കേരളം പിറക്കുമ്പോൾ മലയാള പത്രപ്രവർത്തനം നൂറ്റാണ്ട് പിന്നിട്ടിരുന്നു. ഹെർമൻ ഗുണ്ടർട്ട് 1847ൽ ആരംഭിച്ച ‘രാജ്യസമാചാരവും’ ‘പശ്ചിമോദയ’വുമാണ് മലയാള പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഇല്ലിക്കുന്നിലെ കല്ലച്ചിൽ നിന്ന് ഇന്റർനെറ്റിന്റെ മായികലോകത്തേക്കുള്ള അത്ഭുതകരമായ വളർച്ചയിൽ കഴിഞ്ഞ അമ്പതുകൊല്ലത്തെ നാൾവഴി അഭിമാനത്തോടൊപ്പം ആത്മവിമർശനത്തിനും വക നൽകുന്നു.
മലയാളഭാഷയെ ആധുനികവും ജനകീയവുമാക്കുന്നതിൽ പത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. പാതിരി ഭാഷയിൽ നിന്ന് വ്യത്യസ്‌തമായി പരിണമിച്ച പത്രഭാഷ മലയാളത്തിന്റെ ശക്തിയായി. മലയാളഭാഷയ്‌ക്കും മലയാളികൾക്കും ചിരസ്‌മരണീയനായ ഗുണ്ടർട്ട് പ്രോദ്‌ഘാടനം ചെയ്‌ത പത്രപ്രവർത്തനം ഓരോ ഘട്ടത്തിലും മലയാളികൾക്ക് സ്വന്തമായി ഒരിടം കണ്ടെത്താനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറിൽ തമിഴിനു പകരം മലയാളം ഔദ്യോഗികഭാഷയാക്കണമെന്ന് ‘ജ്ഞാനനിക്ഷേപ’ത്തിലൂടെയും ‘വിദ്യാസംഗ്രഹ’ത്തിലൂടെയും ആവശ്യപ്പെട്ട ഗീവർഗീസ് കത്തനാർ തിരുവിതാംകൂർ പത്രങ്ങൾക്കു നൽകിയ പ്രക്ഷോഭവിഷയമാണ് ‘മലയാളി മെമ്മോറിയൽ’ സമരമായി വളർന്നത്. ഭരണകൂടത്തിന്റെ നിരോധനം ഏറ്റുവാങ്ങിയ ആദ്യത്തെ പത്രമായ സന്ദിഷ്‌ടവാദി, കൊച്ചിയിലെ ഇംഗ്ലീഷ് പത്രമായ വെസ്‌റ്റേൺ സ്‌റ്റാർ, ലക്ഷണമൊത്ത ആദ്യമലയുളപത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളമിത്രം, കേരളമിത്രത്തിന്റെ ആദ്യപത്രാധിപരായ കണ്ടത്തിൽ വർഗീസ് മാപ്പിള സമാരംഭിച്ച മലയാള മനോരമ, സി.വി.രാമൻ പിള്ളയുടെ മലയാളി, കുമാരനാശാന്റെ പത്രാധിപത്യത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി തുടങ്ങിയ വിവേകോദയം തുടങ്ങിയ പത്രങ്ങൾ വളർത്തിയെടുത്ത ഐക്യകേരളബോധമാണ് മൂന്നായി മുറിഞ്ഞുകിടന്ന മലയാളക്കരയുടെ ഏകീകരണത്തിന് വഴിയൊരുക്കിയത്. ഏകീകൃതകേരളം സ്വപ്‌നം മാത്രമായിരുന്ന കാലത്ത് തൃശ്‌ശൂരിലാരംഭിച്ച ഒരു പത്രത്തിന് ഗോശ്രീ (കൊച്ചി), മലബാർ, തിരുവിതാംകൂർ എന്നീ പ്രദേശങ്ങളുടെ ആദ്യക്ഷരങ്ങൾ ചേർത്ത് ഗോമതി എന്നാണ് പേരിട്ടത്. സി.വി. കുഞ്ഞുരാമൻ 1911ൽ ആരംഭിച്ച പത്രത്തിന്റെ പേര് കേരള കൗമുദി എന്നുതന്നെയായിരുന്നു. കേരളം എന്ന പേരിൽത്തന്നെ 1866ൽ (കേരളമിത്രത്തിനും മുന്നേ) ഒരു മാസിക ആരംഭിച്ചിരുന്നു.
കേരളം പിറക്കുമ്പോൾ കേരളം മുഴുവൻ വ്യാപനശേഷിയുള്ള പത്രങ്ങൾ ഇല്ലായിരുന്നു. കൈകൊണ്ട് അക്ഷരങ്ങൾ പെറുക്കിവെച്ച് സിലിൻഡർ പ്രസിൽ അടച്ചടിക്കുന്ന കാലം. മനോരമ കോട്ടയം പത്രമായും മാതൃഭൂമി കോഴിക്കോട് പത്രമായും അറിയപ്പെട്ടിരുന്നു. ദീപവും ദീനബന്ധുവും മലബാർ മെയിലുമായിരുന്നു അന്ന് കൊച്ചിയിൽ ഇറങ്ങിയിരുന്ന പത്രങ്ങൾ. കോട്ടയത്തു നിന്ന് മനോരമയും ദീപികയുമെത്തും. ഓരോ പത്രത്തിന്റെയും പ്രാചാരവും സ്വാധീനവും പ്രാദേശികമായി പരിമിതപ്പെട്ടിരുന്നു. 1963ൽ മാതൃഭൂമിയും 1968ൽ ദേശഭിമാനിയും കോഴിക്കോട്ടുനിന്ന് കൊച്ചിയിലെത്തി. 1966ൽ മലയാള മനോരമ കോഴിക്കോട്ടുമെത്തി.
വിവേകാനന്ദശകാരത്തിനു വിധേയമായ അന്ധകാരയുഗത്തിലാണ് കേരളത്തിൽ പത്രപ്രവർത്തനം ആരംഭിക്കുന്നത്. മലയാളികളിൽ ദേശീയതയും സ്വാതന്ത്ര്യബോധവും വളർത്തി സംസ്‌കൃതമായ സമൂഹമായി അവരെ വളർത്തിയെടുക്കുന്നതിൽ നിസ്സാരമല്ലാത്ത പങ്കുവഹിക്കാൻ പത്രങ്ങൾക്ക് കഴിഞ്ഞു. ഏറെ പ്രകീർത്തിതമായ കേരളീയ നവോത്ഥാനത്തിന്റെ പരാമ്യത്തിലാണ് കേരളപ്പിറവിയുടെ പിന്നാലെ കമ്മ്യൂണിസ്‌റ്റ് ഭരണമായിരുന്നുവെന്ന് ഔദ്യോഗികമായി പ്രസ്‌താവിക്കപ്പെട്ടിട്ടുണ്ട്. കമ്യൂണിസത്തെ തകർക്കുന്നതിനുള്ള കരാർ ജോലി കോട്ടയം പത്രങ്ങൾ ഏറ്റെടുത്തു. മനോരമയും ദീപികയും ഡോക്‌ടർ ജോർജ് തോമസിന്റെ കേരളധ്വനിയും കമ്യൂണിസ്‌റ്റ് വിരുദ്ധ പത്രപ്രവർത്തനത്തിന്റെ മുൻനിരയിൽ നിന്നും രഹസ്യമായി അമേരിക്കൻ പണം കമ്യൂണിസ്‌റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിലെത്തിയ കാര്യം പിൽക്കാലത്ത് പരസ്യമാക്കപ്പെട്ടിട്ടുണ്ട്. മൂലധനത്തിന്റെ സ്വഭാവം മാറിയതോടെ മൂല്യബോധത്തിലും വ്യതിയാനമുണ്ടായി. സാങ്കേതികത്തികവും പ്രവർത്തനമികവും പത്രങ്ങൾ കൈവരിക്കാൻ തുടങ്ങിയത് അവിഹിതമായ മാർഗങ്ങളിലൂടെയായതിനാൽ മൂലധനബന്ധിയായ ധാർമികാപചയം പത്രലോകത്തേയ്‌ക്കും വ്യാപിച്ചു. പത്രം ഉൽപ്പന്നമായി. പത്രപ്രവർത്തനം കച്ചവടമായി. പത്രം നടത്തി സ്വയം തകർന്നപ്പോഴും പത്രാധിപർക്കുണ്ടായ ദുരന്തത്തിൽ വേദനിച്ച വക്കം മൗലവി പത്രലേകത്തിന്റെ സ്വയം പുകഴ്‌ചയ്‌ക്കുള്ള ലെജൻഡ് മാത്രമായി.
‘വിമോചന’ സമരകാലത്ത് വ്യക്തമാക്കപ്പെട്ട ജനവിരുദ്ധ നിലപാട് പിന്നീട് മുഖ്യധാരാമാധ്യമങ്ങളുടെ മുഖമുദ്രയായി. മൂലധനത്തിന് കീഴ്‌പ്പെട്ടവർ പത്രപ്രവർത്തനം എന്ന പ്രേഷിതപ്രവർത്തനത്തെ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന വാണിജ്യസംരംഭമാക്കി. എങ്ങനെയും നിലനിൽക്കുകയെന്ന നിർബന്ധബുദ്ധി അടിയന്തരാവസ്‌തയിൽ നമ്മുടെ പത്രങ്ങളെയും പത്രപ്രവർത്തകരെയും അധികാരികളുടെ അടിമകളാക്കി. കഴിഞ്ഞ അരനൂറ്റാണ്ടിലെ മലയാള പത്രചരിത്രത്തിലെ ഏറ്റവും അഭിശപ്‌തമായ കാലമാണ് അടിയന്തിരാവസ്‌ഥ. ഇന്ത്യയിൽ മൊത്തം അങ്ങനെയായിരുന്നുവല്ലോ എന്ന വാദം ആ അപഭ്രംശത്തിനു ന്യായീകരണമാകുന്നില്ല. ദേശഭിമാനി അക്കാലയളവിൽ സ്വീകരിച്ച നിലപാട് നമ്മുടെ മുന്തിയ പത്രങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ കേരളത്തിലെ ജനാധിപത്യ സംസ്‌കാരം പൂർവാധികം ശക്തിപ്പെടുമായിരുന്നു.
ഇതോടൊപ്പം ഗുണപരമായ ഒരുവശവും അടിയന്തിരാവസ്‌ഥയ്‌ക്കുണ്ടായി. സെൻസർഷിപ്പിന്റെ കാഠിന്യത്തിൽ നിർജീവമായ പത്രരംഗം രാഷ്‌ട്രീയേതരമായ സെൻസേഷണലിസത്തിലൂടെ വായനക്കാരെ ആകർഷിച്ചു. കക്കയം ക്യാമ്പിലെ ക്രൂരതകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാതിരുന്ന പത്രങ്ങൾ ഈനാമ്പേച്ചിക്കഥകൾ ചമച്ചു. അടിയന്തരാവസ്‌ഥയ്‌ക്കുശേഷം അടിയന്തരാവസ്‌ഥയുടെ എഴുതാപ്പുറങ്ങളും പിന്നാമ്പുറങ്ങളും തേടിയ പത്രപ്രവർത്തകർ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ അത്‌ഭുതലോകത്താണെത്തിയത്. നവസ്വാതന്ത്ര്യത്തിന്റെ നാളുകളിൽ കോടതി ജുഡീഷ്യൽ ആക്‌ടിവിസത്തിലേക്കും പത്രങ്ങൾ ഇൻവെസ്‌റ്റിഗേറ്റീവ് ജേർണലിസത്തിലേക്കും തിരിഞ്ഞു. വുഡ്‌വേഡിന്റെയും ബോൺസ്‌റ്റീനിന്റെയും മാതൃകയിൽ പല ഗേറ്റുകളും നമ്മൾ തുറന്നു. ഐ.എസ്.ആർ.ഒ. ചാരക്കേസ് അക്കൂട്ടത്തിൽ മുന്നിട്ടുനിൽക്കുന്നു. അതാകട്ടെ മലയാളപത്രങ്ങളുടെ നിരുത്തരവാദപരമായ അന്വേഷണാത്മകതയുടെ ഉദാഹരണമായി മാറുകയും ചെയ്‌തു. അറിയുന്നതിനും അറിയിക്കുന്നതിനുമുള്ള പത്രങ്ങളുടെ അവകാശത്തിന്റെ വ്യാപ്‌തി പത്രങ്ങൾ ശരിക്കറിയുന്നില്ല.
പ്രതിദിനം 35 ലക്ഷം കോപ്പികൾ വിൽക്കപ്പെടുന്ന അവസ്‌ഥയിലേക്ക് മലയാളപത്രങ്ങൾ വളർന്നത് സാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചല്ല. വൃത്താന്ത രചനയ്‌ക്ക് യോജിച്ച ശൈലി കണ്ടെത്തുന്നതിലും ജീവനുള്ള തലക്കെട്ടുകൾ നൽകുന്നതിലും പ്രാധാന്യമനുസരിച്ച് വാർത്തകൾ വിന്യസിക്കുന്നതിലും ആകർഷകമായി പേജുകൾ രൂപകൽപ്പന ചെയ്യുന്നതിലും നമ്മുടെ പത്രങ്ങൾ കൈവരിച്ച മികവ് പല ഇന്ത്യൻ ഭാഷകൾക്കും അവകാശപ്പെടാൻ കഴിയാത്തതാണ്. പ്രൊഫഷണലിസം പത്രപ്രവർത്തനത്തിന്റെ മുഖമുദ്രയായി. പരിശീലനം അനിവാര്യതയായി. ഇതോടൊപ്പം വികേന്ദ്രീകരണവും പ്രാദേശികവൽക്കരണവും കൂടിയായപ്പോൾ ചിത്രം പൂർണമായി. ഓരോ ജില്ലയിലും ഒരു ഉൽപാദനകേന്ദ്രം എന്നതാണ് ഇന്ന് മിക്ക പത്രങ്ങളുടെയും ലക്ഷ്യം. ആറ് എഡിഷനുകൾ കഴിഞ്ഞ് ഏഴാമത്തേതിനെക്കുറിച്ചാണ് ദേശഭിമാനി ആലോചിക്കുന്നത്. പത്രക്കെട്ടുമായി ഒരു വാഹനവും രണ്ടുമണിക്കൂറിലധികം യാത്രചെയ്യേണ്ടതില്ലാത്ത അവസ്‌ഥ. അതോടെ പത്രങ്ങൾ പ്രാദേശികമായി. കേരളത്തിന്റെ സമഗ്രമായ ചിത്രം ഇന്ന് പത്രങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ടെങ്കിലും പ്രാദേശിക പ്രശ്‌നങ്ങൾക്കും വാർത്തകൾക്കും ലഭിക്കുന്ന പ്രാധാന്യം കൂടുതൽ വായനക്കാരെ ആകർഷിച്ചു. കൂട്ടുകുടുംബങ്ങൾ അണുകുടുബങ്ങളായി വിഭജിച്ചു പെരുകിയപ്പോൾ ആനുപാതികമായി പത്രങ്ങളുടെ പ്രചാരവും പലമടങ്ങ് വർധിച്ചു.
വായനാശീലമുള്ള സമൂഹമാണ് മലയാളപത്രങ്ങളുടെ ശക്തി അതോടൊപ്പം തങ്ങൾ വായിക്കുന്ന പത്രങ്ങളെ നിശിതമായി വിമർശിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന സമൂഹം കൂടിയാണിത്. നാടെങ്ങും നടക്കുന്ന മാധ്യമ സെമിനാറുകൾ ഇതിനുദാഹരണം. ഇപ്രകാരമുള്ള ജനകീയ ഓഡിറ്റിങ്ങ് മറ്റെവിടെയും ഉള്ളതായി അറിയില്ല. മനോരമയുടെയും മാതൃഭൂമിയുടെയും വായനക്കാർ ആ പത്രങ്ങളിൽ കാണുന്നത് പൂർണ്ണമായും വിശ്വസിക്കുന്നവരല്ല. അതുകൊണ്ടാണല്ലോ തെരഞ്ഞെടുപ്പിൽ ആ പത്രങ്ങളുടെ നിലപാടുകളാൽ സ്വാധീനിക്കപ്പെടാതെ ജനങ്ങൾ വോട്ടുചെയ്യുന്നത്. ജാഗ്രത്തായ ജനകീയനിരീക്ഷണം ഉണ്ടായിരുന്നിട്ടും നമ്മുടെ പത്രങ്ങൾ അനാശാസ്യമായ ചാലുകളിൽ ചിരിക്കുന്നു. നിക്ഷിപ്‌തമായ താൽപ്പര്യവും അജൻഡയുമാണ് അവരുടേത്. അവയുടെ പൂർത്തീകരണത്തിനുവേണ്ടി നുണകൾ സൃഷ്‌ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മടിയില്ലാത്തവരായി പത്രപ്രവർത്തകർ മാറിയിരിക്കുന്നു. ഈ ന്യൂനതകളിൽ നിന്ന് വിമുക്തമായി സ്വതന്ത്രവും നിർഭയവും നിഷ്‌പക്ഷവുമായ പത്രപ്രവർത്തനത്തിന്റെ വിശുദ്ധമായ ഭൂമിക തിരിച്ചുപിടിക്കാൻ നമുക്ക് കഴിയുമോ? സുവർണജൂബിലിയുടെ നിറവിൽ ഇതായിരിക്കട്ടെ സൗവർണചിന്ത.
(‘പീലാത്തോസ് എഴുതിയത് എഴുതി’ എന്ന പുസ്‌തകത്തിൽ നിന്ന്)
Generated from archived content: essay1_may13_09.html Author: dr_sebastyanpoul
Click this button or press Ctrl+G to toggle between Malayalam and English