ഹരിതകവിതയിലെ ജലബിംബങ്ങള്‍

ജീവന്റെ ആധാരം ജലമാണ്. ഭൂമിയുടേയും ജന്തുശരീരത്തിന്റേയും ഏറിയപങ്കും ജലസമൃദ്ധമാണ്. നിര്‍ജലീകരണം ജീവജാലങ്ങളെ ചൈതന്യരഹിതമാക്കുന്നു. ജലസാന്നിദ്ധ്യം കണ്ടെത്താനുള്ള ഗോളാന്തരയാത്രകള്‍ക്ക് ഇന്ന് ശാസ്ത്രലോകം ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. ജലചൂഷണം, ജലദൗര്‍‍ലഭ്യം , ജലമലിനീകരണം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ലോകജനതയെ മുന്‍പെങ്ങുമില്ലാത്തവിധം വ്യാകുലപ്പെടുത്തുന്നുണ്ട്. ഇനിയൊരു ലോകമഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ജലത്തെ ചൊല്ലിയാകുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പി. ആര്‍. ഹരികുമാര്‍ രചിച്ച നദീമാതൃകം എന്ന കാവ്യസമാഹാരം പ്രകൃതിയിലെ ഈ അമൂല്യവസ്തുവിനെക്കുറിച്ചുള്ള ചിന്തകള്‍ ജലബിംബങ്ങളുടെ സാര്‍ത്ഥകമായി ആവിഷ്ക്കരിക്കുകയാണ്. ഒപ്പം പരിസ്ഥിതിയെക്കുറിച്ചുള്ള അസ്വാസ്ഥ്യം നിറഞ്ഞ ഉത്കണ്ഠകള്‍ കവി അനുവാചകരുമായി പങ്കുവയ്ക്കുന്നുണ്ട്.

നേടുക, അനുഭവിക്കുക, എറിഞ്ഞുകളയുക എന്ന പുത്തന്‍ പ്രവണതയുമായി വര്‍ത്തമാനകാലസമൂഹം സമരസപ്പെട്ടുകഴിഞ്ഞിരിക്കുന്നു.യാഥാര്‍ഥ്യങ്ങളേക്കാള്‍ പ്രതീതിയാഥാര്‍ഥ്യങ്ങള്‍ക്ക് സ്വീകാര്യതയേറുന്ന കാലമാണിത്. നാനാതരം ജൈവവൈവിധ്യങ്ങളെ ( അത് കണ്ടല്‍ക്കാടാവട്ടെ, മഴക്കാടാകട്ടെ) നശിപ്പിച്ചായാലും വികസനം(? ) നേടണമെന്ന പുത്തന്‍ നയത്തെ ഭൂരിപക്ഷം പേരും പിന്തുടരാന്‍ ശ്രമിക്കുന്നു. താത്ക്കാലിക ലാഭമുണ്ടാക്കാന്‍ വേണ്ടി ജൈവമേഖലയെ പ്രതികൂലമായി ബാധിക്കുന്ന അന്തകവിത്തുകളേപ്പോലും ആശ്രയിക്കണമെത്രെ!. അതിനെ എതിര്‍ക്കുന്നവര്‍ അന്ധവിശ്വാസികളും പരിസ്ഥിതിമൗലികവാദികളും ആണെന്ന് ഇക്കൂട്ടര്‍ ആക്ഷേപം ചൊരിയുന്നു. അതുകൊണ്ടുതന്നെ

കാലക്കേടിന്‍

ഉച്ചച്ചൂടില്‍

ഉടല്‍പ്പുകയുന്നൊരു

വൃക്ഷച്ചോട്ടില്‍ (നദീമാതൃകം)

നിന്ന് എല്ലാവരും ഓടിയകലുന്നു. തങ്ങള്‍ക്കിടയില്‍ ഒരു കാര്യവുമില്ലെന്ന മട്ടില്‍! പക്ഷെ, പൊതുസമൂഹം ഇത്തരത്തില്‍ പ്രകൃതിയോട് , പരിസ്ഥിതിയോട്, അവഗണന കാട്ടുമ്പോഴും ഒരാള്‍ മാത്രം (സുന്ദര്‍ലാല്‍ ബഹുഗുണയേപ്പോലെ , മേധാപട്ക്കറെപ്പോലെ, മയിലമ്മയെപ്പോലെ , വന്ദനാശിവയേപ്പോലെ) അലിവുമായെത്തുന്നു. തന്റെ ഉടല്‍ വാറ്റിയ ജീവജലം ആ വൃക്ഷത്തിനു പകര്‍ന്നേകുന്നു. ഈ ജലസേചനത്തിന്റെ പൊരുള്‍ തേടുന്ന പാദപത്തോട് അയാള്‍ ഈ വിധം മനസ്സു തുറക്കുന്നു. –

കുടിവെള്ളത്തിനു പഴുതില്ലാത്തൊരു നാട്ടില്‍

നിന്നെ നനയ്ക്കാന്‍ നിന്നെയുണര്‍ത്താന്‍

തണലായ് നിന്നെ വിരിക്കാന്‍

ഇല്ലൊരു മാര്‍ഗം വേറെ

ഇതിനെ- സദയം കൊള്ളുക

കൊണ്ടിട്ടല്‍പ്പദിനം കൂടി ഇല്ലാത്തണലില്‍

കിണര്‍വട്ടം കാട്ടി തലയാട്ടി വിളിക്കുക

വരുവാനില്ലിനിയാരും

ഏതോമരുവില്‍ നിന്ന് അലച്ചാര്‍ത്തെത്തുന്ന ചുഴലിക്കാറ്റില്‍ വേരുകളെല്ലാമറ്റു നില്‍ക്കുന്ന ഈ വൃക്ഷം നമ്മുടെ പ്രകൃതി മാതാവാണ്. താന്‍ കൂടി ഉള്‍പ്പെടുന്ന ഈ സമൂഹത്തിന്റെ കാരുണ്യരഹിതമായ പ്രവൃത്തികള്‍ക്കുള്ള പ്രാശ്ചിത്തമായിത്തീരുന്നു ഈ ജലസേചനം!

ഹരികുമാറിന്റെ കവിതകളില്‍ ജലബിംബങ്ങള്‍ സമൃദ്ധമായി കടന്നു വരുന്നതിനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചുവല്ലോ. നദീമാതൃകത്തിലെന്നതുപോലെ ഈ സമാഹാരത്തിലെ ഒട്ടനേകം കവിതകളില്‍ ഇത്തരം സൂചകങ്ങള്‍ കണ്ടെത്താം. ആകാശത്തിന്റെ കണ്ണീര്‍ വീണ് ഒരു കടല്‍ രൂപം കൊള്ളുന്നു (കോരനും ഭാരതിയും പിന്നൊരാളും) , പുഴ കടക്കുന്ന ചീങ്കണ്ണീ, (മൃഗസൗഹൃദം) ആഴക്കടലിന്റെ അറുതിയില്ലായ്മ, ജീവിതത്തിന്റെ ജലശേഖരങ്ങള്‍, (മുഖസങ്കടം) , കാകോളവേഗക്കടല്‍, (സുഹൃത്തിനോട്) ഓര്‍മ്മയുടെ ചതുപ്പുകള്‍ (മറവിപ്പഴുതുകള്‍)കാലകാളിന്ദി, (ഒന്നാം പാഠം, നദീഹൃദയങ്ങള്‍ ( ഇഷ്ടികക്കാഴ്ചകള്‍ ) കടലില്‍ നിന്ന് വീണ്ടെടുത്ത ( ബോധിവൃത്തം) ജലജപം, ജലചികിത്സ(പത്മതീര്‍ഥം) , സുനിര്‍മ്മലജലബിംബങ്ങള്‍ ( അവള്‍ ഒരു അക്വേറിയം ) ജ്ഞാനോദയസ്നാനം( സംഗം ശരണം ഗച്ഛാമി), മുങ്ങിനിവരാനിനിയില്ല നേരം.(ഛായാഭവനത്തില്‍ ) , നിന്റെ രാജ്യം കടലെടുത്തുകഴിഞ്ഞിരിക്കുന്നു ( എന്റെ രാജ്യം),ചെളിപ്പുതപ്പ്(ജ്യേഷ്ഠപാദന്‍) തുടങ്ങിയവ ശ്രദ്ധാര്‍ഹങ്ങളാണ്. സമകാലികപാരിസ്ഥിതികാവസ്ഥകളെ അതിന്റെ എല്ലാ തീവ്രതകളോടും കൂടി ആവിഷ്ക്കരിക്കാന്‍ ഇത്തരം ബിംബകല്‍പ്പനകളിലൂടെ കവിക്ക് സാധ്യമാകുന്നു. അതുകൊണ്ടുതന്നെ ഹരിതകവിതയുടെ ഊര്‍ജം ഈ രചനകളെ സാന്ദ്രമാക്കുന്നുണ്ട്.

ഇരുട്ടില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ വൃഥാ തിരയുന്ന സന്ദേഹിയായ മനുഷ്യന്റെ നേര്‍ചിത്രമാണ് തലയില്ലാച്ചേരികളില്‍ കവി ദൃശ്യവത്ക്കരിക്കുന്നത്. ശരീരത്തിന്റെ കബന്ധത്തിന്റെ ആവശ്യത്തിന് അനുസൃതമായ തലകള്‍ എടുത്തുവയ്ക്കാനകുമോ ഈ തലയില്ലാച്ചേരികലില്‍ നിന്ന് ? അത്തരമൊരു വിഭ്രാമകതയില്‍പ്പെട്ട് തുഴയുകയാണെത്രെ മനുഷ്യന്റെ വിധി.

തലയില്ലാച്ചേരികളില്‍

തലയില്ലായുടലിന്

തലയന്വേഷിച്ച് നടക്കുന്നൊരാളുടെ

പരവേശപ്പടുതിയോര്‍ത്തപ്പോള്‍

എനിക്ക് തലയറഞ്ഞ് ചിരിക്കാന്‍ തോന്നി

പക്ഷെ, ഊറിയത് ചിരിയല്ല

ഇത്തിരി ചുടുരക്തം.

എന്ന് കുറിക്കുമ്പോഴുള്ള വിരുദ്ധോക്തി ശ്രദ്ധേയമാണ്.

കുടിലവാസനകളെ ഉള്ളിലൊളിപ്പിച്ച് സൗമ്യതയുടെ പ്രതിരൂപമാകുന്ന മനുഷ്യന്റെ തനിരൂപം മൃഗസൗഹൃദത്തില്‍ ദര്‍ശിക്കാം. ചെന്നായ, കഴുകന്‍, ചീങ്കണ്ണീ എന്നി സൂചകങ്ങളിലൂടെ മനുഷ്യന്റെ രാക്ഷസീയ ഭാവങ്ങളെ ഒന്നൊന്നായി ഇഴപിരിച്ചുകാട്ടുന്നു. അച്ഛനമ്മമാരെ കാത്തിരിക്കുന്ന പതിനഞ്ചുകാരിയെ ചെന്നായുടെ വിശപ്പുമായി സമീപിക്കുകയും ഉപഭോഗവസ്തുവായിക്കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന നൃശംസനായ മനുഷ്യന്റെ പ്രതീകമാണ് അയാള്‍. കഴുകന്റെ കൂര്‍മ്പന്‍ ചുണ്ടുകളുമായി കടന്നു ചെന്ന് കറുപ്പുകലര്‍ത്തിയ വീഞ്ഞ് നല്‍കി സമ്പന്നനായ വൃദ്ധനെ മയക്കി സര്‍വതും കൊള്ളയടിക്കുന്നു. ചീങ്കണ്ണീയേപ്പോലെ കടന്നു ചെന്ന് പൂര്‍വശത്രുവിന്റെ തലയറുത്തെടുത്ത് മൃതശരീരത്തേപ്പോലും അവഹേളിക്കുന്നു. മനുഷ്യത്വം തരിമ്പുപോലും അവശേഷിക്കാത്ത വര്‍ത്തമാനകാലസമൂഹത്തിന്റെ പ്രതീകമാണ് മൃഗസൗഹൃദത്തിലെ അയാള്‍ മകന്‍, ഭര്‍ത്താവ് , അച്ഛന്‍ തുടങ്ങി സമൂഹത്തിന് സ്വീകാര്യമായ മുഖം മൂടികളണിഞ്ഞ് നമുക്കിടയില്‍ മാന്യനായി അയാള്‍ വിഹരിക്കുന്നു. സന്ദിഗ്ദമായ മനുഷ്യാവസ്ഥകളുടെ ചിത്രീകരണം കൊണ്ടും സാമൂഹ്യവിമര്‍ശന തീഷ്ണതകൊണ്ടും സമ്പന്നമാണ് ഈ കവിത.

ഏകാന്തതയുടേയും ശൂന്യതയുടേയും തുരുത്തില്‍ അനാഥത്വം പേറാന്‍ വിധിക്കപെട്ട മനുഷ്യന്റെ രേഖാചിത്രം കാഴ്ച എന്ന കവിതയില്‍ കണ്ടെത്താം. ഈ ശൂന്യതാബോധവും ഒറ്റപ്പെടലുമാവില്ലേ നമ്മുടെ സമൂഹത്തില്‍ മാറാവ്യാധിപോലെ പടരുന്ന ആത്മഹത്യാപ്രവണതയ്ക്ക് കാരണം ! സാന്ത്വനത്തിന്റെ നക്ഷത്രവെളിച്ചം ഒരിറ്റുപോലും പതിക്കാതെ ഇവിടമാകെ കൂരിരുള്‍ വ്യാപിക്കുന്നു. അരാഷ്ട്രീയത വ്യാപകമാകുകയും കുതികൊള്‍ക ശക്തിയിലേക്ക് എന്നു കരുത്തുപകരാന്‍ കെല്‍പ്പുണ്ടായിരുന്ന രാഷ്ട്രീയത്തുരുത്ത് തന്നെ മൂല്യനിരാസത്തിന്റെ പ്രകമ്പനത്താല്‍ പിളര്‍ന്നുപോകുകയും ചെയ്യുമ്പോള്‍ ഇനി ഞാനെന്തു ചെയ്യും ? എന്ന ചോദ്യം അസ്വാസ്ഥ്യം സൃഷ്ടിക്കുന്നു.

പി.ആര്‍. ഹരികുമാറിന്റെ കവിതകള്‍ ഉത്തരാധുനികതയുടെ സഫലമായ പാഠം ചമയ്ക്കുന്നുണ്ട്. രാജാവിന്റെ നഗ്നത ചൂണ്ടിക്കാട്ടുന്ന കുട്ടിയുടെ ധൈര്യമാര്‍ന്ന നിഷ്ക്കളങ്കത അതിനുണ്ട്. ഇല്ലാത്ത ആഢ്യത്വത്തിന്റെ ആഡംബരങ്ങള്‍ കാല്‍പ്പനികതയ്ക്കുണ്ടായിരുന്നു. അനാവശ്യജാടകളിലൂടെ ദുര്‍ഗ്രാഹ്യത സൃഷ്ടിക്കുന്നത് ആധുനികതയുടെ പതിവുശൈലിയായിരുന്നു. എന്നാല്‍ ഇന്നത്തെ ലോകവീക്ഷണം അടയാളപ്പെടുത്തുവാന്‍ അത്തരം പരികല്‍പ്പനകളെ കവി ആശ്രയിക്കുന്നില്ല. ഗഹനമായ അര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പോന്ന വാക്കിന്റെ നഗ്നത അനേകമാനങ്ങളാല്‍ സമൃദ്ധവുമാണ്. വാക്കിന്റെ നേര്‍വര ഗദ്യലേഖനങ്ങളുടെ പരിമിതിയാണെങ്കില്‍ ചാഞ്ഞും ചരിഞ്ഞും അല്‍പ്പം വ്യതിയാനങ്ങള്‍ വരുത്തിയും ത്രിമാനനിര്‍മ്മിതിയായുമൊക്കെ മാറാവുന്നയാണ് കവി അടയാളപ്പെടുത്തുന്ന വാക്കുകള്‍ അതിനുബഹുസ്വരതയുണ്ട്, നാനാര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും ഒക്കെയുണ്ട്. അവ്യവസ്ഥിതവുമാകാം. ചിലപ്പോള്‍ ആ വാക്കുകള്‍ ലോകത്തെ വിവസ്ത്രമാക്കുന്ന വാക്കിന്റെ നഗ്നതയില്‍ ( മുഖസങ്കടം) എന്നത് തികച്ചും ഉത്തരാധുനികപരികല്‍പ്പന തന്നെ.

മനുഷ്യകേന്ദ്രിതമായ ലോകവീക്ഷണത്തെ നിരാകരിക്കുന്ന ഉത്തരാധുനികത ഈ പ്രപഞ്ചത്തിലെ മറ്റെല്ലാറ്റിനേയും പോലെ ഒന്നു മാത്രമാണ് മനുഷ്യനെന്ന വീക്ഷണം പ്രസരിപ്പിക്കുന്നു. പാരമ്പര്യത്തിന്റെ അനാവശ്യമായ ഭാരം പേറാന്‍ ഉത്തരാധുനിക കവിത മടിച്ചു നില്‍ക്കുന്നു. പൂര്‍വമാതൃകകളെ ചോദ്യം ചെയ്യാനും പുനര്‍വായിക്കാനും പുനര്‍നിര്‍വഹിക്കാനുമാണ് അത് മുതിരുക. ഫ്യൂഡല്‍ വരേണ്യധാരകളെ അത്നിര്‍ഭയം പരിഹസിക്കുന്നു. സ്ത്രീവിരുദ്ധവും പുരുഷകേന്ദ്രിതവുമായ സാമൂഹ്യാവസ്ഥയെ സ്ത്രീ – 2000 എന്ന കവിതയില്‍ ഹരികുമാര്‍ ആവിഷ്ക്കരിക്കുന്നത് ശ്രദ്ധിക്കുക-

ശരീരമാകെ മറച്ചുവച്ച്

മറവികൊണ്ട്

സ്വയം പുതച്ച സ്ത്രീ

അവള്‍ ഒരിക്കലും സ്വാതന്ത്ര്യം നേടിയവളല്ല. ഇരുളിന്റെ ചതുരവലയ്ക്കുള്ളില്‍ അവളൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. അവളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ പുരുഷന്‍ അവള്‍ക്കുവേണ്ടിയെന്ന വ്യാജേന അവന്റെ തന്നെ ശബ്ദം കേള്‍പ്പിക്കുന്നു. വാക്കു മറന്നു പോയ സ്ത്രീയാകട്ടെ അന്ധമായ മൗനത്തില്‍ വിലയം കൊള്ളുന്നു. ഇതിന് മറ്റൊരു പുറം കൂടിയുണ്ട് – ശരീരമാസകലം മറയില്ലാതെ കാണിച്ച് മറവികൊണ്ട് സ്വയം നിറഞ്ഞ സ്ത്രീ. അവള്‍ക്ക് ഒന്നും കാണാനും കേള്‍ക്കാനുമാകുന്നില്ല. തനിക്കു ചുറ്റും പരക്കുന്ന പ്രകാശവലയത്തില്‍ കുരുങ്ങി അവളും വാക്കുകള്‍ മറന്നു പോകുന്നു. അന്ധമായ വാചാലത അവളെ ചൂഴ്ന്നു നില്‍ക്കുന്നു. പുത്തന്‍ ‍ മാദ്ധ്യമ സംസ്ക്കാരമാണ് ഇവിടെ സൂചിതമാകുന്നത്. ഇപ്പറഞ്ഞ രണ്ട് പ്രതീകങ്ങളും ഇന്നത്തെ സ്ത്രീയവസ്ഥകളുടെ നേര്‍ചിത്രങ്ങള്‍ തന്നെ ഇരയാകാന്‍ വിധിക്കപ്പെട്ടവന്‍ സ്വയം കരുത്താര്‍ജിച്ച് സ്വന്തം ശബ്ദം വീണ്ടെടുത്ത് വല ഭേദിച്ച് പുതിയപാത തേടണമെന്ന ആഹ്വാനം ശ്രദ്ധേയമാണ് സ്ത്രീ ശക്തിയുടെ പര്യായമാകുന്നത് അപ്പോള്‍ മാത്രമാണ്.

പുരുഷമേധാവിത്വമാര്‍ന്ന മധ്യവര്‍ഗ സമ്പന്നവര്‍ഗത്തിന്റെ ആഡംബരവും ഉപഭോഗതൃഷ്ണയും സ്ത്രീയെ വെറുമൊരു കാഴ്ചവസ്തുവാക്കുന്നത് എങ്ങിനെയെന്ന് അവള്‍ ഒരു അക്വേറിയം എന്ന കവിതയില്‍ കാണിച്ചു തരുന്നു.

അവള്‍ ഒരു അക്വേറിയം

എഴുപതു ശതമാനം ജലം

ഇരുപതു ശതമാനം ജലജീവികള്‍

പത്തുശതമാനം കല്ലുകളും പായലും

വരേണ്യവര്‍ഗകാമനകളെ ശമിപ്പിക്കാന്‍ ഉതകുന്നതാണ് നാണംകുണുങ്ങികളായ മത്സ്യങ്ങള്‍ . വികാരജീവികളായ പരല്‍മീനുകള്‍ , വെള്ളരങ്കല്ലുകളെ താവളമാക്കി സൗഹൃദം പങ്കിടുന്ന ഇണമത്സ്യങ്ങള്‍ – ഇവയൊക്കെ ഈ അക്വേറിയത്തിലുണ്ട്. സ്ഫടികപ്പാത്രത്തിന്റെ ഇത്തിരിവട്ടത്തില്‍ ചെറിയ കുമിളകള്‍ വിട്ടുകൊണ്ട് അവ കാണികളെ രസിപ്പിക്കാന്‍ മാത്രം ജീവിതം തള്ളീനീക്കുന്നു. വിശാലമായ വാരിധിയെ സ്വപ്നം കാണുവാന്‍ പോലും അവയ്ക്കാവുന്നില്ല. എന്നാല്‍ പുരുഷന്റെ സ്വാര്‍ഥത ഈ അക്വേറിയത്തെ ലാവണ്യത്തിന്റെ ചെറുകടലായി പരികല്‍പ്പന ചെയ്യുന്നു. അതില്‍ വഞ്ചിയിറക്കാന്‍ തന്റെ കാമാതുരത അഭിലഷിക്കുന്നു. ഇതു കവിതയുടെ പ്രകടമായ വാച്യാര്‍ഥതലം മാത്രം. എന്നാല്‍ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രസക്തി കവി വ്യംഗ്യമായി ഇക്കവിതയിലൂടെ ധ്വനിപ്പിക്കുന്നു. അതു വിരുദ്ധോക്തിയിലൂടെയാണെന്നു മാത്രം.

മാനവികതയും പാരിസ്ഥിതികാവബോധവും അനുവാചകരില്‍ സന്നിവേശിപ്പിക്കാന്‍ പോന്നതാണ് നദീമാതൃകത്തിലെ മുപ്പത്തിയേഴു കവിതകളും ജല‍ബിംബങ്ങളാല്‍ സമ്പന്നമായ ഈ ഹരിതകവിതകള്‍ പ്രകൃതിയെ കൂടുതല്‍ സ്നേഹിക്കാന്‍ മനുഷ്യനു പ്രേരണയായെങ്കില്‍ ! കവിത വാറ്റിയ ജീവജലമിറ്റിച്ച് ഈ കവി വര്‍ത്തമാനകാലത്തിന്റെ ദയാരാഹിത്യത്തെ നിഷ്പ്രഭമാക്കട്ടെ എന്നും ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

Generated from archived content: essay2_nov17_11.html Author: dr_mk_chandraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here