ഭാഷാപുരോഗതി ലിപിമാനകീകരണത്തിലൂടെ

മലയാളിയിൽനിന്നും അകന്നുപോകുന്ന മലയാളഭാഷയെക്കുറിച്ച്‌ തീരെ ലാഘവത്തോടെയാണ്‌ കേരളീയർ ചർച്ച ചെയ്യുന്നത്‌. ഇത്തരം ചർച്ചകളുടെ ഫലപ്രാപ്തിയെക്കുറിച്ച്‌ തീരെ ശുഭാപ്തി വിശ്വാസമില്ലാതെയാണ്‌ പലരും ഇന്ന്‌ ഈ വിഷയത്തെപ്പറ്റി പരാമർശിക്കുന്നതുതന്നെ. മലയാള ഭാഷ കേരളീയന്റെ സ്വത്വമുദ്രയാണ്‌. അതു നശിച്ചാൽ മലയാളിയുടെ അസ്തിത്വം നഷ്‌ടമായി എന്നാണർത്ഥം.

ഭാഷ വെറും ആശയ വിനിമയോപകരണം മാത്രമല്ല ദേശീയ ജീവിയുടെ ചിന്താഘടന കൂടിയാണ്‌ എന്ന്‌ പൗലൊ ഫ്രെയർ പ്രസ്താവിക്കുമ്പോൾ, ഭാഷ അതു കൈകാര്യം ചെയ്യുന്ന ജനതയുടെ അസ്തിത്വ പ്രഖ്യാപനത്തിന്റെ ജൈവരൂപമാണ്‌ എന്ന വസ്തുതയിലേക്കാണു വിരൽ ചൂണ്ടുന്നത്‌. മാതൃഭാഷകളുടെ ഉയിർത്തെഴുന്നേല്പ്‌ എന്ന ആശയത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഗാന്ധിജി ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടും മുൻപുതന്നെ ഇങ്ങനെ എഴുതി ഃ “നമുക്കു നമ്മുടെ ഭാഷയിൽ വിശ്വാസം നഷ്‌ടപ്പെട്ടാൽ നമ്മിലുളള വിശ്വാസം തന്നെ നഷ്‌ടമായി എന്നു സാരം. അതു ജീർണതയുടെ ഏറ്റവും നല്ല തെളിവാണ്‌. മാതൃഭാഷയോട്‌ ആദരവില്ലാത്ത ജനതയ്‌ക്ക്‌ സ്വയം പര്യാപ്തമായ ഒരു രാജ്യം സ്ഥാപിക്കാൻ കഴിയില്ല.”

‘കേരള മാതൃക’ എന്നത്‌ പലപ്പോഴും ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെങ്കിലും കുറെക്കാലമായി സാമൂഹിക രാഷ്‌ട്രീയ സാമ്പത്തിക രംഗങ്ങളിലെല്ലാം വികസന പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണു കേരളം. സാമ്പത്തിക ധ്രുവീകരണവും സാമ്പത്തിക രംഗത്തെ പ്രകടമായ മാന്ദ്യവും ആഗോളീകരണം മൂലമുണ്ടായ സാമ്പത്തിക പരാധീനതയും കേരളത്തെ പിന്നോക്കം നയിക്കുകയാണിപ്പോൾ. ഭാഷ സ്വത്വനിർണ്ണയത്തിൽ പ്രധാന പങ്കു വഹിക്കുന്നുവെന്നും ഇത്തരമൊരു സ്വത്വബോധം വികസനത്തിന്‌ അത്യന്താപേക്ഷിതമാണെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

മലയാള ഭാഷ മലയാളികളിൽനിന്ന്‌ അന്യമാകുന്നതിന്‌ സാമ്പത്തികം, സാമൂഹികം, വർഗ്ഗപരം തുടങ്ങി ഒട്ടനവധി കാരണങ്ങൾ കണ്ടെത്തുവാനാകുമെങ്കിലും മറ്റൊരു പ്രധാന വസ്‌തുത കൂടിയുണ്ട്‌ – ഏകീകൃതമായ ലിപി വ്യവസ്ഥയുടെ അഭാവം. ഇക്കാര്യം ചെറുതായി ഒന്നു സ്പർശിക്കുക മാത്രമാണ്‌ ഈ കുറിപ്പിന്റെ ലക്ഷ്യം.

ഈ ലേഖനത്തിൽ തന്നെ ഒരേ വാക്ക്‌ പലയിടങ്ങളിൽ വ്യത്യസ്തലിപി വ്യവസ്ഥയിൽ അച്ചടിച്ചിട്ടുണ്ടാവും. അതു ലേഖകന്റെയോ അച്ചടിക്കുന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെയോ, പിഴവല്ല; മറിച്ച്‌, മലയാളത്തിൽ ലിപിമാനകീകരണം നടപ്പിൽ വരുത്താത്തതു കൊണ്ടുളള ദുരവസ്ഥയാണ്‌. മലയാള ഭാഷ പഠിച്ചു തുടങ്ങുന്നയാളെ സംബന്ധിച്ചിടത്തോളം പഠിക്കുന്ന ലിപി വ്യവസ്ഥയിലല്ല പത്രമാസികകളും മറ്റു പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതെന്നു കാണുമ്പോൾ അനുഭവപ്പെടുന്ന അസ്വാസ്ഥ്യം അത്ര ലഘുവല്ല. ഒരു പാഠപുസ്തകത്തിൽതന്നെ ഒരേ വാക്ക്‌ വ്യത്യസ്ത അക്ഷരക്രമത്തിൽ അച്ചടിക്കുന്നു. ഇതു സൃഷ്‌ടിക്കുന്ന അസ്വാസ്ഥ്യം പഠിതാവിന്റെ ബുദ്ധിപരവും മാനസികവുമായ വ്യാപാരങ്ങളെ ദോഷകരമായി ബാധിക്കുന്നു. പലരും പലവട്ടം ആവർത്തിച്ചു കഴിഞ്ഞതാണെങ്കിലും ഒരുദാഹരണം ഇവിടെ എടുത്തു കാട്ടാം. താത്‌പര്യം, താൽപര്യം, താല്പര്യം, താല്‌പര്യം, താൽപർയ്യം, താൽപ്പർയ്യം എന്നിങ്ങനെ ഒരു വാക്കു പല ലിപി വ്യവസ്ഥയിൽ അച്ചടിച്ചു കാണുമ്പോൾ ഏതു സ്വീകരിക്കണം എന്നുഴറിപ്പോകുന്ന വിദ്യാർത്ഥി (വിദ്വാർത്ഥി, വിദ്യാർത്‌ഥി, വിദ്യാർത്ഥി, വിദ്യാർഥി എന്ന്‌ വ്യത്യസ്തരീതിയിൽ എഴുതുന്നതു ശ്രദ്ധിക്കുക) മലയാളത്തെ അവഗണിക്കുന്നുവെങ്കിൽ പഴിചാരേണ്ടതാരെയാണ്‌? ഇത്തരമൊരു അവ്യവസ്ഥ നിലനിർത്തിക്കൊണ്ടു പോകുന്ന വ്യവസ്ഥിതിയെ തന്നെയാണ്‌. ഇത്തരം വൈകല്യം പരിഹരിക്കാതെ ഭാഷയ്‌ക്കു മുന്നോട്ടു പോകാൻ കഴിയില്ല. മാനകീകൃതമായ ഒരു ലിപി വ്യവസ്ഥ ആധികാരികമായി രൂപപ്പെടുത്തി മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുവാൻ അധികാരകേന്ദ്രങ്ങൾ തുനിഞ്ഞേ മതിയാവൂ. കേരളത്തിലെ സർവ്വകലാശാലകളോ, ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടോ, ഔദ്യോഗികഭാഷാ വകുപ്പു ഇതിനു നേതൃത്വം കൊടുക്കണം. പ്രചാരണം സർക്കാർ തലത്തിലുണ്ടാവുകതന്നെ വേണം. സർക്കാർ അംഗീകരിക്കുന്ന ഏകീകൃത ലിപി വ്യവസ്ഥയിൽത്തന്നെയാവണം മലയാളത്തിലെ പാഠപുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അച്ചടിക്കേണ്ടതെന്നു വ്യവസ്ഥയുണ്ടാവണം. അച്ചടിക്കായി ഇന്നു നാം ആശ്രയിക്കുന്ന കമ്പ്യൂട്ടറിന്റെ സേവനം പൂർണ്ണമായും ഭാഷയ്‌ക്കു ലഭ്യമാകണമെങ്കിൽ ഇത്തരത്തിലൊരു ലിപി മാനകീകരണം അത്യന്താപേക്ഷിതമാണ്‌.

ഇന്നു പ്രചാരത്തിലിരിക്കുന്ന ലിപി വ്യവസ്ഥ 1968-ൽ ടൈപ്പ്‌ റൈറ്റിങ്ങിന്‌ ഉപയോഗിക്കത്തക്കവിധത്തിൽ ലിപിയുടെ എണ്ണം കഴിയുന്നത്ര പരിമിതപ്പെടുത്തി രൂപപ്പെടുത്തിയതാണ്‌. അതിനുമുമ്പുവരെ നിലവിലിരുന്ന ലിപി വ്യവസ്ഥയിൽനിന്നും വ്യത്യസ്തമായി ഉ, ഊ, ഋ എന്നീ സ്വരങ്ങളുടെ ഉപചിഹ്നങ്ങളെ അക്ഷരങ്ങളിൽനിന്നു വേർപ്പെടുത്തി സ്വതന്ത്രമായി ചേർക്കുക, ര, റ എന്നിവയുടെ ഉപചിഹ്നങ്ങളെ അക്ഷരങ്ങളിൽ നിന്നു വേർപ്പെടുത്തി സ്വതന്ത്രമായി ചേർക്കുക, ചില കൂട്ടക്ഷരങ്ങളെ ചന്ദ്രക്കല ഉപയോഗിച്ചു പിരിച്ചെഴുതുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ആയിരത്തോളം വരുന്ന ലിപിമുദ്രകളെ ഗണ്യമായ രീതിയിൽ ചുരുക്കാൻ കഴിഞ്ഞു. ഈ രീതി അവലംബമാക്കി കേരളഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. ഈ മാർഗ്ഗത്തിലൂടെ ലിപിമാനകീകരണം സുഗമമായി പൂർത്തിയാക്കുവാൻ കഴിയും; അതാണ്‌ അഭിലഷണീയവും.

ലിപി മാനകീകരണം നടത്തുമ്പോൾ മലയാളി ഉപയോഗിക്കുന്ന മലയാളം എഴുതുവാനാവശ്യമായ ലിപി മാത്രമേ ഉപയോഗിക്കാവൂ. സംസ്‌കൃതത്തിന്റെയോ തമിഴിന്റെയോ മറ്റേതെങ്കിലും ഭാഷയുടെയോ വ്യാകരണ നിയമങ്ങൾക്കോ നിരുക്തത്തിനോ മുൻതൂക്കം നല്‌കിയാവരുത്‌ ലിപിമാനകീകരണം നടപ്പിലാക്കേണ്ടത്‌. സംസ്‌കൃതത്തിൽ ഇങ്ങനെയാണ്‌, അതിനാൽ മലയാളത്തിലും ഇങ്ങനെ തന്നെയാവണം എന്ന ചില പണ്ഡിതന്മാരുടെ ശാഠ്യം ഈ സന്ദർഭത്തിൽ അനാവശ്യമാണ്‌. ദ്രാവിഡഭാഷാപദങ്ങളായ ‘അണക്കെട്ടും’ ‘കയറും’ മറ്റും ഇംഗ്ലീഷിലെടുത്തപ്പോൾ ദ്രാവിഡഭാഷാ വ്യാകരണത്തെപ്പറ്റിയും നിരുക്തത്തെപ്പറ്റിയും ലിപി വ്യവസ്ഥയെപ്പറ്റിയും ഇംഗ്ലീഷ്‌ ഭാഷ പണ്ഡിതന്മാർ വ്യാകുലതപ്പെട്ടതായി അറിവില്ല. ഇത്തരം ശാഠ്യങ്ങൾ ഭാഷയുടെ വളർച്ച മുരടിപ്പിക്കുക മാത്രമല്ല, ഭാഷയുടെ അധോഗമനത്തിനും ഇടയാക്കും. വാൽമീകി എന്നെഴുതിയാൽ തെറ്റ്‌ വാല്‌മീകി തന്നെയാവണം, കാരണം അതാണു സംസ്‌കൃതത്തിന്റെ രീതി എന്ന മട്ടിലുളള ‘മലയാള ഭാഷാപോഷണം’ ഭാഷയെ വാൽമീകത്തിലൊളിപ്പിക്കാൻ മാത്രമേ ഉതകൂ. മലയാളത്തിന്‌ തനതായ ഒരു രീതിയുണ്ടെന്നും അതു പ്രചരിപ്പിക്കേണ്ടതാണെന്നും നമ്മുടെ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും വിസ്‌മരിച്ചു പോകുന്നു.

കേരളപ്പിറവി കഴിഞ്ഞ്‌ അമ്പതാണ്ടു പിന്നിടാറാവുമ്പോഴും ഭാഷയുടെ വളർച്ചയ്‌ക്കോ ലിപി മാനകീകരണത്തിനോ വേണ്ടി സർക്കാർതലത്തിൽ കാര്യമായ നീക്കങ്ങളൊന്നും നടക്കുന്നില്ല. അന്യ സംസ്ഥാനങ്ങളിൽ അതാതു ദേശഭാഷകൾ ഏക ഔദ്യോഗിക ഭാഷയായി വിരാജിക്കുമ്പോൾ കേരളത്തിലെ ഔദ്യോഗിക ഭാഷ ‘മലയാളവും ഇംഗ്ലീഷും’ ആണ്‌! കേരളത്തിൽ മലയാളം ‘ഏക ഔദ്യോഗികഭാഷ’ ആകാത്തിടത്തോളം കാലം ഔദ്യോഗികരംഗത്ത്‌ മലയാളം അവഗണിക്കപ്പെടുകതന്നെ ചെയ്യും. വിദ്യാഭ്യാസരംഗത്തും മലയാളം പ്രഥമഭാഷയായി അംഗീകരിക്കപ്പെട്ടിട്ടില്ല, ഇന്നോളം!

മലയാള ഭാഷയ്‌ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ഭാഷാപോഷകന്മാരും പത്ര മാധ്യമങ്ങളും മലയാളിയുടെ മാതൃഭാഷ പഠന-ഭരണരംഗങ്ങളിൽ ഒന്നാം സ്ഥാനം വഹിക്കുന്നതു കാണാൻ ആഗ്രഹിക്കുന്നില്ല എന്നതാണു സത്യം. മാതൃഭൂമിയുടെ ‘താല്പര്യ’മല്ല മനോരമയുടെ ‘താത്‌പര്യം’. കേരള കൗമുദിയുടെ ‘താൽപര്യ’മാകട്ടെ ദേശാഭിമാനിയുടെ ‘താല്‌പര്യ’ത്തിൽ നിന്നു വ്യത്യസ്തവും! ഇത്തരം വ്യത്യസ്ത താൽപര്യങ്ങളെ ഏകോപിപ്പിക്കാനുളള രാഷ്‌ട്രീയ ഇച്ഛാശക്തി കാട്ടുന്ന സർക്കാർ കേരളത്തിൽ എന്നുണ്ടാവും? മലയാള ലിപിയുടെ കാര്യത്തിൽ യുക്ത്യാധിഷ്‌ഠിതമായ മാനവീകൃത മാനകീകരണം അന്നേ സാധ്യമാകൂ.

Generated from archived content: essay_july2.html Author: dr_mkchandraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവികസനത്തിന്റെ മറുപുറങ്ങൾ
Next articleനാട്ടറിവ്‌ – ആധുനികത-ആധുനികോത്തരത-സംസ്‌കാരപഠനം
മലയാളം, ഫിലോസഫി എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം. “മലയാള ഭാഷാപ്രഭാവം സ്വാതന്ത്ര്യാനന്തരകേരളത്തിൽ” എന്ന വിഷയത്തിൽ കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ പി.എച്ച്‌.ഡി ലഭിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിത, കഥ, ലേഖനങ്ങൾ. ‘പ്രകാശഗീതങ്ങൾ’, ‘ചുവപ്പൊരു നിറമല്ല’. (കാവ്യസമാഹാരങ്ങൾ) ജീവിതം അവസാനിക്കുന്നതെപ്പോൾ (കഥാസമാഹാരം) നോവൽഃ ‘സ്വാതന്ത്ര്യക്കൂട്ടിൽ’ (ഹരിദാസനുമായി ചേർന്ന്‌ രചിച്ചു.) ദൂരദർശൻ, ഏഷ്യാനെറ്റ്‌ എന്നിവയിൽ കവിതാവതരണം. ആകാശവാണിയിൽ പ്രഭാഷണം, കഥ, കവിത, ലളിതഗാനരചന, നാടകരചന. ആകാശവാണി നാടകംഃ ‘തടവറയിലെ കിനാക്കൾ’ (9 ഭാഗം), ‘കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ’ (104 ഭാഗം) എന്നിവയുടെ രചന. പോപ്പുലേഷൻ കമ്മ്യൂണിക്കേഷൻ ഇന്റർനാഷണൽ (യു.എസ്‌.എ) ചെന്നൈയിൽ സംഘടിപ്പിച്ച സ്‌ക്രിപ്‌റ്റ്‌ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. എം.കെ.ചാന്ദ്‌ രാജ്‌, ഹരിദാസൻ എന്നിവർ ചേർന്ന്‌ ‘ഹരിചാന്ദ്‌’ എന്ന പേരിൽ ദൂരദർശനുവേണ്ടി രചന നിർവഹിച്ച പരിപാടികൾഃ ‘മലയാളമെന്നപേർകേട്ടാൽ’ (ഡോക്യുമെന്ററി), ‘വഴികാട്ടികൾ’ (ഡോക്യുമെന്ററി), ‘മുരളീരവം’ (ഗാന ചിത്രീകരണം), ‘നൈവേദ്യം’ (ഗാന ചിത്രീകരണം), ‘ലോകാവസാനം’ (ന്യൂ ഇയർ പ്രോഗ്രാം), ‘മുത്തശ്ശി പറയും പൊന്നോണക്കഥകൾ’ (ഓണം സ്‌പെഷ്യൽ പ്രോഗ്രാം), ദൂരദർശനുവേണ്ടി ഗവേഷണം, രചന, സംവിധാനം എന്നിവ നിർവഹിച്ച പരിപാടികൾഃ ‘ഇവർ ജീവപാലകർ’ (ലൈഫ്‌ഗാർഡുകളെപ്പറ്റിയുളള ഡോക്യുമെന്ററി), ‘ആയുർവേദഗവേഷണ കേന്ദ്രം’ (ഡോക്യുമെന്ററി). വിലാസംഃ സാരംഗം, 6&1339, പി.റ്റി.പി. സൈറ്റ്‌റോഡ്‌, തിരുവനന്തപുരം Address: Phone: 0471 362888 Post Code: 695013

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English