട്രത്തിന്റെ ഭരണഭാഷയായി അംഗീകരിച്ചുവെന്നും അതുകൊണ്ടാണ് എല്ലാവര്‍ഷവും സെപ്തംബര്‍ 14-ന് ഹിന്ദി ദിനമായി ആഘോഷിക്കുന്നതെന്നും സൂചിപ്പിച്ചിരിക്കുന്നു. തീര്‍ത്തും സത്യസന്ധമായ പ്രസ്താവമാണിത്. തുടര്‍ന്ന് ഈ ദിനം രാഷ്ട്രഭാഷാ ദിവസ്, രാജ്യഭാഷാദിവസ്, സമ്പര്‍ക്കഭാഷാദിവസ് എന്നീ പേരുകളിലും അറിയപ്പെടുന്നതായി എഴുതിയിട്ടുണ്ട്. രാജ്യഭാഷാ എന്നതിനര്‍ത്ഥം ഔദ്യോഗികഭാഷാ എന്നതാണ്. ഇത്തരത്തില്‍ രാജ്യഭാഷാ എന്ന പ്രയോഗം ശരിതന്നെയാണ്. പക്ഷേ ഹിന്ദി രാഷ്ട്രഭാഷയും സമ്പര്‍ക്കഭാഷയുമാണെന്ന പ്രസ്താവം ഭരണഘടനാപരമായി ശരിയാണോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു. കാരണം 2005 ആഗസ്റ്റ് 4-ന് ഹിന്ദു ദിനപ്പത്രത്തില്‍ Hindi is only official language, not national language എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ലെന്നും , ഇംഗ്ലീഷിനോടൊപ്പം ഉപയോഗിക്കപ്പെടുന്ന ഔദ്യോഗിക ഭാഷ മാത്രമാണെന്നും സൂചിപ്പിച്ചിരിക്കുന്നു. ഒമ്പതാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തില്‍ ഹിന്ദിയെ രാഷ്ട്രഭാഷയായി വിശേഷിപ്പിച്ചത് തെറ്റായിപ്പോയെന്ന NCERTയുടെ കുമ്പസാരവും റിപ്പോര്‍ട്ടിലുണ്ട്. വാസ്തവത്തില്‍ രാഷ്ട്രഭാഷ എന്ന നിലയ്ക്കാണ് ‘ത്രിഭാഷാ പാഠ്യപദ്ധതി’ അംഗീകരിച്ചുകൊണ്ട്, മൂന്നാം ഭാഷയായി ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഈ ഭാഷ പഠിപ്പിക്കുന്നുവെന്നാണ് സാധാരണ ജനങ്ങള്‍ വിശ്വസിക്കുന്നത്. ബഹുഭാഷാ രാഷ്ട്രമായ ഭാരതത്തിന് സ്വന്തമായി ഒരു പൊതുഭാഷ വേണമെന്ന ആവശ്യത്തില്‍നിന്നാണ് കൂടുതല്‍ ജനങ്ങള്‍ സംസാരിക്കുന്നഭാഷ എന്ന നിലയില്‍ ഹിന്ദിക്ക് രാഷ്ട്രഭാഷ പദവി നല്‍കപ്പെട്ടിരിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
രാഷ്ട്രഭാഷ എന്ന നിലയില്‍ ഹിന്ദിയുടെ സ്ഥാനം വിവാദാസ്പദമായിരിക്കുമ്പോള്‍ തന്നെ ഭരണഭാഷ എന്ന നിലയിലും ഹിന്ദിയുടെ അവസ്ഥ ആരോഗ്യകരമല്ല. 1949 ല്‍ ഹിന്ദിയെ ഭരണ ഭാഷയായി അംഗീകരിക്കുമ്പോള്‍ തന്നെ സഹഭരണ ഭാഷാപദവി ഇംഗ്ലീഷിനും നല്‍കിയിരിക്കുന്നു. 1965-ന് ശേഷം ഇംഗ്ലീഷിനെ ഈ പദവിയില്‍നിന്നും ഒഴിവാക്കി ഹിന്ദിക്ക് മാത്രമായി നിജപ്പെടുത്തണമെന്നും വിഭാവനം ചെയ്യപ്പെട്ടിരുന്നു. പക്ഷേ അതിന് മുമ്പ് തന്നെ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണമുയര്‍ത്തിക്കൊണ്ട് തമിഴ്നാട്ടില്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം പടര്‍ന്നു പിടിച്ചു . തന്മൂലം 1963 ല്‍ ഔദ്യൊഗിക ഭാഷാനിയമനം പുനഃപരിശോധനക്ക് വിധേയമാക്കപ്പെട്ടു. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങള്‍ ഹിന്ദിയെ ഭരണഭാഷയായി സര്‍വ്വാത്മനാ അംഗീകരിക്കപ്പെടുന്നവരെ അതിനോടൊപ്പം ഇംഗ്ലീഷും ഭരണഭാഷയായി തുടരുമെന്ന് പ്രഖ്യാപിക്കുന്ന ആക്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുകയും 1976 ല്‍ അത് നിയമമാവുകയും ചെയ്തു. ഇതിലൂടെ അനിശ്ചിതകാലത്തേയ്ക്ക് , ഔദ്യോഗിക ഭാഷ എന്ന നിലയില്‍ ഹിന്ദിയുടെ സ്ഥാനം ഇംഗ്ലീഷിനോടൊപ്പം ഉപയോഗിക്കുന്ന സഹഭാഷയായി ന്യൂനീകരിക്കപ്പെട്ടു. ചുരുക്കത്തില്‍ ഇന്ത്യയുടെ പ്രത്യേകിച്ചും ദക്ഷിണേന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെ വ്യവഹാരഭാഷ അന്നുമിന്നും ഇംഗ്ലീഷ് തന്നെ . നമ്മള്‍ ദക്ഷിണേന്ത്യക്കാര്‍ ഇംഗ്ലീഷിന്റെ അപ്രമാദിത്വം അംഗീകരിക്കുമെങ്കിലും ഗോസായിഭാഷക്ക് രാജകീയ പദവി നല്‍കാന്‍ തയാറായെന്നു വരില്ല. വര്‍ത്തമാനകാല ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ , ലോകഭാഷ എന്ന നിലയില്‍ വളര്‍ന്നു കഴിഞ്ഞ ഇംഗ്ലീഷിനെ ഓരത്ത് നിര്‍ത്തി ഹിന്ദിയെ ഉദ്ധരിക്കാന്‍ ഹിന്ദിക്കാരും തയറാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇംഗ്ലീഷ് ഭാഷക്ക് കൈവന്ന സൗഭാഗ്യങ്ങളുടെ പുറകിലെ വസ്തുതകളോട് മുഖം തിരിക്കാന്‍ ആര്‍ക്കുമാവില്ല തന്നെ. ഇന്നും ഹൈക്ലാസ്സ് ജോലിക്ക് വേണ്ട അനിവാര്യയോഗ്യത ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം തന്നെയാണ്. ഇക്കാര്യം നമ്മുടെ ഭരണക്കാര്‍ നമ്മെ അനുനിമിഷം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതായത് ബ്യൂറോ ക്രാറ്റുകള്‍ കൂടിഉള്‍കൊള്ളുന്ന വരേണ്യവര്‍ഗ്ഗത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം . സാധാരണ ജനങ്ങളില്‍നിന് നിശ്ചിത അകലം നിലനിര്‍ത്താന്‍ മാത്രമല്ല, തങ്ങളുടെ ചെയ്തികള്‍ക്ക് രഹസ്യസ്വഭാവം ഉണ്ടാവണമെന്ന നിര്‍ബ്ബന്ധം കൊണ്ടാണ്, ജനങ്ങളുടെ ഭാഷകളെ മാറ്റിനിറുത്തിക്കൊണ്ട് വ്യാപകമായി ഇംഗ്ലീഷ് ഉപയോഗിക്കപ്പെടുന്നത് . നമ്മുടെ കോടതികളുടെ വ്യവഹാരഭാഷ ഇംഗ്ലീഷായതിന്റെ അടിസ്ഥാനവും ഈ അനീതി തന്നെയാണ്.
നടേ സൂചിപ്പിച്ച ആഗോളീകരനത്തിന്റെ തത്ഫലമായി ഇന്നിപ്പോള്‍ ഇംഗ്ലീഷിന്റെ പ്രയോഗവും അപ്രമാദിത്വവും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി നേടാന്‍ മാത്രമല്ല, നമ്മുടെ നാടിനെ ഉദ്ധരിക്കാനും , എമര്‍ജ് ചെയ്യിക്കാനും വരുന്ന സാമ്പത്തിക ശക്തികളുമായി സംവദിക്കാനുമുള്ള മാധ്യമവും ഇംഗ്ലീഷ് തന്നെയാണ്. ഇതെല്ലാം യാഥാര്‍ത്ഥ്യമായിരിക്കുമ്പോള്‍ തന്നെ നമ്മള്‍ ആഴത്തില്‍ ഉള്‍ക്കൊള്ളേണ്ട ഒരു വസ്തുത ഭാഷ നമ്മുടെ ചിന്തകളേയും വികാരങ്ങളേയും പ്രകടിപ്പിക്കാനും , ഭരിക്കപ്പെടാനുമുള്ള ഉപാധി മാത്രമല്ല, മറിച്ച് സവിശേഷ സാമൂഹ്യ വ്യക്തിത്വത്തിന്റെയും,സംസ്കാരത്തിന്റെയും മാധ്യമം കൂടിയാണ്. മലയാളഭാഷ, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായതുകൊണ്ടാണ് നമ്മള്‍ മലയാളികളായി നില്‍ക്കുന്നത്. ഹിന്ദിക്കാരന്‍ ഹിന്ദിക്കാരനായിരിക്കുന്നതിന്റെ നിദാനവും മറ്റൊന്നല്ല. ഏതൊരു ഭാഷയിലും അത് സംസാരിക്കുന്നവരുടെ സംസ്കാരം കൂടി ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് ; മമ്മി,ഡാഡി എന്ന വാക്കുകള്‍ അച്ഛന്റെയും അമ്മയുടെയും പര്യായം മാത്രമല്ല , അവ പ്രതിനിധീകരിക്കുന്ന സംസ്കാരവും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
നമുക്ക് വീണ്ടും ഔദ്യോഗികഭാഷയായ ഹിന്ദിയിലേക്കും ഹിന്ദി ദിനാഘോഷത്തിലേക്കും തിരിച്ചു വരാം. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ എല്ലാ വര്‍ഷവും സെപ്തംബര്‍ 14-ന് ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യവും ഔദ്യോഗിക ഭാഷ എന്ന നിലയില്‍ അതിന്റെ ഉപയോഗവും വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. പലപ്പോഴും ഇത് രണ്ടാഴ്ചയോളം നീണ്ടുപോകാറുമുണ്ട്. ലക്ഷക്കണക്കിന് രൂപ ചിലവഴിക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ, ഇതിലൂടേ ഭരണകര്‍ത്താക്കളുടെ ഹിന്ദിഭാഷയോടുള്ള പ്രതിബദ്ധതയല്ല, മറിച്ച് അതിന്റെ വികലാംഗാവസ്ഥയാണ് മറനീക്കി പുറത്തു വരുന്നത്.
കടപ്പാട് : മൂല്യശ്രുതി
Generated from archived content: essay1_nov8_12.html Author: dr_shanmukhanpulapata