ഞാന്‍ പഠിച്ച വിദ്യാലയത്തെ പറ്റി പറഞ്ഞുവല്ലോ . നല്ല ടീച്ചേഴ്സ് വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ വേണ്ട വിധം ശ്രദ്ധ പതിപ്പിക്കുന്നവര്‍. അതു ഞങ്ങളുടെ നാട്ടില്‍ തന്നെയുള്ളവര്‍ ആ വിദ്യാലയത്തിന്റെ പ്രത്യേകത ആയിരുന്നു. ഞാന്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന ദിവസവും തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങളെ പ്രത്യേകിച്ച് ഓര്‍മ്മിക്കത്തക്കവ ആയിരുന്നു രണ്ടാമത്തെ ദിവസം പുഴയില്‍ കുളിക്കുമ്പോള്‍ എന്റെ രണ്ടു മൂന്നു വയസ്സിനു മൂത്ത ബാലേട്ട – അമ്മയുടെ അനിയത്തിയുടെ മകന്‍ (ഞാന്‍ മേമ എന്നു വിളിക്കും.) ചോദിച്ചു.
” ആരണ്ടാ പൊന്നാ നെന്റെ ,മാഷ്?”
” പേരറീല്യ , അച്ചേപോലൊരു മന്തന്‍ മാഷ്”
കൂടെ ഉണ്ടായിരുന്ന അച്ഛനും , കൂട്ടുകാരനായ വേറൊരു മാസ്റ്റര്‍ക്കും ചിരി അടക്കാന്‍ കഴിഞ്ഞില്ല. അച്ഛനെ പോലെ തന്നെ നല്ല തടിയുള്ള ഒരാളാണ് തന്റെ അദ്ധ്യാപകന്‍ എന്നല്ലാതെ പേരൊന്നും അറിയില്ല എന്ന് പറഞ്ഞത് എല്ലാവര്‍ക്കും രസിച്ചു. അതുകൊണ്ടും തീര്‍ന്നില്ല – അത് വീരാന്‍ മാസ്റ്ററുടെ ( മീരാന്‍കുട്ടി സാഹിബ്) ചെവിയിലെത്തി. ( ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിരാമന്‍ മാസ്റ്റര്‍ പറഞ്ഞിട്ട്) എന്നാല്‍ വീരാന്‍ മാഷ് അതുകേട്ടു കുറടവയര്‍ കുലുങ്ങെ കുലുങ്ങെ ചിരിക്കുകയാണ് ചെയ്തത്.
കുറെക്കാലത്തേക്ക് എന്നെ കണ്ടാല്‍ അങ്ങേര്‍ക്കു ഉടനെ ചിരി പൊട്ടുമായിരുന്നു. അപ്പോള്‍ ഞാന്‍ ചമ്മിപ്പോകും. നരച്ചു തുടങ്ങിയ, ഒരു പ്രത്യേക രീതിയില്‍ വെച്ച് മീശയും ഒരു പ്രത്യേക രീതിയില്‍ ഉടുത്ത മുണ്ടും വീരാന്‍ മാസ്റ്ററുടെ വിശേഷതകളായിരുന്നു . അദ്ദേഹത്തിന് എന്റെ അച്ഛനെ ( അതെ സ്ക്കൂളിലെ മാഷ് അല്ലെങ്കിലും) അറിയാം . എന്തിനധികം ഞാന്‍ പറഞ്ഞ വാചകം അധികം താമസിയാതെ സ്കൂള്‍ മുഴുവന്‍ പാട്ടായി. ചില കുസൃതി പിള്ളേര്‍ , എന്റെ വീട്ടിനു മുമ്പിലുള്ള റോഡില്‍ കൂടി നടന്നു പോകുമ്പോള്‍ അതൊരു പാട്ടാക്കി പാടാന്‍ തുടങ്ങി.
” അച്ചെപോലൊരു മന്തന്‍ മാഷ് ഹായ് അച്ചെ പോലൊരു മന്തന്‍ മാഷ്”
ഞാന്‍ വീരാന്‍ മാസ്റ്ററെ ആദ്യമാദ്യം പേടിച്ചിരുന്നു കാണാനും പെരുമാറാനും എല്ലാം ഏകദേശം എന്റെ അച്ചനെ പോലെ തന്നെയിരിക്കുന്ന മാസ്റ്ററ് പതുക്കെ പതുക്കെ ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.
എന്റെ ഗ്രാമത്തെ പറ്റി ഞാന്‍ പറയുമ്പോള്‍ അവിടെ പഠിച്ച് ജി യു പി സ്കൂളുമായി ബന്ധപ്പെട്ട എന്റെ ഓര്‍മ്മകള്‍ കഴിഞ്ഞ അദ്ധ്യായത്തിന്റെ തുടര്‍ച്ചയായി കുറച്ചു കൂടി എങ്കിലും എഴുതാനുണ്ട്.
വീരാന്‍ മാസ്റ്ററെ പറ്റി പറഞ്ഞുവല്ലോ. അദ്ദേഹവുമായി ബന്ധപ്പെട്ടു ഒരു നര്‍മ്മാനുഭവം കൂടി എഴുതാതിരിക്കാന്‍ വയ്യ. അത് താഴെ കൊടുക്കുന്നു.
മഴക്കാലം വീട്ടില്‍ നിന്ന് സ്കൂളിലേക്ക് ഒരു അഞ്ചു ആറു മിനിറ്റ് നടക്കുവാനുള്ള ദൂരമേയുള്ളു. അമ്മ പറഞ്ഞു ” സ്കൂള്‍ വിടുന്ന നേരത്ത് മഴെണ്ടെങ്കി കൊട വീരാന്‍ മഷ്ടെ കയ്യി കൊടുത്ത മതി നൂര്‍ത്തി തരാന്‍ നെന്നെക്കൊണ്ട് അതിനൊന്നും ആവില്ലാ. വേറെ ആരടെ കയ്യിലും കൊടുക്കേം വേണ്ട”
അതുപ്രകാരം ഞാന്‍ വീരാന്‍ മാസ്റ്ററുടെ കയ്യില്‍ ഒന്ന് രണ്ടു പ്രാവശ്യം എന്റെ കുട കൊടുത്ത് ആവശ്യം സാധിച്ചെടുത്തു. ആദ്യത്തെ പ്രാവശ്യം മാഷ് പറയുക തന്നെ ചെയ്തു.
‘’ നിന്നെക്കൊണ്ടു ഇതിനും ആവില്ലെടാ ശാപ്പാട്ടു രാമാ” അപ്പോള്‍ അടുത്തു നിന്നിരുന്ന ഒരു ടീച്ചര്‍ ചിരിച്ചു കൊണ്ട് തിരുത്തി. ‘’ അതിനെക്കൊണ്ടു അതിനും ആവില്ലാ ശാപ്പാട് ഉണ്ണാനും ഞാന്‍ പിറകില്‍ ആണെന്ന് ടീച്ചര്‍ക്കറിയാം. പക്ഷെ ഇപ്പോളാണെങ്കില്‍ ഞാന്‍ പറയും ‘ അത് അന്ത കാലം ടീച്ചറെ ‘’
അങ്ങനെയിരിക്കെ വീണ്ടൂം ഒരു ദിവസം സ്കൂള്‍ വിടുന്ന നേരം നോക്കി അതാ വരുന്നു മഴ. ഞാന്‍ വീരാന്‍ മാസ്റ്ററെ നോക്കി അവിടെ എവിടെയും തിരി കത്തിച്ചു നോക്കിയാല്‍ പോലും മാസ്റ്ററെ കാണില്ല എന്ന് മനസിലായി. ഇനി എന്തു ചെയ്യും കുട വേറെ ആരുടെ കയ്യിലും കൊടുക്കരുത് എന്ന മാതൃ വാക്യം തെറ്റിക്കാന്‍ പാടില്ല. അപ്പോള്‍ അതാ കുറെ കൂട്ടുകാര്‍ കുടയില്ലാവര്‍ പുസ്തക സഞ്ചിയും തലയില്‍ വെച്ചു കൊണ്ട് ഓടുന്നു. അതെനിക്കൊരു പ്രചോദനമായി പുസ്തക സഞ്ചി തോളിലിട്ടുകൊണ്ട് ഞാന്‍ നിവര്‍ത്താത്ത കുട തലയില്‍ വെച്ച് ഓട്ടം തുടങ്ങി. കുടയുണ്ടായിട്ടും അത് നിവര്‍ത്താതെ തലയില്‍ വെച്ചു കൊണ്ടോടുന്ന സാഹസം കണ്ട പാത വക്കിലെ ചില ആളുകള്‍ ചിരിക്കുന്നുണ്ട്. വീട്ടിലെത്തിയ ശേഷം അമ്മ ചോദിച്ചപ്പോള്‍ ഞാന്‍ ഉണ്ടായ കാര്യം പറഞ്ഞു.ആ രംഗം കണ്ട എന്റെ വലിയച്ചന്‍ അടുത്തു വന്നു ചിരിച്ചു കൊണ്ട് സ്നേഹപൂര്‍വ്വം തലോടിക്കൊണ്ടു പറഞ്ഞു ‘’ ഒരു കോരപ്പന്‍ തന്നെടാ നീ’‘ പരിഭ്രമിച്ച അമ്മ തല തോര്‍ത്തുമുണ്ടു കൊണ്ട് തുടച്ചു തരുന്നതിനിടയില്‍ അതു കേട്ട് ചിരിച്ചു പോയി.
അടുത്തത് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ്. നിങ്ങള്‍ കേട്ടിട്ടുണ്ടോ ‘’ നമ്മള്‍ ഒന്ന്’‘ എന്ന ഒരു പഴയ സിനിമയെ പറ്റി. ഞാന്‍ കേട്ടിട്ടുണ്ട് കണ്ടിട്ടില്ല വളരെ പഴയ സിനിമ ആയതു കൊണ്ട് കേരള സംസ്ഥാനം രൂപം കൊണ്ട ദിവസം രാവുണ്ണി മാസ്റ്റര്‍ ( തിരുവാഴിയാട് സ്കൂളിലെ അന്നത്തെ ഹെഡ്മാസ്റ്റര്‍) ചിരിച്ചു കൊണ്ട് സ്കൂളിനകത്ത് നിന്നും പുറത്ത് റോഡീലേക്കിറങ്ങി അച്ഛന് കൈ കൊടുത്തിട്ടു പറഞ്ഞുവത്രെ.
‘’ മാഷേ നമ്മള്‍ ഒന്ന്” കാരണം തിരുവാഴിയോട് കൊച്ചി സംസ്ഥാനത്തും അച്ഛന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ ( മൂലങ്കോട് – തിരുവഴിയാടു നിന്ന് ഏതാനും കി. മി അകലെ ) മലബാര്‍ സംസ്ഥാനത്തും ആയിരുന്നു. ഇത് പറയുമ്പോള്‍ എനിക്കു തോന്നുകയാണ് ഇന്ന് കേരളീയര്‍, മലയാളികള്‍ എന്ന് പറയുന്നവര്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിക്കാരായിരുന്നു. മലബാറുകാരായിരുന്നു. തിരുവതാം കൂറുകാരായിരുന്നു. കേരളം വിജയിക്കട്ടെ മലയാളി വിജയിക്കട്ടെ.
ഞാന്‍ ഓര്‍ക്കുന്നു ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്ത് സി. എല്‍ ജോസിന്റെ വിഷക്കാറ്റ് എന്ന നാടകം തിരഞ്ഞെടുത്ത്‍ ടീച്ചേര്‍സ് അഭിനയിക്കുകയുണ്ടായി. പില്‍ക്കാലത്ത് സിനിമാതാരം തൃശൂര്‍ എത്സി ആയിരുന്നു നായിക. അന്നവര്‍ തിരക്കുള്ള ഒരു നാടക നടി ആയിരുന്നു. എച്ചു മാഷ് ( ലക്ഷ്മണന്‍ മാഷ്) എന്ന തമാശക്കാരനായ മാഷ് തന്റെ കഷ്ണ്ടി മണ്ടയില്‍ വിഗ് വച്ച് അഭിനയിച്ചത് ഞങ്ങളെ ചിരിപ്പിച്ചു.
Generated from archived content: entegramam2.html Author: dr_p_malankot