പടർന്നു പന്തലിച്ചു
കുളിർത്തണലേകുമൊരു
വൃക്ഷച്ചുവട്ടിൽ
ഒരു കീറ് ആകാശം നോക്കി
ഇരിപ്പ്.
പകലായാൽ സൂര്യന്റെ തേരോട്ടം
രാത്രിയായാൽ നക്ഷത്രങ്ങളുടെ താരാട്ട്
ഇടക്കെല്ലാം മേഘങ്ങളുടെ പ്രയാണം
കൂട്ടത്തോടെയോ, ഒറ്റയ്‌ക്കോ
പക്ഷികളുടെ പറക്കൽ
ചിറകടികൾ
വൃക്ഷശിഖരത്തിൽ
കിളിക്കൂട്
കൂട്ടിൽകിളി, കിളിക്കുഞ്ഞ്
കിളിമൊഴി
കിളിപ്പാട്ട് (എഴുത്തച്ഛന്റെയല്ല)
എല്ലാം കണ്ടും കെട്ടും
വൃക്ഷത്തണലിൽ
രസം നുകർന്ന്…
സ്വപ്നങ്ങൾ നെയ്ത് നെയ്ത്
പക്ഷിയാവാനോ, കാറ്റാവാനോ,
വൃക്ഷമാവാനോ കൊതിച്ച്
ആവാനാകാത്തതിൽ വ്യസനിച്ച്
മോഹവലകളിൽ പിന്നെയും ചായമടിച്ച്
പുലർവെട്ടം കണ്ട്
മദ്ധ്യാഹ്‌നം കണ്ട്
സാന്ധ്യശോഭ കണ്ട്
അങ്ങനെ ഇരിപ്പ്.
Generated from archived content: poem1_july18_07.html Author: dr_p_sajivkumar