നരസിംഹ മൂര്‍ത്തി അമ്പലം

ഭക്ത പ്രഹ് ളാദന്റെ കഥയുമായി ബന്ധപ്പെട്ടതത്രെ നരസിംഹാവതാരം. പിതാവ് ഹിരണ്യ കശിപു മകന്‍ നാരായണമന്ത്രം ഉരുവിടുന്നതില്‍ കോപാകുലനായി. ‘ഹിരണ്യ നാട്ടില്‍ ഹിരണ്യായ നമഃ’ എന്നത് ശരിയല്ലെന്നും നാരായണ മന്ത്രമാണ് ഉച്ചരിക്കേണ്ടതെന്നും പ്രഹ് ളാദന്‍ പറയുന്നു. നിന്റെ നാരായണന്‍ എവിടെയുണ്ടെന്നു അവനെ കാണിച്ചു തരാനും ആവശ്യപ്പെട്ട ഹിരണ്യ കശിപുവിന് എവിടെയും ഭഗവാന്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നായിരുന്നു പ്രഹ് ളാദന്റെ മറുപടി. തൊട്ടടുത്ത തൂണ് കാണിച്ചു കൊടുത്തിട്ടു ഹിരണ്യന്‍ ചോദിച്ചു- ഇതിലുമുണ്ടോ നിന്റെ നാരായണന്‍? ഉവ്വ് എന്നായിരുന്നു പ്രഹ് ളാദന്റെ മറുപടി. അരിശം മൂത്ത് തൂണു തകര്‍ത്തപ്പോള്‍ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരം നരസിംഹം പ്രത്യക്ഷപ്പെട്ടു ഹിരണ്യകശിപുവിനെ വധിച്ചു. എന്നാല്‍ ആ വധത്തിനും ഒരു പ്രത്യേകതയുണ്ട്. ഹിരണ്യ കശിപു ഒരിക്കല്‍ ഒരു വരം നേടിയിരുന്നു. തന്റെ മരണം പകലോ രാത്രിയോ ആകരുതെന്നും വീടിനകത്തോ പുറത്തോ വച്ചാകരുതെന്നും മനുഷ്യനാലോ മൃഗത്താലോ വധിക്കപ്പെടരുതെന്നും ആയിരുന്നു ആ വരം. ആയതിനാല്‍ സന്ധ്യാ സമയത്ത് , ഉമ്മറപ്പടിയില്‍ സിംഹത്തിന്റെ തലയുള്ള നരന്റെ രൂപത്തില്‍ വന്ന ഭഗവാനാല്‍ ഹിരണ്യന്‍ വധിക്കപ്പെട്ടു.

നിര്‍ഭാഗ്യവശാല്‍ എന്റെ ദേശത്തിലെ പുതിയ തലമുറയ്ക്ക് കഥകളഇ, ഓട്ടന്‍തുള്ളന്‍, കുറത്തിയാട്ടം തുടങ്ങി കേരളത്തിന്റെ അഭിമാനമായ കലകളെക്കുറിച്ച് അധികമായി അറിയാന്‍ ഇടയില്ല. ഇതെല്ലാം ഒരു കാലത്ത് നരസിംഹമൂര്‍ത്തി അമ്പലത്തിലെ ഉത്സവദിനങ്ങളില്‍ പതിവുണ്ടായിരുന്നു.

ഓട്ടന്‍ തുള്ളല്‍ ഉച്ചയ്ക്കു ശേഷമാകും സാധാരണ നടക്കുക. വീട്ടില്‍ നിന്നു സമ്മതം വാങ്ങി കൂട്ടുകാരുമൊത്ത് ഞാന്‍ പോകും. കുറെ നേരം തുള്ളല്‍ കാണും. സ്ഥിരമായി രണ്ടുതുള്ളല്‍ കലാകാരന്മാരാണ് വരാറുള്ളത്. രണ്ടു പേരും മാറി മാറി തുള്ളല്‍ അവതരിപ്പിക്കും. അതില്‍ ഒരാള്‍ക്ക് അല്‍പം മുടന്തുണ്ടായിരുന്നു. അങ്ങേര്‍ തുള്ളല്‍ അവതരിപ്പിക്കുന്ന ദിവസം പല കൂട്ടുകാര്‍ക്കും വലിയ താത്പര്യം കാണില്ല. അന്നേരം അമ്പലക്കുളത്തിന്റെ വീതികുറഞ്ഞ ചുറ്റുമതിലിലൂടെ വള്ളി ട്രൗസറുമിട്ട ഞങ്ങള്‍ സര്‍ക്കസുകാരെ പോലെ നടക്കും..

ഓട്ടന്‍തുള്ളല്‍ കഥകള്‍ പലതും അക്കാലത്തു തന്നെ കേട്ടാല്‍ അറിയാമായിരുന്നു. ചിലത് മറ്റുള്ളവരോട് ചോദിച്ചു മനസിലാക്കും. ഇത് രുക്മിണി സ്വയംവരം, കല്യാണ സൗഗന്ധികം, ദമയന്തി സ്വയംവരം എന്നിങ്ങനെ. വീട്ടിലെത്തിയാല്‍ മുതിര്‍ന്നുവര്‍ കഥ ചോദിച്ചാല്‍ സിംപിളായി പറഞ്ഞു കൊടുക്കും. അങ്ങനെ തുള്ളല്‍ കാണാതെ തന്നെ വീട്ടുകാരെ പറ്റിക്കും. കളിയാണല്ലോ അന്നും പ്രാധാന്യം.

വൈകുന്നേരങ്ങളില്‍ ഒന്നുകില്‍ കുറത്തിയാട്ടം ഉണ്ടാകും. അല്ലെങ്കില്‍ മോഹിനിയാട്ടം. കുറത്തിയാട്ടത്തില്‍, കുറത്തികള്‍ ആടിയതിനു ശേഷം കുറവന്റെ വരവാകും. ചിലപ്പോള്‍ കുറവനു പകരം മുത്തശ്ശി വരും. അന്നത്തെ കുറത്തിമാരില്‍ ഒരു കുറത്തി അതീവ സുന്ദരിയായിരുന്നു. അവള്‍ ആടുന്ന ദിവസം കാണികള്‍ നിറഞ്ഞു കവിയും.

ഈ നരസിംഹമൂര്‍ത്തി അമ്പലവും അതിനോട് തൊട്ടുള്ള ശിവന്റെ അമ്പലവും തിരുവഴിയാട് ദേശക്കാര്‍ക്ക് ഇന്നും വളരെ പ്രാധാന്യമുള്ളതാണ്.

Generated from archived content: entegramam8.html Author: dr_p_malankot

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here