ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം. ഭാരതി ടീച്ചര്‍, ക്ലാസില്‍ സോഷ്യല്‍ സ്റ്റഡീസ് പരീക്ഷാ കടലാസ് പരിശോധിച്ചത് ഓരോന്നായി വായിക്കുകയാണ്. എന്റെ ഊഴം എത്തി. കൂടുതല്‍ മാര്‍ക്ക് പ്രതീക്ഷിച്ചതു പോലെ എനിക്കാണ്.
അതിനിടെ ടീച്ചര്‍ എന്റെ ഉത്തര കടലാസ് ഉയര്‍ത്തിപ്പിടിച്ചു ചോദിച്ചു ‘ വിക്രമാദിത്യ സദസിലെ നവരത്‌നങ്ങള്‍ ആരൊക്കെയാണ്?’
ഉത്തരം- ധന്വന്തരി ക്ഷപണകാമരസിംഹ
ശങ്കു വേതാളഭട്ട ഖടകര്‍പ്പര കാളിദാസ
ക്യാതോം വരാഹമിഹിരോം നൃപതേ സഭായാം,
രത്‌നാനിവയിര്‍ വരരുചീം നവ വിക്രമസ്യ’
ഞാന്‍ ആദ്യം ഒന്നു മടിച്ചു എങ്കിലും ഒമ്പതു പേരുകള്‍ എഴുതുന്നതിനു മുന്‍പ്, അച്ഛനില്‍ നിന്നു കേട്ടു പഠിച്ച ശ്ലോകം എഴുതുക തന്നെ ചെയ്തു. അതാണ് ടീച്ചര്‍ ഇവിടെ വായിച്ചത്. ശ്ലോകം എഴുതേണ്ട കാര്യമില്ലെങ്കിലും എഴുതിയതില്‍ സന്തോഷം ഉണ്ടെന്നു പറഞ്ഞു. മാത്രമല്ല, ഈ വിവരം സഹപ്രവര്‍ത്തകരായ അധ്യാപകരെ അറിയിക്കുകയുമുണ്ടായി. എന്നില്‍ ഓര്‍മ എന്ന ഒന്ന് ഉള്ളിടത്തോളം കാലം ഈ ശ്ലോകങ്ങള്‍ ഉള്ളില്‍ ജീവിക്കുക തന്നെ ചെയ്യും.
എന്റെ ഇഷ്ട വിഷയങ്ങളും ക്ലാസില്‍ മാര്‍ക്ക് കൂടുതല്‍ ലഭിക്കുന്നതുമായത് മലയാളവും ഹിന്ദിയും സോഷ്യല്‍ സ്റ്റഡീസും ആണ്. ഞാന്‍ ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ ഒരിക്കല്‍ അച്ഛന്‍ ആറാം ക്ലാസിലെയും ഏഴാം ക്ലാസിലെയും പരീക്ഷാ കടലാസുകള്‍ നോക്കാന്‍ വട്ടം കൂട്ടുകയായിരുന്നു. പെട്ടെന്ന് അച്ഛന്‍ എന്ന വിളിച്ചു. മലയാളവും സോഷ്യല്‍ സ്റ്റഡീസും സയന്‍സും നീ പഠിച്ച സിലബസ് തന്നെയല്ലേ..എന്നു പറഞ്ഞ് ചോദ്യക്കടലസ് എന്റെ മുന്നിലേക്കു നീട്ടി. ഞാന്‍ വായിച്ചു നോക്കി അതേയെന്നു പറഞ്ഞു.
നിനക്കു വേറെ ജോലിയൊന്നുമില്ലല്ലോ… ഈ ഉത്തര കടലാസുകള്‍ നോക്ക്..
എനിക്കു വളരെ താത്പര്യം തോന്നി. അച്ഛന്‍ ആദ്യം ചോദ്യങ്ങള്‍ എന്നെക്കൊണ്ടു വായിപ്പിച്ചു. പിന്നെ ഉത്തരങ്ങള്‍ പറയിപ്പിച്ചു. വേണ്ടയിടങ്ങളില്‍ വിവരിച്ചു തന്നു.. ഇങ്ങനെ എഴുതിയാല്‍ ഇത്ര മാര്‍ക്ക്, ഇങ്ങനെ എഴുതിയാല്‍ മുഴുവന്‍ മാര്‍ക്ക,് ഇതൊക്കെ തെറ്റ് എന്ന രീതിയില്‍ എല്ലാം പറഞ്ഞു തന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായ നാലു വര്‍ഷം ഞാന്‍ അച്ഛനെ സഹായിച്ചു. അച്ഛന്‍ ഇക്കാര്യം അടുത്ത കൂട്ടുകാരനും കസിന്‍ ബ്രദറുമായ കുമാരന്‍ മാസ്റ്ററോട് മാത്രം പറഞ്ഞു. എന്റെ ഇവാലുവേഷനില്‍ ഒരു കുട്ടിയും പരാതി പറഞ്ഞിരുന്നില്ല. ജീവിതത്തില്‍ എനിക്ക് ആത്മസംതൃപ്തി നേടിത്തന്ന കാര്യങ്ങളില്‍ ഒന്നാണിത്. ഞാനാകട്ടെ ഇത് എന്റെ അടുത്ത രണ്ടു കൂട്ടുകാരോട് പറയുകയുണ്ടായി. അവര്‍ എന്ന കളിയാക്കി മാഷേ എന്നു വിളിക്കാന്‍ തുടങ്ങി. പിന്‍കാലത്ത് പലരും ആ വിളി പതിവാക്കി.
ഒരിക്കല്‍ ഉത്തരക്കടലാസ് നോക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിയുടെ പേര് കേരള കുമാരാന്‍ എന്നു കണ്ടു. അച്ഛനോട് അല്‍പം കൗതുകമുള്ള ഈ പേരിനെ കുറിച്ച് ചോദിച്ചു. കേരളപ്പിറവി ദിനത്തില്‍ ജനിച്ചതു കൊണ്ടാണ് ആ കുട്ടിക്ക് കേരളകുമാരന്‍ എന്നു മാതാപിതാക്കള്‍ പേരിട്ടത്.
ഒരിക്കല്‍, ഏഴാം ക്ലാസ് സോഷ്യല്‍ സ്റ്റഡീസ് പേപ്പറില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
‘മധു മാസമതായി മല്ലികേ..
മണമുതിര്‍പ്പൂ നീയീ വാടിയില്‍
പറയാം കിനാക്കള്‍ ഒരു ഗാനമായി
വരൂ രാക്കിളികളേ ഈ വാടിയില്‍
തൂമധു തൂകും മലരുകളില്‍ അല്ലേ
ആശകള്‍ നല്‍കും അമ്പിളിയെ…
സാര്‍ ഞാന്‍ ഈ പരീക്ഷയ്ക്കു ഒന്നും പഠിച്ചിട്ടില്ല. അടുത്ത പരീക്ഷയ്ക്കു നന്നായി എഴുതാം.. എഴുതാം.. എഴുതാം..’
ആ ഉത്തരകടലാസ് എടുത്ത് കോണിപ്പടികള്‍ ഇറങ്ങി താഴെ പത്രം വായിച്ചിരിക്കുന്ന അച്ഛനെ കാണിച്ചു. അച്ഛന്‍ ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു ആ പേപ്പറിന്റെ പുറത്ത് ഒരു ടിക് മാര്‍ക്ക് ഇട്ടുവയ്ക്കാന്‍ പറഞ്ഞു. പിന്നീടറിഞ്ഞു. ഉത്തര കടലസ് നല്‍കിയപ്പോള്‍ കാര്യമെന്തെന്നു മറ്റു കുട്ടികളെ അറിയിക്കാതെ ഇങ്ങനെ ചെയ്യരുതെന്നു പറഞ്ഞ് ആ വിദ്യാര്‍ഥിക്ക് രണ്ട് അടി കൊടുത്തെന്ന്.. ഇത്തരത്തില്‍ ഉത്തര കടലാസുകളില് വിക്രിയകള്‍ കാണിക്കുന്ന എത്രയോ വിദ്യാര്‍ഥികളെ അധ്യാപകര്‍ കണ്ടിരിക്കും…
Generated from archived content: entegramam3.html Author: dr_p_malankot