‘ദി സെക്കന്റ്‌ സെക്‌സ്‌’

സിമോണ്ട്‌ ദ ജുവാറിന്റെ ദി സെക്കന്റ്‌ സെക്‌സ്‌ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിട്ട്‌ അറുപതുവർഷം തികയുകയാണ്‌, ആൺകോയ്‌മാ നിലപാടുകളിൽ നിർമിക്കപ്പെട്ട ലോകബോധത്തെ പ്രശ്‌നവൽക്കരിച്ച ഈ കൃതി ഫെമിനിസ്‌റ്റുക്ലാസിക്കുകളിലൊന്നാണ്‌. 1949ൽ ഫ്രഞ്ച്‌ പതിപ്പ്‌ പുറത്തിറക്കിയ ആദ്യ ആഴ്‌ചയിൽത്തന്നെ 22000 കോപ്പിയാണ്‌ വിറ്റഴിഞ്ഞത്‌. തുടർന്ന്‌ തന്നെത്തേടിയെത്തിയ അജ്ഞാത കർതൃകവും അല്ലാത്തവയുമായ എഴുത്തുകളെയും പരിഹാസ കവനങ്ങളെയും അധിക്ഷേപങ്ങളെയും ഉപദേശങ്ങളെയും ശകാരങ്ങളെയും കുറിച്ച്‌ സിമോങ്ങ്‌ ദ ജുവാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ക്ഷോഭവും ആശങ്കയും കൗതുകയും ആത്മവിശ്വാസവും ഈ കൃതി സൃഷ്‌ടിച്ചു. സ്‌ത്രീത്വത്തിന്റെ സങ്കീർണതയും സംഘർഷാത്മകതയും അപഗ്രഥിച്ച ഈ കൃതി ഫസ്‌റ്റ്‌ സെക്‌സിലും സെക്കന്റ്‌ സെക്‌സിലും പെട്ട വായനക്കാരെ പുതുചിന്തകളുടെ ചുഴലിയിൽപ്പെടുത്തി. 1953ൽ അമേരിക്കയിൽ സെക്കന്റ്‌ സെക്‌സ്‌ വിവർത്തനം ഇറങ്ങിയപ്പോൾ റിവ്യൂ എഴുതിയ എലിസബത്ത്‌ ഹാഡ്‌വിക്‌ “madly sensible and brilliantly confused” എന്നാണ്‌ കൃതിയെ വിശേഷിപ്പിച്ചത്‌.

ഫേമിനിസത്തിന്റെ ഒന്നാം തരംഗം അവസാനിച്ചതിനു ശേഷമാണ്‌ ‘സെക്കന്റ്‌ സെക്‌സ്‌’ പ്രസിദ്ധീകരിക്കപ്പെടുന്നത്‌. രണ്ടാം തരംഗമാകട്ടെ 1960 കളിലാണ്‌ രൂപപ്പെടുന്നത്‌. അതിനാൽ ഫെമിനിസത്തിലെ ഒരു വിഭാഗത്തിന്റെയും ഭാഗമല്ലാത്ത അസ്‌തിത്വമാണ്‌ ഈ കൃതിക്കുള്ളത്‌. അറുപതുകളിലെ റാഡിക്കൽ ഫെമിനിസത്തെയും പിൽക്കാല ഫെമിനിസ്‌റ്റ്‌ ചിന്തകളെയും സ്വാധീനിക്കാൻ ഈ കൃതിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

‘അപരം’ (other) എന്ന പരികല്‌പന ‘The Second Sex’ ലെ വാദഗതികളെ നിർണയിക്കുകയും ബുവാറിന്റെ വിശകലനങ്ങളെ മുന്നോട്ടുനയിക്കുകയും ചെയ്യുന്നു. വ്യത്യസ്‌ഥ സാംസ്‌കാരിക സാഹചര്യങ്ങളിൽ നിന്നും ഈ പരികല്‌പനയെ സാധൂകരിക്കുന്ന ഉദാഹരണങ്ങൾ അവർ കണ്ടെത്തുന്നു. ചരിത്രത്തിൽ അപരയായിത്തീർന്ന സ്‌തീയുടെ അപരത്വത്തിന്റെ കാരണങ്ങൾ അന്വേഷിക്കുകയും അപരത്വപദവിയുടെ രൂപപ്പെടലിനെ അപഗ്രഥിക്കുകയും ചെയ്യുന്നു.

ഒരേപോലെയുള്ളത്‌&അല്ലാത്തത്‌ എന്ന യുഗ്മകം ഗോത്രാനുഭവങ്ങളിലെ അറിവുകളോളം പഴക്കമുള്ളതാണ്‌. ഈ യുഗ്മകത്തിൽത്തന്നെയാണ്‌ പുരുഷനെയും അവന്റെ അപരമയായ സ്‌ത്രീയെയും സംബന്ധിച്ച ബോധ്യങ്ങൾ രൂപപ്പെട്ടതും പരിപാലിക്കപ്പെട്ടതും. ചരിത്രം, മിത്തുകൾ, സാഹിത്യം തുടങ്ങിയ വ്യവഹാരങ്ങളെയെല്ലാം നിർണയിക്കുന്നത്‌ ഇത്തരം ബോധ്യങ്ങളാണെന്ന്‌ ബുവാർ പറയുന്നു.

സോഷ്യലിസ്‌റ്റ്‌ സാമൂഹ്യവിമർശനരീതിയുടെ പ്രാധാന്യം എടുത്തുപറയുന്നുണ്ടെങ്കിലും അസ്‌തിത്വവാദചിന്തയുടെ അടിത്തറയിലാണ്‌ ഈ ഗ്രന്ഥം നിർമിച്ചിരിക്കുന്നത്‌. എന്താണ്‌ സ്‌ത്രീ?“ എന്ന ചോദ്യം കൃതിയുടെ ആരംഭത്തിൽത്തന്നെ ഉന്നയിക്കുന്നു. അപരത്വം (otherness) ആണ്‌ സ്‌ത്രീയുടെ അസ്‌തിത്വത്തിന്റെ മുഖമുദ്ര. പുരുഷന്റെ അസ്‌തിത്വം കേവല സത്തയുടേതും സ്‌ത്രീയുടേത്‌ അപരത്വത്തിന്റെതുമാത്രമാണ്‌. ”മനുഷ്യകുലം തന്നെ ഒരാൺസങ്കൽപമാണ്‌. പുരുഷൻ സ്‌ത്രീയെ നിർവചിക്കുന്നത്‌ അവളുടെ നിലയിൽ നിന്നല്ല. അവനുമായി ബന്ധപ്പെടുത്തിയാണ്‌.

അവളുടെ സ്വതന്ത്രസ്വതവം പരിഗണിക്കപ്പെടുന്നതേയില്ല“ എന്ന്‌ ബുവാർ നിരീക്ഷിക്കുന്നു.

“One is not born, but rather becomes a woman”. ദി സെക്കന്റ്‌ സെക്‌സ്‌ അവതരിപ്പിക്കുന്ന ഈ കണ്ടെത്തൽ ഫെമിനിസ്‌റ്റ്‌ ജ്ഞാനസിദ്ധാന്ത ചരിത്രത്തിലെ സുപ്രധാനകാര്യമാണ്‌. സെക്‌സ്‌&ജെൻഡർ എന്നിവയുടെ അന്തരത്തെ ചരിത്രത്തിലാദ്യമായി താത്വികമായി വിശകലനം ചെയ്‌തത്‌ ബുവാർ ആണ്‌. ലിംഗവിഭാഗം (സെക്‌സ്‌) ലിംഗഭോഗം (ജെൻഡർ) എന്നിവയുടെ അർഥവ്യത്യാസങ്ങൾ അവർ സ്‌ഥാപിച്ചു. ലിംഗഭേദം എന്നത്‌ സാമൂഹ്യപദവിയെ അടയാളപ്പെടുത്തുന്ന പദമാണ്‌. സ്‌ത്രീയുടെ എല്ലാ ജീവിതാവസ്‌ഥകളിലും സ്‌ത്രീയെന്ന ലിംഗഭേദത്തിലൂടെ അവൾ നിർമിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. വ്യക്തിപരം, രാഷ്‌ട്രീയം, ദാർശനികം എന്നിവയെല്ലാം ഒന്നിച്ചുചേർക്കുന്ന അപഗ്രഥന വഴിയാണ്‌ ബുവാർ ‘ദി സെക്കന്റ്‌ സെക്‌സി’ൽ കൈക്കൊള്ളുന്നത്‌.

പിൽക്കാല ഫെമിനിസ്‌റ്റ്‌ സൈദ്ധാന്തികഗ്രന്ഥങ്ങളെയെല്ലാം സ്വാധീനിക്കാൻ ബുവാറിന്റെ കൃതിക്കു കഴിഞ്ഞു. ഫെമിനിൻ മിസ്‌റ്റിക്‌ രചിച്ച ബെറ്റി ഫ്രീഡാനും, സ്‌ക്‌സ്വൽ പൊളിറ്റിക്‌സിന്റെ രചയിതാവായ കേറ്റ്‌ മില്ലറ്റും സെക്കന്റ്‌ സെക്‌സിന്റെ ആധികാരികതയെ അംഗീകരിക്കുന്നു. തന്റെ തത്വചിന്താപരവും ചിന്താപരവും ചരിത്രപരവുമായ പരിപ്രേക്ഷ്യങ്ങളെ രൂപപ്പെടുത്തുന്നതിൽ ‘സെക്കന്റ്‌ സെക്‌സിനോടുള്ള കടപ്പാട്‌ കേറ്റ്‌ മില്ലറ്റ്‌ സമ്മതിക്കുന്നുണ്ട്‌. ’ലിംഗഭേദത്തിന്റെ വൈരുദ്ധ്യാത്മകത‘ എന്ന ഗ്രന്ഥം രചിച്ച ഷുലാമിത്‌ ഫയർസ്‌റ്റോൺ തന്റെ കൃതി സമർപ്പിച്ചിരിക്കുന്നത്‌ ബുവ്വാറിനാണ്‌. ഫെമിനിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ പതാകാവാഹകരചനയായി ആലീസ്‌ ജാർ ’ദി സെക്കന്റ്‌ സെക്‌സിനെ വിശേഷിപ്പിക്കുന്നു. വനിതാ വിമോചന പ്രസ്‌ഥാനത്തിന്റെ വരവു വിളിച്ചറിയിച്ച ഗ്രന്ഥമാണിത്‌.

ബുവാറിന്റെ കൃതിക്കുശേഷം വന്ന ഫെമിനിസ്‌റ്റ്‌ സൈദ്ധാന്തിക രചനകൾ സ്‌ത്രീപുരുഷ ബന്ധത്തിന്റെ വൈയക്തികതലങ്ങളിലേക്ക്‌ കൂടി പഠനങ്ങളെ വ്യാപിപ്പിച്ചു. ‘Personal is Political’ എന്ന കേറ്റ്‌മില്ലറ്റിന്റെ നിരീക്ഷണം സ്‌ത്രീവാദ രാഷ്‌ട്രീയത്തെ സൂക്ഷ്‌മമായി പറയാനുള്ള ശ്രമമാണ്‌. ആൺകോയ്‌മ അല്ലെങ്കിൽ പുരുഷാധിപത്യം എന്ന പദത്തിന്റെ ലൈംഗിക രാഷ്‌ട്രീയം കൃത്യമായി വെളിപ്പെടുന്നത്‌ ‘ദി സെക്കന്റ്‌ സെക്‌സി’ന്‌ ശേഷമുള്ള കൃതികളിലൂടെയാണ്‌. പൈതൃകങ്ങളുടെ ഈടിരിപ്പുകളിലേക്കുള്ള ചൂഴ്‌ന്നു നോട്ടങ്ങൾ അവർ നടത്തുന്നു. സ്‌നേഹം, ലൈംഗികത, കാല്‌പനികപ്രേമം, പ്രത്യുൽപാദനം ശിശുപരിപാലനം എന്നിവയിലെ ചിരസമ്മതവും പുരുഷാധിപത്യം നിറഞ്ഞതുമായ ധാരണകളെ റാഡിക്കൽ ഫെമിനിസ്‌റ്റുകൾ ചോദ്യം ചെയ്‌തു. പുരുഷന്മാർ പുരുഷന്മാരായി ജനിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട്‌ സ്‌ത്രീകളെ ഭരിക്കുന്ന അവസ്‌ഥയായി അൺകോയ്‌മ നിർവചിക്കപ്പെട്ടിരിക്കുന്നു. മനുഷ്യവർഗത്തെ പുനരുല്‌പാദിപ്പിക്കുന്നതിന്റെയും പോറ്റിവളർത്തുന്നതിന്റെയും യാതനകൾ അനുഭവിച്ച സ്‌ത്രിയുടെയും ലൈംഗിക പദവിയുമായി ബന്ധപ്പെട്ട അധ്വാനത്തിന്റെ പ്രാധാന്യം ഉന്നയിക്കപ്പെടുന്നതും റാഡിക്കൽ ഫെമിനിസ്‌ടുപഠനത്തിലാണ്‌ (ലിംഗഭേദത്തിന്റെ വൈരുദ്യാത്മകത) ലിംഗവിഭാഗങ്ങൾക്കിടയിലും ജാതീയത നിലനിൽക്കുന്നുവെന്നും ആൺജാതി പെൺജാതീയുടെ മേൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന അവസ്‌ഥയാണ്‌ നിലവിലുള്ളതെന്നും ഷുലാമിത്‌ ഫയർ സ്‌റ്റോൺ നിരീക്ഷിക്കുന്നു.

അന്തർവൈജ്ഞാനികമായ വ്യവഹാരമണ്ഡലത്തിലാണ്‌ ‘സെക്കന്റ്‌ സെക്‌സി’നു ശേഷമുള്ള കൃതികൾ പ്രയോഗിക്കപ്പെട്ടത്‌. നരവംശശാസ്‌ത്രം, മനശാസ്‌ത്രം സംസ്‌കാരപഠനം, ദൈവശാസ്‌ത്രം, പരിസ്‌ഥിതി ശാസ്‌ത്രം, സാഹിത്യ തത്വചിന്ത, ഭാഷശാസ്‌ത്രം തുടങ്ങിയ മേഖലകളിലെല്ലാം ‘ഫെമിനിസ്‌റ്റ്‌ വായനകൾ’ സാധ്യമായി. ചരിത്രപരമായ നിശബ്‌ദതയെയും നിർബന്ധിത മനനങ്ങളെയും തിരിച്ചറിയുന്ന പഠനങ്ങൾ ഉണ്ടായി. സ്‌ത്രീലൈഗീകതയിൽമേലുള്ള നിഗൂഢവൽക്കരണങ്ങളും വ്യാജപ്രതിനിധാനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. സൈദ്ധാന്തികരംഗത്തു മാത്രമല്ല സർഗാത്മകരംഗത്തും, സാമൂഹ്യജീവിതത്തിന്റെ വ്യത്യസ്‌ത ഇടങ്ങളിലും ഇന്ന്‌ ഫെമിനിസം നിയാമകശക്തിയായിത്തീർന്നിരിക്കുന്നു. സാഹിത്യത്തിലും സംസ്‌കാരത്തിന്റെ സമസ്‌ത വ്യവഹാരങ്ങളിലും സ്‌ഥാപനസ്വഭാവിയായ അധികാരത്തെ അഴിച്ച്‌ പണിയാൻ ഫെമിനിസ്‌റ്റുവായനകൾ കാരണമായി. സ്‌ത്രീയനുഭവങ്ങൾക്ക്‌ ആളത്തം-കർതൃത്വപദവി ലഭ്യമാകുന്ന കാഴ്‌ചയാണ്‌ വ്യത്യസ്‌ത ജ്ഞാനമേഖലകളിൽ ഫെമിനിസത്തിന്റെ ഇടപെടലുകളിലൂടെ സംഭവിച്ചത്‌.

പിൽക്കാലത്ത്‌ ഫെമിനിസ്‌റ്റ്‌ പഠനങ്ങളിൽ പലതും ‘സെക്കന്റ്‌ സെക്‌സ്‌’ മുന്നോട്ടുവയ്‌ക്കുന്ന യൂറോ കേന്ദ്രിതമായ ചിന്താഗതികൾക്ക്‌ പകരം സാംസ്‌കാരികമായ ബഹുസ്വരതയെ അംഗീകരിക്കുന്നു. സ്‌ത്രീത്വമെന്നത്‌ ഏകശിലാരൂപത്തിലുള്ളതല്ലെന്നും ജാതീയത, വംശീയത, പ്രാദേശികത തുടങ്ങിവയാൽ ശകലികൃത സത്തകളാണെന്നും ഇന്ന്‌ അംഗികരിക്കപ്പെട്ടിരിക്കുന്നു.

ഫെമിനിസം ഇന്ന്‌ പഠനരിതികളുടെയും പഠനോപകരണങ്ങളുടെയും വ്യത്യസ്‌തതകൾകൊണ്ടും ബോധ്യങ്ങളുടെ സംവാദത്മകതകൊണ്ടും ശക്തമായ ജ്ഞാനപദ്ധതിയാണ്‌. അനുഭവവൈകവാദപരം (Feminist Empricism) നിലപാടു സിദ്ധാന്തപരം (standpoint theories) ഉത്തരാധുക തത്വചിന്തയെ അടിസ്‌ഥാനമാക്കി പഠനരീതികൾ എന്നിങ്ങനെ ജ്ഞാനമേഖലകൾ ഈ ജ്ഞാനപദ്ധതിക്കുണ്ട്‌. അന്തർവൈജ്ഞാനികമായ പഠനരീതികൾ ഫെമിനിസത്തെ സജീവമായ ജ്ഞാനപദ്ധതിയായി നിലനിർത്തുന്നു. ഇത്തരമൊരു വളർച്ചയിലെ നാഴികക്കല്ലായ കൃതിയാണ്‌ ‘The Second Sex’.

Generated from archived content: essay1_dec7_09.html Author: dr_muse.mery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English