സുഹൃത്തുക്കളേ, എന്റെ ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കടക്കുന്നതിനു മുന്‍പ് നമുക്ക് കുറെനേരം കൂടി ഈ സ്‌കൂളില്‍ തങ്ങാം…
ഞാന്‍ ആറാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്തുതന്നെ വേറൊരു മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി.
മലയാളം ക്ലാസ് എടുത്തത് സാറാമ്മ ടീച്ചര്‍ ആയിരുന്നു. തിരുവല്ലക്കാരി ആയിരുന്ന അവര്‍ തിരുവഴിയാട്ടുകാരി ആയി മാറി. ടീച്ചര്‍ ഇന്നില്ല. ടീച്ചറുടെ മലയാളം ക്ലാസുകള്‍ നല്ല രസമുള്ളവ ആയിരുന്നു.
‘ദാഹിക്കുന്നു ഭഗിനീ കൃപാരസ മോഹനം കുളിര്‍ തണ്‍ണീരിതാശു നീ’
ടീച്ചര്‍ രീതിയില്‍ പദ്യം ചൊല്ലി. പരാവര്‍ത്തനം പറയുന്നത് കേട്ടു മഹാകവി കുമാരനാശാന്റെ ആത്മാവ് സന്തോഷിച്ചിരിക്കണം.
സാറാമ്മ ടീച്ചര്‍, ദമയന്തീ സ്വയംവരം എന്ന രണ്ടു ഭാഗങ്ങളുള്ള പാഠം വിശദമായിത്തന്നെ പഠിപ്പിച്ചു. സുന്ദരിയായ ദമയന്തിയുടെയും വീരനായ നളന്റെയും പ്രണയകഥ. പഠനം അവസാനിപ്പിച്ചു. ടെസ്റ്റ് ബുക്കിലുള്ള അഭ്യാസത്തിലേക്കു കടന്നു. ‘ദമയന്തീ സ്വയംവരം കഥഠ’ നിങ്ങളുടെ സ്വന്തം ഭാഷയില്‍ ചുരുക്കി പറയുക.’
‘പ്രേമകുമാരന്‍ ‘- ടീച്ചര്‍ പേരുവിളിച്ചുകൊണ്ട്. എന്റെ നേരെ തിരിഞ്ഞു. കഥ നല്ലപോലെ അറിയാം. മലയാളത്തിലും ഹിന്ദിയിലും സോഷ്യല്‍ സ്റ്റഡീസിലും മിക്കവാറും ഞാന്‍ തന്നെയായിരിക്കും ഒന്നാമന്‍. പക്ഷെ, ഒരു കൊച്ചു നാണംകുണുങ്ങിആയിരുന്നതുകൊണ്ട് കഥ മാറി. ‘ കഥ പറയാനൊന്നും പോകേണ്ട കുട്ടി, നീ അറിയില്ല എന്നു പറഞ്ഞോ’ എന്ന് എന്റെ അന്തഃക്കരണം എന്നോട് മന്ത്രിച്ചത് ഞാന്‍ അങ്ങോട്ട് അനുസരിച്ചു. പതുക്കെ തല രണ്ടുവശത്തേയ്ക്കും ആട്ടി. ടീച്ചറുടെ ഭാവം ഒന്നു മാറി.’ ശരി, ഇനി ആര്‍ക്കാണ് പറയാന്‍ അറിയാത്തത്’ അവര്‍ എഴുന്നേറ്റു നില്‍ക്കുക…
എന്റെ അടുത്തിരുന്ന ഉണ്ണി എന്നു വിളിച്ചിരുന്ന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എഴുന്നേറ്റു. പഠിപ്പില്‍ മോശമില്ലാതിരുന്ന തിരുമേനി. പിന്നീട് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് ‘ ഹായ് തനിക്ക് അറിയാന്‍ പാടില്ലാത്തത് പിന്നെ എനിക്കാണോ അറിയാ..?’ എന്നായിരുന്നു. ചുരുക്കിപറഞ്ഞാല്‍. ഒരു ജയകൃഷ്ണന്‍ ഉണ്ണി ഒഴിച്ച് മറ്റെല്ലാവരും എഴുന്നേറ്റു. ജയകൃഷ്ണനോട് ടീച്ചര്‍ പറയിക്കുകയില്ല. കാരണം ആ കുട്ടി സംസാരിച്ചാല്‍ ആര്‍ക്കും ഒരു പിടിയും കിട്ടില്ല.
‘അപ്പോള്‍ അങ്ങനെയാണ് കാര്യം അല്ലേ? ശരി എച്ച് എമ്മിന്റെ ഓഫിസില്‍ പോയി ചൂരല്‍ എടുത്തുകൊണ്ടു വാ.. പ്യൂണിനോട് ചോദിച്ചാല്‍ മതി’ ടീച്ചര്‍ ഒരു കുട്ടിയോടു പറഞ്ഞു.
അങ്ങിനെ നീട്ടിയ കരങ്ങളിലേക്കു ഈ രണ്ടു ചൂരല്‍പഴങ്ങള്‍ നല്ല ചൂടോടെ ടീച്ചര്‍ എല്ലാവര്‍ക്കും സമ്മാനിച്ചു. ആദ്യത്തെ ഭാഗ്യവാന്‍ ഞാന്‍ തന്നെ ആയിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ചിലര്‍, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, അടി കിട്ടുന്നതിനു മുമ്പ് തന്നെ കരച്ചിലിന്റെ വക്കിലെത്തി.
എന്റെ മനസ് വിങ്ങിപ്പൊട്ടി. എങ്കിലും പിന്നീട് ഈ സംഭവം എന്റെ അകക്കണ്ണ് തുറപ്പിച്ചു. അറിയാവുന്ന കാര്യങ്ങള്‍ ഒരു സങ്കോചവും കൂടാതെ അവതരിപ്പിക്കാനും അത് പ്രകാരം മുന്നോട്ടു പോകാനും തയാര്‍ ആയില്ലെങ്കില്‍ നാം മാത്രമല്ല കൂടെ ഉള്ളവരോ വേണ്ടപ്പെട്ടവരോ ആരായാലും അതിന്റെ തിക്തഫലം അനുഭവിക്കും. പ്രത്യേകിച്ചു, ഞാന്‍ കാരണം. അന്ന് മറ്റുള്ളവര്‍ക്കും കിട്ടി അടി.
വര്‍ഷങ്ങള്‍ക്കു ശേഷം, പല അവസരങ്ങളില്‍ ഞാന്‍ കുടുംബ സമേതനായി ടീച്ചറെ വീട്ടില്‍പ്പോയി കാണുകയുണ്ടായി. എന്റെ ഭാര്യയെയും ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്. വയസായ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ ആ മുഖത്ത് എന്തൊരു സന്തോഷമായിരുന്നു എന്നോ.. ‘ ഇതു രണ്ടും ഞാന്‍ പഠിപ്പിച്ച പിള്ളേരാ..’ ആ സംസാരത്തിന്റെ രീതിയില്‍ പിന്നീട് ചെറിയൊരു മാറ്റം വന്നത് ഞാന്‍ ശ്രദ്ധിച്ചു. അല്‍പം നീട്ടിക്കൊണ്ടുള്ള രീതി പോയി. പാലക്കാടന്‍ രീതിയില്‍ ഒന്നു ‘കുറുക്കി’ പറയുന്ന രീതിയില്‍ ആയി. ഞാന്‍ അത് പറഞ്ഞപ്പോള്‍ ടീച്ചര്‍ പൊട്ടിച്ചിരിച്ചു..
മുകളില്‍ വിവരിച്ച ദമയന്തീ സ്വയംവരം അടിയില്‍ കലാശിച്ച ആ സംഭവം ഒരിക്കല്‍ ടീച്ചറെ ഓര്‍മിപ്പിച്ചപ്പോള്‍..
‘എന്തു കൊണ്ടോ ശ വ് രീ കണ്ണീരണിഞ്ഞു.. ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ’.. എന്ന പദ്യ ശകലം. ടീച്ചര്‍ തന്നെ പഠിപ്പിച്ചത്, എന്നെ ഓര്‍മിപ്പിക്കുമാറ്, അവര്‍ കണ്ണു തുടയ്ക്കുന്നത് കണ്ടു. ബഹുമാനപ്പെട്ട ആ അധ്യാപികയെ കുറിച്ചുള്ള ഓര്‍മയ്ക്ക് മുമ്പില്‍ ഈയുള്ളവന്‍ ശിരസ് നമിക്കുന്നു. എന്റെ കണ്ണുകള്‍ പതുക്കെ ഈറന്‍ അണിയാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. തത്കാലം ഇവിടെ നിര്‍ത്തട്ടേ…
Generated from archived content: entegramam4.html Author: dr_p_malankot