നോട്ടങ്ങൾ

ചിലപ്പോഴെല്ലാം അങ്ങനെയാണ്‌

നിരന്തരം യാത്രചെയ്യും വഴിയാകിലും

ഹൃദ്യസ്ഥമാകില്ല, ചില സ്‌റ്റോപ്പുകൾ.

ഉരുവിട്ടു പഠിച്ചാലും മനസ്സിലുറക്കാത്ത

സമവാക്യങ്ങളെപ്പോൽ.

എത്രത്തോളമ നിരീക്ഷിച്ചാലും

നിർവ്വചിക്കാനാവില്ല ചില ബന്ധങ്ങൾ.

അതു പിടിതരാതെയൊഴുകും

പല കൈവഴികളുളള പുഴപോൽ.

എത്ര ചുഴിഞ്ഞാലോചിച്ചാലും

ചില പിണക്കങ്ങൾക്കുണ്ടാവില്ല കാരണം.

അതു തുടർന്നുകൊണ്ടേയിരിക്കും

ഭൂമിക്കും ആകാശത്തിനുമിടക്കുളള ദൂരംപോൽ.

ചില മുഖങ്ങൾ, സ്ഥലങ്ങൾ, വസ്‌തുക്കൾ

മുൻപരിചയമില്ലെങ്കിലും

അങ്ങനെ തോന്നും

മുൻപു കണ്ടവ

അപരിചിതമായും തോന്നും

ചിലപ്പോഴെല്ലാം അങ്ങനെയാണ്‌.

Generated from archived content: poem_nottangal.html Author: dr_sajeevkumar_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here