ചുറ്റുവട്ടത്തിന്റെ നോവുകളെ പകർത്താൻ ഹരിദാസനുളള മികവു തെളിയിക്കുന്ന ഈ ചെറുകവിതകളുടെ സമാഹാരം സമകാലിക യാഥാർത്ഥ്യങ്ങളുടെ സൂര്യവെളിച്ചം വീണതാണ്. പൊളളുന്ന നട്ടുച്ചയിലൂടെ യാത്ര ചെയ്യുന്നവന്റെ വിചാരങ്ങൾക്ക് നേരിന്റെ സ്വനമാണുളളത്. ആലങ്കാരിക ഭാഷയ്‌ക്കവിടെ സ്ഥാനമില്ല. വാക്കുകൾ കൂർമ്പനയുളളവയാവുകയും ആശയങ്ങൾ പരിഹാസഛവി കലർന്നവയാവുകയും ചെയ്യുന്നു. സാമൂഹ്യാസമത്വവും മത മേധാവിത്വവും രാഷ്‌ട്രീയ സമത്വങ്ങളും എല്ലാം ഈ കവിതകൾക്ക് വിഷയമാണ്. ശയ്യകൊണ്ട് ഗുളികപ്രായമാണെങ്കിലും ധ്വനികൊണ്ട് നദീപ്രവാഹമാണിവ.
പ്രതിരോധത്തിന്റെ കവചമാണ് ഹരിദാസന് കവിത. സമൂഹത്തിന്റെ തിന്മയ്‌ക്കുനേരെ പോരാടുന്ന ഒരു മനസ്സിനുമാത്രമേ ഇത്തരത്തിൽ രചന നിർവ്വഹിക്കുവാനാകൂ. അകപ്പെടുത്താനൊരു വായും കവർന്നെടുക്കാനൊരു നാക്കും ചവയ്‌ക്കാൻ രണ്ടു പല്ലുകളുമുണ്ടെങ്കിൽ അരയാൻ വിധിക്കപ്പെടുന്ന പാവം മനുഷ്യരുടെ ധർമ്മസങ്കടങ്ങളാണ് ഈ ചെറുകവിതകൾക്കു വിഷയം. ഓരോ കവിതയും കവണിയേറുപോലെ കൊളളാൻ പാകത്തിന് തൊടുത്തുവിട്ടവയാണ്. പഴമൊഴിയുടെ പാരമ്പര്യത്തിലേക്ക് അവ മുതൽക്കൂട്ടാവുന്നു. പുത്തൻ കാലത്തിന്റെ അസ്വാസ്ഥ്യം ഇനിയൊരു തലമുറയ്‌ക്ക് പറഞ്ഞു രസിക്കാൻ പാകത്തിലുളളതാണ് ഹരിദാസന്റെ ആഖ്യാനം.
മനുഷ്യരുടെ നാനാവിധ ജീവിതാവസ്ഥകളുടെ സ്‌പന്ദനം ഈ കവിതകളെ പ്രിയതരമാക്കുന്നു. വേറിട്ട ജീവിത തത്വശാസ്‌ത്രവും മനുഷ്യസ്‌നേഹവും യാഥാർത്ഥ്യത്തിനു നേരെ തുറന്നുപിടിച്ച കണ്ണുകളും ഹരിദാസന്റെ ഈ കവിതകളിലുണ്ട്. കാലത്തിന്റെ കൃഷ്‌ണമണികളാണ് ഈ ചെറുകവിതകൾ.
വാക്കുകൾക്കൊരിടം, ഹരിദാസൻ, വില – 40.00, പരിധി പബ്ലിക്കേൻസ്
Generated from archived content: book2_sept21_05.html Author: dr_m_rajivekumar