വൈരുദ്ധ്യങ്ങളുടെ ചാരുത

നിലംവെട്ടിയുണ്ടാക്കി ഇരുവശത്തും കല്ലുപടുത്ത്‌ സിമെന്റിട്ട്‌ രൂപപ്പെടുത്തിയ ഒരു കനാലിലൂടെ കൃഷിയിടങ്ങളിലേക്കെത്തിക്കുന്ന വെളളത്തിന്റെ ഒഴുക്കു നോക്കിയിരുന്ന്‌ അതിൽ നിന്നൊരു കവിതയ്‌ക്കുളള ഊർജ്ജം ചോർത്തിയെടുക്കാമെന്ന്‌ ആർക്കും തോന്നാറില്ല. പ്രയോജനം മുൻനിർത്തിയുണ്ടാക്കിയ ആ വെളളത്തോട്‌ പാമ്പുപൊഴിച്ച പടം പോലെയുളള ഒരു തോടു മാത്രമാണ്‌. അതിൽ ചൈതന്യമില്ല; ഊർജ്ജമില്ല; കവിതയില്ല. പരിസരങ്ങളിൽ പാർക്കുന്നവർക്ക്‌ തുണികളലക്കുന്നതിനായി ഒരു കല്ലു സ്ഥാപിക്കാനും പാത്രം കഴുകാനും ആരും കാണാത്ത നേരങ്ങളിലൊന്നു മുങ്ങിക്കുളിക്കാനും ആ തോട്‌ ഉപകരിച്ചേക്കാം; എന്നാൽ അതിന്റെ കരകളിലിരുന്നുകൊണ്ട്‌ പ്രകൃതിയുടെ അനന്തസൗന്ദര്യ വൈചിത്ര്യങ്ങൾ ഭാവനയിൽ രൂപപ്പെടുന്ന ബിംബ കല്‌പനകളാക്കിമാറ്റാനും അവ കോർത്തു ഒരു തിളങ്ങുന്ന കവിതയോ കഥയോ രചിക്കാനും വേണ്ട പ്രചോദനം സംഭരിക്കാൻ കഴിഞ്ഞെന്നു വരില്ല. വൈചിത്രമില്ലാതെ നേർരേഖയിൽ നീങ്ങിക്കൊണ്ടേയിരിക്കുന്ന ഒരൊഴുക്ക്‌. വൈരുദ്ധ്യമില്ല; വക്രതയില്ല; വിസ്‌മയമില്ല. കൃത്യസമയങ്ങളിൽ ഒരജ്ഞാതന്റെ കൈകൾ ഷട്ടറുകൾ തുറക്കുമ്പോൾ ഒഴുകിയെത്തുന്നു. അയാൾ അവ അടക്കുമ്പോൾ ഒഴുക്ക്‌ നിലച്ചു വരളുന്നു. ഇതുപോലെയാണോ, അജ്ഞേയവിദൂരതകളിൽനിന്ന്‌ ഉറവുകളായി ഉണർന്ന്‌ പല ചാലുകളിലൂടെ നീങ്ങി നീങ്ങി ചിലേടങ്ങളിൽ വെച്ചൊന്നിച്ച്‌ ചിരിച്ചുകളിച്ച്‌ ആടിപ്പാടി വളഞ്ഞുപുളഞ്ഞു ഒഴുകിയെത്തുന്ന ഒരു പുഴ? അവളുടെ നടനകേളികളിൽ അടിത്തട്ടിലെ ശിലാഖണ്‌ഡങ്ങൾ ഏണും കോണും മാഞ്ഞ്‌ കഴയും മുഴയും തീർന്ന്‌ ഉരുണ്ടു മിനുസപ്പെട്ട കൺമണികളായി മാറുന്നു. പാറകളിൽ തട്ടിത്തട്ടി വരുന്ന അവൾ പളുങ്കിൻമണികൾ ചിതറിക്കുന്നു. പേമാരികളുടെ കാലത്ത്‌ ഓളങ്ങളിലൊക്കെ പത്തികളുയർത്തി ചീറ്റിയടുക്കുന്ന ഉഗ്രരൂപയായ കൊടുംസർപ്പിണിയായി അവൾ മാറുന്നു. കാറുകൾ മാഞ്ഞ്‌ മാനം തെളിയുന്ന കാലത്ത്‌ അവൾ നൃത്തലാസ്യവിലാസലോലയായി, കല്ലോലമാലിനിയെ അഭിസരിക്കുന്ന ഒരു സ്വപ്‌ന സുന്ദരിയായി വരുന്നു. അവളുടെ തിരക്കയ്യുകൾ ഭാവനാശീലർക്ക്‌ വരദകളായിത്തീരുന്നു. ഉദാരമായി ഊർജ്ജം കോരിപ്പകർന്നു കൊടുക്കുന്നു. നേർരേഖയിലൊഴുകുന്ന ‘തോടു’കൾ പോലുളള ജീവിതം കഥയ്‌ക്കോ കവിതയ്‌ക്കോ പ്രഭവമാകുന്നില്ല. വൈരുദ്ധ്യങ്ങളും വക്രതകളും വൈചിത്ര്യങ്ങളുമുളള ജീവിതം കവിത-കഥാ-സരിത്തുകളായി തീരുന്നു. വൈരുദ്ധ്യങ്ങളും പരിണാമ വൈചിത്ര്യങ്ങളും, വക്രതകളും, ഐറണികളും, സ്ഥിതിവിപര്യങ്ങളും ജീവിതപ്രവാഹത്തിൽ കണ്ടെത്താൻ കഴിയുന്ന ഉൾക്കണ്ണുകളുളളവർക്ക്‌ അവകൊണ്ട്‌ കഥകൾ മെനഞ്ഞെടുക്കാ​‍ുൻ കഴിയുന്നു. വശ്യവചസ്സുകൾക്ക്‌ ചാരുശില്‌പങ്ങളായി അവയെ വാക്കുകളിലൂടെ പുറത്തെടുത്തു വയ്‌ക്കാൻ കഴിയുന്നു. ഒരു കഷ്‌ണം മരത്തടിയിൽ നിന്ന്‌ വേണ്ടതു നിർത്തി, വേണ്ടാത്തതു ചെത്തിക്കളഞ്ഞും കൊണ്ടാണല്ലോ ഒരു ശില്‌പി പ്രതിമ നിർമ്മിക്കുന്നത്‌. ഭാഷ വാക്കുകളുടെ ഒരു ശേഖരമാണ്‌. ആ ശേഖരത്തിൽ നിന്ന്‌ കഥയ്‌ക്ക്‌ വേണ്ടത്‌ നിർത്തി, കഥയ്‌ക്കുതകാത്തത്‌ അകറ്റുകയാണ്‌ ഒരു കഥാകൃത്ത്‌ ചെയ്യുന്നത്‌. ആദ്യം പറഞ്ഞ ഉൾക്കാഴ്‌ചയും രണ്ടാമത്‌ പറഞ്ഞ വിവേചനവുമാണ്‌ ഒരാളെ കവിയോ കഥാകൃത്തോ ആക്കുന്നത്‌. ശ്രീ ചന്ദ്രശേഖരൻ വൈരുദ്ധ്യങ്ങളിലേക്കും ഐറണികളിലേക്കും വൈചിത്ര്യങ്ങളിലേക്കും സ്ഥിതിവിപര്യങ്ങളിലേക്കും ആകൃഷ്‌ടമാകുന്ന മനോഘടനയുളള ആളാണ്‌. ഭാഷയെന്ന വാക്‌ശേഖരത്തിൽ നിന്നും കഥയ്‌ക്കു വേണ്ടുന്നവയെ സമന്വയിപ്പിച്ച്‌, ചാന്ദ്രപ്രകാശവും സാന്ദ്രസൗന്ദര്യവും സഞ്ചയിക്കാൻ വിരുതും വിവേചനശക്തിയും അദ്ദേഹത്തിനുണ്ട്‌.

“അലങ്കാരതൊപ്പി വെച്ച മരണം” എന്ന കഥാശേഖരത്തിലുളള കഥകളുടെ ഉത്തമ സാധാരണ ഘടകമെന്തെന്ന അന്വേഷണം വൈരുദ്ധ്യ-വൈചിത്ര്യ- വിപര്യ മണ്‌ഡലത്തിലേക്കു നമ്മേ നയിക്കും. ആ പേരിലുളള ആദ്യത്തെ കഥയിൽ വല്ലാത്തെ ഐറണിയാണ്‌ കഥാബീജം. വക്താവിനെ അർദ്ധരാത്രിക്ക്‌ ‘തട്ടുകട’യിലേക്ക്‌ ഭക്ഷണക്കൂട്ടിന്‌ ക്ഷണിക്കുന്നത്‌ രണ്ടുതവണ കോടിപതിയാവുകയും മൂന്നാമത്തേതുകൂടി ഒപ്പിച്ച്‌ ‘ഹാട്രിക്‌ നേടാൻ’ പാടുപെടുകയും ചെയ്യുന്ന ടോം എന്ന സുഹൃത്ത്‌. ക്ഷണം ഒഴിവാക്കാനാവാ.തെ പുറപ്പെടുന്ന വക്താവ്‌ ന്യൂസ്‌ റിപ്പോർട്ടർ കൊണ്ടുവന്ന വാർത്തയും ഫോട്ടോവും നോക്കുന്നു. ഫോട്ടോയിൽ പരിചിതമുഖം-വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർച്ച നടത്തിയെന്ന്‌ വാർത്ത. രണ്ടുതവണ കോടിപതിയായ ആളുടെ പത്‌നി. ഭർത്താവ്‌ വീട്ടിലില്ലായിരുന്നു. സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ തട്ടുകടയിൽ ഭക്ഷണത്തിനിരിക്കുന്ന ഭർത്താവിനെ കഥയിലെ വക്താവ്‌ ഓർക്കുന്നു. സർവ്വാഭരണ വിഭൂഷിതയായി അത്താഴവിരുന്നിനുപോയി സ്വല്‌പം ലഹരിയുമായിത്തിരിച്ചെത്തിയ ഭാര്യ വാതിൽ സാക്ഷയിടാതെ മയക്കത്തിലേക്കു വീണത്‌ മോഷ്‌ടാവിന്ന്‌ സഹായമായി. പക്ഷേ തൊട്ടപ്പോഴേക്ക്‌ ഉണർന്നതുകൊണ്ട്‌ കവർച്ചയ്‌ക്കു മുമ്പ്‌ കൊല എന്ന അസൗകര്യവുമുണ്ടായി. പോലീസ്‌ ഉടനെ സ്ഥലത്തെത്തുന്നുണ്ട്‌ എന്നു വ്യക്തം. സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ തട്ടുകടയിൽ നിന്ന്‌ ഭർത്താവ്‌ വിളിച്ചതുകൊണ്ട്‌ പോകാൻ പുറപ്പെട്ട പത്രപ്രവർത്തകന്‌ പുറപ്പെടും മുമ്പേ തന്നെ വാർത്ത കിട്ടുന്നു. വാർത്തയോടൊപ്പം ഒരു വൈരുദ്ധ്യവിശേഷം കൂടിയുണ്ട്‌. “രണ്ടുപ്രാവശ്യം കോടിപതിയായ ഭർത്താവ്‌ ഭാര്യയുടെ പേരിൽ പോളിസി എടുത്തിരുന്നില്ല.” ഈ അറിവ്‌ പോലീസിന്‌ എവിടെ നിന്നു ലഭിച്ചു എന്ന്‌ പ്രൂഫ്‌ റീഡർക്കെന്നപോലെ കഥയിലെ വക്താവിനും കഥയുടെ അനുവാചകനും അത്ഭുതപ്പെടേണ്ടിവരും. അപ്പോൾ ആരായിരിക്കാം മോഷ്‌ടാവ്‌? സ്ഥലത്തെത്തിയ പോലീസ്‌ കോടിപതിയുടെ അടുത്ത സുഹൃത്തു തന്നെയായിരിക്കുമോ? അയാളും അത്താഴവിരുന്നിലെ അതിഥിയായിരിക്കുമോ? കൊല്ലപ്പെട്ടവളുടെ മടക്കയാത്രക്ക്‌ ‘എസ്‌കോർട്ട്‌’ ആയതും അയാളായിരിക്കുമോ? ഇങ്ങനെ സമസ്യകളും വൈരുദ്ധ്യങ്ങളും ആണ്‌ കഥയിലെ മരണത്തിന്റെ അലങ്കാരത്തൊപ്പിക്കുളള വൈചിത്ര്യങ്ങൾ. സമൂഹത്തിലെ ഉന്നത ശ്രേണികളിൽ വിഹരിക്കുന്നവരുടെ ധനലോഭവും ധർമ്മലോപവും അവരെ അലങ്കാരത്തൊപ്പിവെച്ച മരണത്തിന്റെ അതിഥികളാക്കുന്നതിന്റെ ചിത്രത്തിലൂടെ മൂല്യത്തകർച്ചയെന്ന വിപര്യത്തിന്റെ ധ്വനിയും കഥയുടെ ഭാവമേഖലയിലുൾപ്പെടുന്നു.

‘കുട’യെന്ന കഥയിൽ കുടയെന്ന ഒരു സാധാരണമായ വസ്‌തു ജീവിതത്തിലെ അത്യസാധാരണ വൈരുധ്യങ്ങൾക്കു പ്രതീകമായി ഭവിച്ചിരിക്കുന്നു. ‘കൗമാര’ത്തിൽ കുട വെയിലിൽ നിന്നും മഴയിൽനിന്നും രക്ഷിക്കുന്ന ഒരു വസ്‌തു മാത്രമല്ല, സ്‌നേഹസംരക്ഷണങ്ങൾ നൽകുന്ന ഒരു വ്യക്തിയുടെ മമതയാണ്‌. കുടയ്‌ക്കു കീഴിൽ നിർത്തി ‘അവൾ’ ‘അവനെ’ പ്രേമിച്ചു; ലാളിച്ചു. പിന്നെ ജീവിതത്തിൽ നിന്ന്‌ അവൾ ഓടിപ്പോയി. ‘യൗവന’ത്തിൽ, കുട, ചില ദിനങ്ങളിലേക്ക്‌ ജീവിതത്തിലെ പങ്കാളിയായി വന്ന ഒരുവളുടെ തീക്ഷ്‌ണമായ തൃഷ്‌ണയാണ്‌. മമതയില്ലാത്ത തൃഷ്‌ണ. മറന്നുവെച്ച, അഥവാ മനഃപൂർവ്വം മാറ്റിവെച്ച കുടയാണ്‌ ‘അവൾ’ക്കു അയാളെ അകറ്റാനുളള ഉപകരണം. ഈ കുട ‘ശാകുന്തള’ത്തിലെ ഒരു ഉപമയെ ഓർമ്മയിലെത്തിക്കുന്നു. “രാജ്യം സ്വഹസ്‌തധൃതദണ്‌ഡമിവാതപത്രം” (രാജ്യം സ്വന്തം കൈകൊണ്ടുപിടിച്ച കുടപോലെയാണ്‌) രാജാക്കൻമാർക്ക്‌ രാജ്യം പോലെയാണ്‌ സാധാരണക്കാർക്ക്‌ ജീവിതത്തിലെ ജീവിക്കാൻ സഹായിക്കുന്ന എല്ലാ ‘ഉപായ’ങ്ങളും. കുടപിടിക്കൽ ഭാരംവഹിക്കലാണ്‌. അതേസമയം കുട ക്ലേശത്തിൽ നിന്ന്‌ (മഴയിൽ തണുപ്പ്‌; വെയിലിൽ ഉഷ്‌ണം) രക്ഷിക്കാനുളളതുമാണ്‌. വ്യക്തികൾക്ക്‌ ജീവനോപായങ്ങളും ജീവിതത്തിലെ പങ്കാളികളും കുടപോലെയാണ്‌. ഭാരം വഹിക്കണം. അപ്പോഴേ സംരക്ഷണം ലഭിക്കൂ. കഥയിലെ വക്താവിന്ന്‌ ‘കുട’ സുരക്ഷ നൽകാത്ത ബന്ധങ്ങൾക്ക്‌ പ്രതീകമായി ഭവിക്കുന്നതിന്റെ വൈരുധ്യവും സാഹചര്യങ്ങളുടെ വിപര്യയവുമാണ്‌ കഥയെ ധ്വനിസുന്ദരമാക്കുന്നത്‌. മറന്നുവെച്ച കുട എടുത്തുകൊണ്ടുവരാൻ സമയം കഷ്‌ടിയെന്ന തീവ്രമായ ഉത്‌കണ്‌ഠ. വണ്ടിയുടെ ചൂളംവിളി കേട്ടപ്പോൾ തിരിച്ചെത്താനുളള ഉത്‌കണ്‌ഠയിൽ വീണ്ടും കുട മറന്നുവെക്കൽ. വീണ്ടും മറന്നുവെന്ന തിരിച്ചറിവിന്റെ വേവലാതിയോടെ വണ്ടിയിൽ നോക്കുമ്പോൾ ‘അവളുടെ’ അപ്രത്യക്ഷിഭാവം. താൻ കുടപോലെ തനിക്ക്‌ പരിരക്ഷ തരുമെന്നു ഉറപ്പിച്ച ആളാണ്‌ ശൂന്യതയിൽ വിലയിച്ചിരിക്കുന്നത്‌. ആദ്യത്തെ തവണ രക്ഷികയെന്ന കുട നഷ്‌ടപ്പെട്ടപ്പോൾ നഷ്‌ടബോധം മാത്രമേയുളളൂ. രണ്ടാം തവണയാകട്ടെ നഷ്‌ടബോധത്തോടൊപ്പം വഞ്ചിത ബോധവും ചോരുന്നു. രണ്ടാമത്തേതിൽ ഒരു തീവ്രമായ പ്രത്യാശാരാഹിത്യമുണ്ട്‌. വീണ്ടെടുക്കാനാവാത്തവിധം കുട- അസ്‌തിത്വത്തിന്‌ അർത്ഥവും സുരക്ഷിതത്വവും നൽകുന്ന മേൽപ്പുര- നഷ്‌ടപ്പെട്ടിരിക്കുന്നു. വീടിന്റെ മേൽപ്പുര കൊടുങ്കാറ്റിൽ പറന്നുപോകും പോലുളള അരക്ഷിതാവസ്ഥ. മേലെ ആകാശം. ചോടെ ഭൂമി മാത്രം. “കാത്തിരിപ്പ്‌ മിഥ്യയാണെന്നറിഞ്ഞ്‌ മടങ്ങിയപ്പോഴേക്കും അയാളിലെ യൗവനം വാർന്നുപോയി കഴിഞ്ഞിരിക്കുന്നു” എന്ന വാക്യമാണ്‌ എന്നേക്കുമായി നഷ്‌ടപ്പെട്ട പ്രത്യാശാ സ്വർഗത്തിന്റെ അവബോധം നൽകുന്നത്‌. ശൂന്യത, പ്രത്യാശഹതി, വരൾച്ച എന്നിങ്ങനെയുളള ശീതോഷ്‌ണാവസ്ഥകളുടെ ആത്യന്തികതകൾ വ്യക്തിയെ പൊതിഞ്ഞു മരവിപ്പിക്കുകയോ, നീരും ചോരയുമൂറ്റി വരട്ടുകയോ ചെയ്യുന്ന കഠോരാനുഭൂതിക്ക്‌ ലളിതമായ ഒരു പ്രതീകത്തിന്റെ വസ്‌തുമാധ്യമത്തിലൂടെ സാക്ഷാത്‌കാരം നൽകുന്ന കലാതന്ത്രം പൂർണമായി വിജയിച്ചിരിക്കുന്നു.

ഓരോ വ്യക്തിയും ഊരിവെക്കാവുന്ന പൊയ്‌മുഖങ്ങളണിയുന്ന ജീവിതാവസ്ഥയുടെ ഊഷരതയാണ്‌ മുഖങ്ങൾ എന്ന പേരിൽത്തന്നെയുളള കഥ വ്യഞ്ഞ്‌ജിപ്പിക്കുന്നത്‌.

കാട്‌, കടൽ, പുഴ, ഭൂമി മുതലായ പ്രകൃതിസത്തകൾ ഭൗതിക ശാസ്‌ത്രജ്ഞന്റെ ദൃഷ്‌ടിയിൽ കേവലം അചേതനങ്ങളായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്‌ ശാസ്‌ത്രജ്‌ഞ്ഞർ പ്രാചീന ഭാരതീയർ കൈക്കൊണ്ടിരുന്നതുപോലുളള ദർശനത്തിലേക്കടുത്തു തുടങ്ങിയിരിക്കുന്നു. ഭൂമി ഒരു അചേതന ഗോളമല്ല ജീവനുളള ഒരു വ്യക്തിയാണ്‌ എന്ന്‌ സമർത്ഥിക്കുന്ന ഗൈയാ സിദ്ധാന്തം ജയിംസ്‌ ലവ്‌ലോക്‌ എന്ന രസതന്ത്രജ്ഞനും ലിൻ മാർഗുലിസ്‌ എന്ന മൈഗ്രോസയോളജിസ്‌റ്റും കൂടി അവതരിപ്പിച്ചിട്ട്‌ രണ്ടു ദശകങ്ങളിലേറെ കഴിഞ്ഞിരിക്കുന്നു. അതിന്‌ ചില “ശാസ്‌ത്രീയ”മായ തെളിവുകളും അവർ ഉന്നയിച്ചിട്ടുണ്ട്‌. കാടും കാറ്റും കടലും ഭൂമിയും അഗ്നിയും പുഴയും മറ്റും ഏകചൈതന്യത്തിന്റെ വിഭിന്നാവിഷ്‌കാരങ്ങളാണെന്ന്‌ ഭാരതീയർ ആയിരത്താണ്ടുകൾക്കപ്പുറത്തു തന്നെ വിശ്വസിച്ചിരുന്നു. ശുകബ്രഹ്‌മർഷി കുട്ടിയായിരിക്കുമ്പോൾതന്നെ എല്ലാമുപേക്ഷിച്ച്‌ ഇറങ്ങിപ്പോയപ്പോൾ വിരഹകാതരനായി ‘പുത്രാ…’ എന്ന്‌ പിതാവായ വ്യാസൻ വിളിച്ചപ്പോൾ കാട്ടിലെ മരങ്ങൾ വിളി കേട്ടതായി ഒരു മനോഹര രംഗം ശ്രീമഹാഭാഗവതത്തിന്റെ പ്രാരംഭത്തിൽ വർണിക്കുന്നുണ്ട്‌. പുളകോദ്‌ഗമമുണ്ടാക്കുന്ന ഒരു രംഗമാണ്‌ ആ ‘വിളികേൾക്കൽ’. “ ഞങ്ങളൊക്കെയുണ്ട്‌ മക്കളായി” എന്നാണല്ലോ മരങ്ങളുടെ വിളി കേൾക്കലിന്നർത്ഥം- പ്രപഞ്ച പ്രതിഭാസങ്ങളിൽ ഇപ്രകാരം ജീവചൈതന്യം ദർശിക്കുന്നതിൽ സ്‌ത്രീമനസ്സിന്ന്‌ സഹജവാസന തന്നെയുണ്ട്‌. ലോകത്തെമ്പാടും ഇക്കോളജിയും ഫെമിനിസവും തമ്മിൽ ഗാഢബന്ധമുണ്ടായിരിക്കുന്നതിന്റെ കാരണം ഈ സഹജവാസനയായിരിക്കണം. ഈ സമാഹാരത്തിലെ ‘കടലെന്ന’ കഥ വായിച്ചപ്പോൾ ആ വാസനയുടെ പ്രഫുല്‌പതയും പരിമളവും അനുഭവപ്പെട്ടു. “അവൾ” കടലിൽ കാമുകനെ കണ്ടെത്തുന്നു. അവളുടെ തളർന്നുപോയ കാലുകൾക്ക്‌ കടലിന്റെ വിളി ആത്മാവിൽ കേട്ടപ്പോൾ ചലനശക്തി വീണ്ടുകിട്ടുന്നു. ‘അവൾ’ നടന്നു നടന്നു ചെന്നു കാമുകന്റെ കരവലയത്തിലെന്നപോലെ കടലിന്റെ പരിരംഭണത്തിലമരുന്നു. നേർരേഖയിൽ നീങ്ങുന്ന ‘തോടു’പോലെയുളള ഒരു യഥാർത്ഥ ജീവിതാവസ്ഥയിൽ നിന്ന്‌, ഇത്തരമൊരു കഥയുടെ ശില്‌പം മിനഞ്ഞെടുക്കാൻ കഴിയുകയില്ല. വർത്തുളമോ സർപിളമോ ആയ ഗതിവിഗതികളോടുകൂടിയ ജീവിതാവസ്ഥകളുടെ സങ്കല്‌പനങ്ങൾ ആവശ്യം വരുന്നു. കാറ്റിലും കാട്ടിലും കടലിലും കാമുകനെ കാണാൻ കഴിയുന്ന ഒരു ജൈവാവസ്ഥയുടെ സങ്കല്പനം. കാട്ടിൽ കാമുകനെ കാണുകയും സ്വയം വരമാല്യം കാട്ടിന്റെ ഗളത്തിലർപ്പിക്കുകയും ചെയ്‌ത മാധവിയുടെ കഥ ശ്രീ മഹാഭാരതത്തിലുണ്ട്‌. ശന്തനുവിന്‌ ഗംഗാനദി കാമിനിയും പത്‌നിയുമായിത്തീരുന്നു. സൂര്യൻ, കാലം, കാറ്റ്‌, പർജന്യദേവതയായ ഇന്ദ്രൻ തുടങ്ങിയവർ മാനുഷ സ്‌ത്രീയിൽ സന്തത്യോത്‌പാദനം ചെയ്യുന്നു. ഇത്തരം മിത്തുകളിൽ സർവ്വഭൂതൈക്യ ബോധത്തിന്റെ വിത്തുകളാണ്‌ മുളച്ചു പൊങ്ങുന്നത്‌. ‘കടലെന്ന’ കഥയിലും അത്‌ അപ്രകാരം തന്നെ. ഭൂമി ജീവനുളള വ്യക്തിയാണെന്നു ശാസ്‌ത്രം അംഗീകരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം കഥകൾക്ക്‌ പ്രസക്തിയുണ്ട്‌.

‘ആവർത്തന വിരസമായ മരണവും’ പരിണാമ വൈരുദ്ധ്യങ്ങളുടെ വർത്തുളതകളാൽ ആവർത്തനരമണീയമായ കഥയായി തീർന്നിരിക്കുന്നു. ഭാര്യയുടെ സ്വഭാവ ‘ഗുണ’ങ്ങളിൽ മനംമടുത്ത്‌ ഭർത്താവ്‌ ആത്മഹത്യ ചെയ്യുന്നു. ഭർത്താവ്‌ ജോലിയിലിരിക്കെ മരണപ്പെട്ടതിനാൽ ഭാര്യക്ക്‌ പകരം ജോലി കിട്ടുന്നു. അവരുടെ മകൾ പഠിച്ചു പാസായപ്പോൾ അവൾക്കും വേണം ജോലി. അമ്മ പഠിപ്പിച്ചു കൊടുത്ത പാഠം ആവർത്തിച്ച മകൾ അമ്മയെ ആത്മഹത്യയിലേക്കു നയിക്കുന്നു. അവൾ ഉദ്യോഗാർത്ഥിയായി എത്തുന്നു. അപ്പൻ മുത്തപ്പനായി കുത്തിയ കഞ്ഞിപ്പാള മകൻ അപ്പന്‌ വേണ്ടിവരുമ്പോൾ ഉപയോഗിക്കാനായി സൂക്ഷിക്കുന്ന കഥ എത്ര ആവർത്തന വിരസമായാലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ ശേഖരത്തിലെ പതിനൊന്നു കഥകളിലും വസ്‌തുതകളേക്കാൾ സത്യമായ കല്‌പനകളുടെ ചന്ദ്രകിരണങ്ങൾ സഞ്ചയിക്കാൻ കഥാകൃത്തിനു കഴിഞ്ഞ

​‍ിട്ടുണ്ട്‌.

Generated from archived content: vayanayute3.html Author: dr_m_leelavathi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here