പതിനെട്ടു വയസിനു താഴെ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നത് ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ച് ശിക്ഷാര്‍ഹമായ നാടാണ് ഇന്ത്യ. ഏറ്റവും സ്ത്രീവിരുദ്ധമെന്ന് പുരോഗമനേച്ഛുക്കള്‍ മുഴുവന്‍ കരുതുന്ന ബഹുഭൂരിപക്ഷം ലോക രാഷ്ട്രങ്ങളും കറുത്ത വ്യവസ്ഥ എങ്ങനെയാണ് നമ്മുടെ നാട്ടില്‍ വീണ്ടും ചര്‍ച്ചയാകുന്നത്?
സമൂഹവും മതങ്ങളും എന്നും സ്ത്രീ വിരുദ്ധ നിലപാടുകളുടെ അപ്പോസ്തലന്മാരാണെന്നു സ്ത്രീ സംഘടനകള്‍ ശബ്ദമുയര്‍ത്താറുണ്ട്. ഒരു മതമല്ല, എല്ലാ മതങ്ങളും ഏറിയും കുറഞ്ഞും ഈ കിരാത വ്യവസ്ഥയെ ഒരൂ പരിധിവരെ പ്രോത്സാഹിപ്പിച്ചു പോന്നിട്ടുള്ളതിന്റെ കാരണം സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമാണ്. പെണ്ണിന് നിവര്‍ന്നുനില്‍ക്കാനാവുന്നത്, സ്വന്തം ശബ്ദം പുറത്ത് കേള്‍പ്പിക്കാനാവുന്നത് വിദ്യാഭ്യാസം വഴിയാണെന്ന് ഇവര്‍ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ത്രീക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ അവള്‍ എതിര്‍ക്കുമെങ്കില്‍ അതിനെ അടിച്ചമര്‍ത്താന്‍ എറ്റവും നല്ല മാര്‍ഗം വിവാഹമാണെന്നതിന് രണ്ടു പക്ഷമില്ല. ഭാര്യയുടെ ജോലികളും കുടുംബിനിയുടെ കര്‍ത്തവ്യങ്ങളും അമ്മയുടെ ഉത്തരവാദിത്വവും ഒരുമിച്ചു വരുമ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ വിദ്യാഭ്യാസം നേടാന്‍ സമയം ലഭിക്കുക? അങ്ങനെ ആസൂത്രിതമായി അവളെ നിശബ്ദയാക്കുവാന്‍ സമൂഹവും മതവും ഉപയോഗിച്ചുപോന്ന ഏറ്റവും നല്ല ആയുധമായി വിവാഹം മാറി. ആണിന്റെ വിവാഹപ്രായത്തെക്കുറിച്ച് കാണിക്കാത്ത ഉത്കണ്ഠ പെണ്ണിന്റെ കാര്യത്തില്‍ കാണിക്കുന്നതിന്റെ ഭൂമിക അതുമാത്രമാണ്.
ശരീരികമായും മാനസികമായും സമൂഹികമായും ശൈശവവിവാഹങ്ങള്‍ പെണ്ണിനെ തളര്‍ത്തിക്കളയുന്നുണ്ട്. ലൈംഗിക അവയവങ്ങള്‍ വളര്‍ച്ചയെത്താതെ ഗര്‍ഭിണിയാവാന്‍ വിധിക്കപ്പെടുന്ന കുഞ്ഞ് കടുത്ത ഗുരുതരാവസ്ഥയിലേക്ക് വലിച്ചെറിയപ്പെടാറുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ പ്രസവസംബന്ധമായ ഗുരുതരാവസ്ഥകളുടെ അഞ്ചിരട്ടി സാധ്യതയാണ് ശൈശവ ഗര്‍ഭിണികളുടെ പ്രസവ, പ്രസവാനന്തര ഗുരുതരാവസ്ഥയെന്ന് ശാസ്ത്രീയ പഠനങ്ങള്‍ സംശയലേശമന്യേ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക രോഗങ്ങള്‍ വരുവാനും കുഞ്ഞിന്റെ തൂക്കം കുറയാനും അതുവഴി നവജാത ശിശുമരണങ്ങള്‍ വര്‍ധിക്കാനും ഒക്കെയുള്ള സാധ്യതകളും വളരെ വര്‍ധിക്കുന്നുണ്ട്.
വിദ്യാലയത്തില്‍ ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തില്‍ കഴുത്തില്‍ താലിക്കുരുക്ക് മുറുക്കേണ്ടി വരുന്ന പെണ്‍കുഞ്ഞ് ഒരിക്കലും മാനസിക പക്വതയില്‍ എത്തിയിരിക്കുകയില്ല. മുതിര്‍ന്ന സ്ത്രീ കുടുംബത്തില്‍ പ്രയോഗിക്കുന്ന അതിജീവന മിടുക്കുകള്‍ അവള്‍ക്ക് തികച്ചും അന്യമാകുകയും ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു അന്യവസ്തുവായി തരംതിരക്കപ്പെടുകയും ചെയ്യും. ഭര്‍ത്താവുമായി രമ്യതയില്‍ പോകുവാന്‍ ആ പാവം കുട്ടിക്ക് കഴിഞ്ഞെന്നും വരില്ല. ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ക്കേണ്ട ആ ബന്ധത്തിന്റെ വ്യാപ്തിയും പ്രാധാന്യവും അറിയാതെ തുടക്കത്തില്‍ തന്നെ കല്ലുകടികളുമായി അവരുടെ ജീവിതം തന്നെ തകര്‍ന്നുപോയേക്കും
മാസികമായി തകര്‍ന്നു പോവുന്ന ബാലവധുക്കള്‍ ഒരു സാധാരണ കോടതിക്കാഴ്ചയാണ്. കണ്ണില്‍ നിഷ്‌കളങ്കതയും, ശൂന്യതയും മാറിമാറി നിഴലിക്കുന്ന എത്രയോ പെണ്‍കുട്ടികളാണ് കുടുംബകോടതികളുടെ വരാന്തയില്‍ സ്ഥിരം അതിഥികള്‍ എന്ന് ഒരു നിരീക്ഷണം കൊണ്ട് നമുക്കറിയാന്‍ കഴിയും. അവരെ കാത്തിരിക്കുന്നത് സാമൂഹികമായ ഏകാന്തതയും ഒറ്റപ്പെടലും തുടര്‍ന്ന് മാനസിക തകര്‍ച്ചയും വിഷാദരോഗവുമാണ്. നാളത്തെ ഭാരതത്തിന്റെ നവ വധുക്കള്‍!
ഇക്കഴിഞ്ഞ ഒക്‌റ്റോബര്‍ 6ന് ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന ശൈശവ വിവാഹത്തിനെതിരായ പ്രമേയത്തില്‍ ഒപ്പിടുവാന്‍ ഇന്ത്യ വിസമ്മതിച്ചതിന്റെ കാരണങ്ങള്‍ ഒട്ടും വ്യക്തമല്ല. ഒരു ഞെട്ടലോടെയാണ് ഭാരതത്തിലെ സാമൂഹിക ബോധമുള്ള ഓരോ പൗരനും ആ വാര്‍ത്ത ശ്രവിച്ചതത്. മാലി, ബംഗ്ലദേശ് തുടങ്ങിയ ഏറ്റവും കൂടുതല്‍ ശൈശവവിവാഹം നടക്കുന്ന രാജ്യങ്ങളുടെ ഒപ്പം നിന്ന് ഇന്ത്യന്‍ ഭരണകൂടം ഓരോ ഭാരതീയനെയും ഞെട്ടിച്ചു. 107 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ഇന്ത്യ കണ്ണടച്ചു മാറിനിന്നു. ലോകത്ത് നടക്കുന്ന 600 ലക്ഷം ശൈശവ വിവാഹങ്ങളില്‍ നമ്മുടെ പങ്ക് 240 ലക്ഷം ആയിട്ടുകൂടി.
1929ലെ ചൈല്‍ഡ് മാര്യേജ് റിസ്‌ട്രെയ്ന്റ് ആക്റ്റ് കൂടുതല്‍ കര്‍ശനമാക്കിയാണ് 2006ലെ പ്രോഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് ആക്റ്റ് കൊണ്ടുവന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. ഇതൊക്കെയുള്ള നാട്ടിലാണ് നടന്നുപോയ വിവാഹങ്ങള്‍ സാധൂകരിക്കണമെന്നും പതിനാറു വയസില്‍ കല്യാണം നടത്താന്‍ അനുവദിക്കണമെന്നുമുള്ള വാദങ്ങള്‍ വന്നു കഴിഞ്ഞത്.
വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ ഭരണൂകൂടത്തെക്കൊണ്ട് ഇത്തരമൊരു നിലപാടെടുക്കുവാന്‍ പ്രേരിപ്പിച്ചതെങ്കില്‍ സത്യത്തില്‍ നാം എങ്ങോട്ടാണ് പോകുന്നത്…
Generated from archived content: essay1_dec4_13.html Author: dr_m_muraleedharan