എന്റെ കുട്ടിക്കാലത്ത്, യുവജനസംഘം ( young men’s association – ചുരുക്കത്തില്‍ YMA) എന്ന പേരില്‍ ഒരു കലാസംഘടനയുണ്ടായിരുന്നു. അന്നത്തെ ചെറുപ്പക്കാരായ പരേതനായ വേലുമാസ്റ്റര്‍, കെ. രാമചന്ദ്രന്‍ എന്നിവരൊക്കെ അതിന്റെ സജീവപ്രവര്‍ത്തകരും. വര്‍ഷംതോറും ഒരു ദിവസം നൃത്തനൃത്യങ്ങളും നാടകവും മറ്റുമായി ആഘോഷിക്കും. നാടകം തെരഞ്ഞെടുക്കുന്നതില്‍ മെമ്പര്‍മാര്‍ക്ക് അതീവശ്രദ്ധയുണ്ടായിരുന്നു. മതപരമായ പശ്ചാത്തലവും ആചാരനുഷ്ഠാനങ്ങളും വലിയ പരിചയമില്ലെങ്കിലും സി.എല്‍. ജോസിന്റെ നാടകങ്ങളും മറ്റും തെരഞ്ഞെടുത്ത് വളരെ നല്ല രീതിയില്‍ അവര്‍ അവതരിപ്പിച്ചിരുന്നു. അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ വിരലില്‍ എണ്ണാവുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒരു സുഹൃത്ത് അന്ന് തമാശയ്ക്കു ചോദിക്കുകയും ചെയ്തു- ഇത് YMAയോ അതോ YMCAയോ (YOUNG MEN’S CHRISTEN ASSOCIATION)
മുകളില്‍ പറഞ്ഞ വസ്തുതകള്‍ മുഴുവന്‍ എഴുതാന്‍ കാരണം വേറൊന്നുമല്ല, YMAയുടെ മെമ്പര്‍മാരുടെ തുറന്ന മനസ്ഥിതിയാണ് അത് കാണിക്കുന്നത്. ഞങ്ങള്‍ക്ക് ഇവിടെ ജാതിയോ മതമോ ആചാരങ്ങളോ ഒന്നും പ്രശ്‌നമല്ലെന്നും, ഞങ്ങള്‍ മനുഷ്യരും കലാസ്‌നേഹികളുമാണ് എന്നുറക്കെ പ്രഖ്യാപിക്കുന്ന വിധത്തിലുള്ള പെരുമാറ്റം. ഇതൊക്കെ നടത്തിയതോ കോഴിക്കാട്ടു ഭഗവതിയുടെ മന്നത്തിന്റെ തൊട്ടുകിടക്കുന്ന ഒഴിഞ്ഞ സ്ഥലത്തും!
YMAയുടെ ഓഫിസ് ഗ്രാമത്തിലെ പേരുകേട്ട വ്യാപാരിയായ അഹമ്മദ് കബീറിന്റെ കടയുടെ തൊട്ടടുത്തായിരുന്നു. ഞങ്ങളുടെ നാട്ടുകാരുടെ തുറന്ന മനസ്ഥിതിയെപ്പറ്റി പറയുമ്പോള്‍, എന്റെ സുഹൃത്തും അഹമ്മദ് കബീറിന്റെ മകനുമായ അബ്ബാസിനെ കുറിച്ചു പറയാതിരിക്കാനാവില്ല. അബ്ബാസ് മുസല്‍മാനായിരുന്നെങ്കിലും പഠനത്തിന് സംസ്‌കൃതം ആയിരുന്നു പ്രധാനവിഷയമായി തെരഞ്ഞെടുത്തത്. പില്‍ക്കാലത്ത്, നമ്മുടെ നാട്ടിലെ വര്‍ത്തമാനങ്ങളില്‍ ഇടം നേടിയ അറബിക് ടീച്ചര്‍ ഗോപാലിക അന്തര്‍ജനത്തെയും കഥകളി ആലാപനത്തില്‍ പേരുകേട്ട കലാമണ്ഠലം ഹൈദരാലിയെയും മറ്റും ഓര്‍ത്തുപോകുന്നു.
അബ്ബാസ് സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ബാപ്പയുടെ കടയില്‍ ഉണ്ടാകും. ഞാന്‍ ഒരാഴ്ച കൂടുമ്പോള്‍ അവിടെ നിന്നു വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ഒരിക്കല്‍, അബ്ബാസ് എന്നോട് അല്‍പം കാത്തിരിക്കാന്‍ പറഞ്ഞു. സ്റ്റൗവില്‍ ചായ തിളപ്പിക്കാന്‍ പോയി. അബദ്ധവശാല്‍ സ്റ്റൗവില്‍ നിന്നു തീ തൊട്ടടുത്തുള്ള വല്ലപ്പായയില്‍ പടര്‍ന്നു പിടിച്ചു. അബ്ബാസ് നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്ക് ഓടി. ഞാനും പരിഭ്രമിച്ചു പുറത്തേയ്‌ക്കോടി. അയല്‍ക്കാരെല്ലാം കൂടി ഒരുവിധം തീയണച്ചു. ഞാന്‍ പതുക്കെ തിരിച്ചു കടയില്‍ വന്നു. അപ്പോള്‍ അബ്ബാസ് പറഞ്ഞ വാചകം ഞാന്‍ ഓര്‍ക്കുന്നു. ‘ എടോ.. നായരേ.. തന്നെപ്പോലെ ഒരു ചങ്ങാതിയെ കിട്ടിയാ..’ എനിക്കൊന്നും പറയുവാനുണ്ടായിരുന്നില്ല. എങ്കിലും മനസില്‍ പറഞ്ഞു ‘തനിക്കു ചുട്ടാല്‍ കുട്ടി അടിയില്‍ തന്നെ’
രണ്ടു വര്‍ഷം മുന്‍പ് അബ്ബാസിനെ കണ്ടപ്പോള്‍ മുകളില്‍ പറഞ്ഞ സംഭവം ഓര്‍മിപ്പിച്ചു. അയാല്‍ ചിരിച്ചു. ഞാന്‍ എഴുതിയ ഒരു ബുക്കിന്റെ കോപ്പിയും സമ്മാനിച്ചു. അത് തിരിച്ചും മറിച്ചും നോക്കി അബ്ബാസ് നന്ദി പറഞ്ഞു.
Generated from archived content: entegramam5.html Author: dr_p_malankot