കഥയുടെ കാലം

ദിശാബോധം നഷ്‌ടപ്പെട്ട കഥയുടെ കാലമാണിത്‌. ആഴത്തിനും പരപ്പിനുമപ്പുറം ആഖ്യാനത്തിന്റെ അപൂർവ്വതയ്‌ക്കു പ്രാധാന്യം നല്‌കുന്നവരാണ്‌ പുതിയ കഥാകൃത്തുക്കൾ. കഥ, കഥയിൽനിന്നകലുകയും കഥ, കാര്യമാകാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ ധാരാളമാണിപ്പോൾ. ആഖ്യാനരീതിതന്നെയാണ്‌ സൃഷ്‌ടി എന്ന അപ്പൻപ്രഭൃതികളുടെ വാദവും ആശയത്തിനാണ്‌ പ്രാധാന്യം എന്ന പുരോഗമന സാഹിത്യനിരീക്ഷണവും കഥാസാഹിത്യത്തെ വളർത്താനുതകിയില്ല. എന്നാൽ കഥ, അപൂർവ്വരീതിയിലുളള അപൂർവ്വമായ ആശയത്തിന്റെ കാലാത്മികമായ ആവിഷ്‌കാരമാണെന്ന സത്യം ഒട്ടൊക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

മലയാളകഥയിൽ സോഷ്യൽ റിയലിസത്തിന്റെ കാലവും ആധുനികോത്തരതയുടെ ആദ്യകാലവും സമൃദ്ധമായ വിളവെടുപ്പിന്റെ കാലംകൂടിയായിരുന്നു. ബഷീർ, തകഴി, കേശവദേവ്‌, ഉറൂബ്‌, പൊറ്റെക്കാട്‌, വർക്കി, അന്തർജ്ജനം, ചെറുകാട്‌, കാരൂർ തുടങ്ങിയവർ കഥകളെഴുതിയിരുന്ന കാലത്താണ്‌ ഈ സാഹിത്യശാഖ ഏറ്റവുമധികം സമ്പന്നമായിരുന്നത്‌. അവരിലേറെപ്പേരും നോവലും കഥയും ഒരുപോലെ കൈകാര്യം ചെയ്‌തു. ജീവിതവും സാഹിത്യവും തമ്മിലുളള അകലം കുറവായിരുന്നു, അന്ന്‌. മനുഷ്യബന്ധങ്ങൾക്ക്‌ ഉയർന്ന സ്ഥാനമായിരുന്നു. ആദർശങ്ങളെ ആകാശത്തോളം ഉയർത്തിവെച്ചു. ഇതിനിടയിൽ കാല്‌പനികതയും ആധുനികതയും ഒന്നിച്ചും ഒറ്റപ്പെട്ടും കഥയിലേക്ക്‌ കടന്നുവന്നെങ്കിലും വിരലിലെണ്ണാവുന്നവരേ അവയുടെ വക്താക്കളായി അറിയപ്പെടുകയുണ്ടായുളളൂ.

രണ്ടാമത്തെ സമൃദ്ധി പുതിയ സഹസ്രാബ്‌ദത്തെ വരവേല്‌ക്കുന്ന കാലത്താണുണ്ടായത്‌. ആധുനികതയെ അറിഞ്ഞതിനുശേഷം അകറ്റി നിർത്തുകയും ചെയ്‌ത പുതിയ തലമുറയുടെ കാലമാണത്‌. സാറാജോസഫ്‌, എൻ.പ്രഭാകരൻ, സി.വി.ബാലകൃഷ്‌ണൻ, എൻ.എസ്‌.മാധവൻ, ടി.വി.കൊച്ചുബാവ, അശോകൻ ചരുവിൽ, അഷ്‌ടമൂർത്തി, വി.ആർ.സുധീഷ്‌, വി.എസ്‌.അനിൽകുമാർ, വിക്‌റ്റർലീനസ്‌, ബാബു കുഴിമറ്റം, ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌, ചന്ദ്രമതി, ഗ്രേസി, അഷിത, പ്രിയ എ.എസ്‌ തുടങ്ങിയവരുടെ ഈ കാലത്തെ കഥകളും നോവലെറ്റുകളും കൊണ്ട്‌ മലയാള സാഹിത്യം സമ്പന്നമായിരുന്നു. എം.ടി.വാസുദേവൻനായർ, എം.മുകുന്ദൻ, സക്കറിയ തുടങ്ങിയ മുൻതലമുറക്കാരുടെ രക്ഷാകവചം ഈ തലമുറയ്‌ക്ക്‌ ലഭിക്കുകയും ചെയ്‌തു. എന്നാൽ പുതിയ സഹസ്രാബ്‌ദത്തിന്റെ പിറവിയോടെ ഈ തലമുറയുടെ അപചയം ആരംഭിക്കുകയായി. പല കഥാകൃത്തുക്കളും ആത്മകഥകളിലേക്കും കഥേതര സാഹിത്യസൃഷ്‌ടികളിലേക്കും പടർന്നു കയറി. വാർഷികപ്പതിപ്പിനുമാത്രം കഥയെഴുതുന്നവരായി ചിലർ. അപൂർവ്വം ചിലർ നോവലെഴുത്തിനു പ്രാധാന്യം നല്‌കി. ഏറെപ്പേരും നിശ്ശബ്‌ദരായിത്തുടങ്ങി. നിശ്ശബ്‌ദരാകാൻ മടിച്ചവർ കഥാചർച്ചകളിലൂടെ പത്രപംക്തികളിൽ ജീവൻ നിലനിർത്തിക്കൊണ്ടിരിക്കുന്നു. വളരെ വേഗത്തിൽ കുറ്റിയറ്റു പോകുന്ന ഒരു ഗ്രൂപ്പാണ്‌ അമ്പതുകളിലേക്കു കാലെടുത്തുവച്ച ഈ യുവതലമുറ.

റിയലിസം, റൊമാന്റിസിസം, മോഡേണിസം എന്നീ പ്രസ്ഥാനങ്ങളിൽ നിന്നു പാഠങ്ങൾ ഉൾക്കൊളളുകയും ആധുനികോത്തര കാലത്തിന്റെ സ്‌പന്ദനങ്ങൾ അനുഭവിച്ചറിയുകയും വൈയക്തിക മുദ്രകൾ രചനയിൽ പ്രതിഫലിപ്പിക്കുകയും ചെയ്‌ത പ്രസ്‌തുത തലമുറയുടെ കഥകൾ ഏറെ വായിക്കപ്പെടുകയും കുറച്ചുമാത്രം ചർച്ച ചെയ്യപ്പെടുകയും ചെയ്‌തു. എൻ.ശശിധരൻ, ഇ.പി.രാജഗോപാലൻ, വി.സി.ശ്രീജൻ, എൻ.പ്രഭാകരൻ തുടങ്ങി വിരലിലെണ്ണാവുന്നവരാണ്‌ ഇവരുടെ കഥകളെ വിശകലനം ചെയ്‌തത്‌. ദോഷൈകദൃക്കുകളായ പഴയ നിരൂപകരിൽ നിന്നും വ്യത്യസ്‌തമായി വിശകലനം ചെയ്യുകയും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്‌തുകൊണ്ട്‌ ഈ നിരൂപകർ സമകാലിക കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിച്ചു. മലയാളകഥയിലെ ഒന്നാം തലമുറയാലെന്നപോലെ ഈ കാലത്തും ഉത്തരകേരളമാണ്‌ കഥയുടെ ദേശമായി മാറിയത്‌. തകഴി പ്രഭൃതികളുടെ കാലത്തെന്നപോലെ ജീവിതവുമായി അടുത്ത ബന്ധം പുലർത്താൻ കഥയ്‌ക്കു കഴിഞ്ഞതും ഈ കാലത്താണ്‌. ആധുനികതയുടെ തിമിരപാളികൾ എടുത്തുമാറ്റി വ്യക്തമായ ദർശനം സാധിച്ചതും, കഥയെ പ്രസാദാത്മകതയുടെ വഴിയിലേക്ക്‌ നയിച്ചതും സംഭവബഹുലമായ ഈ കാലത്തുതന്നെ. ആത്മാർത്ഥതയുടെ സ്വരം കഥകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഈ ഘട്ടം പതുക്കെ അവസാനിക്കുകയാണ്‌. ആധുനികോത്തരതയുടെ രണ്ടാംഘട്ടമെന്നു വിശേഷിപ്പിക്കാവുന്ന പുതുതലമുറയാണ്‌ ഇപ്പോൾ മലയാള കഥാരംഗത്ത്‌ സ്ഥാനമുറപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ബി.മുരളി, സന്തോഷ്‌ ഏച്ചിക്കാനം, വിനു എബ്രഹാം, സിതാര.എസ്‌., സന്തോഷ്‌കുമാർ, അനൂപ്‌, സുഭാഷ്‌ചന്ദ്രൻ, ലാൽ തുടങ്ങിയ ഒരുപാട്‌ പുതിയ കഥാകൃത്തുക്കൾ രംഗത്തുവന്നിട്ടുണ്ട്‌. ഇവരിലേറെപ്പേരും അംഗീകാരത്തിന്റെ കൗമാരത്തിൽത്തന്നെ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്‌. എന്നാൽ ഈ കഥകളെ വിലയിരുത്താനോ വിശകലനം ചെയ്യാനോ വലിയ ശ്രമങ്ങളൊന്നും നടന്നിട്ടില്ല എന്നത്‌ പരിതാപകരം. മാദ്ധ്യമങ്ങളുടെ അംഗീകാരം ഏറെക്കുറെ പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്‌.

വാക്കുകൾ കൊണ്ട്‌ അമ്മാനമാടുകയോ വ്യതിരിക്തതയ്‌ക്കുവേണ്ടി പരീക്ഷണങ്ങൾ നടത്തുകയോ ചെയ്യുന്നില്ല, പുതിയ കഥാകൃത്തുക്കൾ. പുതിയ കാലത്തിന്റെ ബിംബങ്ങളും ശൈലികളും തേടുന്നതോടൊപ്പം അപൂർവ്വതയ്‌ക്കു വേണ്ടിയുളള അന്വേഷണം നടത്തുന്നുമുണ്ടവർ. എന്നാൽ അനുഭവതീവ്രത, സാമൂഹികപ്രതിബദ്ധത, വൈകാരികസംഘർഷം എന്നിവയുടെ കാര്യത്തിൽ വിമുഖരാണധികം പേരും. പ്രശ്‌നങ്ങളെ അപഗ്രഥിക്കുമ്പോൾ വിമർശനത്തിനു പാകമായ ഒരകലം ദീക്ഷിക്കുന്നു, ഈ കഥാകൃത്തുക്കൾ. ആദിമദ്ധ്യാന്തമായ ഒരു കഥ ആഖ്യാനം ചെയ്യുന്നതിൽ അവർക്കു താല്‌പര്യമില്ല. കഥ ‘നാതിദീർഘമാകാ’ൻ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്‌. കവിതയുടെ ഭാഷ കടംകൊളളാനും ഈ കഥാകാരൻമാർ തയ്യാറല്ല.

ഏറ്റവും പുതിയ കാലത്തോട്‌ സംവദിക്കുന്ന പതിനഞ്ചു കഥാകൃത്തുക്കളാണ്‌, ഈ സമാഹാരത്തിൽ ഒത്തുചേരുന്നത്‌. പ്രശസ്‌തരായ സിതാരയും മധുപാലും ഇക്കൂട്ടത്തിലുണ്ട്‌. സമാഹാരങ്ങളിറക്കാനിടകിട്ടാത്തവരാണ്‌ കൂടുതലും. നവാഗതരും കൂട്ടത്തിലുണ്ട്‌. നവീനകഥയുടെ പരിഛേദമെന്നു വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ചില സവിശേഷതകൾ ഈ കഥകളിൽ പ്രകടമാണ്‌. സിതാര എസ്‌, ഇടം എന്ന കഥയിൽ ദേശവും സ്വത്വവും പരിസരവും നഷ്‌ടപ്പെടുന്ന മനുഷ്യന്റെ വിതുമ്പലാണുളളത്‌. പ്രവാസിയുടെ നഷ്‌ടബോധത്തിന്റെ പ്രതീകമാണ്‌ നൂർ. തന്റെ ‘ഇടം’ ഇതല്ല എന്നയാളെ അറിയിക്കുന്നത്‌ പോലീസുദ്യോഗസ്ഥനാണ്‌. “വീട്ടിൽ തിരിച്ചെത്തിയപ്പോൾ നൂർ അറിഞ്ഞുഃ അന്തരീക്ഷമാകെ മാറിയിരുന്നു. വർഷങ്ങൾ അകന്നു നിന്നപ്പോഴും സ്വന്തമായിരുന്ന പലതും ഒരു നിമിഷം കൊണ്ട്‌ ഇല്ലാതെയായിരുന്നു. നിന്റെ ഇടം ഇതല്ല എന്ന്‌ ഓരോ ശ്വാസവും പറഞ്ഞുകൊണ്ടിരിക്കുന്നു.” സിതാര പ്രവാസിയുടെ ദുരന്തം പങ്കുവെയ്‌ക്കുകയാണ്‌. ദ്വീപ്‌, ബഹിരാകാശം, തരിശുഗ്രഹം തുടങ്ങിയ പദങ്ങളുടെ അവസരോചിതമായ പ്രയോഗം പ്രസ്‌തുത മാനസികനിലയെ അനാഛാദനം ചെയ്യുന്നുണ്ട്‌. ലൂസി, ജോസഫ്‌, മാർഗരറ്റാന്റി എന്നീ കഥാപാത്രങ്ങളെ ഒരു സിനിമാനടന്റെ കണ്ണിലൂടെ ആവിഷ്‌കരിക്കുകയാണ്‌, മധുപാൽ. ക്രിസ്‌റ്റ്യാനിറ്റിയുടെ പരിവേഷം ‘ദൈവവിളി’ എന്ന ഈ കഥയ്‌ക്കു നല്‌കിയിട്ടുണ്ട്‌. ആഖ്യാനപാടവം വെളിവാക്കുന്ന ഒരു കഥയാണിത്‌.

‘ജീവിതത്തിനിടയിലേക്ക്‌ ഹെഡ്‌ലൈറ്റിടാത്ത ഒരു സൈക്കിൾ’ എന്ന കഥയെഴുതിയ അജേഷ്‌ കടന്നപ്പളളി നവാഗതനാണ്‌. പത്രപ്രവർത്തകരും സുഹൃത്തുക്കളുമായ രഘുരാമനും ലൈലയുമായുളള രതിബന്ധത്തിന്റെ പശ്ചാത്തലം ബാബ്‌റി മസ്‌ജിദ്‌ മിനാരങ്ങളുടെ തകർച്ചയാണ്‌. ലൈലയെ ക്ഷേത്രമായി സങ്കല്പിക്കുന്ന കഥാകൃത്ത്‌ അവളിൽ ഉടയുന്ന താഴികക്കുടങ്ങളും മുറിപ്പെട്ട ചുവരെഴുത്തുകളും കാണുന്നു. എന്നാൽ വഴിമദ്ധ്യേ കഥയിലേക്ക്‌ നേരിട്ട്‌ ഹെഡ്‌ലൈറ്റിടാത്ത ഒരു സൈക്കിൾ വന്നു കയറുന്നു. രഘുരാമന്റെ മുന്നരിയിലാണതിടിക്കുന്നത്‌. വിവാഹ വാർഷികാഘോഷത്തിന്‌ കാത്തുനില്‌ക്കുന്ന പത്‌നിയുടെ മുന്നിൽ ഉപയോഗരഹിതമായ ആയുധവുമായി നില്‌ക്കേണ്ടിവരുന്ന രഘുരാമന്റെ നില്‌പ്‌ സമകാലികഭാരതപൗരന്റെ അനുഭവമായി മാറുന്നു. സാമൂഹികജീവിതത്തെ മനുഷ്യശരീരത്തിലാരോപിക്കുന്ന ഈ കഥ ധ്വന്യാത്മകമാണ്‌. പറഞ്ഞ പ്രാക്കുകളിലുളളതിലും അർത്ഥം, പറയാത്ത വാക്കുകളിലാണെന്നത്‌ പ്രധാനം.

‘മറുപുറം’ എന്ന ചന്ദ്രൻ പൂക്കാടിന്റെ കഥയിലും, ഷാജി എം.വിയുടെ ‘കെഡാവറിക്‌ സ്‌പാസം’ എന്ന കഥയിലും മാറുന്ന കാലത്തെ കുടുംബബന്ധത്തിന്റെ സമവാക്യം പ്രത്യക്ഷമാകുന്നു. നഫീസബേബിയുടെ ‘കൗസല്യടീച്ചർക്കെന്തു പറ്റി?’ എന്ന കഥ സറ്റയറിന്റെ സാധ്യതകൾ തേടുന്നുണ്ട്‌. എന്നാൽ ഭൗതികജീവിതത്തിന്റെ ചോദ്യചിഹ്നങ്ങൾ പ്രത്യക്ഷപ്പെടുന്ന ചില കഥകളും ഈ സമാഹാരത്തിലുണ്ട്‌. കർക്കിടകം (നന്ദകുമാർ പയ്യന്നൂർ), വാർഷികദിനം (എ.എസ്‌.മിറാജ്‌), പരേതരിലെ പരേത (രമേശൻ പൂന്തോടൻ) എന്നിവയാണവ. ജീവിതദുരിതങ്ങൾക്കിടയിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെയും പട്ടിണി വരയുടേയും താഴെ തലവരയുളള അവശന്റേയും കഥകൾ പുതിയ കഥാകൃത്തുക്കൾക്കും അന്യമല്ല എന്ന്‌ ഇവ ചൂണ്ടിക്കാട്ടുന്നു. മുയ്യം രാജന്റെ ‘പെയ്‌തൊഴിയാത്ത മഴ’യിൽ രോഗാതുരമായ ഒരു ശരീരത്തിനുളളിലെ ആരോഗ്യമനസ്സിനെ തുറന്നുകാട്ടുന്നു. കലുഷിതമായ കാലഘട്ടത്തിന്റെ പരിച്ഛേദമായി സുരേഷ്‌ബാബു മാങ്ങാടിന്റെ ‘അധിനിവേശം’ നിലക്കൊളളുന്നു.

എഴുതിത്തെളിഞ്ഞവരും തെളിയാനുളളവരുമായ കഥാകൃത്തുക്കളാണ്‌ ഈ സമാഹാരത്തിൽ തോളോടുതോൾ ചേർന്നു നില്‌ക്കുന്നത്‌. ഇരുവിഭാഗത്തിനും ഇത്തരമൊരു പ്രസാധനം ആശ്വസകരമാണ്‌. പ്രസാധകരെ അഭിനന്ദിക്കേണ്ടതും ആവശ്യമാണ്‌.

ശേഷം 99-​‍ാം പേജിൽ, എഡിഃ ശ്രീധരൻ കൈതപ്രം, വില- 60, ഗുംറ പബ്ലിക്കേഷൻസ്‌

Generated from archived content: book1_may18_06.html Author: dr_prabhakaran_pazhashi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here