വിഷകന്യക

ചെമ്മാനംപോലെ പൂത്തുലയുന്ന വാകച്ചോട്ടിൽ അവൻ ഏകനായി നില്‌ക്കുകയാണ്‌. അപ്പോൾ അവന്റെ മൊബെയിൽഫോൺ ഒന്നു ചിണുങ്ങിവിളിച്ചു. കൗതുകപൂർവ്വം അതിനെ കാതോടു ചേർത്തു. കാമുകി സുവർണ്ണയുടെ കിളിമൊഴി കാതിൽവീണു. സന്തോഷംകൊണ്ട്‌ അവൻ ഇളകി.

ഹലോ… എന്റെ ചന്തൂട്ടനാണോ? മറുവശത്തുനിന്നും പെൺമൊഴി.

അതെ… ഇതു ഞാൻ തന്നെയാ പൈങ്കിളി. (അവൻ അവളെ കാണുന്നത്‌ മഞ്ഞപ്പട്ടു സാരിയുടുത്ത്‌ ധൃതിപ്പെട്ട്‌ കോളേജിന്റെ കോണിയിറങ്ങി വരുമ്പോഴാണ്‌. പറന്നുവരുന്ന അവൾ അരികിലെത്തിയപ്പോൾ ചിറകൊതുക്കി അരണ്ട കണ്ണുകൾ തന്റെമേൽ എറിഞ്ഞ്‌ അകന്നപ്പോൾ ചുണ്ടുകൾ മന്ത്രിച്ചു. ഈ പെണ്ണിന്‌ ഒരു മഞ്ഞക്കിളിയുടെ ചേലുണ്ടല്ലോ.)

ചന്തു എന്തെടുക്കുവാ.

ചെടികളിൽ വിഷം തളിക്കുവാ.. നീ ഒരു പുഴുവായി വാ. അല്ലെങ്കിൽ വേണ്ട, പൂമ്പാറ്റയായി വാ പെണ്ണേ അരികിലേക്ക്‌ വേഗം. മോളെ കേട്ടല്ലോ വേഗം വേണം വരവ്‌.

എന്തിനാ?

എന്റെ കയ്യുകൊണ്ടുളള മരണത്തിന്റെ സുഖം അറിയാൻ.

അവളിൽ കിനാക്കളുടെ കട അപ്പാടെ നിലംപൊത്തി. മറുപുറത്ത്‌ മൗനം തഴുതിട്ട്‌ ശബ്‌ദം നിലച്ചു.

നിമിഷങ്ങൾക്കകം ഫോണിൽ വീണ്ടും പെൺമൊഴി.

ഹലോ മിസ്‌റ്റർ ചന്ദ്രശേഖരൻ, എനിക്ക്‌ പുഴുവും പൂമ്പാറ്റയുമാകണ്ട.

പിന്നെ?

കരിനാഗമായി പുളയാനാണെനിക്കിഷ്‌ടം.

അമ്പടി മിടുക്കിക്കളളി. മനസ്സിലിരുപ്പ്‌ കൊളളാം. ഈ ചന്തു അതിന്‌ അവസരം ഒപ്പിക്കാം. അതിരിക്കട്ടെ. ഇപ്പോ എന്ത്യേ ഇങ്ങനെ തോന്നാൻ?

ഒരു തുളളിവിഷം സ്വന്തമായിട്ട്‌ എനിക്കും ഉണ്ടാകുമല്ലോ? അതും ഒറിജിനൽ. വല്ലാത്തൊരു ചിരിയോടെ സ്‌ത്രീ ശബ്‌ദം പിൻവലിഞ്ഞു.

സ്‌നേഹക്കുഴമ്പായ മറുമൊഴിക്കുവേണ്ടി അവൻ വീണ്ടും വീണ്ടും ഫോൺ കറക്കി. അപ്പോഴൊക്കെ ചെവിതുളയ്‌ക്കുന്ന ഒരു സീൽക്കാരം അവനിലേയ്‌ക്ക്‌ ഇഴഞ്ഞുചീറ്റി വന്നുവീണു. അതിന്റെ കുത്തിൽ അവന്റെ ദേഹത്ത്‌ വിയർപ്പ്‌ പൊടിഞ്ഞു.

Generated from archived content: story_feb26.html Author: dr_saraswathisarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here