ഗോഡ്‌സ്‌ ഓൺ കൺട്രി

പന്ത്രണ്ട്‌ വർഷങ്ങൾക്കുശേഷം, ഏഴിന്റെ ഫ്ലയ്‌റ്റിന്‌ മാഗിയും കൂട്ടരും ഗോഡ്‌സ്‌ ഓൺ കൺട്രിയിൽ വീണ്ടും എത്തിയിരിക്കുന്നു. എയർപ്പോർട്ടിനു വെളിയിലേക്കുള്ള കവാടത്തിന്‌ മുമ്പിൽ എത്തിയ മാഗി പണ്ടത്തെ പരിചിതമുഖത്തെ – രാംദാസിനെ – മിഴികൾ കൊണ്ട്‌ തിരയുന്നുണ്ടായിരുന്നു. രാംദാസിന്റെ അഭാവത്തിലാണ്‌ തന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌ അവർക്ക്‌ അറിയില്ലല്ലോ. അവരെ കണ്ടപ്പോൾ ചന്ദ്രമോഹൻ ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ അങ്ങോട്ടേയ്‌ക്ക്‌ നടന്നു. വിദേശ ടൂറിസ്‌റ്റുകളെ എതിരേൽക്കാൻ സാധാരണ തങ്ങളുടെ ഏജൻസിയിൽ നിന്നും വിടാറുള്ളത്‌ രാംദാസിനെയാണ്‌. രാംദാസിനുള്ള കമ്മ്യൂണിക്കേഷൻ സ്‌കിൽ മറ്റാർക്കും ഇല്ലന്നത്‌ തന്നെ കാരണം. ചന്ദ്രമോഹന്‌ ലേശം പരിഭ്രമം ഉണ്ടാകാതിരുന്നില്ല. എങ്കിലും കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുവാൻ തനിക്ക്‌ കഴിയും. അവൻ ധൈര്യം കൊണ്ടു. വശ്യതയുള്ള പുഞ്ചിരിയിൽ മുങ്ങി നിൽക്കുന്ന സുന്ദരികളായ ആ മദാമ്മമാരെ കണ്ടപ്പോൾ ഒരു കുറിഞ്ഞി പൂങ്കുലയുടെ ഓർമ്മ അവനിൽ വിടർന്നു.

“അയാം ചന്ദ്രമോഹൻ. യുവർ ഗൈഡ്‌” ലേശം സങ്കോചത്തോടെ മാഗിയുടെ കൈകവർന്നുകൊണ്ട്‌ അവൻ സ്വയം പരിചയപ്പെടുത്തി. രാംദാസ്‌ മാഗിയെക്കുറിച്ച്‌ പറഞ്ഞ അടയാളങ്ങൾ അവൻ അപ്പോൾ ഓർത്തു. സാധാരണയിൽ കവിഞ്ഞ നീളം. ഇടത്തേ കവിളിൽ വലിയ മറുക്‌. വലിയ കാതുകളും വിടർന്ന കണ്ണുകളും. “ഗുഡ്‌ മോണിംഗ്‌, ബോയ്‌. ഗ്ലാഡ്‌ റ്റു മീറ്റ്‌ യു.” മാഗി സംബോധന ചെയ്തു. പിന്നെ അവർ തിരിച്ച്‌ പരിചയപ്പെടുത്തി. അയാം ഡോക്ടർ മാഗി. അടുത്തു നിന്ന പെൺകുട്ടിയെ ചൂണ്ടി പറഞ്ഞു; ദിസ്‌….. മിസ്സ്‌ അനീറ്റ. എ മെഡിക്കൽ റെപ്പ്‌. അതിനപ്പുറം നിന്ന സാനിയായുടെ തോളിൽ തട്ടിക്കൊണ്ട്‌ പറഞ്ഞത്‌ ഇങ്ങനെ. ദിസ്‌ ഈസ്‌ എ മെഡിക്കൽ സ്‌റ്റുഡന്റ്‌ മിസ്‌. സാനിയ – ഈസ്‌ എ ഗുഡ്‌ സിക്കുർ.

തുറന്ന ചിരിയിൽ ഉലർന്നുകൊണ്ട്‌ മൂവരും ചന്ദ്രമോഹനനെ അനുഗമിക്കുമ്പോൾ അവർക്കായി കാത്തുകിടക്കുന്ന ടാക്സിയിലേക്ക്‌ ചൂണ്ടി അവൻ ആതിഥേയന്റെ മര്യാദകലർന്ന ഭാഷയിൽ അവരെ ക്ഷണിച്ചു. വെൽക്കം പ്ലീസ്‌.

തുടക്കത്തിൽ ഉണ്ടായിരുന്ന സങ്കോചത്തിൽ നിന്നും മെല്ലെ അവൻ മോചിതനായിക്കൊണ്ടിരുന്നു. പക്ഷേ, ഒരു മിതഭാഷിയുടെ മട്ടിൽ ഇരിക്കുവാനായിരുന്നു അവൻ ഇഷ്ടം എങ്കിൽ ഭാഷാപ്രശ്നത്തിന്‌ കുറച്ചൊക്കെ പരിഹാരം ഉണ്ടാകുകയും ചെയ്യും.

യാത്രയ്‌ക്കിടയിൽ അനീറ്റയാണ്‌ കൂടുതലും സംസാരിക്കുന്നത്‌. പക്ഷേ ഡോ. മാഗിയാണ്‌ കുടുകുടുന്നനെ ചിരിക്കുന്നത്‌. ഹൃദയത്തിൽ നിന്നും വരുന്ന ഒരു ചിരി. കേട്ടിട്ട്‌ എത്ര നാളായി. എല്ലാം മറന്ന്‌ ഇവർക്ക്‌ ഇങ്ങനെ ചിരിക്കാൻ എങ്ങനെ സാധിക്കുന്നു? അവൻ ചിന്തയിലാണ്ടു. ഇരുണ്ട ഭൂതകാലം ഉള്ള ഒരാൾക്ക്‌ ഇങ്ങനെ ഒരിക്കലും ചിരിക്കാനാവില്ല. അവൻ തന്റെ ദുരിതപർവ്വത്തെക്കുറിച്ച്‌ ഞൊടിയിട വിഷാദം കൊണ്ടു.

മാനേജർ തനിക്ക്‌ നിർദ്ദേശം തരുമ്പോൾ ഒരു കാര്യം പറഞ്ഞത്‌ അവൻ ഓർത്തു. മാഗിക്ക്‌ മലയാളം നന്നായി മനസിലാകും. തപ്പിതടഞ്ഞാണെങ്കിലും അല്പസ്വല്പം മലയാളം പറയാനും സാധിക്കും. അതൊരു ആശ്വാസം. ഇല്ലെങ്കിൽ ഇവറ്റകളേയുംകൊണ്ട്‌ താൻ എന്തു ചെയ്യുമായിരുന്നു. അനീറ്റയുടെ ഇംഗ്ലീഷ്‌. അത്‌ എന്തുവാ തമ്പുരാനെ… സത്യം പറഞ്ഞാൽ എനിക്ക്‌ ഒരു ചുക്കും മനസ്സിലാകുന്നില്ല. ക്ല…പ്ലേ….ച്ലോ…സു….മി….യു… ഇങ്ങനെ എന്തൊക്കെയോ ഇരുന്നു വിളമ്പുന്നു. അവൻ ഇങ്ങനെയൊക്കെ ഇരുന്ന്‌ മനോരഥം കൊള്ളുമ്പോൾ പുറകിലെ സീറ്റിൽ നിന്നും ചിരിയുടെ മത്താപ്പ്‌ പൊട്ടി ഉയരുന്നുണ്ടായിരുന്നു. പക്ഷേ സാനിയ കൂമ്പിയ ഒരു മലരുപോലെ ചാഞ്ഞു കിടന്നു മയക്കത്തെ പുൽകുകയായിരുന്നു അപ്പോഴൊക്കെ.

മനസ്സിൽ കുറേനാളായി കണ്ട സ്വപ്നഭൂമി നേരിൽ കണ്ട സന്തോഷമായിരിക്കുമോ ഈ ചിരിക്ക്‌ കാരണം. അതോ തന്നെക്കുറിച്ച്‌ വല്ല കമന്റും… തട്ടിവിട്ട്‌? റോഡിന്റെ കട്ടറിൽ വണ്ടി നിരന്തരം ഇറങ്ങികയറി കുടുങ്ങി ഉയരുമ്പോഴൊക്കെ അവർ എന്തൊക്കെയോ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. എന്ത്‌ അതിനുശേഷമേ ദൈവത്തിൽ നാട്ടിലെ റോഡുകൾ… എത്ര മനോഹരമേ എന്ന്‌ പരിഹസിക്കുകയാണോ അവർ. ഇങ്ങനെ അവൻ വിചാരിച്ചിരിക്കെ വലിയ ഒരു കൂട്ടച്ചിരി പുറകിൽ നിന്നും ഉയർന്നു.

വഴിയുടെ ഒത്ത നടുക്ക്‌ വലിയ ഒരു ഗർത്തത്തിൽ ആരുടേയോ കുസൃതി അഥവാ സൻമനസ്സ്‌ വാഴകൾ നട്ടിരിക്കുന്നു! അവനും അറിയാതെ ചിരിച്ചുപോയെങ്കിലും അവന്റെ ദേശാഭിമാനത്തിന്‌ അവരുടെ കൂട്ടച്ചിരി ചെറിയ ഒരു വിള്ളൽ വീഴ്‌ത്തി. എന്റെ മദാമ്മമാരേ ഇതൊന്നുമല്ല ശരിക്കുള്ള ഗട്ടർകാഴ്‌ച. കോഴികൾ മുട്ടയിടുന്നത്‌ ഈ നാട്ടിലെ റോഡിന്റെ ഗട്ടറിലാ. അവിടെയാണെങ്കിൽ പൊട്ടാതെ ഭദ്രമായി കിടന്നുകൊള്ളും എന്ന്‌ പക്ഷിക്കുംകൂടി അറിയാം. അത്ര ആഴത്തിലാ ഞങ്ങളുടെ റോഡ്‌ഗട്ടറുകൾ. മത്സ്യബന്ധന നിരോധനാജ്ഞപോലെ മഴക്കാലത്ത്‌ കോഴികൾക്ക്‌ ഇനിയും മുട്ടയടീല്‌ നിരോധനാജ്ഞ എന്നാണാവോ ലഭിക്കുക. ചിന്തയിൽ തമാശകലർന്നെങ്കിലും സത്യത്തിൽ വാഴയുടെ ദർശനം അവനിൽ നാണം ഉണർത്തി. നാടിന്റെ ഒരു ഗതികേടെ!

അവരുടെ അക്കോമഡേഷനുള്ള സ്ഥലം എന്നാൽ നാലുകിലോമീറ്റർ ബാക്കിനിൽക്കെ പെട്ടെന്ന്‌ വഴി ബ്ലോക്കായി. ഒന്നിനു പുറകെ ഒന്നൊന്നായി വണ്ടികൾ മുട്ടിയുരുമ്മി കാത്തുകിടന്നു. തങ്ങളുടെ വണ്ടിയും മെല്ലെ ഓടിചെന്നു പുറകുവണ്ടിയോട്‌ ചേർന്നു നിന്നു.

വാട്ട്‌? മാഗിയുടെ ആകാംക്ഷ പുറത്തുചാടി. ജെസ്‌റ്റ്‌ എ മിനിട്ട്‌. അവൻ അങ്ങനെ പറഞ്ഞുകൊണ്ട്‌ ഡോർ തുറന്നു നിമിഷങ്ങൾക്കകം തിരികെ വന്നു അറിയിച്ചുഃ നോ പ്രോബ്ലം മാഡം. എ ബിഷപ്പ്‌ ഡയിസ്‌. ഹിസ്‌ ഡെഡ്‌ബോഡി ഈ കമിങ്ങ്‌ ത്രൂ ദ റോഡ്‌ ടു ചർച്ച്‌.

മിനിട്ടുകൾ പലതുകഴിയുംതോറും അവരുടെ അക്ഷമ വാക്കുകളായി എരിപൊരികൊള്ളാൻ തുടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞ്‌ വണ്ടികൾ മെല്ലെ നീങ്ങിതുടങ്ങിയപ്പോൾ മാഗി വാച്ചിൽ നോക്കി മുരണ്ടു. ഓ… മൈ ഗോഡ്‌. സിക്സിറ്റി മിനിട്ട്‌സ്‌ സ്പോയിൽഡ്‌. ഇതിനിടയിൽ അവൻ ബദാം മിൽക്ക്‌ അവർക്കായി ഓർഡർ ചെയ്തു. ഉരുളൻക്കിഴങ്ങ്‌ ചിപ്സ്‌ പായ്‌ക്കറ്റിൽ നിന്നും പരതിയെടുത്തു കൊറിച്ചുകൊണ്ടു തെരുതെരെ അവർ പരസ്പരം സംസാരിച്ചുകൊണ്ട്‌ വീണ്ടും ചിരിക്കാൻ തുടങ്ങി.

അവരെ താമസസ്ഥലത്താക്കി അവൻ പിരിയുമ്പോൾ മാഗി ഓർമ്മിപ്പിച്ചു. മീറ്റ്‌ മീ എഗെയിൻ. റ്റുമാറോ വി വാന്റ്‌ എ ഹൈഡൽ ടൂർ. അർത്ഥമറിയാതെ കുഴങ്ങി നിന്ന അവൻ ചളിപ്പ്‌ അറിയാക്കാതെ ഏസ്‌ പറഞ്ഞു മടങ്ങി. ഉടനെ തന്നെ രാംദാസിന്‌ ഒരു മൊബൈൽ സന്ദേശം കൊടുത്ത്‌ എന്താണ്‌ ഹൈഡൽ ടൂറെന്ന്‌ മനസ്സിലാക്കി. അണക്കെട്ടുകളിലെ ബോട്ടിംഗും അവിടെയുള്ള പാർക്ക്‌ സന്ദർശനവുമാണ്‌ അവരുടെ ലക്ഷ്യം. പിന്നെ ഹൈഡൽ ടൂർ സെന്ററുകളുടെ റൂട്ട്‌മാപ്പ്‌ അവർ ആവശ്യപ്പെട്ടു. “ഈശ്വരാ! ഇവർക്ക്‌ ഇവരുടെ ജന്മനാട്ടിൽ കിടന്ന്‌ ജലകേളി നടത്തിയാൽ പോരെ?” അവൻ അറിയാതെ പറഞ്ഞുപോയി.

“അണക്കെട്ട്‌ തന്നെ വേണോ. അരക്കെട്ടുതണുപ്പിക്കാൻ”?

ഹൈഡൽ പാർക്കിന്റെ മധുരിക്കുന്ന ഓർമ്മകളിലൂടെ സഞ്ചരിച്ച്‌ അയൽ ജില്ലയുടെ അതിർത്തിവരെ എത്തിയപ്പോൾ ദാ വരുന്നു രസച്ചരട്‌ പൊട്ടിച്ചുകൊണ്ടൊരു വാർത്ത! വെളുപ്പിന്‌ നടന്ന ഒരു രാഷ്ര്ടീയകൊലയുടെ പേരിൽ അവിടെ ഹർത്താലാണത്രെ. ജനജീവിതം അവിടെ പൂർണ്ണമായി സ്തംഭിച്ചിരിക്കുകയാണുപോലും. ഒറ്റവാഹനത്തേയും കടത്തിവിടുന്നില്ല. മാഗിയുടെ ഈർഷ്യ മുഴുത്ത കണ്ണുകളിൽ നിരാശ തളം കെട്ടി. പിന്നെ അമർഷത്തോടെയുള്ള മടക്കയാത്ര. അതിനിടയിൽ ബുക്ക്‌സ്‌റ്റാളിൽ നിന്നും കുറച്ചു പുസ്തകം അവർ വാങ്ങിയതൊഴിച്ചാൽ ആ ദിവസവും കട്ടപുക. നെഞ്ചോടുചേർത്ത്‌ പുസ്തകവുമായി വരുന്ന അനീറ്റയെകണ്ട്‌ അവന്റെ തമാശ തലപൊക്കി. ആർ യു എ സ്‌റ്റുഡന്റ്‌? യാത്ര മുടങ്ങിയ കലിപ്പിൽ കലങ്ങിയ മറുപടി അവൾ ഇട്ടുകൊടുത്തു. ഫോർ എവർ. സിൻസ്‌ മൈ ഡെത്ത്‌.

അന്നത്തെ ഉച്ചതിരിഞ്ഞ്‌ ഉണ്ടായ സംഭവത്തിൽ അവന്റെ മനസ്സ്‌ ശരീരം വെന്തു. ഈ നാട്ടിലെ പുരുഷന്മാർക്കെല്ലാം ഭ്രാന്ത്‌ പിടിച്ചോ? ഐസ്‌ക്രീം പാർലറിലെ ഇരുണ്ട മൂലയിൽ നിന്നും മാഗിയുടെ ആക്രോശം കേട്ട്‌ എല്ലാ കണ്ണുകളും അങ്ങോട്ടു നീണ്ടു. കാമക്കുഴമ്പന്മാരായ രണ്ടു തൈകെളവന്മാരുടെ കൈതട്ടി മാറ്റികൊണ്ട്‌ ഇരിപ്പിടം വിട്ടെഴുന്നേറ്റ്‌ വല്ലാത്ത പാദപതനത്തോടെ അവൾ കാറിൽ കേറി കതകടച്ച്‌ ഇരുന്ന്‌ ചുട്ടവാക്കുകൾ കോരിയിട്ടു.

റാസ്‌ക്കൽ, ബാസ്‌റ്റാഡ്‌, കൺട്രി – അങ്ങനെ രോഷത്തിൽ പുകയുന്ന കുറേ വാക്കുകൾ അവരുടെ വായിൽ നിന്നും തിക്കിതിരക്കി വന്നു. സമചിത്തത വീണ്ടെടുത്ത മാഗിയോട്‌ അവന്റെ സൗമ്യത അന്വേഷിച്ചു.

വാട്ട്‌ ഹാപ്പന്റ്‌ മാഡം?

ദൈ സെഡ്‌ സം വൾഗർ വേർഡ്‌സ്‌. ഡെവിൾസ്‌. ദെയർ മോറൽ സൈഡ്‌ ഈസ്‌ വീക്ക്‌. അവർ സ്വപ്നം കണ്ട സ്വർഗ്ഗഭൂമി നാണക്കേടിലേക്ക്‌ കൂപ്പുകുത്തുന്നത്‌ കണ്ട്‌ അവൻ നിസ്സഹായനായി നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ. അണ്ണാൻ മൂത്താലും മരംകേറ്റം മറക്കുകയില്ലാന്നുള്ള പഴമൊഴി അവന്റെ വായിൽ കയറിയിറങ്ങി പുറത്തേക്കുപോയി. ചില മരങ്ങളിലെങ്കിലും മുള്ളുകൾ ഉണ്ടെന്ന്‌ അറിയുന്നത്‌ കുറച്ചു നല്ലതാ. പെണ്ണിന്റെ ഉടൽമിഴുപ്പിൽ നോക്കി വെള്ളം വിഴുങ്ങുന്ന പുരുഷക്കോലങ്ങളെകൊണ്ട്‌ പുകൾപെറുന്ന കേരളം! മറുനാടവരെ എത്തുന്ന അന്തസ്‌!

പണ്ട്‌ മാഗിയുടെ ചർച്ചകളിലൊക്കെ സദാ കടന്നു വന്നുകൊണ്ടിരുന്ന സ്വപ്നഭൂമിക്ക്‌ മങ്ങല്‌ ഏറ്റിരിക്കുന്നു! അവളിൽ ഉണ്ടായിരുന്ന ഒരു കുടന്ന നിലാവ്‌ മായുകയായിരുന്നോ? കറുത്ത മേഘങ്ങളുടെ വൻപടലങ്ങൾ ആഴക്കടലിന്റെ ഹൃദയത്തിൽ നിന്നും ഉരുണ്ടുകൂടി ആകാശം വിതുമ്പുന്നതായി അവൾക്ക്‌ തോന്നി.

ആഗ്രഹങ്ങളെ കടപുഴുകികൊണ്ട്‌ പിറ്റേന്ന്‌ കനത്ത മഴയുടെ താണ്ഡവം ആരംഭിച്ചു. നാട്‌ പെട്ടെന്ന്‌ പകർച്ചപനിയുടെ പിടിയിൽ അമർന്നു. രോഗികളെകൊണ്ട്‌ ആശുപത്രികൾ നിറഞ്ഞു. രാപകലുകൾ ഭേദമില്ലാതെ അവരവരുടെ നീണ്ട നിര ആശുപത്രി അധികാരികളെ അമ്പരപ്പിച്ചു. ആദ്യ പരിശോധനയ്‌ക്ക്‌ വിധേയരാക്കി പലരേയും മടക്കി അയക്കുന്നു. ദിവസം ചെല്ലുന്തോറും പനിയുടെ മൂർച്ച വർദ്ധിക്കുകയാണ്‌. അയൽജില്ലകളെ വിഴുങ്ങുക്കൊണ്ട്‌ രോഗം അതിവേഗം പടർന്നുപന്തലിക്കുന്നു. ഡോക്ടർമാരും സർക്കാരും രോഗകാരണം അറിയാതെ പകച്ചു നിൽക്കുന്നു. പക്ഷിമൃഗാദികൾ ചത്തുവീഴുന്നു. പകർച്ചപനിയിൽ നാട്‌ തകർന്നു. ദുരിതമുഖങ്ങളുടെ ദയനീയ ചിത്രങ്ങൾകൊണ്ട്‌ വാർത്താമാധ്യമങ്ങൾ നിറഞ്ഞു. സ്‌കൂളുകളിൽ ഹാജർനില താഴ്‌ന്നു. ഓഫീസുകളിലെ സ്ഥിതിയും അങ്ങനെ തന്നെ.

എന്ത്‌ ചെയ്യണമെന്നറിയാതെ മുഷിഞ്ഞിരുന്ന ഒരു നാളിലാണ്‌ അവർക്ക്‌ മുമ്പിൽ ഒരു തെളിഞ്ഞദിനം വന്നെത്തിയത്‌. സംസ്‌കാരപൈതൃകത്തിന്‌ കേഴ്‌വികേട്ട ഒരു സർവ്വകലാശാലയുടെ സന്ദർശനം ലക്ഷ്യമിട്ട്‌ അവർ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ എത്തി. പക്ഷേ, കാട്ടുതീ പോലെ പടർന്നു പിടിച്ച സമരാവേശവും വിദ്യാർത്ഥിസംഘർഷവും കൊണ്ട്‌ ചുട്ടുപഴുത്ത അന്തരീക്ഷത്തിൽ നിന്നും തിരിഞ്ഞോടിയ മാഗിയുടെ പ്രതീക്ഷ അവിടെതന്നെ കിടന്നുവെന്തുമരിച്ചു.

ടി.വിയിലെ ഒരു രാത്രി വാർത്താകാഴ്‌ചയിൽ മാഗിയിൽ ശേഷിക്കുന്ന ഒരു തരി മധുര സങ്കല്പം കൂടി ഇല്ലാതായി. രംഗം. മന്ത്രിസഭായോഗം. വിവാദവിഷയം കോഴയും. വാദികളും പ്രതികളും അവരുടെ നിലപാടുകൾ ഘോരഘോരം വ്യക്തമാക്കുന്നു. അവസാനം കയ്യാംകളിയിൽ ചെന്നെത്തി നിൽക്കുകയും ഉടുതുണി പറിച്ചുള്ള ഏറിൽ സഭാ നടപടി അടിയന്തിരമായി നിർത്തിവയ്‌ക്കുകയും ചെയ്യുന്നു. സത്യത്തിൽ നമ്മുടെ സൽകീർത്തിയുടെ മുഖത്ത്‌ വീഴുന്ന നാറത്തുണിയുടെ കഥകൾ കേട്ട്‌ മടുത്തിരിക്കുന്ന ഒരു കൂട്ടം പാവം ജനങ്ങളുടെ നാടാണ്‌ ഇതെന്ന്‌ അവർക്കും മനസ്സിലായിരിക്കുന്നു! അവന്റെ ദേശസ്നേഹത്തിന്‌ ഒരിക്കൽക്കൂടി വെള്ളിടിയേറ്റിരിക്കുന്നു.

അപ്രതീക്ഷിതമായിട്ടാണ്‌ മാഗിയും കൂട്ടരും കുറച്ചു പള്ളി സന്ദർശനം തരപ്പെടുത്തുവാൻ അവനോട്‌ ആഗ്രഹം പ്രകടിപ്പിച്ചത്‌. എന്തു ചെയ്യും? പള്ളികൾ മിക്കതും പൂട്ടിക്കിടക്കുന്നു! പറയാനും വയ്യ പറയാതിരിക്കാനും വയ്യ. ഇക്കുറി സത്യത്തെ മൂടിവെയ്‌ക്കാൻ അവന്റെ ദേശാഭിമാനത്തിനു തെല്ലും കഴിഞ്ഞില്ല.

ദൈവത്തിന്റെ നാട്ടിൽ ദേവാലയങ്ങൾ പൂട്ടിക്കിടക്കുകയോ? മാഗി അത്ഭുതം കൊണ്ടു. ദൈവം നേരിട്ടിറങ്ങി വരുന്നിടത്ത്‌ എന്തിന്‌ വെറും ഒരു ആലയം. അവളുടെ പുച്ഛം വാക്കുകളിലേക്ക്‌ വീണു. വെരി ഗുഡ്‌ ഐഡിയ. മൈ ഡിയർ ബോയ്‌.

കൂരിരുട്ടിന്റെ പായിൽ അവൻ മലർന്നുകിടന്നപ്പോൾ ചിന്തയുടെ നൂൽപാമ്പുകൾ അവനെ വന്നു പൊതിയാൻ തുടങ്ങി. ഇന്നേയ്‌ക്ക്‌ ഏഴു ദിവസമായി അവർ വന്നിട്ട്‌. അതിനോടകം എന്തെല്ലാം നാണക്കേടുകൾ? റോഡ്‌, പെണ്ണ്‌, രാഷ്ര്ടീയം, വിദ്യാഭ്യാസം, ആത്മീയത, വൈദ്യരംഗം എല്ലാം വ്യഭിചരിക്കപ്പെട്ടിരിക്കുന്നു ഈ മണ്ണിൽ. ഛെ! നെറികേടുകൾ വേരോടുന്ന വിളനിലം. സ്വാർത്ഥത വിളയുന്ന മണ്ണ്‌! അമർഷം അവന്റെ തലയ്‌ക്ക്‌ കട്ടപിടിച്ചപ്പോൾ ശരീരം വിറയ്‌ക്കുന്നപോലെ വേദനയുടെ മുള്ളുകൾ വന്നു കുന്തംപോലെ…. വീട്ടിലേയ്‌ക്കുള്ള അവന്റെ പനി പിടിച്ച യാത്രയിൽ മാഗിയും കൂട്ടരും കൂട്ടംചേർന്നു. വി വിഷ്‌ റ്റു സീ യുവർ ഹൗസ്‌ ആന്റ്‌ വില്ലേജ്‌. മനസ്സില്ലാ മനസ്സോടെ അവൻ സമ്മതം മൂളി.

അവന്റെ ശബ്ദത്തിൽ കുടിലിന്‌ അനക്കംവെച്ചു. പനിയുടെ കാഠിന്യത്തിൽ തളർന്ന കുറേ ശരീരങ്ങൾ! വിശപ്പ്‌ മുറുക്കി ഉടുത്തു ചോർന്ന്‌ ഒലിച്ച കൂരയിൽ ചടഞ്ഞിരിക്കുന്ന കോലങ്ങളെകണ്ട്‌ അവരുടെ നെഞ്ച്‌ ഇടറി. ജീവിതസാഹചര്യം ഒരു മനുഷ്യനെ എന്തെല്ലാം വേഷം കെട്ടിയ്‌ക്കുന്നു! അവർ അവന്റെ നേർക്ക്‌ നോക്കി. പാവം കുട്ടി. മെഴുകുതിരികൾപോലെ എന്തു ചെയ്യണമെന്ന്‌ അറിയാതെ അവർ ഉരുകിനിന്നു. അവന്റെ മര്യാദ അവരെ കീറകയറുകട്ടിലിന്റെ തുമ്പിലേക്ക്‌ ക്ഷണിച്ചു. ലക്ഷ്യം ഉറച്ച മനസ്സോടെ അവർ തങ്ങൾ ആർജ്ജിച്ച വൈദ്യശാസ്ര്തത്തിന്റെ പിൻബലത്തിൽ പിന്നെ രോഗനിർമ്മാർജ്ജനത്തിനായി ഇളംതെന്നൽ പോലെ വീട്‌ വീടാന്തരം കയറിയിറങ്ങികൊണ്ടിരുന്നു. ഒരു മാസത്തെ സേവനവാസത്തിനുശേഷം ഒരു കൊച്ചുഗ്രാമത്തിന്റെ മുഴുവൻ നന്ദിവഴിയുന്ന ആനന്ദത്തിന്റെ കണ്ണീർമുത്തുകൾ ഏറ്റുവാങ്ങിക്കൊണ്ട്‌ അവർ വിടപറയുമ്പോൾ ചന്ദ്രമോഹന്‌ ഹൃദയം പറിയുന്ന വേദന അനുഭവപ്പെട്ടു. സ്നേഹത്തിന്റെ വേരുകൾ ഭൂമിയിൽ അറ്റുപോയിട്ടില്ലെന്നും അതിന്‌ രാജ്യത്തിന്റെ അതിർത്തിഭേദമില്ലെന്നും അവൻ വളരെക്കാലംകൂടി അറിയുകയായിരുന്നു.

Generated from archived content: story1_feb9_08.html Author: dr_saraswathisarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English