ഇസ്ലാം ഒരു പുനർവായന

ജീവിതത്തെ ഭൗതികമെന്നും ആത്മീയമെന്നും രണ്ടുവെളളം കേറാത്ത കല്ലറകളിലാക്കി സൂക്ഷിക്കാൻ ശ്രമിക്കുന്നതു തന്നെ ഒരു മതത്തിന്റേയും അന്തഃച്ഛേതനക്കു നിരക്കാത്ത ഒന്നാണ്‌. ഒരൊറ്റ ജീവിതമേയുളളൂ. അതിന്റെ പരസ്‌പരബന്ധിതങ്ങളും പോഷകങ്ങളുമായ രണ്ടു വശങ്ങളായ ഭൗതിക ജീവിതവും ആത്മീയജീവിതവും. ഒന്നിനു അമിതമായ ഊന്നൽ നല്‌കി മറ്റൊന്നിനെ അവഗണിക്കുന്നതു കൊണ്ടുണ്ടാകാവുന്ന അപകടങ്ങൾ വളരെ വലുതാണ്‌. താനുൾക്കൊളളുന്ന കുടുംബത്തിന്റേയും സമൂഹത്തിന്റെയും താല്‌പര്യങ്ങൾ പാടെ വിസ്‌മരിച്ചുകൊണ്ടു വ്യക്തിപരമായ മോക്ഷത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നവരുടെ കൈകളിലാണു പലപ്പോഴും മതം അതിന്റെ നിരർത്ഥകമായ യാഥാസ്ഥിതികത്വത്തിൽ ഉറച്ചുപോകുന്നത്‌. മതങ്ങൾക്കു സംഭവിച്ച ഈ ദുരന്തം വിപ്ലവാത്മകങ്ങളായ പ്രത്യയശാസ്‌ത്രങ്ങൾക്കും പിന്നീടു സംഭവിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ സാമൂഹ്യശാസ്‌ത്രജ്ഞന്മാരുടെ ദൃഷ്‌ടിയിൽ പ്രതിരോധിക്കുവാൻ കഴിയുന്നതും പ്രതിരോധിക്കേണ്ടതുമായ ഒരു പൊതുദുരന്തമാണിത്‌.

പിൽകാലത്ത്‌ അപചയം

യുക്തിപരമായ ചിന്തയുടേയും ആശയപരമായ സമന്വയത്തിന്റേയും സമീപം ഉപേക്ഷിച്ചതു മൂലമാണ്‌ ഇസ്ലാമിന്റെ പിൽക്കാല അപചയം സംഭവിച്ചത്‌. അതു പല രൂപങ്ങളിൽ തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്നിപ്പോൾ ഇസ്ലാമിനെതിരായി പാശ്ചാത്യലോകത്തിൽ വളർന്നു വരുന്ന അന്ധമായ വിദ്വഷത്തിന്റെയും ശത്രുതയുടേയും കാര്യമല്ല ഇവിടെ വിവക്ഷിക്കുന്നത്‌. അമേരിക്കയുടെ നേതൃത്വത്തിൽ മുസ്ലീം ലോകത്തിനെതിരായി ഇന്നു നടക്കുന്ന പ്രകടനങ്ങൾക്കും നിഗൂഢങ്ങളായ ദുഷ്‌പ്രചാരണങ്ങൾക്കും തുറന്ന അക്രമങ്ങൾക്കും രാഷ്‌ട്രീയവും സാമ്പത്തികവും സാംസ്‌ക്കാരികവുമായ ലക്ഷ്യങ്ങളുണ്ട്‌. എന്നാൽ ഇന്നത്‌ ചെറുത്തു നിൽക്കുവാനുളള ആന്തരികമായ ശക്തി ഇസ്ലാമിന്‌ നഷ്‌ടപ്പെട്ടത്‌ ബുദ്ധിപരമായ അതിന്റെ നേതൃത്വത്തിന്‌ നേരത്തെ സംഭവിച്ച പാളിച്ചയും ദൗർബല്യവും മൂലമാണ്‌. ഈ ചരിത്രപരമായ പശ്ചാത്തലം ഓർത്തുകൊണ്ടു വേണം അസ്‌ഗറലി എഞ്ചിനീയറുടെ ‘ഇസ്ലാം ഒരു പുനർവായന’ എന്ന ഗ്രന്ഥം വായിക്കുവാൻ.

ഇസ്ലാമിന്റെ പുനർവായന എന്നു കേൾക്കുമ്പോൾ തന്നെ മതനിഷേധത്തിന്റെ പ്രഖ്യാപനമാണതെന്നു കരുതുന്ന യാഥാസ്ഥിതികന്മാർ ഇന്നും മുസ്ലീം സമുദായത്തിലുണ്ട്‌ എന്ന ദുഃഖസത്യം വിസ്‌മരിക്കുവാൻ പ്രയാസമാണ്‌. എങ്കിലും എൻജിനീയറെപോലെ ധിരമായി ചിന്തിക്കുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഒരു വിഭാഗം മുസ്ലീം സാമൂഹ്യ ശാസ്‌ത്രജ്ഞന്മാർ ഇന്ത്യയിലും ഉണ്ടെന്നുളളതാണ്‌ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്ന ഒരു കാര്യം. മതമൗലികവാദം ഇസ്ലാമിന്‌ മാത്രം പേറ്റന്റ്‌ അവകാശമുളള ഒരു വീക്ഷണമല്ലെന്നുളള പരമാർത്ഥം കൂടി ഇവിടെ പറഞ്ഞുവെച്ചുകൊളളട്ടെ. എല്ലാ മതങ്ങളിലും അതുണ്ട്‌. എന്തിന്‌ മതമൗലികവാദം എന്ന പ്രയോഗം തന്നെ ആദ്യമായി പ്രചരിച്ചത്‌ അമേരിക്കയിലെ ഒരു ക്രിസ്‌തീയ യാഥാസ്ഥിതിക വിഭാഗത്തിന്റെ ഡാർവിനിസം തുടങ്ങിയ ആധുനിക ശാസ്‌ത്രസിദ്ധാന്തങ്ങളോടുളള കടുത്ത എതിർപ്പും അവ അംഗീകരിക്കുകയില്ലെന്നുളള ശാഠ്യവും നിറഞ്ഞ മനോഭാവത്തെ സൂചിപ്പിക്കുന്നതിന്‌ വേണ്ടിയാണ്‌. പിന്നീടത്‌ അടുത്ത കാലത്തായി മുസ്ലീംങ്ങളുടെ മതപരമായ നിലപാടിനെ വിവക്ഷിക്കുന്നതിന്‌ വേണ്ടി ഉപയോഗിച്ചു തുടങ്ങിയെന്നു മാത്രം.

അസ്‌ഗറലി എഞ്ചിനീയർ തന്റെ പുസ്‌തകത്തിൽ ഇസ്ലാമിന്റെ പുനർവായന നടത്തുന്നത്‌ സ്വാഭാവികമായും ഇന്നത്തെ രാഷ്‌ട്രീയ വെല്ലുവിളികളുമായി ബന്ധപ്പെടുത്തിയല്ല. ഈ ഗ്രന്ഥത്തിൽ ഉൾക്കൊളളിച്ചിട്ടുളള പത്തു പ്രബന്ധങ്ങളുടെ തലക്കെട്ടുകൾ നോക്കിയാൽ ആ സത്യം മനസ്സിലാകും. ഇസ്ലാമിന്റെ പുനർവായന എന്ന പ്രാരംഭ നിബന്ധം തന്നെ നോക്കൂ. സാമാന്യം ദീർഘമായ ആ അദ്ധ്യായം മതത്തിലും തത്വചിന്തയിലും പ്രത്യയശാസ്‌ത്രത്തിലും വിശ്വാസങ്ങളിലും പ്രവർത്തനങ്ങളിലും നിരന്തരം ഉണ്ടാകേണ്ട നവീകരണങ്ങളുടെയും പുനരാഖ്യാനങ്ങളുടെയും അനിവാര്യതയെ ഉദാഹരണസഹിതം അടിവരയിട്ടു സമർത്ഥിച്ചിരിക്കുന്നു.

അഹിംസയുടെ പ്രശ്‌നം

രണ്ടാമത്തെ പ്രബന്ധമായ ‘അഹിംസ’ ഇസ്ലാമിനെ സംബന്ധിച്ചു നേരത്തെ കുരിശുയുദ്ധങ്ങളുടെ സാഹചര്യത്തിൽ വളർന്നു വന്നതും ഇന്നിപ്പോൾ പ്രത്യേകിച്ചും സെപ്‌തംബർ പതിനൊന്നിന്‌ ശേഷം ആഗോളാടിസ്ഥാനത്തിൽ അമേരിക്കയും അവരുടെ പാശ്ചാത്യ പങ്കാളികളും ലോകവ്യാപകമായി അതിശക്തമായി പ്രചരിപ്പിക്കുന്നതുമായ ആക്രമണത്തിന്റെ പ്രതിച്ഛായയുടെ നിരർത്ഥകത ഖുർ ആൻ വചനങ്ങളുടെ വെളിച്ചത്തിൽ തെളിയിക്കുന്നതുമാണ്‌. ചരിത്രസംഭവങ്ങളെ മുഴുവൻ മതസിദ്ധാന്തങ്ങളുമായി ബന്ധിപ്പിച്ചവതരിപ്പിക്കുന്നതുകൊണ്ടാണ്‌ ഈ തെറ്റിദ്ധാരണ ശക്തമായിട്ടുളളത്‌. രാഷ്‌ട്രീയാധികാരവുമായി ബന്ധപ്പെട്ട പഴയ ആക്രമണങ്ങളെല്ലാം ഇസ്ലാമിന്റെ കണക്കിൽ ഉൾപ്പെടുത്തുന്നതുമൂലമുളള തെറ്റിദ്ധാരണയാണിത്‌. തിന്മയെ ബലം പ്രയോഗിച്ചും എതിർക്കുന്നതിന്‌ ഉദ്‌ബോധിപ്പിക്കുന്ന മതമാണ്‌ ഇസ്ലാം. എന്നാൽ ആ എതിർപ്പിന്‌ കർശനമായ മാർഗ്ഗരേഖകൾ ഖുർ-ആൻ നൽകിയിട്ടുളളതു അദ്ധ്യായങ്ങളും വചനങ്ങളും ഉദ്ധരിച്ചുകൊണ്ടുതന്നെ അസ്‌ഗറലി എഞ്ചിനീയർ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഒരു സ്വതന്ത്ര ചിന്തകനായ പണ്‌ഡിതന്റെ നിഷ്‌പക്ഷമായ ആധുനിക വീക്ഷണത്തോടു കൂടിയാണ്‌ അഹിംസയുടെ പ്രശ്‌നം എഞ്ചിനീയർ അവതരിപ്പിച്ചു ചർച്ചചെയ്‌തിരിക്കുന്നത്‌.

സ്വാതന്ത്ര്യവും ധർമ്മവും, കുടുംബാസൂത്രണം, അമുസ്ലീംങ്ങൾ, മനുഷ്യാവകാശങ്ങൾ. കുറ്റവും ശിക്ഷയും, സദാചാരമൂല്യങ്ങൾ, മുസ്ലീം വീക്ഷണങ്ങളും സമകാലിക ഇന്ത്യയും എന്നീ പ്രബന്ധങ്ങളെല്ലാം തന്നെ ആധുനിക പ്രസക്തിയുളള പ്രധാന വിഷയങ്ങളെ ഇസ്ലാമിക ദർശനത്തിന്റേയാം പ്രബോധനങ്ങളുടെയും വെളിച്ചത്തിൽ പരിശോധിക്കുന്നവയും അവയുടെ പരിമിതികളെയും സാദ്ധ്യതകളേയും സംബന്ധിച്ച പുതിയ സമീപനങ്ങളുടെ ആവശ്യകതയെ അടിവരയിട്ടു ഊന്നിപ്പറയുന്നവയുമാണ്‌. അവിടെയൊക്കെ സത്യങ്ങളെ മറികടന്നു തന്റെ നിലപാട്‌ സമർത്ഥിക്കുവാനുളള ബുദ്ധിപരമായ കൗശലങ്ങളൊന്നും എഞ്ചിനീയർ കാണിച്ചിട്ടില്ല. അവസാനത്തെ അദ്ധ്യായമായ ഇസ്ലാമിക ദർശനം മതതാരതമ്യ വിചിന്തനത്തിലെ സ്വാഗതാർഹമായ സമീപനത്തിന്റെ ഉത്തമ നിദർശനമാണ്‌. ഇസ്ലാമിക ദാർശനികമായ കാഴ്‌ചപ്പാടുകൾ അക്കമിട്ടു അവതരിപ്പിക്കുന്നതോടൊപ്പം അതതു മതങ്ങൾ അവയെ സംബന്ധിച്ചു അനുവർത്തിക്കുന്ന നിലപാടുകളും ഗ്രന്ഥകർത്താവ്‌ പണ്‌ഡിതോചിതമായി വിവരിച്ചു പരിശോധിക്കുന്നു. ഓരോ മതവും അതിന്റെ പ്രത്യേക പാരമ്പര്യമനുസരിച്ച്‌ പ്രത്യേക മൂല്യങ്ങളിലാണ്‌ ഊന്നുന്നത്‌. ഹിന്ദുമതം അഹിംസയിലും ബുദ്ധമതം കരുണയിലും ക്രിസ്‌തുമതം സ്‌നേഹത്തിലും ഇസ്ലാം സമത്വത്തിലും നീതിയിലുമാണ്‌ ഊന്നൽ നൽകിയിരിക്കുന്നതെന്ന്‌ കാണാൻ കഴിയും. ഈ മൂല്യങ്ങൾ പരസ്‌പരപൂരകങ്ങളും പോഷകങ്ങളുമാണ്‌. മനുഷ്യജീവിതത്തിന്റെ പൂർണ്ണതക്കു അനിവാര്യമായ ഈ മൂല്യങ്ങളെയെല്ലാം സമന്വയിപ്പിച്ചു വിശാലമായ ഒരു മതവീക്ഷണം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെയാണു പുസ്‌തകം അതിന്റെ ആന്തരാർത്ഥത്തിൽ ഉയർത്തിപ്പിടിക്കുന്നത്‌. അതുകൊണ്ടുതന്നെ സംശയങ്ങളും സ്‌പർദ്ധകളും സംഘർഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ ഇന്നത്തെ ദേശീയവും സാർവ്വദേശീയവുമായ സാഹചര്യത്തിൽ എല്ലാവരും ഉൾക്കൊളേളണ്ട അറിവും അവബോധങ്ങളും അഭിവീക്ഷണങ്ങളുമാണ്‌ പുസ്‌തകത്തിലെ പത്തു നിബന്ധനങ്ങളിൽ നിറയെ.

അസ്‌ഗറലി എഞ്ചിനീയർ ഇന്ന്‌ സാർവ്വ ദേശീയമായി അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന പുരോഗമന ചിന്താഗതിക്കാരനായ ഇസ്ലാമിക മതപണ്‌ഡിതനും വിമോചിത ചേതസ്സായ ബുദ്ധിജീവിയുമാണ്‌. രാഷ്‌ട്രീയം, ചരിത്രം, സാമൂഹ്യശാസ്‌ത്രം, തത്വചിന്ത എന്നീ വിഷയങ്ങളിലെല്ലാം അതിശയകരമായ അവഗാഹമുളള അദ്ദേഹം നിരന്തരമായി എഴുതുകയും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു മഹിതാശയനാണ്‌. അദ്ദേഹത്തിന്റെ മൗലികമായ ചില ഇസ്ലാംമത ചിന്തകൾ മലയാളികൾക്കുകൂടി മനസ്സിലാക്കുവാൻ കഴിയുന്നവിധം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു കൃതിയായ Rethinking issues in Islam തിരഞ്ഞെടുത്തു മലയാളത്തിലേക്കു വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിച്ച വിവർത്തകനും പ്രസാധകരും ഒരുപോലെ അഭിനന്ദനമർഹിക്കുന്ന ഒരു സേവനമാണ്‌ നിർവഹിച്ചിരിക്കുന്നത്‌. ചിന്തകളുടെ വ്യക്തതയും ഭാഷയുടെ സുതാര്യതയുമാണ്‌ എഞ്ചിനീയറുടെ രചനാശൈലിയുടെ മുഖമുദ്ര. അതിന്‌ ഒരു കോട്ടവും സംഭവിക്കാതെ വിദഗ്‌ദ്ധമായി പുസ്‌തകം മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌ത എം.എ. കാരപ്പഞ്ചേരി പ്രത്യേകമായ അഭിനന്ദനമർഹിക്കുന്നുണ്ട്‌.

ഇസ്ലാം ഒരു പുനർവായന, അസ്‌ഗർലി എഞ്ചിനീയർ, വിവഃ എം.എ.കാരപ്പഞ്ചേരി, കറന്റ്‌ ബുക്‌സ്‌ തൃശൂർ, വില ഃ 80 രൂപ.

Generated from archived content: book1_july27_05.html Author: dr_na_karim

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English