ഓർമ്മ വായന

ഒഴിവുവേളകളിൽ

ഒന്നു ചെയ്യാനില്ലാതെ

ഒറ്റയ്‌ക്കിരിക്കുമ്പോൾ, തുറന്നേക്കാം

ഓർമ്മയുടെ പുസ്‌തകം

ഓരോ ഏടും പേർത്ത,​‍്‌ പേർത്ത്‌

നോക്കുമ്പോൾ കാണാം ഇങ്ങനെ പലതും

ആകാശം കാണാതൊളിപ്പിച്ച മയിൽപ്പീലി

അറ്റംകൂർത്ത വളപ്പൊട്ടുകൾ,

മഞ്ചാടി മണികൾ

വഴിവക്കിലെ മഷിത്തണ്ടു ചെടി,

അണ്ണാറക്കണ്ണൻ ചിലക്കും മൂവാണ്ടൻ മാവ്‌,

സ്‌കൂൾ പടിക്കുപുറത്തെ മിഠായി വിൽപ്പനക്കാരൻ,

ഉള്ളം കൈയിലെ ചൂരൽത്തിണർപ്പുകൾ,

എഴുതിതീരാത്ത പരീക്ഷ പേപ്പർ,

ഇടവേളകളിലെ കളിഭ്രാന്തുകൾ

ഇണക്കങ്ങളും, പിണക്കങ്ങളും

മാറി, മാറി വച്ച്‌ പണിത

സൗഹൃദപ്പാലങ്ങൾ.

ഏടുകൾ മറിയുമ്പോൾ കാണാം

നഗരകലാലയങ്ങൾ

സംസ്‌ക്കാര വൈജാത്യങ്ങൾ

മനസ്സിന്റെ, ശരീരത്തിന്റെ വേഷങ്ങളുടെ

വ്യത്യസ്‌ത പകർപ്പുകൾ,

മായക്കാഴ്‌ചകൾ, മധുരഭാഷണങ്ങൾ

പഠനത്തിന്റെ ഉഷ്‌ണമേഖലകൾ

പ്രണയത്തിന്റെ കുളിരരുവികൾ

സന്തോഷത്തിന്റെ ദിനരാത്രങ്ങൾ.

പിന്നെയും ഏടുകൾ കഴിയുമ്പോൾ, വരും,

കണ്ടു കൊതിതീരാത്ത കാഴ്‌ചക്കീറുകൾ

നല്ലൊരുൽസവത്തിന്റെ കൊടിക്കൂറകൾ

നല്ലൊരയൽക്കൂട്ടം

നല്ലൊരു സൗഹൃദത്താൽ

പടർന്ന ചില്ലകൾ.

ഓർമ്മകളിൽ തെളിഞ്ഞേക്കാം

പാൽനിലാവിന്റെ ചിരി

ഇളം കാറ്റിൻ നനുത്ത വിരൽസ്‌പർശനം

നീല സാഗരത്തിന്റെയിരമ്പങ്ങൾ.

അദ്ധ്യായങ്ങൾ മറിയവെ കാണാം

യഥാർത്ഥ്യങ്ങളുടെ വേഷപ്പകർച്ചകളിൽ

പകച്ച ദിനരാത്രങ്ങൾ

തകർന്ന ബന്ധങ്ങളുടെ അസ്‌ഥികൂടങ്ങൾ

പുതുവസന്തത്തെ കൊതിച്ച നിമിഷങ്ങൾ

കഷ്‌ടനഷ്‌ടങ്ങളുടെ ഇടനേരങ്ങൾ

നേട്ടങ്ങളുടെ വർണാഭമായ പകലുകൾ

ഒരുവേള

ഉച്ചത്തിലുള്ള ഒരു വിളി,

ഒരു കാളിംഗ്‌ ബെൽ,

മൊബൈലിന്റെ ചിലപ്പ്‌

നമ്മെ ഉണർത്തുമ്പോൾ

നാം ഓർമ്മപുസ്‌തകം അടച്ചുവെയ്‌ക്കും

വർത്തമാനത്തിന്റെ നട്ടുച്ചയിലേക്ക്‌

വലിച്ചെറിയപ്പെടുമ്പോൾ കാണാം

കൺമുന്നിൽ, അധിനിവേശത്തിന്റെ

പായ്‌ക്കപ്പലുകൾ,

ചൂഷണത്തിന്റെ ഒരു തിര

പാഞ്ഞടുക്കുന്നു

നമുക്കു നേരെയും

Generated from archived content: poem1_nov3_08.html Author: dr_p_sajivkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here