ക്രിസ്‌തു എന്ന പ്രലോഭനം

അതിരുകൾക്കതീതമായി ക്രിസ്‌തു മനുഷ്യചരിത്രത്തിനുമേൽ പരിവർത്തിച്ചുകൊണ്ടിരിക്കുന്നു. ശബ്‌ദമില്ലാത്തവർ അവന്റെ വാക്കുകൾ കടം കൊളളുന്നു. ശക്തന്മാരുടെ വാക്‌ബലത്തെ അവന്റെ വചനധാര പരുവപ്പെടുത്തുന്നു. സഹിക്കുന്ന നിഷ്‌കളങ്കർ നസറായനിൽ തങ്ങളുടെ ആത്മാവിന്റെ മിത്രത്തെ കണ്ടെത്തുന്നു. നിഷ്‌കളങ്ക രക്തംചൊരിയുന്നവരെ ക്രിസ്‌തു തന്റെ കാരുണ്യം കൊണ്ടു വിധിച്ചുകൊണ്ടുമിരിക്കുന്നു… മതബദ്ധമായ അതിരുകളിൽ അവസാനിക്കുന്നതല്ല ദിവ്യമായ ഇത്തരം അനുഭവങ്ങൾ. പക്ഷേ കണിശമായും ആത്മീയത പ്രസാദിച്ചു നിൽക്കുന്നവയാണ്‌ ഇത്തരം ഉപലബ്‌ധികൾ. ഊനമറ്റ ആത്മീയസാന്നിദ്ധ്യം എന്ന നിലയിൽ ക്രിസ്‌തു എക്കാലത്തും മനുഷ്യഭാവനയെ പ്രകാശിപ്പിച്ചും പ്രചോദിപ്പിച്ചും വെല്ലുവിളിച്ചും നിൽക്കുകയാണ്‌. ക്രിസ്‌തുവിന്റെ പേരു മതാത്മമായി പിൻപറ്റാത്ത മലയാളത്തിലെ സർഗധനരായ ഒരു കൂട്ടം എഴുത്തുകാർ അവന്റെ നാമത്തിനർപ്പിക്കുന്ന അക്ഷരനമസ്‌കാരമാണ്‌ ഈ പുസ്‌തകം.

ക്രിസ്‌തുവിനെക്കുറിച്ചുളള ക്രൈസ്‌തവേതരമായ ഏതാനും സാങ്കേതിക പഠനങ്ങളല്ല ഈ പുസ്‌തകത്തിന്റെ ഉളളടക്കം. ക്രിസ്‌തുവിന്റെ ജീവിതം ആദരം നിറഞ്ഞ മിഴികളാൽ വായിക്കപ്പെടുകയാണിവിടെ. സാമ്പ്രദായിക വേദശാസ്‌ത്രമല്ല ഈ രചനകളുടെ പശ്ചാത്തലവും ലക്ഷ്യവും. അതേസമയം വേദശാസ്‌ത്രത്തിനു കാവ്യലോകവുമായുളള അകലം വെട്ടിക്കുറയ്‌ക്കുന്ന എഴുത്താണിത്‌. ജഡചിന്തകൾ കൊണ്ട്‌ പൂജിക്കപ്പെടേണ്ട വിഗ്രഹമായി ക്രിസ്‌തു ലഘൂകരിക്കപ്പെടുന്നില്ല ഈ വിചിന്തനങ്ങളിൽ. മറിച്ച്‌, ക്രിസ്‌തുവിന്റെ വാക്കുകളെ അവനവനും സമൂഹത്തിനും ജീർണ്ണിച്ച മതബദ്ധതയ്‌ക്കും എതിരെയുളള വിധിവാചകങ്ങളായി തുറന്നുവിടുകയാണ്‌ ഈ ഗദ്യഖണ്‌ഡങ്ങൾ.

ക്രൈസ്‌തവേതര എഴുത്തുകാർ തങ്ങളുടെ ക്രിസ്‌തുവീക്ഷണങ്ങളുമായി ഇതുപോലെ ഒന്നിച്ചു വരുന്നത്‌ മലയാളത്തിൽ പൂർവ്വ മാതൃകകളില്ലാത്ത സംരംഭമാണെന്ന്‌ തോന്നുന്നു. ജലത്താൽ സ്‌നാനപ്പെടാത്തവർ ക്രിസ്‌തുവിനോടുളള തങ്ങളുടെ ആഭിമുഖ്യത്തിന്റെ അരൂപിയാൽ സ്‌നാനപ്പെട്ട്‌ അവന്റെ നന്മയ്‌ക്ക്‌ സാക്ഷ്യം പറയുകയാണിവിടെ. ക്രിസ്‌തു ഏതെല്ലാം തരത്തിൽ ഒരുവന്റെ വിചാരലോകത്തിന്റെയും ഭാവുകത്വത്തിന്റെയും ഭാഗമായി മാറാം എന്നതിന്റെ സ്‌പന്ദിക്കുന്ന തെളിവുകളാണിവ. അതിനു ക്രിസ്‌ത്യാനിയാകുക എന്നത്‌ ഒരു വ്യവസ്ഥയല്ല എന്നു നാം തിരിച്ചറിയുന്നു. പറയുന്തോറും പരന്ന്‌ ലാഘവത്വം പ്രാപിക്കുന്നവയാണ്‌ മിക്ക മഹത്‌ച്ചരിതമാലകളും. എന്നാൽ പറയുന്തോറും പ്രൗഢമാകുന്നവയാണ്‌ ക്രിസ്‌തുവിനെക്കുറിച്ചുളള ഏറ്റുപറച്ചിലുകൾ. ദൈവത്തിന്റെ വചനം മാംസം ധരിച്ചതാണ്‌ ക്രിസ്‌തു. അതുകൊണ്ട്‌ ക്രിസ്‌തു എന്ന രചനാവിഷയം ആവർത്തനവിരസമായി പാഴായിപ്പോകുന്നില്ല. ഓരോ പ്രഭാതത്തിലും പുതിയതായ ദൈവകാരുണ്യംപോലെ (വിലാപങ്ങൾ 3ഃ23) ഓരോ കണ്ടുമുട്ടലിലും ക്രിസ്‌തു പുതിയ അനുഭൂതിയായി സ്വയം പകരുന്നു.

(ക്രിസ്‌തു ക്രൈസ്‌തവേതര സാക്ഷ്യങ്ങൾ എന്ന പുസ്‌തകത്തിന്റെ മുഖക്കുറിയിൽനിന്ന്‌)

ക്രിസ്‌തു ക്രൈസ്‌തവേതര സാക്ഷ്യങ്ങൾ

എഡിഃ ഡോ. മാത്യു ഇല്ലത്തുപറമ്പിൽ

വില – 65&-, ലോഗോസ്‌ ബുക്‌സ്‌

Generated from archived content: book1_apr18_08.html Author: dr_mathew_illathuparambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English