മലയാളം എന്തിന്‌?

ആത്മഭാഷണത്തിന്റെ മാധ്യമമാണ്‌ മാതൃഭാഷ. ചിന്തയും ഭാഷയും, ആത്മാവും ശരീരവും എന്നപോലെ അവിഭാജ്യമാണ്‌. ചിന്തിക്കുവാൻ ഭാഷയുടെ പിൻബലം കൂടിയേതീരൂ. പ്രാകൃത മനുഷ്യനിൽ നിന്ന്‌ ആധുനികമനുഷ്യനിലേക്കുളള വളർച്ച ഭാഷാപുരോഗതിയുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച ഭാഷ സംസാരിക്കുന്ന രാജ്യക്കാർ സാമ്പത്തിക സാമൂഹിക സാംസ്‌കാരികരംഗങ്ങളിലും വികാസം നേടിയവരാണ്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വികസിതരാജ്യങ്ങളിലെ ഭാഷയ്‌ക്ക്‌ ആ രാജ്യത്തെ സർവമണ്‌ഡലങ്ങളിലും പ്രചാരമുണ്ടായിരിക്കും. ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ അവരുടെ ഭാഷയ്‌ക്ക്‌ നിർണ്ണായക പങ്കുണ്ട്‌. അതുകൊണ്ടുതന്നെ സ്വാഭിമാനമുളള ജനത മാതൃഭാഷയ്‌ക്ക്‌ പ്രധാനപ്പെട്ട സ്ഥാനം കൽപ്പിക്കുന്നു. ആത്മാഭിമാനമുളള ജനതയ്‌ക്കേ സ്വാശ്രയത്വം കൈവരിക്കാനും കഴിയൂ. അതുകൊണ്ട്‌ ഒരു ജനതയുടെ പുരോഗതിയെ സംബന്ധിച്ച അന്വേഷണത്തിൽ അവരുടെ ഭാഷാപരിചരണം പ്രധാനവിഷമമായിത്തീരുന്നു.

വ്യക്തിത്വ വികാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും മാതൃഭാഷ സുപ്രധാനമായ പങ്കു വഹിക്കുന്നുണ്ട്‌. ഒരുവന്റെ ആത്മസത്ത അരക്കിട്ടുറപ്പിക്കുന്നത്‌ അവന്റെ ഭാഷയിലൂടെയാണ്‌. സമൂഹത്തിൽ ഒരാളുടെ സ്വത്വം നിർണ്ണയിക്കുന്നതും സ്വന്തം ഭാഷയാണ്‌. വസ്‌തുതകളെ സംബന്ധിച്ച ശരിയായ ബോധമാണ്‌ മനുഷ്യന്റെ സ്വത്വബോധത്തിന്റെ അടിസ്ഥാനഘടകം. മനുഷ്യന്‌ ബോധം ആർജിക്കുന്നതിനുളള മാധ്യമം ഭാഷയാണ്‌. അറിവുകൾ പ്രാഥമികമായും മാതൃഭാഷയിലൂടെയാണ്‌ നമ്മുടെ ബോധതലത്തിലെത്തുന്നത്‌.

ജനങ്ങൾ പരസ്‌പരം ആശയവിനിമയം ചെയ്യാതിരിക്കാൻ നിർവാഹമില്ലാത്ത ഘട്ടത്തിൽ ഉരുത്തിരിയുന്ന ഒരു ജൈവോൽപ്പന്നമാണ്‌ സ്വന്തം ഭാഷ. സാമ്രാജ്യ ശക്തികൾ അടിമകളെ സൃഷ്‌ടിക്കുന്നത്‌ മാതൃഭാഷാനിരാസത്തിലൂടെയാണ്‌. ഇതുകൊണ്ടുതന്നെ മാതൃഭാഷാഭിമാനമില്ലാത്തവർ പരാശ്രിതരായി, അടിമത്തമനോഭാവമുളളവരായിത്തീരുന്നു. അടിമത്തത്തിനെതിരെ സാമ്രാജ്യശക്തികളോടു പടപൊരുതിയിട്ടുളള ജനത സ്വന്തം മൊഴി വീണ്ടെടുക്കാൻ കഠിനമായി ശ്രമിച്ചിട്ടുണ്ട്‌. കൊറിയ, ഫിലിപ്പൈൻസ്‌, ചൈന തുടങ്ങി അനേകം രാജ്യങ്ങളുടെ ചരിത്രം ഈ വസ്‌തുത വെളിവാക്കുന്നു.

ഭാഷയാണ്‌ വിജ്ഞാനലോകത്തേക്കുളള കവാടം, സംസ്‌കാരവും ഭാഷയും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഭാഷയും അതുൾക്കൊളളുന്ന സംസ്‌കാരത്തോടും, സംസ്‌കാരം അതിന്റെ വാങ്ങ്‌മയത്തോടും വേർതിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞിരിക്കുന്നു. ഭാഷയിലൂടെ അറിവും അറിവിലൂടെ വിദ്യാഭ്യാസവും അതിലൂടെ സാംസ്‌കാരികമായ ഉണർവ്വും ഒരാൾ സ്വായത്തകമാക്കുന്നു. മാതൃഭാഷയ്‌ക്ക്‌ സമൂഹത്തിൽ അതിപ്രധാനമായ പങ്കാണുളളത്‌.

മാതൃഭാഷാസംരക്ഷണം ജനതയിൽ സ്വത്വബോധമുണ്ടാക്കുന്നു. അതുവഴി സാംസ്‌കാരിക പുരോഗതിയും സാമൂഹികോന്നമനവും സംജാതമാകുന്നു. സമൂഹത്തെ നിരന്തരം മുന്നോട്ട്‌ നയിക്കുന്ന ശക്തിയാണു മാതൃഭാഷ.

ലോകരാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മാതൃഭാഷകൾക്കുവേണ്ടി ജനസമൂഹം നടത്തിയ ത്യാഗപൂർവമായ ഒട്ടേറെ പോരാട്ടങ്ങളെ സംബന്ധിച്ച വസ്‌തുതകൾ കണ്ടെത്താം. സ്വാതന്ത്ര്യലബ്‌ധി ജനതയുടെ ഭാഷാഭിമാനം വളർത്തുന്നു. കൊറിയ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ സാമ്രാജ്യത്വശക്തികളുടെ അധിനിവേശത്തിൻകീഴിൽ നിന്നു സ്വതന്ത്രമായപ്പോൾ ഭാഷാസംരക്ഷണത്തിന്‌ മുൻതൂക്കം നല്‌കിയിട്ടുണ്ട്‌.

മലയാളികളുടെ മാതൃഭാഷയായ മലയാളം, പ്രാചീനവും ദ്രാവിഡഭാഷാഗോത്രത്തിൽ ഏറെ പ്രാധാന്യമുളളതുമായ ഭാഷയാണ്‌. ലോകത്തിലെ ഭാഷകളിൽ ഇതിന്‌ 27-​‍ാം സ്ഥാനമാണുളളതെന്ന്‌ ഇതിനെക്കുറിച്ചുളള സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നു. മലയാളഭാഷോൽപത്തിയെക്കുറിച്ച്‌ ഭാഷാശാസ്‌ത്രജ്ഞൻമാർക്കിടയിലും പണ്ഡിതൻമാർക്കിടയിലും അഭിപ്രായഭേദങ്ങളുണ്ടെങ്കിലും ഒരുകാര്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌ഃ തനിമയുളള സ്വതന്ത്രഭാഷയാണ്‌ മലയാളം.

കേരളത്തിന്റെ സമഗ്രമായ വികസനത്തിന്‌ മലയാളികളുടെ മാതൃഭാഷയായ മലയാളം ഇവിടത്തെ സർവ്വ വ്യവഹാരമണ്ഡലങ്ങളിലും പ്രസരിക്കേണ്ടതുണ്ട്‌. കേരളീയകല, സംസ്‌കാരം തുടങ്ങിയവയുടെ പ്രചാരണം മലയാളഭാഷയുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ശാസ്‌ത്രം, കൃഷി, വിദ്യാഭ്യാസം, വ്യവസായം എന്നീ രംഗങ്ങളിലെല്ലാം സ്വന്തം ഭാഷ പ്രചരിപ്പിച്ച്‌ പുരോഗതി നേടിയ രാജ്യങ്ങളാണ്‌ ചൈന, ജപ്പാൻ, ഫ്രാൻസ്‌, ജർമനി തുടങ്ങിയവ. അവിടത്തെ സർവകലാശാലകളിൽ ശാസ്‌ത്രീയകൃഷിരീതികളെപ്പറ്റി അവരുടെ ഭാഷയിൽ പഠനഗവേഷണങ്ങൾ നടത്തുകയും അതിന്റെ ഫലം അവിടത്തെ കർഷകനിൽ എത്തിച്ചേരുകയും ചെയ്യുന്നു. പ്രസ്‌തുത സർവകലാശാലകളിൽ പഠിക്കുന്നവർക്ക്‌ നാടിന്റെ കൃഷിയെക്കുറിച്ചും അതിന്റെ നാനാരീതികളെക്കുറിച്ചും വേണ്ട അറിവുണ്ട്‌. അവരുടെ ഗവേഷണഫലങ്ങൾ കൃഷിക്കാരുടെ ഭാഷയിൽ തിരികെ ലഭിക്കുമ്പോൾ നാടിന്റെ പുരോഗതി സാധ്യമാകുന്നു.

കേരളം വികസനപ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ്‌. പരാശ്രിതരും ഉപഭോഗസംസ്‌കാരത്തിന്റെ അടിമകളുമാണ്‌ ഇന്നാട്ടിലെ ഭൂരിപക്ഷം പേരും. ഈ ദുസ്ഥിതിക്കു പിന്നിൽ മലയാളികളുടെ മാതൃഭാഷാവഗണന ഒരു മുഖ്യപങ്കു വഹിക്കുന്നുണ്ട്‌.

പിഞ്ചുക്കുഞ്ഞുങ്ങളെ മാതൃഭാഷയിൽനിന്ന്‌ എത്രകണ്ട്‌ അകറ്റാമോ അത്രകണ്ട്‌ അകറ്റുന്ന വിദ്യാഭ്യാസരീതിയാണിവിടെ നിലവിലിരിക്കുന്നത്‌. മലയാളഭാഷയിലൂടെ അധ്യായനം നിർവ്വഹിച്ചാൽ ഭാവി തുലയുമെന്ന മിഥ്യാധാരണ പരത്തി രക്ഷിതാക്കളെയും കുട്ടികളെയും വലയിൽ വീഴ്‌ത്തുന്ന വിദ്യാഭ്യാസക്കച്ചവടക്കാരാണിതിന്റെ പിന്നിൽ. ഉദ്യോഗസ്ഥമാധ്യമലോബികളും ഇതിനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്‌ക്കുന്നു.

മലയാളം ഈസ്‌ എ ഫണ്ണി ലാംഗ്വേജ്‌ എന്ന ഉളളിൽത്തട്ടി പറയുന്ന മലയാളമറിയാത്ത മലയാളിക്കുട്ടികൾ (?) വളർന്ന്‌ ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും നേടുന്നു. (സ്വന്തം ഭാഷയറിയാതെ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കാൻ പറ്റു​‍ുന്ന മറ്റേതെങ്കിലും നാട്‌ ഈ ഭൂമുഖത്തുണ്ടാവുമോ?) ഇത്തരക്കാർ നമ്മുടെ കാർഷിക സർവകലാശാലയിൽ കൃഷിയെപ്പറ്റി പഠിച്ച്‌ ഗവേഷണം നടത്തുന്നു. നുകവും കലപ്പയും തൂമ്പയും മറ്റു കാർഷികോപകരണങ്ങളും എന്തെന്നറിയാത്ത തലമുറ ഇവിടെ കൃഷിവിദഗ്‌ദ്ധരായി വിരാജിക്കുന്നു. സാധാരണകർഷകന്റെ ഭാഷ അവർക്കന്യമാകുന്നു. അവരുടെ ഗവേഷണപ്രബന്ധങ്ങൾ അലമാരയിൽ ചിതലരിക്കുമ്പോൾ നശിക്കുന്നത്‌ നാടിന്റെ കാർഷികമേഖലയും.

സ്വഭാഷയിലൂടെ സ്വന്തം മണ്ണിന്റെ ഗന്ധമുൾക്കൊണ്ടുവളർന്നുവരുന്നവർക്കു മാത്രമേ ഇവിടത്തെ കാർഷികമേഖല അഭിവൃദ്ധിപ്പെടുത്താനാകൂ. ശാസ്‌ത്രസാങ്കേതികരംഗത്തും വ്യവസായികമേഖലയിലും ഇത്തരത്തിലുളള മാതൃഭാഷാനിരക്ഷരർ നേതൃത്വം വഹിക്കുന്നതാണ്‌ ഇവിടത്തെ വികസനത്തകർച്ചക്കു മുഖ്യകാരണം. ഈ തകർച്ച മൂല്യത്തകർച്ചക്കും കാരണമാകുന്നു. ആത്മഹത്യാപ്രവണത, മദ്യപാനാസക്തി, സ്‌ത്രികൾക്കെതിരെയുളള ലൈംഗികപീഡനം എന്നിവ പെരുകുന്നത്‌ ഈ തകർച്ചയുടെ ലക്ഷണങ്ങളിൽ ചിലതാണ്‌.

ആഗോളവൽക്കരണം ഈ രോഗാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുകയും രക്ഷപ്പെടാനുളള പഴുതുകൾ ഒന്നൊന്നായി അടയ്‌ക്കുകയും ചെയ്യുന്നു.

ഈ വിപത്തിനെതിരെ പ്രതിരോധത്തിന്റെ ശക്തമായ ഒരു നിര സൃഷ്‌ടിക്കുവാൻ മിനക്കെടാതെ മലയാളി ബുദ്ധിജീവികൾ സസുഖം കഴിയുന്നു. അവാർഡുകൾ, ലാവണങ്ങൾ എന്നിവ തരപ്പെടുത്തി വിനീതവിധേയരായി കഴിഞ്ഞുകൂടുന്നു. ഒറ്റപ്പെട്ട ക്രിയാത്മകശബ്‌ദങ്ങളെ സംഘടിതരായി എതിർത്തുതോൽപ്പിക്കാൻ ഇവർ ഒത്തുചേരുന്നു. അത്തരം വേറിട്ട ശബ്‌ദങ്ങളെ തമസ്‌കരിക്കുകയോ ഫാസിസ്‌റ്റു രീതിയിൽ ആക്രമിക്കുകയോ ചെയ്യുന്നു.

നവംബർ മാസത്തിൽ (കേരളപ്പിറവി) ആനയും അമ്പാരിയും പിന്നെ സെറ്റുമുണ്ടുടുത്ത കുറെ സ്‌ത്രീകളുമുണ്ടെങ്കിൽ മലയാളത്തിനുവേണ്ടി മുതലക്കണ്ണീരൊഴുക്കാൻ രാഷ്‌ട്രീയക്കാർക്കൊപ്പം ഭാഷാസ്‌നേഹികളായ(?) സാഹിത്യസാംസ്‌കാരികനായകന്മാരും മുൻപന്തിയിലുണ്ടാവും. പത്തൻപതു വർഷമായി മാറ്റമില്ലാതെ തുടരുന്ന പരിപാടിയാണിത്‌.

ആധുനിക സാങ്കേതികപദങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്‌ മലയാളഭാഷാനിഘണ്ടു നിർമ്മിക്കുക, മലയാളത്തിനു തനതായൊരു വ്യാകരണഗ്രന്ഥം രചിക്കുക, ലിപിമാനകീകരണം നടപ്പിലാക്കുക, കേരളത്തിലെ മലയാളിക്കുട്ടികൾക്ക്‌ മലയാളപഠനം നിർബന്ധമാക്കുക, കേരളത്തിൽ ജോലിചെയ്യുന്ന മലയാളികൾക്ക്‌ മലയാളത്തിലുളള പ്രവൃത്തിപരിചയം നിർബന്ധിതയോഗ്യതയായി വ്യവസ്ഥ ചെയ്യുക, ഭരണം പൂർണ്ണമായി മലയാളത്തിലാക്കുക തുടങ്ങിയ കാര്യങ്ങൾ എത്രയും പെട്ടെന്ന്‌ നടപ്പിലാക്കേണ്ടതുണ്ട്‌. കേരളത്തിലെ സർക്കാരും സർവകലാശാലകളും ഒത്തൊരുമിച്ചു പ്രവർത്തിച്ചാലെ ഇവയൊക്കെ നടപ്പിലാകൂ. രാഷ്‌ട്രീയക്കാരും ഭാഷാസാഹിത്യ സാംസ്‌കാരികനായകന്മാരും ഇതിനായി നിരന്തരം ശബ്‌ദമുയർത്തേണ്ടതുണ്ട്‌.

പക്ഷേ, എന്തുകൊണ്ടോ ഇപ്പറഞ്ഞതൊന്നും ഇവിടെ നടപ്പിലാകുന്നില്ല. അതുകൊണ്ട്‌ അത്താഴപ്പട്ടിണിക്കാരനും എനിക്കെന്തിനു മലയാളം എന്നുരുവിട്ടുകൊണ്ട്‌ സ്വന്തം കുട്ടിയെ കോട്ടും ടൈയും കെട്ടി വിദ്യാഭ്യാസക്കച്ചവടക്കഴുകന്മാർക്കു മുന്നിൽ എറിഞ്ഞുകൊടുക്കുന്നു.

ഈ വിഷമവൃത്തം ഭേദിക്കാൻ കഴിവുളള രാഷ്‌ട്രീയ ഇച്ഛാശക്തി മലയാളിക്കുണ്ടാവുമെങ്കിൽ മലയാളിക്കെന്തിനും വേണം മലയാളം എന്ന തിരിച്ചറിവുണ്ടാകും. അതുവരെ തനിക്കെന്തിനു മലയാളമെന്നു ചോദിക്കുന്ന മലയാളികളുടെ എണ്ണം പെരുകിക്കൊണ്ടേയിരിക്കും!

Generated from archived content: essay1_june17.html Author: dr_mkchandraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആടിനെ പട്ടിയാക്കരുത്‌!
Next articleനാടകജീവനം
മലയാളം, ഫിലോസഫി എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം. “മലയാള ഭാഷാപ്രഭാവം സ്വാതന്ത്ര്യാനന്തരകേരളത്തിൽ” എന്ന വിഷയത്തിൽ കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ പി.എച്ച്‌.ഡി ലഭിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിത, കഥ, ലേഖനങ്ങൾ. ‘പ്രകാശഗീതങ്ങൾ’, ‘ചുവപ്പൊരു നിറമല്ല’. (കാവ്യസമാഹാരങ്ങൾ) ജീവിതം അവസാനിക്കുന്നതെപ്പോൾ (കഥാസമാഹാരം) നോവൽഃ ‘സ്വാതന്ത്ര്യക്കൂട്ടിൽ’ (ഹരിദാസനുമായി ചേർന്ന്‌ രചിച്ചു.) ദൂരദർശൻ, ഏഷ്യാനെറ്റ്‌ എന്നിവയിൽ കവിതാവതരണം. ആകാശവാണിയിൽ പ്രഭാഷണം, കഥ, കവിത, ലളിതഗാനരചന, നാടകരചന. ആകാശവാണി നാടകംഃ ‘തടവറയിലെ കിനാക്കൾ’ (9 ഭാഗം), ‘കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ’ (104 ഭാഗം) എന്നിവയുടെ രചന. പോപ്പുലേഷൻ കമ്മ്യൂണിക്കേഷൻ ഇന്റർനാഷണൽ (യു.എസ്‌.എ) ചെന്നൈയിൽ സംഘടിപ്പിച്ച സ്‌ക്രിപ്‌റ്റ്‌ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. എം.കെ.ചാന്ദ്‌ രാജ്‌, ഹരിദാസൻ എന്നിവർ ചേർന്ന്‌ ‘ഹരിചാന്ദ്‌’ എന്ന പേരിൽ ദൂരദർശനുവേണ്ടി രചന നിർവഹിച്ച പരിപാടികൾഃ ‘മലയാളമെന്നപേർകേട്ടാൽ’ (ഡോക്യുമെന്ററി), ‘വഴികാട്ടികൾ’ (ഡോക്യുമെന്ററി), ‘മുരളീരവം’ (ഗാന ചിത്രീകരണം), ‘നൈവേദ്യം’ (ഗാന ചിത്രീകരണം), ‘ലോകാവസാനം’ (ന്യൂ ഇയർ പ്രോഗ്രാം), ‘മുത്തശ്ശി പറയും പൊന്നോണക്കഥകൾ’ (ഓണം സ്‌പെഷ്യൽ പ്രോഗ്രാം), ദൂരദർശനുവേണ്ടി ഗവേഷണം, രചന, സംവിധാനം എന്നിവ നിർവഹിച്ച പരിപാടികൾഃ ‘ഇവർ ജീവപാലകർ’ (ലൈഫ്‌ഗാർഡുകളെപ്പറ്റിയുളള ഡോക്യുമെന്ററി), ‘ആയുർവേദഗവേഷണ കേന്ദ്രം’ (ഡോക്യുമെന്ററി). വിലാസംഃ സാരംഗം, 6&1339, പി.റ്റി.പി. സൈറ്റ്‌റോഡ്‌, തിരുവനന്തപുരം Address: Phone: 0471 362888 Post Code: 695013

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English