മഴക്കാലരോഗങ്ങള്‍

മഴക്കാലം രോഗങ്ങളുടെ കാലം കൂടി ആണല്ലോ. ആര്‍ത്തലച്ചു വരുന്ന മഴയോടൊപ്പം രോഗങ്ങളുടെ പേമാരിയും മഴക്കാലത്തിന്റെ പ്രത്യേകത ആണ്. കാലം മാറുന്നതിന് അനുസരിച്ച് രോഗങ്ങളുടെ വൈവിധ്യവും ഏറി വരുന്നു വര്‍ഷക്കാലം അന്തരീക്ഷത്തിനും ശരീരത്തിനും ഒരു പാട് മാറ്റം ഉണ്ടാക്കുന്നുണ്ട്. വര്‍ഷക്കാലത്ത് രോഗം ഉണ്ടാകാനുള്ള കാരണങ്ങളെപറ്റി ആയൂര്‍വേദഗ്രന്ഥങ്ങളില്‍ പ്രദിപാദിക്കുന്നുണ്ട്. ‘ ഉഷ്ണണഋതുവില്‍ ക്ഷീണ ദേഹന്മാരായിരിക്കുന്നവരുടെ ജരാഗ്നി കുറഞ്ഞിരിക്കും വര്‍ഷക്കാലത്ത് ഇത് വീണ്ടും ക്ഷീണിക്കുന്നു. മേഘാവൃതമായ ആകാശവും ജലകണങ്ങളോട് കൂടി പെട്ടന്ന് വീശുന്ന കാറ്റും അമ്ലപാകത്തെ ഉണ്ടാക്കുന്ന ഭൂബാഷ്പം കൊണ്ടും കലങ്ങിയ വെള്ളം കൊണ്ടും വര്‍ഷക്കാലത്തിലെ മന്ദമായ ജരാഗ്നി കൊണ്ടു രോഗങ്ങള്‍ ഉണ്ടാകുന്നു.

രോഗങ്ങള്‍

രോഗങ്ങള്‍ മഴക്കാലത്ത് പല രീതിയില്‍ ഉണ്ടാകുന്നു മലിനമായ ജലം, വായു, ആഹാരം എന്നിവയിലൂടെയും കൊതുക്, ഈച്ച മുതലായവ പരത്തുന്നതിലൂടെയും പകര്‍ച്ചവ്യാധികളായും രോഗങ്ങള്‍ ഉണ്ടാകുന്നു.

വൈറല്‍ ഫീവര്‍

മഴക്കാലത്ത് സാധാരണയായി വരുന്ന രോഗം ആണിത്. പനിയോടൊപ്പം കടുത്ത് തലവേദന ശരീര വേദന മുതലായ ലക്ഷണങ്ങളും ഉണ്ടാകുന്നു. വായുവില്‍ കൂടി ആണ് ഇത് പകരുന്നത്.

വൈറല്‍ ഫീവറിന് പൂര്‍ണ്ണ വിശ്രമം ആവശ്യമാണ് ‍. തണുത്ത ആഹാരം തീരെ ഒഴിവാക്കണം. ദഹനത്തിനുതകുന്ന ലഘുവായ ആഹാരം കഴിക്കുക. വെള്ളം തിളപ്പിച്ചാറിയത് കുടിക്കുക. അമൃതോത്തരം കഷായം, പാചനാമൃതം കഷായം അമൃതാരിഷ്ടം പര്‍പ്പടകാരിഷ്ടം വെടുമാറന്‍ ഗുളിക തുടങ്ങിയവ രോഗത്തിനു നല്‍കുന്ന ഔഷധങ്ങളാണ്. ഷഡംഗപാനീയം രോഗത്തിനുടനീളം കുടിക്കാന്‍ കൊടുക്കുക. മുത്തങ്ങ, ചന്ദനം. ചുക്ക് , ഇരുവേലി , പര്‍പ്പടകപ്പുല്ല് , രാമച്ചം ഇവ ചേര്‍ത്ത് ഉണ്ടാക്കുന്ന ജലമാണ് ഷഡംഗപാനീയം

ചിക്കന്‍ ഗുനിയ

ചിക്കന്‍ ഗുനിയയെ പറ്റി അറിയാത്തവരായി ആരും ഉണ്ടാകില്ല. ഈഡിസ് വര്‍ഗത്തില്‍ പെട്ട കൊതുകുകള്‍ വഴി ആണ് ഈ രോഗം പകരുന്നത്. പനി, ശക്തിമായ ശരീരവേദന, സന്ധികളില്‍ വീക്കം ശരീരഭാഗങ്ങളില്‍ നിറ വ്യത്യാസം കുരുക്കള്‍ പൊങ്ങുക തുടങ്ങിയ ലക്ഷ്ണങ്ങള്‍ ഇതിനുണ്ട് . ചിക്കന്‍ ഗുനിയ വര്‍ധിക്കുന്ന അവസരത്തില്‍ രോഗിക്ക് നിവര്‍ന്നു നില്‍ക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു പനി ഭേദമായാലും സന്ധി വീക്കം വേദന എന്നിവ വര്‍ഷങ്ങളൊളം കണ്ടു വരുന്നു ഇത് സ്വയം ചികിത്സിക്കേണ്ട രോഗം അല്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. അമൃതോത്തരം കഷായം, പടോലാദി കഷായം, അമൃതാരിഷ്ടം കൃത്യമായ രീതിയില്‍ കഴിച്ചാല്‍ രോഗത്തില്‍ നിന്ന് പരിപൂര്‍ണ്ണ മുക്തി നേടാം.

ബ്രോങ്കൈറ്റിസ്

ഈ രോഗം വൈറല്‍ ഫീവറിന്റെ ലക്ഷണങ്ങള്‍ മാത്രമായോ ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങളും കൂടിയോ ഉണ്ടാകുന്ന്നു. ഈ രോഗത്തില്‍ തണുത്തതും ഫ്രിഡ്ജില്‍ വച്ചതും ഒഴിവാക്കുക. വെള്ളത്തില്‍ കുരുമുളക്, ചുക്ക്, തുളസിയില ഇവ ചേര്‍ത്ത് തിളപ്പിച്ചുണ്ടാക്കുന്ന കുരുമുളകു കഷായം ദിവസത്തില്‍ ഇടക്കിടക്ക് കഴിക്കുന്നത് രോഗത്തിന് ആശ്വാസം നല്‍കുന്നു. തലയില്‍ സുരഭാദി വെളിച്ചണ്ണയോ തുളസി ഇട്ടു മൂപ്പിച്ച വെളിച്ചണ്ണയോ ഉപയോഗിക്കാം. വ്യോഷാദിവടകം, കര്‍പ്പൂരാദി ചൂര്‍ണ്ണം, താലീസം, കനകാസവാരിഷ്ടം, ദശമൂല കടുത്രയ കക്ഷായം എന്നിവ ഇതിനു കൈകൊണ്ട ഔഷധങ്ങളാണ്.

ഡങ്കിപ്പനി

മഴക്കാലത്ത് പല സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുക പതിവാണല്ലോ. ഇത്തരം വെള്ളത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് ഈജിപ്തി കൊതുകാണ് ഡങ്കിപനി പരത്തുന്നത്.

പെട്ടന്നുണ്ടാകുന്ന പനി, ശക്തമായ ശരീരവേദന, കണ്ണിനു ചുവപ്പ്, വിശപ്പില്ലായ്മ, ഛര്‍ദ്ദി, സന്ധികളിലും മാംസപേശികളിലും വേദന എന്നീ ലക്ഷണ‍ങ്ങള്‍ കണ്ടാല്‍ ഇത് ഡങ്കിപ്പനി ആണെന്ന് ഉറപ്പിക്കാം. ഇത് ചികിത്സിക്കാതെ വിട്ടുകളയരുത്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരിക, ഛര്‍ദ്ദിയില്‍ രക്തം കാണുക, ശ്വാസ തടസം തുടങ്ങിയവ കണ്ടാല്‍ രോഗിയ്ക്കു ഉടന്‍ വൈദ്യസഹായം നല്‍കണം. ഇല്ലെങ്കില്‍ മരണത്തില്‍ കലാശിച്ചേക്കാം.

എലിപ്പനി

ലെപ്റ്റോസ്പെറ എന്ന രോഗാണു എലി, കന്നുകാലികള്‍, നായ, പന്നി, കുറുക്കന്‍, ചില പക്ഷികള്‍‍ എന്നിവ വഴി ഉണ്ടാക്കുന്ന രോഗം ആണ് എലിപ്പനി. രോഗവാഹിയായ ജീവിയുടെ മൂത്രം ഓട, വയലുകള്‍, ജലാശയങ്ങള്‍ എന്നിവയില്‍ കലര്‍ന്ന് രോഗാണുക്കള്‍ ഒരു പാട് നാള്‍ ഇവയില്‍ നിലനില്‍ക്കുന്നു. മനുഷ്യര്‍ ഈ ജലവുമായി സമ്പര്‍ക്കം വരുമ്പോള്‍ ശരീരത്തിലുള്ള മുറിവില്‍ കൂടി രോഗാണു ഉള്ളില്‍ പ്രവേശിച്ചു രോഗം ഉണ്ടാകുന്ന്നു. വിറയല്‍ പനി, തളര്‍ച്ച, ശരീര വേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവ പൊതുവെ കണുന്ന ലക്ഷണങ്ങളാണ്. വെള്ളത്തിലേക്ക് നോക്കാന്‍ പ്രയാസം, ചുവന്ന കണ്ണുകള്‍ എന്നിവ ചിലര്‍ക്ക് ഉണ്ടാകും. ഉടന്‍ ചികിത്സ നേടിയില്ലെങ്കില്‍ ഇത് കരല്‍, വൃക്ക, ഹൃദയം മുതലായവയെ ബാധിച്ച് അമിത രക്തസ്രാവം ഉണ്ടാകുകയും രോഗി മരിക്കാനിടവരികയും ചെയ്യുന്നു .

മഞ്ഞപ്പിത്തം

മലിനമായ ജലം ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന രോഗമാണിത്. ഹൈപ്പെറെറ്ററ്റിസ് എ വൈറസ് വഴിയാണ് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നത്. രോഗിയുടെ മലത്തിലൂടെ രോഗാണുക്കള്‍ വിസര്‍ജ്ജിക്കപ്പെടുന്നു. ഈ രോഗാണു പിന്നീട് ജലവുമായോ ആഹാരവുമായോ കലരുകയും അതുമായി സമ്പര്‍ക്കമുണ്ടാകുന്നവര്‍ക്കു രോഗം ഉണ്ടാകുകയും ചെയ്യുന്നു.

മഞ്ഞപ്പിത്തത്തിന്റെ പ്രത്യേകത നഖം , മൂത്രം. എന്നിവ മഞ്ഞ നിറം ആയിത്തീരുന്നു എന്നതാണ്. വിശപ്പില്ലയ്മ, ഛര്‍ദ്ദി, പനി, വയറു വേദന, ക്ഷീണം എന്നിവ ഈ രോഗത്തില്‍ കാണുന്നു. രോഗത്തിനു തക്കസമയത്ത് വൈദ്യ സഹായം തേടിയില്ലെങ്കില്‍ അപകടകാരിയാകും. രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. 1. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

2 എണ്ണ എണ്ണയില്‍ പൊരിച്ചതോ വറുത്തതോ ആയ ആഹാരം എന്നിവ ഒഴിവാക്കുക

3 ഉപ്പിന്റെ ഉപയോഗം തീര്‍ത്തും

4 സസേതര്യ ആഹാരം ഒഴിവാക്കുക

5 കഴിയുന്നതും പുറത്തു നിന്നുള്ള ആഹാരം കഴിക്കാതിരിക്കുക

6 രോഗീ പൂര്‍ണ്ണ വിശ്രമം എടുക്കുക.

7. മുന്തിരി ജ്യൂസ്, കരിമ്പിന്‍ ജ്യൂസ്, നെല്ലിക്കാ ജ്യൂസ്, പാല്‍ മുതലായവ മഞ്ഞപ്പിത്ത രോഗി നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

കീഴാര്‍നെല്ലി സമൂലം പാലില്‍ അരച്ചുകലക്കിയോ പാല്‍ക്കഷായമായോ നിത്യം കഴിക്കുന്നത് നല്ലതാണ്. ചിറ്റമൃത് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും രോഗത്തിനു നല്ലതാണ്. ആയൂര്‍വേദത്തില്‍ മഞ്ഞപ്പിത്തതിന് പൂര്‍ണ്ണമായ ആരോഗ്യപ്രാപ്തി നേടിയെടുക്കുന്ന ഔഷധങ്ങള്‍ ഉണ്ട് .വൈദ്യസഹായത്തോടെ ചികിത്സ നേടേണ്ടതാണ്.

ടോണ്‍സിലൈറ്റിസ്

സ്ട്രെപ്റ്റോ കോക്കസ് ബാക്ടീരിയ മൂലം തൊണ്ടയിലെ ടോണ്‍സിത്സില്‍ ഉണ്ടാകുന്ന വീക്കമാണ് ടോണ്‍സിലൈറ്റിസ്. ശക്തമായ തൊണ്ട വേദന ഇതില്‍ ഉണ്ടാകുന്ന്നു രോഗം അധികമായാല്‍ ആഹാരം ഇറക്കാനും സംസാരിക്കാനും ശ്വസിക്കാനും പ്രയാസം നേരിടുന്നു. ചുരുക്കം പേര്‍ക്ക് പനി, തലവേദന എന്നിവയും ഉണ്ടാകുന്നു. ഈ രോഗത്തില്‍ ഐസ്ക്രീം, തൈര് തുടങ്ങിയ തണുത്ത പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ദിവസേന 3 – 4 തവണ ഉപ്പിട്ടു ചൂടു വെള്ളത്തില്‍ ഗാര്‍ഗിള്‍ ചെയ്യേണ്ടതാണ്.

തലയില്‍ ത്രിഫലാദി, സുരസാദി തുടങ്ങിയ വെളിച്ചണ്ണകള്‍ ഉപയോഗിക്കുക കുളിച്ചതിനു ശേഷം രാസ്നാദി ചൂര്‍ണ്ണം നെറുകയില്‍ പുരട്ടുക. മുന്‍പ് പറഞ്ഞ കുരുമുളക് കഷായം ഇതിനു ഫലപ്രദമാണ്.

ന്യൂമോണിയ

വര്‍ഷക്കാലത്ത് വായുവിലൂടെ പടരുന്ന ശ്വാസകോശരോഗം ആണ് ന്യൂമോണിയ. ശ്വാസകോശത്തില്‍ രോഗാണു ബാധ ഉണ്ടാകുകയും ദ്രവം കെട്ടി നില്‍ക്കുകയും ചെയ്യുന്നു. രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ രോഗാണു വായുവില്‍ ലയിക്കുകയും മറ്റുള്ളവരിലേക്കു പടരുകയും ചെയ്യുന്നു. ചുമ, നെഞ്ചു വേദന, ശ്വാസതടസം, പനി മുതലായവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ രോഗം കുട്ടികളിലും വൃദ്ധന്മാരിലും ആണ് കൂടുതല്‍ കാണുന്നത്. കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മരണകാരണം ആയേക്കാം.

കോളറ

മലിനമായ ആഹാരം വെള്ളം മുതലായവയിലൂടെ ഉണ്ടാകുന്ന രോഗം ആണ് കോളറ. പനി, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. കഞ്ഞിവെള്ളത്തിന്റെ നിറത്തില്‍ വയറിളക്കം ഉണ്ടാകുന്നു. ഒ ആര്‍ എസ് ഛര്‍ദ്ദി വയറിളക്കം മുതലായവമൂലം ശരീരത്തിന്റെ ജലാംശം വീണ്ടെടുക്കാന്‍ ഉത്തമമാണ് ( തിളപ്പിച്ചാടിയ വെള്ളത്തില്‍ ഒരു നുള്ള ഉപ്പ്, ഒരു സ്പൂണ്‍ പഞ്ച്സാര എന്നിവ ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് ഓ ആര്‍ എസ് )

ടൈഫോയിഡ്

രോഗാണുക്കള്‍ അടങ്ങിയ ജലം ആഹാരം മുതലായവ വഴിയോ ഈച്ചകള്‍ വഴിയോ രോഗം ഉണ്ടാകുന്നു. വിശപ്പില്ലായ്മ, ക്ഷീണം, വയറു വേദന, വര്‍ദ്ധിച്ചു വരുന്ന പനി, വയറിളക്കം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ഇതിനെ സന്നിപാത ജ്വരം എന്നാണ് ആയൂര്‍വേദത്തില്‍ പറയുന്നത്. ഇതിനു വ്യക്തമായ ചികിത്സ ഉണ്ട്. കഷായപാനം, വമനം, വിരേചനം, നസ്യം തുടങ്ങിയ കര്‍മങ്ങളിലൂടെ രോഗത്തില്‍ നിന്നും പൂര്‍ണ്ണ മുക്തി നേടാം

വളം കടി

ജലവുമായി സമ്പര്‍ക്കം വരുന്ന കലിന്റെ പാദത്തില്‍ രോഗം അണുബാധ ഉണ്ടാകുന്നു . ഈ ഭാഗം അഴുകുന്നതിനും സഹ്യമായ ചൊറിച്ചിലിനും ഇതു കാരണമാകുന്നു.

രോഗം ഒഴിവാക്കാന്‍ കാലുകളും ജലവുമായുള്ള സമ്പര്‍ക്കം കുറക്കേണ്ടതാണ്. മഴക്കാലത്ത് ചെരുപ്പ് ധരിച്ചു മാത്രം പുറത്തിറങ്ങുക. ദിവസത്തില്‍ 2 – 3 തവണ ഉപ്പിട്ട ചൂടുവെള്ളത്തിലോ കാല്‍ കഴുകുക. ശതധൗതഘൃതം, മഹാതിക്തകം ലേപം എന്നിവ പുറമെ പുരട്ടുന്ന ഫലപ്രദമായ ഔഷധങ്ങളാണ്.

മഴക്കാലത്ത് രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍

1 തിളപ്പിച്ചാറ്റിയ ജലം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക

2. പദരക്ഷ ധരിച്ചു മാത്രം പുറത്തിറങ്ങുക

3. ആഹാരം അടച്ചു വെച്ചത് മാത്രം ഉപയോഗിക്കുക

4. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

5 പരിസരപ്രദേശങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക

6. പരിസരം കൊതുകു വിമുക്തമാക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.

7 രോഗിയുമായി സമ്പര്‍ക്കം ഒഴിവാക്കുക

8 പകലുറക്കം, അത്യാദ്ധ്വാനം, വെയില്‍ എന്നിവ വര്‍ജ്ജിക്കുക

9 മാസത്തിലോ 2 മാസം കൂടുമ്പോഴോ വിരേചനം ചെയ്യുക. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലായ്മ ചെയ്യും.

നിത്യം അരോഗി ആയിരിക്കാന്‍ ഒരാള്‍ എങ്ങനെ ആയിരിക്കണം എന്ന് ആയൂര്‍വേദത്തില്‍ പറയുന്നുണ്ട്

‘’ നിത്യഹരിതാഹാരവിഹാരസേവി സമീക്ഷ്യകാരി വിഷയേഷ്യസക്ത: ദാതാ പര: സത്യപര: ക്ഷമാവാ- നാപ്തോപസേവി ച ഭവത്യരോഗ:‘’

എന്നും ഹിതമായ രീതിയില്‍ ആഹാരവിഹാരങ്ങള്‍ സേവിക്കുന്നവനും നല്ലവണ്ണം ആലോചിച്ചു നോക്കി പ്രവര്‍ത്തിക്കുന്നവനും ദാനശീലനും സത്യവാനും ക്ഷമയുള്ളവനും മുതിര്‍ന്നവരുടെ വാക്കിനെ അനുസരിക്കുന്നവനും അരോഗി ആയിരിക്കും.

Generated from archived content: essay1_july29_13.html Author: dr_rinu_ramesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English