“ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാന പൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ
തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍”
മാതൃരാജ്യം, നാട് എന്നൊക്കെ പറയുമ്പോള്‍, എനിക്കെന്നും ഓര്‍മ്മ വരുന്നത് മഹാകവി വള്ളത്തോളിന്റെ മനോഹരവും മഹത്തായതുമായ ഈ വരികളാണ്.
എന്റെ ദേശത്തെ കുറിച്ച് എഴുതണമെന്നു തോന്നിയപ്പോള്‍, “ഒരു ദേശത്തിന്റെ കഥ”യും (എന്റെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളും, ജ്ഞാനപീഠം അവാര്‍ഡ് ജേതാവുമായ, യശശ്ശരീരനായ എസ്. കെ. പൊറ്റെക്കാടിന്റെ കൃതി) മനസ്സിലെത്തി.
എന്റെ ദേശം – എപ്പോഴെല്ലാം ആ സ്നേഹചകോരം, എന്റെ സ്നേഹനിധിയായിരുന്ന അമ്മയെപ്പോലെ, മനസ്സില്‍ ചേക്കേറാന്‍ വരുന്നുവോ, അപ്പോഴെല്ലാം ഒരുപാട് ഗൃഹാതുരത്വമുളവാക്കുന്ന സ്മരണകളുമായി വരാറുണ്ട്. പ്രത്യേകിച്ച്, ഒരു നാല് പതിറ്റാണ്ടുകളോളമായി ഞാനൊരു മറുനാടന്‍ മലയാളി ആയതുകൊണ്ട്. അതിനുമുപരിയായി, ഒഴിവുസമയമാണെങ്കില്‍ പറയേണ്ടതില്ല.- എല്ലാം ഒരു വെള്ളിത്തിരയിലെന്നപോലെ എന്റെ സ്മൃതിപഥത്തില്‍ തെളിഞ്ഞുവരും. നാല് പതിറ്റാണ്ടുകള് എന്നെഴുതിയപ്പോള്‍, ഞാന്‍ എന്നോടുതന്നെ ചോദിക്കുകയാണ്: ശരിയാണോ? ആണല്ലോ. എന്നിട്ടും, ഞാന്‍ മലയാളിയാണെന്ന് എങ്ങിനെ മനസ്സിലായി എന്ന എന്റെ ചോദ്യത്തിന് എഡ്വിന്‍ മെണ്ടേ എന്ന സുഹൃത്ത് പറഞ്ഞില്ലേ – “വൈ നോട്ട്? മ്യാപ്പ് ഓഫ് കേരള ഈസ് ഓണ്‍ യുവര്‍ ഫേസ്.” അതെ, ഇന്നും, ഈ വര്ഷങ്ങളായുള്ള പ്രവാസിജീവിതത്തിലും, വീട്ടിലെങ്കിലും ഡബിള്‍ മുണ്ട് “ധരിക്കു”ന്ന, ബനിയനും അതിന്റെ പുറത്ത് തോര്‍ത്തും “ധരിക്കു”ന്ന ഒരു നാടന്‍ മലയാളിയാണ് ഞാന്‍ എന്ന് പറയുമ്പോള്‍, അകത്തും “മലയാളിത്തം” കാത്തു സൂക്ഷിക്കുന്ന ഒരു പാവം മലയാളിയാണ് ഞാനെന്നു നിങ്ങളും “ധരിക്കു”മെന്നു കരുതട്ടെ.
ഇങ്ങിനെ എഴുതിത്തുടങ്ങിയപ്പോള്‍, പഴയ ഒരു രാജ് കപൂര്‍ സിനിമയിലെ (ശ്രീ 420) ഒരു ഗാനം സമരണയിലോടി എത്തുകയാണ്:
“മേരാ ജൂത്താ ഹേ ജാപാനി
യെഹ് പട്ലൂന്‍ ഇന്ഗ്ലിഷ്സ്ഥാനി
സെര് പേ ലാല്‍ ടോപി റൂസി
ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്ഥാനി”
(എന്റെ ചെരുപ്പുകള്‍ ജാപാനീസ്, പാന്റ്സ് ഇംഗ്ലീഷ്, തലയിലെ ചുവന്ന തൊപ്പി റഷ്യന്‍, എന്നാല്‍ എന്റെ ഹൃദയം ഭാരതീയന്‍ ആണ്.)
അതുപോലെ, ഞാന്‍ പറഞ്ഞുവന്നത് – എവിടെപോയാലും, എത്രകാലമായാലും, ഞാന്‍ ഒരു ഭാരതീയനും, “മലയാളി”യും (മല്യാലി അല്ല) തന്നെയാണേ.
പുഴമ്പാലം;
പ്രിയപ്പെട്ട പൂര്‍വികരുടെ ആത്മാക്കള്‍ നിദ്രകൊള്ളുന്ന പുഴയുടെ തീരം;
അവിടെനിന്നും കുറെ അങ്ങോട്ടുകടന്നാല്‍ കാണുന്ന ഞാന്‍ പഠിച്ച വിദ്യാലയം (അന്നും ഇന്നും നാട്ടിലെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ മാധ്യമം, എന്നാല്‍ പ്രഗല്‍ഭരായ കുറെ വ്യക്തികളെ സമ്മാനിക്കുകയും സമ്മാനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മഹത്തായ സര്‍ക്കാര്‍ വിദ്യാലയം);
പഴയ YMA (Young Men’s Association) ഓഫീസ്;
കോഴിക്കാട് ഭഗവതിയുടെ മന്നം;
ഗണപതിയാംകോടം; കൂത്തുമാടം;
പഴയ വായനശാല (എവിടെ നിന്നും ഞാന്‍ കുറെ പുസ്തകങ്ങള്‍ വായിച്ചുകൂട്ടിയോ ആ വായനശാല – ശ്രീധരനുണ്ണി കര്‍ത്താവിന്റെ മേല്നോട്ടത്തിലുണ്ടായിരുന്നത്);
അതിന്റെ കോമ്പൗണ്ട് – എവിടെ ഞങ്ങള്‍ “ഇടക്കളി” (കണ്യാര്കളി/മലമക്കളിക്ക് മുമ്പേയുള്ള പരിശീലനം) അഭ്യസിച്ചുവോ ആ സ്ഥലം;
നരസിംഹമൂര്‍ത്തി അമ്പലം; അമ്പലക്കുളം;
മാരിയമ്മന്‍ കോവില്‍; പുത്തന്കുളം;
കോഴിക്കാട്ടു കാവ്;
അങ്ങിനെ എല്ലാം എല്ലാം ഞാന്‍ ഇന്നെന്നപോലെ ഓര്‍ക്കാറുണ്ട്.
Generated from archived content: entegramavum1.html Author: dr_p_malankot