സഞ്ചാരിയായ സാഹിത്യകാരന്‍

മലയാളത്തിലെ സാഹിത്യ പ്രസ്ഥാനങ്ങളില്‍ അധികമാരും പ്രവേശിക്കാത്ത ഒരു സാമ്രാജ്യത്തില്‍ കടന്നു ചെന്ന് അവിടത്തെ ചക്രവര്‍ത്തിയായി രാജകീയ പ്രൗഢിയോടെ വിരാജിച്ച മഹത് പ്രതിഭയാണ് എസ്. കെ. പൊറ്റക്കാട്. 1913 മാര്‍ച്ച് 13ന് ജനിച്ച എസ്‌കെയുടെ ജന്മശതവര്‍ഷമായി 2013 കൊണ്ടാടുമ്പോള്‍ അദ്ദേഹം നമുക്ക് പകര്‍ന്നുതന്ന ഭാഷാസമ്പുഷ്ടമായ സംഭാവനകളെ ഓര്‍മിക്കാതിരിക്കാനാവില്ല.

മൂന്നു കവിതാ സമാഹാരങ്ങള്‍, പത്ത് നോവലുകള്‍, ഇരുപത്തിയേഴ് കഥാ സമാഹാരങ്ങള്‍, പതിനെട്ട് യാത്രാവിവരണ ഗ്രന്ഥങ്ങള്‍, ഒരു നാടകം, ആത്മകഥാപരമായ രണ്ടു കൃതികള്‍ തുടങ്ങി അറുപതോളം ഗ്രന്ഥങ്ങള്‍ എസ്‌കെ രചിച്ചിട്ടുണ്ട്. നോവലുകളും കഥകളും എഴുതിയ ധാരാളം സാഹിത്യകാരന്മാര്‍ കേരളത്തിലുണ്ട്. പക്ഷെ, സഞ്ചാരിയായ ഒരു ചെറുകഥാകൃത്തോ നോവലിസ്‌റ്റോ എസ്‌കെയല്ലാതെ മലയാളത്തില്‍ മറ്റാരുമില്ല എന്നതാണ് അദ്ദേഹത്തിന്റെ മഹത്വത്തെ ഉച്ചൈസ്തരം വിളംബരം ചെയ്യുന്നത്.

സാഹിത്യത്തിന്റെ ധര്‍മം മനുഷ്യനെ- അവര്‍ ഏതു നാട്ടുകാരായാലും- ആന്തരികമായി നന്മയിലേക്ക് ഉയര്‍ത്തുക എന്നതാണ് എന്ന തിരിച്ചറിവാണ് ദേശാന്തരങ്ങളെ പരിചയപ്പെടുത്തുവാനും മനുഷ്യന്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാനും എസ്‌കെയെ പ്രേരിപ്പിച്ചത്. മനുഷ്യമനസിലെ നന്മയെ പോഷിപ്പിക്കുകയും സമുദായത്തിന്റെ ഉത്തമ ഭാവങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ് ഉത്തമസാഹിത്യം എന്ന് പരമോന്നത ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് എസ്.കെ. പൊറ്റക്കാട് നടത്തിയ പ്രസംഗം ഇതിന് മകുടോദാഹരണമാണ്.

കന്യാകുമാരി മുതല്‍ കശ്മീര്‍വരെ ഭാരതത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലും മഹാനഗരങ്ങളിലും ഒരു പരിപ്രാജകനെപ്പോലെ അലഞ്ഞുനടന്ന് വിവിധ ഭാഷക്കാരുടെ, വിവിധ മതക്കാരുടെ ഹൃദയ വികാരങ്ങള്‍ ലളിത സുന്ദരമായ രചനാസൗഷ്ഠവത്തോടെ മലയാളിക്ക് അദ്ദേഹം പകര്‍ന്നു തന്നു. കറുത്ത ആഫ്രിക്കയിലും വെളുത്ത യൂറോപ്പിലും പാതിരാസൂര്യന്റെയും പച്ച സുന്ദരികളുടെയും നാട്ടിലും നമ്മുടെ കൊച്ചു കേരളത്തിന്റെ സന്ദേശമെത്തിക്കാന്‍ എസ്‌കെയ്ക്കു കഴിഞ്ഞു. ആഫ്രിക്കയിലെയും യൂറോപ്പിലെയും മനുഷ്യരും അതിരാണിപ്പാടത്തെ മനുഷ്യരും ഒന്നുതന്നെയാണെന്നും അവരുടെ കഥകള്‍ ഒരു ദേശത്തിന്റെ- ലോകമെന്ന മഹാദേശത്തിന്റെ – കഥതന്നെയാണെന്നും അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തി.

യാത്രാവിവരണ ഗ്രന്ഥ രചനയില്‍ തനതായൊരു മാനം കൈവരിക്കാന്‍ എസ്‌കെയ്ക്കു കഴിഞ്ഞു. അതാതു നാട്ടിലെ കാട്ടിലും മേട്ടിലും നഗരങ്ങളിലും നാട്ടിന്‍പുറത്തും നക്ഷത്ര ഹോട്ടലുകളിലും ചെറ്റക്കുടിലുകളിലും അതിസാഹസികതോയെയും ഒടുങ്ങാത്ത അന്വേഷണ തൃഷ്ണയോടെയും സഞ്ചരിച്ചു കണ്ട കാഴചകളും നേടിയെടുത്ത അറിഞ്ഞ കാര്യങ്ങളും ആ യാത്രകളില്‍ വായനക്കാരേക്കൂടി ഭാഗഭാഗുക്കളാക്കിക്കൊണ്ട് അവതരിപ്പിക്കാവുന്നവയാണ്. പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങള്‍ 1947 മുതല്‍ 1967 വരെ യുള്ള കാലത്ത് പൊറ്റക്കാട് നടത്തിയ യാത്രകളുടെ വിവരണങ്ങളാണ് മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ബൃഹത്ഗ്രന്ഥങ്ങളിലുള്ളത്.

ആഫ്രിക്കയിലെ അടിമ ജോലി ചെയ്യുന്ന കാപ്പിരികളെയും പൂര്‍ണ്ണ നഗ്നരായ ഡിംകകളെയും പാരീസിലെ ,മദാലസകളായ നര്‍ത്തകിമാരേയും, ലണ്ടന്‍ പട്ടണത്തിലെ പാതിപ്പട്ടിണിയുമായി കഴിയുന്ന വെള്ള വേശ്യകളേയും വെള്ളത്തിലുള്ളവയില്‍ തോണിയും ആകാശത്തില്‍ പറക്കുന്നവയില്‍ പട്ടവും ഇഴയുന്നവയില്‍ കയറും നാലുകാലുള്ളവയില്‍ മേശയും കസേരയുമൊഴികെ എല്ലാം തിന്ന് വരാഹ വൈദവക്കാരനായി സിംഗപ്പൂരില്‍ കഴിയുന്ന ചീനനേയും ഇന്തോനേഷ്യയിലെ മൂര്‍ത്തബക്കച്ചവടക്കാരായ മലയാളി മുസ്ലീംങ്ങളേയും അരയില്‍ നിന്ന് നെരിയാണി വരെ തടിച്ച കള്ളിത്തുണി നീട്ടിയുടുത്ത് തലമുടിക്കെട്ടിനെ പകുതി മറച്ച് വെള്ളത്തുണി കൊണ്ട് ലഘുവായൊരു കെട്ടും കെട്ടി നിവര്‍ന്ന് താളാത്മകതയോടെ നീങ്ങുന്ന ബാലി ദ്വീപിലെ തങ്കമേനികളെയും പൊറ്റക്കാടിന്റെ യാത്രാവിവരണത്തിലൂടെ നമുക്ക് അടുത്തറിയാന്‍ കഴിയും.

ഓരോ സ്ഥലത്തേയും യാത്രകളെ നമുക്ക് അനുഭവപ്പെടുത്തിത്തരാന്‍ അവിടത്തെ മൂന്നാലു സംഭവങ്ങള്‍ വിവരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സഞ്ചരിച്ച നാടുകളിലെ ആളുകളുടെ സ്വഭാവ സവിശേഷതകളും ആചരങ്ങളും വിശ്വാസങ്ങളും ശീലങ്ങളും വിശദീകരിച്ചു തരുന്നതു വഴി ആ നാട്ടുകാരെ നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളൊ ആക്കി മാറ്റി മനസ്സില്‍ ചിരപ്രതിഷ്ഠിതരാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

കാവ്യാത്മകമായ ഭാഷയില്‍ ഇടയ്ക്ക് അല്പ്പം നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്ന രചനാ രീതി വായനക്കാരെ അറിവിന്റെയും ആനന്ദത്തിന്റെയും ഉത്തുംഗ ശൃംഗത്തില്‍ എത്തിക്കാന്‍ സഹായിക്കും എന്നത് നിസ്തര്‍ക്കമാണ്. മൂന്ന് വന്‍കരകളിലെ നൂറു കണക്കിനു ദൃശ്യങ്ങളെയും അവിടങ്ങളിലെ നാനാപ്രകൃതക്കാരും നാനാവേഷക്കാരുമായ ആയിരക്കണക്കിനു മനുഷ്യരേയും നമുക്ക് പരിചയപ്പെടുത്തി തന്ന എസ്. കെ പൊറ്റക്കാടിനു ഈ ജന്മശദാബ്ദി വര്‍ഷത്തില്‍ നന്ദി. നന്ദി മാത്രം

Generated from archived content: essay1_june26_13.html Author: dr_nc_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here