തിരുവഴിയാട് – എന്റെ ദേശത്തിന്റെ പേരിനു തന്നെ എന്തു ഭംഗി. കാണുവാനോ അതിലധികം. എടുത്തു പറയേണ്ട ഒരു ഹരിതാഭ. ഞാന്‍ പ്രകൃതിയുടെ ഒരാരാധകനാണ്. ഒരു പക്ഷെ ക്രമേണ പ്രകൃതി സംബന്ധമായ ചികിത്സകളുമായി ബന്ധപ്പെടാനുള്ള കാരണവും അതുതന്നെയാകണം. പൊതുവായ വിഷയങ്ങള്‍ എഴുതുന്ന ഒരാളെന്ന നിലക്കും പ്രത്യേകിച്ച് വൈദ്യ സംബന്ധമായ വിഷയങ്ങള്‍ എഴുതുന്ന ആള്‍ എന്ന നിലയ്ക്കും എന്റെ നാടിനെ കുറിച്ച് എന്തെങ്കിലും എഴുതുന്നതില്‍ അതിയായ സന്തോഷമുണ്ട്.
പ്രകൃതിയെപ്പറ്റി എഴുതി വന്നപ്പോള്‍ പ്രകൃതിയെ വര്‍ണ്ണിച്ച കവിശ്രേഷ്ടരുടെ പേരുകള്‍ മനസ്സില്‍ ഓടി എത്തുന്നു. അതാ അവരുടെ ഇടയില്‍ വിശ്വപ്രസിദ്ധരായ ഷെല്ലിയും വെര്‍ഡ്സ് വെര്‍ത്തും ടാഗോറും തിളങ്ങി നില്‍ക്കുന്നു. ഷെല്ലിയുടെയും വേര്‍ഡ്സ് വെര്‍ത്തിന്റെയും ” Ode to a skylark”, The solitary Reaper” എന്നീ കവിതകള്‍ വളരെ മനോഹരമാണല്ലോ. അതുപോലെ തന്നെ ടാഗോറിന്റെ ‘ Krisha kali”യും ചകോരം പറന്നു പറന്നു ഉയരങ്ങളില്‍ പോകുമ്പോള്‍ കവിഭാവനയും ചിറകു വിടര്‍ത്തുകയായി. മനുഷ്യരാശിക്ക് മഹത്തായ ഒരു സന്ദേശം തന്നെ നല്‍കുകയാണ് ഷെല്ലി. ഏകാകിനിയായ കൊയ്ത്തുകാരിക്ക് നമ്മുടെ ഇരുണ്ട നിറമുള്ള പൂമൊട്ടു പോലെയുള്ള പെണ്‍കൊടിയുമായി നല്ല സാമ്യം അതോ മറിച്ചോ? അതൊക്കെ പോകട്ടെ, എനിക്ക് തോന്നിയത് വേറൊന്നാണ് ഈ പക്ഷി…കൊയ്ത്തുകാരി…. കറുത്ത സുന്ദരി…. ഇതൊക്കെ നാം കാണാത്തതാണോ? അല്ലല്ലോ സൗന്ദര്യ ബോധമുള്ളവര്‍ക്ക് ഇവയൊക്കെ എന്നും സന്തോഷപ്രദമല്ലേ പക്ഷെ അതൊക്കെ വേണ്ട വിധം മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഷെല്ലിയും വേര്‍ഡ്സ് വെര്‍ത്തും ടാഗോറും ഒക്കെ വേണ്ടി വന്നു എന്ന് മാത്രം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നൊരു പഴമൊഴിയും മലയാളത്തില്‍ പറയും. വരട്ടെ വരട്ടെ നമ്മള്‍ അത്ര മോശക്കാരൊന്നുമല്ലെന്നെ. നോക്കുക.
പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ചും ….
നാടിന്റെ പ്രകൃതിയെക്കുറിച്ചു പാടി എത്ര എത്ര കവികള്‍ നമുക്ക് മലയാളികള്‍ക്ക് അവാച്യമായ അനുഭൂതി പകര്‍ന്നു തന്നിട്ടില്ലെ? എനിക്ക് തോന്നിയിട്ടുണ്ട് ദേവഭാഷ എന്ന് വിളിക്കപ്പെടുന്ന സംസ്കൃതവും പിന്നെ ദ്രാവിഡ സംസ്ക്കാരത്തിന്റെ പശ്ചാത്തലവും ഒക്കെ നിഴലിച്ചു കാണുന്ന നമ്മുടെ ഭാഷ അത് നമ്മുടെ സ്വന്തമാണെന്ന് പറയുന്നതില്‍ അഭിമാനിക്കണം. ശിരസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എന്നാല്‍ അഹംഭാവമോ അഹങ്കാരമോ ലവലേശമെന്യേ.
സുന്ദരമായ പ്രകൃതിയെപറ്റിയാണ് പറഞ്ഞു വന്നത്. അതെപറ്റി എഴുതുകയാണെങ്കില്‍ എത്ര എഴുതിയാലും വര്‍ണ്ണിച്ചാലും ഒരിക്കലും മതിയാവുകയില്ല. തല്‍ക്കാലം ഞാന്‍ ആ ഉദ്യമത്തില്‍ നിന്നു പിന്മാറട്ടെ. കാരണം ഞാന്‍ എന്റെ ദേശത്തിലൂടെ അതുമായി ബന്ധപ്പെട്ട ഒരിക്കലും മരിക്കാത്ത കുറെ സ്മരണകളിലേക്ക് നിങ്ങളെ കൈപിടിച്ച് കൊണ്ടു പോകയാണ്.
Generated from archived content: entegramam1.html Author: dr_p_malankot