പാവക്കൂത്തിനും അതുമായി ബന്ധപ്പെട്ട കുറെ സ്മരണകള്‍ക്കും ശേഷം മാരിയമ്മന്‍ കോവിലിനെ ചുറ്റിപ്പറ്റിയുള്ള ചില ഓര്‍മകളിലേക്ക് ഞാന്‍ കടക്കട്ടേ..
ഇതിനു മുന്‍പ് എന്നെപ്പറ്റി മറുനാടന്‍ മലയാളി എന്നു പറഞ്ഞപ്പോള്‍, എന്റെ സ്മൃതി പഥത്തിലേക്ക് വേറൊരു കാര്യം കടന്നുവന്നു. അതെന്തെന്നാല്‍, അതേ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമ കണ്ടിരുന്നു. റിലീസ് ആയി വരുമ്പോഴേക്കും പേരില്‍ ചെറിയൊരു വ്യത്യാസം വന്നു. – മറുനാട്ടില്‍ ഒരു മലയാളി. പ്രേം നസീറും വിജയശ്രീയും അഭിനയിച്ച ആ ചിത്രത്തില്‍ മറക്കാനാവാത്ത ഒരു കുംഭകളിയും ഗാനവുമുണ്ട്.
ആ ഗാനം ഓര്‍മയില്‍ നിന്നും എഴുതട്ടേ…
‘കാളീ ഭദ്രകാളീ..
കാത്തരുളുക ദേവീ..
മായേ മഹാമായേ…
മാരിയമ്മന്‍ തായേ..
അമ്മന്‍കുടമേന്തി
ആടി വന്നേന്‍..’
ഈ കുംഭകളി(ആട്ടക്കുംഭം) തിരുവഴിയാട്ടുകാര്‍ക്ക് സുപരിചിതമാണ്. പുത്തന്‍ തറയിലെ മാരിയമ്മന്‍ കോവിലിലെ ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ നടത്തുന്നതാണിത്. കോവിലെന്നപോലെ കോഴിക്കോട് ഭഗവതിയുടെ മന്നത്തിന്റെ മുന്നിലും കുംഭകളി ആടാറുണ്ട്. കോവിലില്‍ ‘ തീക്കുഴിച്ചാട്ടം’ തുടങ്ങിയ ആചാരങ്ങളും നടക്കുന്നു.
പുത്തന്‍ തറയിലെ ദേവദാസ് മാസ്റ്ററെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ ‘സ്വയംവരം’ എന്ന ചിത്രത്തിന്റെ സൗണ്ട് റെക്കോഡിങ് എന്‍ജിനീയര്‍. ഒരു ഹൈസ്‌ക്കൂള്‍ അധ്യാപകനായി ജോലിചെയ്ത്, പിന്നീട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു പഠിച്ചു. സൗണ്ട് റെക്കോഡിങ്ങില്‍ പ്രാവീണ്യം നേടുകയും ക്രമേണ ഉന്നതങ്ങള്‍ കീഴടക്കുകയും ചെയ്ത പ്രതിഭ. ഇനി പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ഈ അധ്യായം എനിക്കു മുഴുവനാക്കാന്‍ പറ്റില്ല- പ്രസിഡന്റില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ മോനിക്ക മേനോന്‍ എന്ന ബാലതാരത്തിന്റെ( ഹ്യൂമന്‍ എന്‍സൈക്ലോപിഡിയ) പേരു കൂടി ഇവിടെ കുറിച്ചില്ലെങ്കില്‍…
Generated from archived content: entegramam7.html Author: dr_p_malankot