ശലഭങ്ങളുടെ ചിറകിലെ (വി)ചിത്രങ്ങൾ

നോക്കൂ ഇതൊരു മത്സരമല്ല. എന്നാൽ നിങ്ങളുടെ സെൻസിറ്റിവിറ്റിയുടെയും ഭാവനയുടെയും അളവുകോലായിരിക്കും നിങ്ങൾ വരയ്‌ക്കാൻ പോകുന്ന ചിത്രം. നിങ്ങളോടൊപ്പം ഞാനും വരയ്‌ക്കാം. ഓർക്കുക… ഇതൊരു മത്സരമല്ല.

സബജക്‌ട്‌ ഒരു പെൺകുട്ടിയാണ്‌. പരിമിതികളുടെ സമ്മർദ്ദം വിളിച്ചു കൂവുന്ന ഒരു താമസസ്ഥലം. അതിനെ പൊളിഞ്ഞ വീടായോ, പണിതീരാത്ത വീടായോ, മൺകൂരയായോ, ഓലപ്പുരയായോ… അതു ഞാൻ പറയാൻ പാടില്ല. നിങ്ങളുടെ ഭാവനയനുസരിച്ച്‌ വരയ്‌ക്കാം. അതിനു മുന്നിലാണ്‌ പെൺകുട്ടി നിൽക്കുന്നത്‌. ഏകയായി. സമയം സന്ധ്യ. സന്ധ്യയുടെ മൂഡ്‌..അല്ല.. അതും നിങ്ങളുടെ ഭാവനയ്‌ക്കു വിടുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യമില്ലാതെ എന്ത്‌ ക്രിയേറ്റിവിറ്റി.

പെൺകുട്ടിയുടെ മുഖത്തെ വികാരം. അതാണ്‌ വെല്ലുവിളി. അത്‌ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്ന്‌ പറയാൻ ഞാൻ അശക്തനാണ്‌. എന്നാൽ…

എന്നാൽ ഈ ചിത്രത്തിനു പിന്നിൽ ഒരു ചരിത്രം കൂട്ടിച്ചേർത്താൽ ഒരുപക്ഷെ നിങ്ങൾക്ക്‌ അത്‌ വായിക്കാനായേക്കും.

ചരിത്രത്തെ മൂന്നായി മുറിക്കാം. ഭൂതം, വർത്തമാനം, രണ്ടിനുമിടയിൽ ഒരു വലിയ ഗർത്തം. തമോഗർത്തമല്ല. കാരണം ചരിത്രം പിന്നെയും തുടർന്നു എന്നതു തന്നെ.

ഒന്ന്‌

ഭൂതത്തിൽ ഒരു പളളിക്കൂടം. പത്താംതരം. അതിൽ എക്കാലവും ഉളളപോലെ കുറെ കുട്ടികൾ. ആണും പെണ്ണും… അങ്ങനെ. അവരിലൊരുവൻ ചിത്രഗുപ്‌തൻ. ഒരുത്തി ഹൈറുന്നിസ. അതോ ഖൈറുന്നിസയോ. എനിക്കത്ര പിടിയില്ല. അവനും അത്ര നന്നായറിയില്ല. അതിനാലായിരിക്കണം അവൻ അവളെ ഗൈറിന്നിസ എന്നു വിളിച്ചത്‌. വിളിച്ചതു മാത്രമല്ല ഇരുനൂറു പേജുളള ഒരു നോട്ടുബുക്കു നിറയെ അപ്രകാരം എഴുതി നിറയ്‌ക്കുകയും ചെയ്‌തു. അതുകൊണ്ട്‌ അവൻ ചീത്തയാണെന്ന്‌ ഞാൻ പറയില്ല. കാരണം ഞാനും അപ്രകാരം ചെയ്‌തിരുന്നു എന്നതു തന്നെ. എന്നാൽ അവനത്‌ രചനയെഴുത്തു ബുക്കിനുപകരം മാറി പൊന്നമ്മ ടീച്ചർക്കു കൊടുത്തതാണ്‌ സംഗതി പ്രശ്‌നമായത്‌.

“ഗജപോക്കിരി. ഇവിടെ വാടാ.”

ചിത്രഗുപ്‌തൻ ഭയമില്ലാത്തവനാണ്‌. എന്നാൽ മറ്റുളളവർക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം ഒന്നാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെ ഉളള കുട്ടികളിൽ കളളുകുടിച്ച്‌ ക്ലാസ്സിൽ വരുന്നത്‌ അവൻ മാത്രമായിരുന്നു. (അദ്ധ്യാപകരെ നമ്മൾ ബഹുമാനിക്കണമല്ലോ.)

“പോക്കിരി ഞാനല്ല.”

“മോനിങ്ങു വാ.”

“അങ്ങനെ വഴിക്കു വാ.”

“നെനക്കവളെ അത്രയ്‌ക്ക്‌ ഇഷ്‌ടമാണോ?”

“എന്നു ഞാമ്പറയത്തില്ല.”

“ശരി. പറയണ്ട. എഴുതിയാ മതി. ആ ഒരു വാക്കെങ്കിലും നീ തെറ്റാതെ എഴുതാൻ പഠിക്ക്‌.”

കുട്ടികളാരും ചിരിച്ചില്ല. കാരണം ഭയം തന്നെ.

ചിത്രഗുപ്‌തൻ പിന്നെ അധികം സംസാരിക്കാതെയായി. കൂട്ടുകാർ കൂടുതൽ ഭയന്നു. അവൻ മൗനിയായാൽ അപകടമാണ്‌.

തോന്നുമ്പോൾ മാത്രം ക്ലാസിൽ കയറിയിരുന്ന അവൻ ഇപ്പോ എട്ടരയ്‌ക്കേ ക്ലാസിൽ കയറിയിരിക്കുന്നു. ബെല്ലടിച്ചാൽ പുറത്തു കടന്ന്‌ ഗ്രൗണ്ടിലെ പറങ്കിമാവിന്റെ ചുവട്ടിൽ മലർന്നുകിടക്കും. പതിവായി പത്തുമണി കഴിഞ്ഞുമാത്രം ക്ലാസിൽ കയറിയിരുന്ന തന്നോട്‌ സുബൈറാണിതു പറഞ്ഞത്‌. നെഞ്ചൊന്നു പെടച്ചു. അവളും എട്ടരയ്‌ക്കാണ്‌.. ഈശ്വരാ..

അച്‌ഛന്റെ ആട്ടും ചവിട്ടും വകവെക്കാതെ കളളം പൊളിക്കാനായി ഒരു ദിവസം എട്ടരയ്‌ക്ക്‌ താനും ക്ലാസിലെത്തി. അന്നുതന്നെ അതു സംഭവിച്ചു. ഒരുപക്ഷെ താനന്ന്‌ പോയില്ലായിരുന്നുവെങ്കിൽ അത്‌ സംഭവിക്കുമായിരുന്നില്ല. തന്റെ മുന്നിൽവച്ച്‌ അവൻ അവളെ ബലമായി മുത്തി. പിന്നെ കൂമ്പിത്തുടങ്ങിയ ഇളംമാറിൽ ഒരു ഞെക്കും!

അവളുടെ ചൊടികളിൽ ചോര! കളളപ്പന്നി.

“നീ ഒരിക്കലും ഗൊണം പിടിക്കൂലാ.. ശെയ്‌ത്താനേ.”

അവളുടെ തേങ്ങലും കണ്ണീരും ശാപവുമൊന്നും അവന്റെ ചെവിയിൽ വീണിട്ടുണ്ടാവില്ല.

മയങ്ങിവീണ അവളെ താങ്ങിയെടുത്തു ബഞ്ചിൽ കിടത്തി സ്ഥാനം തെറ്റിയ പാവാട നേരെചൊവ്വേ പിടിച്ചിട്ട തന്റെ പെടലിക്ക്‌ മാഷ്‌മാരുടെ വക കൂടിയാട്ടം. മൂക്കത്തു വിരൽവച്ച ടീച്ചറമ്മാരുടെ കൊല്ലുന്ന പ്‌രാക്ക്‌.

പട്ടി… പന്നി.. പിശാച്‌.. എന്നെങ്കിലുമൊരിക്കൽ അവനെ കൊല്ലണമെന്ന്‌ ഞാൻ തീരുമാനിച്ചു. പക്ഷെ തടിയും തന്റേടവും വേണം. അതിന്‌ കൊറെക്കാലം കഴിയണം. കാത്തിരിക്കും… സമയമാവുമ്പോ കൊത്തും ഞാൻ.

രണ്ട്‌

വർത്തമാനം തന്നെ. ജരാനര. അഹം ബ്രഹ്‌മാസ്മി.

ശാപം കൊണ്ടോ ശെയ്തുകൊണ്ടോ ചിത്രഗുപ്‌തൻ ഇന്ന്‌ പൂജ്യൻ. കുറെ കഥകൾ… കവിത…കഥയില്ലാത്ത കുറെ പുരസ്‌കാരങ്ങൾ… കഥ തേടിയുളള യാത്രകൾ…

“റബ്ബേ… ചിത്രഗുത്തനല്ലേ ങ്ങള്‌?”

ഒരു കടപ്പാടു യാത്രയ്‌ക്ക്‌ മുണ്ടുകുത്തിയിറങ്ങുമ്പോൾ ബസിറങ്ങിയ ഒരു മുസ്ലീം സ്‌ത്രീ.

“അതെ… നിങ്ങൾ…”

“പണ്ട്‌.. താമരശ്ശേരി..”

“ഹൈറുന്നിസ.”

“അളേളാ.. ജ്ജെന്റെ പേര്‌ പറയാമ്പടിച്ചാ..”

അവൾക്കൊരു മാറ്റവുമില്ല. അതേ ശബ്‌ദം.

“ന്റെ ബീടിവിടടുത്തന്നെ. ഒന്നു കേറീറ്റു പോയീൻ. വാപ്പ ങ്ങളെ പേര്‌ പറഞ്ഞാ ഇസ്‌റ്റളും പൊട്ടിപ്പൊട്ടി ചിരിക്കും.”

കാലംപോലെ കറുത്ത പർദ്ദ അവളുടെ സുന്ദരവദനം എന്നിൽ നിന്നകറ്റി.

ബന്ധുവിന്റെ മരണം ഒരു നിമിത്തമായി. മരിച്ചയാൾ ഇനിയെന്തറിയാൻ.

ഉളളിന്റെയുളളിൽ വെറുതെ കത്തിനിന്ന ഒരു മോഹനാളം. ഇതാ…അവൾ…ആ മുഖം… ഒന്നു കാണാലോ.

“കുട്ടികളൊക്കെ കൊറേക്കാണും. ങ്ങളൊക്കെ ബീരമ്മാരല്ലെ?”

പെണ്ണ്‌ മനംനൊന്ത്‌ ശപിച്ചാൽ….

എല്ലാ പ്രതാപവും ചോർന്നുപോയി. അന്നത്തിനു വഴിമുട്ടിയന്നേരം വീടുപണിക്കു പോകാൻ തയ്യാറായ അമ്മയെ കഴുത്തു ഞെരിച്ചു കൊന്ന അച്‌ഛൻ മദ്യത്തെ ശപിക്കുന്നതു കേൾക്കാമായിരുന്നു. പോലീസ്‌ വരുവോളം.. അന്നനാഥനായി… ഈ..

“വീടൊക്കെ മാറിയോ?”

വെറുതെ ഒരാകാംക്ഷ. പണ്ട്‌ ഒളിച്ചും പതുങ്ങിയും ഇവിടെയൊക്കെ കറങ്ങിയിട്ടുളളതാണ്‌. എത്രയോ തവണ. തോട്ടിലെ അവളുടെ നീരാട്ടു കാണാൻ.

“കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടു നിന്റെ… ” ഇങ്ങനെയൊക്കെ നൊമ്പരപ്പെടുത്തിയ തന്നെ അവളെങ്ങനെ.

തോടു കഴിഞ്ഞാൽ പാടം. പാടത്തിനപ്പുറം പൊറ്റയിൽ പുതിയ രീതിയിൽ വച്ച വീടായിരുന്നു അവരുടേത്‌. നിറമില്ലാത്ത തറവാടിന്റെ പടിപ്പുര കടന്നാൽ അതുപോലൊരു വീടു പണിയണമെന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ….

“ഇവിടുണ്ടായിരുന്ന തോടെവിടെ?”

“അയിനു വെളളം മേണ്ടേ?”

പാടങ്ങളും നഷ്‌ടമായിരിക്കുന്നു. പുതിയ വീടുകൾ പാണ്ഡുരോഗം പോലെ ഗ്രാമീണസൗന്ദര്യത്തെ വികലമാക്കി പടർന്നു പടർന്ന്‌…

“വാപ്പാ.. ഇദാരാന്നു നോക്കീൻ.”

വളർന്ന നരച്ച മുടി കുളിക്കാതെ ജടപിടിച്ച ഒരു വൃദ്ധൻ.

പശ്ചാത്തലത്തിൽ അതേ നിറത്തിൽ ഒരു താമസസ്ഥലം. അതിനെ പൊളിഞ്ഞ വീടായോ, പണിതീരാത്ത വീടായോ, മൺകൂരയായോ, ഓലപ്പുരയായോ… അതു ഞാൻ പറയാൻ പാടില്ല. നിങ്ങളുടെ ഭാവനയനുസരിച്ച്‌ വരയ്‌ക്കാം. അതിനു മുന്നിലാണ്‌ പെൺകുട്ടിയും വൃദ്ധനും നിൽക്കുന്നത്‌. ഏകയായി. സമയം സന്ധ്യ. സന്ധ്യയുടെ മൂഡ്‌… അല്ല… അതും നിങ്ങളുടെ ഭാവനയ്‌ക്കു വിടുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യമില്ലാതെ എന്ത്‌ ക്രിയേറ്റ്‌വിറ്റി.

“താത്താ…”

പച്ചക്കപ്പ കടിച്ചു ചവച്ചുകൊണ്ട്‌ മെല്ലിച്ച ഒരു യുവാവ്‌… അളിയാ എന്നു വിളിച്ച്‌ പണ്ട്‌..

“ദാരാന്ന്‌ പുടി കിട്ടിയാ? താത്താന്റെ കൂടെ പണ്ട്‌ പത്തീപ്പടിച്ച… ചിത്രഗുപ്‌തൻ…”

വൃദ്ധനും യുവാവും ചിരിക്കാൻ തുടങ്ങി. പൊട്ടിപ്പൊട്ടിച്ചിരിക്കാൻ. ഒപ്പം അവളും കൂടി.

അച്‌ഛനും മകനും കെട്ടിപ്പിടിച്ചു ചിരി തുടർന്നു. പിന്നെ മൺതറയിലിരുന്ന്‌ പരസ്‌പരം തലയിൽ പൂഴിമണ്ണു വാരിയിട്ടു.

തെറ്റുകളെല്ലാം എന്റേതല്ലേ… നാട്ടുകാരും വീട്ടുകാരും ചേർന്ന്‌ തല്ലിയോടിച്ചപ്പോഴും സ്വയം ശപിച്ചിട്ടേയുളളൂ. പക്ഷെ നിനക്കെങ്ങിനെ ഈ ഗതി വന്നു കുട്ടീ…

“സത്യം… അന്നെ ഞമ്മള്‌ ശപിച്ചിട്ടില്ല. സത്യം.”

പരിക്കുകളടിച്ചേൽപ്പിച്ച പക്വത. പ്രായവും.

അവളുടെ കണ്ണീർ കവിളിൽ വീണുറഞ്ഞോ. അതോ കറുത്ത വസ്‌ത്രം അത്‌ ആവാഹിച്ചോ. അവൾ കരഞ്ഞില്ല. കരഞ്ഞതായി തനിക്ക്‌ തോന്നിയതായിരിക്കും.

തെറ്റും ശരിയും തിരിച്ചറിയാത്ത ദൈവങ്ങൾ! കാലത്തിനും സ്വബോധം നശിച്ചുവോ. ബാല്യകൗമാര ചിത്രങ്ങളെ ഇത്രയും വികലമാക്കാൻ. ഇതെങ്ങനെ.

അയാൾക്കു നേരെ നിന്ന്‌ അവൾ പർദ്ദ ഉയർത്തി പിറകിലേയ്‌ക്കിട്ടു.

ഈശ്വരാ… അവളുടെ അധരങ്ങൾ കൂടുതൽ സുന്ദരമായിരിക്കുന്നു.

“ഈ വെളളം കുടിക്കീൻ.”

“നിന്നോടെനിക്കൊരു സ്വകാര്യം പറയാനുണ്ട്‌.”

അവൾ വച്ചുനീട്ടിയ വെളളം ഒറ്റയിറക്കിനു കുടിച്ച്‌ അവൻ പറഞ്ഞു.

“ബാപ്പാ… നസീറേ..”

പതിവുളളതെന്തോ ചെയ്യുന്നപോലെ അയാളെ ചൂണ്ടി ഒന്നുകൂടെ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവർ ഉളളിലേക്കു പോയി.

“രഹസ്യമാണ്‌.”

അത്രയും ഒരുവിധം പറഞ്ഞൊപ്പിച്ചു.

അവളുടെ മുഖത്ത്‌ അപ്പോൾ തെളിഞ്ഞ വികാരം ചായങ്ങൾക്ക്‌ പൊലിപ്പിക്കാനാവാത്തതായിരുന്നു.

“ങ്ങളാ ആങ്കുട്ടി. അദിഗം മൊരടനക്കാണ്ട്‌ ഉളളീക്ക്‌ ബരീ..”

ഹൃദയമില്ലാത്ത പന്നി….

ഇന്നും പുല്ലോളം വകയില്ല എന്നെയവന്‌… ഇറയത്ത്‌ ചലനമറ്റ കാവൽനായയെപ്പോലെ കീറപ്പായിൽ കിടന്നു കുരയ്‌ക്കുന്ന പാഴ്‌ജന്മത്തെ ഒന്നു നോക്കുകപോലും ചെയ്യാതെ…

ഇനി നിങ്ങൾക്കു വരച്ചു തുടങ്ങാം. അവളുടെയല്ല. എന്റെ. എന്റെ ചിത്രമാണു നിങ്ങൾ വരയ്‌ക്കേണ്ടത്‌. അവളുടെ എത്ര ചിത്രങ്ങൾ നിങ്ങൾ വരച്ചു കഴിഞ്ഞിരിക്കുന്നു.

എന്റെ ഈ കണ്ണീരോ? അതിൽ നിറം ചാലിച്ചാണ്‌… ഞാനാ ചിത്രം പൂർത്തിയാക്കേണ്ടത്‌.

ഡോ.ആർ.രാജ്‌കുമാർ

പാലക്കാട്‌ ഗവ.വിക്‌ടോറിയ കോളേജിൽ സുവോളജി അധ്യാപകൻ. ശാസ്‌ത്രലേഖനങ്ങൾ എഴുതാറുണ്ട്‌. ആദ്യ ചെറുകഥാ സമാഹാരം ‘തഥാസ്‌തു’ മൾബറി പുറത്തിറക്കി. രണ്ടാമത്തെ സമാഹാരം ‘കാ… കാ…’ ഡിസി ബുക്‌സ്‌ പ്രസിദ്ധീകരണത്തിന്‌ സ്വീകരിച്ചിട്ടുണ്ട്‌. “ഫ്രം ഇന്ത്യ വി ലൗ” എന്ന ഇ-ബുക്ക്‌ അബ്‌സ്‌ട്രാക്‌ട്‌ ഡോട്ട്‌ കോമിൽ പ്രസിദ്ധീകരിച്ചിരുന്നു. റൈറ്റിംഗ്‌ ഡോട്ട്‌ കോമിലും പുഴഡോട്ട്‌കോമിലും എഴുതാറുണ്ട്‌. ഏഷ്യാനെറ്റിൽ വന്നിരുന്ന ‘സ്വന്തം’ എന്ന സീരിയലിലും ‘സാന്താക്ലാസ്‌ വന്നില്ല’, ‘ലാ ബഞ്ചർ’ എന്നീ ടെലിഫിലിമുകളിലും അഭിനയിച്ചു.

Generated from archived content: story_sep28_05.html Author: dr_raj_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English