പടിയിറങ്ങിയ ഉണ്ണികളുടെ അരാജകമായ സഹജവാസനകൾ മലയാള കാവ്യപാരമ്പര്യത്തിന് സമ്പന്നമായ ചില രചനകൾ നല്‌കിയിട്ടുണ്ട്. ഈ പാരമ്പര്യത്തോടു പ്രഗാഢമായ ബന്ധം, വ്യതിരിക്‌തതയോടുകൂടി കാത്തു സൂക്ഷിക്കുന്നവയാണ് എ അയ്യപ്പന്റെ കവിതകൾ. പൊതുധാരയിൽ നിന്നും നിഷ്‌കാസിതനാകുന്ന ഈ കോമാളിപ്രവാചകന്റെ നിഴലില്ലാത്ത നിലവിളി നിങ്ങളുടെ സഹതാപം തേടുന്നില്ല. നന്മതിന്മകളെക്കുറിച്ചുള്ള സമൂഹത്തിന്റെ സമ്പ്രദായികസങ്കല്‌പങ്ങളോ കാല്‌പനികവിഷാദങ്ങളോ ഈ കവിയെ വേട്ടയാടുന്നില്ല. ചിത്തരോഗിയും കുരുടനും ആരാച്ചാരും കരിനാക്കുള്ളവനും ക്രുദ്ധമായ ഉൾക്കരുത്തുള്ളവരാകുന്നു. കരിനാക്കുള്ളവൻ പാടുമ്പോൾ ആര്യപാരമ്പര്യത്തിന്റെ തീർത്ഥജലത്തിനു തീപിടിക്കുന്നു. മുറിവേറ്റവന്റെ പാട്ട് യാഗം മുടക്കുന്നു. തീപിടിച്ച ഗ്രന്‌ഥപ്പുരയിൽ നിന്നും മുറിവേറ്റ ഛന്ദസ്സിൽനിന്നും പുറത്തുകടന്ന് കവി തന്റേതായ പദാവലി സൃഷ്‌ടിക്കുന്നു.
മനുഷ്യക്കണ്ണിൽ മുള്ളു തറഞ്ഞപ്പോഴാണ് അയ്യപ്പൻ കവിയായത്. അത് മനുഷ്യത്വത്തിന്റെ ഹൃദയത്തിലേറ്റ മുറിവുതന്നെയാണ്. അതിനു പിന്നിൽ മനുഷ്യൻ ചെയത് പാപങ്ങളുടെ ഒരു പരമ്പരയുണ്ട്. അതിന് പരിഹാരമായി കവി സ്വയം ബലിയാകുന്നു. രൂക്ഷഹാസ്യത്തിന്റെ പുതപ്പിൽ പൊതിഞ്ഞ മുള്ളു തറഞ്ഞ കണ്ണ് എന്ന കവിതയ്‌ക്കുള്ളിൽ കവി പുതപ്പില്ലാതെ പൊള്ളുന്നത് വായനക്കാരൻ കാണുന്നു. ചാർളി ചാപ്ലിന്റെ ഒരു ചിത്രത്തിലെ രംഗം ഓർത്തുകൊണ്ടാണ് ഇപ്പുസ്‌തകം തന്നെ ആരംഭിക്കുന്നത്. അന്ന് ആ രംഗം കണ്ടു ചിരിച്ച കവി തന്റെ കോമാളിത്തമോർത്തു കരയുന്നിടംവരെ അയാളുടെ ജീവിതം. ആ ജീവിതത്തിന്റെ ദർശനസമഗ്രത ഇക്കവിതയിലുണ്ട്. മനുഷ്യനെ വേട്ടയാടുന്ന സ്‌മൃതിപരമ്പരകളുണ്ട്. അതിൽ സ്വന്തം ജീവിതവും പരകായപ്രവേശത്തിലൂടെയാർജിക്കുന്ന സ്‌മരണാപ്രവാഹങ്ങളുമുണ്ട്. ഹെമിങ്ങ്‌വേയുടെ സാന്തിയാഗോ ഇക്കവിയുടെ ദർശനത്തിൽ ആഴത്തിൽ വേരാഴ്‌ത്തിയിട്ടുണ്ട്. ആ കിഴവന്റെ സിംഹതുല്യമായ സ്വപ്‌നങ്ങൾ കവിജീവിതത്തെ വിസ്‌മയിപ്പിച്ചിട്ടുണ്ട്. അപ്പത്തിനു കൈ നീട്ടിയവന്റെ മുഖം പൊള്ളിച്ചവനും കിഴവന്റെ മീൻ തിന്നവനും താനാണെന്ന പാപസ്‌മൃതിയുണ്ട്.
ഇന്ന്
തീ പിടിച്ച ആ വെള്ളം
എന്റെ കൂരയെ ചാരമാക്കുന്നു
എന്ന വരികൾ നമ്മെ നിഷ്‌ഠൂരമായി പിൻതുടരുന്നു. ഭയചകിതരായ ജനതയ്‌ക്ക് നേത്രഭാഗ്യത്തിനായി കവി യാത്ര തുടരുന്നു. (ചരരാശിയിലാണല്ലോ കവിജന്മം). മുള്ളു തറഞ്ഞ കണ്ണിൽ ആരംഭിക്കുന്ന ഈ തീർത്ഥാടനം ഒരേ സമയം ജീവിതത്തിന്റെ അർത്ഥവും നിഷ്‌ഫലതയും ധ്വനിപ്പിക്കുന്നു. അയ്യപ്പന്റെ കവിതകൾ നല്ല വയാനക്കാരനെ അസ്വസ്‌ഥരാക്കുന്നതിന്റെ നിമിത്തം അതുതന്നെയാകണം. ജീവിതത്തിന്റെ നൈഷ്‌ഫല്യമറിഞ്ഞ മനസ്സിന്റെ ദർശനസംയമം ഇപ്പുസ്‌തകത്തിലുണ്ട്. ഒപ്പം ഏതു മനുഷ്യനെയും ജീവിക്കാൻ കൊതിപ്പിക്കുന്ന ഒരു സുകുമാരതയും കവിക്കു പരിചയമുണ്ട്. ആ പരിചയമാണ് ഇക്കവിയുടെയും കവിതയുടെയും ലാവണ്യധാര.
മനുഷ്യന് നർമ്മബോധമുണ്ടാകുന്നത് ദുഃസ്വപ്‌നങ്ങളിൽ നിന്നും തീവ്രവൃസനങ്ങളിൽ നിന്നുമാണ്. സാധാരണമനുഷ്യന്റെ ജീവിതസംതുലനത്തിന് പുഞ്ചിരി മതിയെന്നുണ്ടെങ്കിൽ കവിക്ക് പൊട്ടിച്ചിരിച്ചും പുലഭ്യം പറഞ്ഞും അട്ടഹസിക്കുമ്പോഴാണ് സ്വാസ്‌ഥ്യം ലഭിക്കുന്നത്. മനുഷ്യമനസ്സിനെ നിത്യവിഷാദത്തിന്റെ തടവുമുറിയിൽ തള്ളിയിടാൻ കെല്‌പുള്ള അയ്യപ്പപ്പണിക്കർ എന്തിനാണ് കോമാളിക്കവിതകളെഴുതുന്നത് എന്നു ചിലർ അമ്പരക്കാറുണ്ട്. അദ്ദേഹത്തിന്റെ സംതുലനം അത്തരം രചനകളിലൂടെയേ സാധ്യമാവുകയുള്ളൂ എന്നതാണ് അതിന്റെ രഹസ്യം. കാണാത്ത ചരിത്രം എന്ന അയ്യപ്പന്റെ കവിതയിലെ പരിഹാസം ഒരു തീക്ഷ്‌ണദുരന്തമായി നമുക്ക് തോന്നുന്നതതുകൊണ്ടാണ്. മഹാകാലത്തെ അപഹസിക്കുന്ന ഒരു കല്‌പനയാണ് കാവ്യാരംഭം. തുപ്പലുതൊട്ടു ചരിത്രത്തിന്റെ താളുകൾ മറിക്കുന്ന കാലം. കരിമ്പട്ടിണിയുടെ നിലവിളിയായ കാലത്തെ മനസ്സിന്റെ അമ്പിൻമുനയാക്കുന്ന വജ്രധീരതയായി കവി അറിയുന്നു. ഇക്കവിതയുടെ ചേരുവയാണ് നമ്മെ മോഹിപ്പിക്കുന്നത്. ചരിത്രം വെളുപ്പാൻ നേരമെന്ന ശാപമാണന്നും അടുപ്പിലുറങ്ങുന്ന പൂച്ചയാണെന്നും കവിയുടെ കുസൃതി വിടരുന്നു. ചരിത്രം കല്ലിലുറങ്ങുന്ന ശില്‌പമാണെന്നും ആ കല്ലുടയ്‌ക്കരുതെന്നുമുള്ള അപ്പൂപ്പന്റെ വാക്കുകളെ തന്റെ തീവ്രപരിഹാസത്തിനുള്ള മേമ്പൊടിയാക്കി കവി മാറ്റുന്നു. ആ ധാർഷ്‌ട്യത്തിൽ നിന്നാണ് കവി ശില്‌പമുള്ളിലുറങ്ങുന്ന ശിലയെ, ഭൂമിയെ വീതിക്കുന്ന സർവേയുടെ കല്ലാക്കുന്നത്. ഒടുവിൽ ആ കല്ലിൽ കാലു തട്ടി മണ്ണിലേക്കു പതിക്കുന്നത്.
ഭാഷയും ആത്മഹത്യയുടെ തീയതിയും എന്ന കവിതയിലും കവിമനസ്സിന്റെ കുസൃതിത്തത്തിന്റെ തുടർച്ചയുണ്ട്. എന്നാൽ ആ കുസൃതിയോരോന്നും നമുക്കുമേൽ ഇടിത്തീപോലെ വീഴുന്നവയുമാണ്. ഭാഷയെയും സ്വത്വത്തെയും കുറിച്ചെഴുതപ്പെട്ട വിലപ്പെട്ടൊരു പ്രബന്ധമാണിത്. ഹൃദയം നഷ്‌ടപ്പെട്ട അക്ഷരവും ഭാഷവറ്റിയ കടലും ഇക്കവിതയിലുണ്ട്. ഭാഷയോടുള്ള ക്രോധം നിലനിൽക്കെത്തന്നെ അവൻ ഭാഷയുടെ മുന ശിലമാക്കിയിരിക്കുന്നു. ചരിത്രം നിർമ്മിക്കാൻ നിയുക്തനായവന് ആത്‌മബാധം നഷ്‌ടപ്പെടുമ്പോൾ അന്വേഷിക്കുന്ന ലിപിസഞ്ചയം ഇക്കവിതയുടെ ആകുലതയാണ്. അപ്പോഴും നമ്മെയാകർഷിക്കുന്നത്, മാനുഷികമായ സകല യുക്തികളെയും തിരസ്‌കരിക്കുന്ന ഒരു കല്‌പനയാണ്; ഇവന്റെ കൈയക്ഷരത്തിന്റെ വടിവുകളിൽ തെച്ചികൾ വീണു എന്ന കല്‌പന.
ഛായാനൃത്തം എന്ന കവിത കവിയുടെ ആത്‌മകഥ ചെപ്പിലൊതുക്കിയതാണ്. കൈയിലെ പട്ടം നൂലു പൊട്ടിച്ചു പറന്ന കഥയുണ്ടതിൽ. ഇന്ദ്രിയാനുഭവങ്ങളുടെ തീക്ഷ്‌ണവർണങ്ങൾ കവിതയിലുണ്ട്. എന്നാൽ എല്ലാ ഇന്ദ്രിയങ്ങളും കവിയെ കൈവിട്ടു തുടങ്ങുന്നതും ഇവിടെയുണ്ട്. ഈ കവിതയിലൊരിടത്ത് കവി ബധിരനാകുന്നു. ചോറിനു രുചിയില്ലാതാകുന്നു. വേളിയെ വെറുക്കുന്നു. ഒടുവിൽ അന്ധനാകുന്നു. അതിൽ തന്നെ അലട്ടിയ പൂർവ്വകാലപാപത്തിന്റെ സ്‌മരണയുണ്ട്. കൈയിൽ തുമ്പിയെ കല്ലെടുപ്പിച്ച ഭയമുണ്ട്. ചിത്രശലഭങ്ങളെ കല്ലെടുപ്പിച്ച രക്തത്തിന്റെ മണമുണ്ട്. എങ്കിലും ഇത്തരം നിലവിളികളല്ല ഈ കവിതയിലും നമ്മെ വശീകരിക്കുന്നത്. തനിക്കു നഷ്‌ടമായ കാലത്തെക്കുറിച്ച് കവി ഇങ്ങനെയെഴുതുന്നു.
പക്ഷികൾ
പക്ഷിപാതാളത്തിലേക്കും
ഇഷ്‌ടശിഖരങ്ങളിലേക്കും
മൈഗ്രേറ്റു ചെയ്‌തു.
ചിലർ സലീം അലിയുടെ
വളർത്തുമക്കളായി
ഈ വരിയിൽ തുന്നിച്ചേർത്തിരിക്കുന്ന സൂക്ഷ്‌മമായ ഉപഹാസത്തിന്റെ ദുരന്തമാണ് നമ്മെ വശീകരിക്കുന്നത്.
ഇതേ ഉപഹാസം സ്‌ഫോടകമായി പരിവർത്തിക്കുകയാണ് ഭൂപടത്തിന്റെ വേരുകൾ എന്ന കവിതയിൽ. ഇവിടെ കാലവും ചരിത്രവും രക്തസാക്ഷികുടീരവും സാക്ഷിയാകുന്ന രാഷ്‌ട്രീയദർശനത്തോടാണ് കവിക്കു കലാപം. ‘ശത്രു ഞാൻ, സഖാവു നീ പിച്ചാത്തി മടക്കുക മിത്രങ്ങളാകാം. ഹസ്‌തദാനവുമാകാം തമ്മിൽ’ എന്നാരംഭിക്കുന്ന കവിതയിൽ ഘനസാന്ദ്രമായ ജീവിതദർശനം കൂടിയുണ്ട്. പരിഹാസത്തിനപ്പുറം തീവ്രമായ വേദനയുണ്ട്. ‘വെറുപ്പിന്നധമമാം വേരുകളറുത്തിടാം മറക്കാം നമുക്കിനി മാനിറച്ചിതൻ രുചി’ എന്നുള്ള വിശുദ്ധ സങ്കീർത്തനമുണ്ട്. അപ്പോഴും കവിത അവസാനിക്കുന്നത് കഠിനമായ കായ്‌പിലാണ്, ഒരു നാമാക്ഷരം നാവിലെ ക്യാൻസറും കൊടിക്കൂറശവക്കച്ചയുമായി മാറി എന്ന അറിവിലാണ്. സംസ്‌കൃതിയുടെ തിരസ്‌കാരമാണ് ശ്യാമവർണമുള്ള ഭാഷ. ഹിംസയുടെയും ലൈംഗികതയുടെയും പ്രാക്‌തനമായ ഇരുളിലേക്ക് രചനയിലൂടെ അയാൾ മടങ്ങുകയാണ്. വിമോചനസങ്കല്‌പങ്ങളിടറിപ്പോയ, നായകബോധം വെടിഞ്ഞ ഒരു തലമുറയിൽനിന്നാണ് ഇതുണ്ടാകുന്നത്. മധുരപ്രതീക്ഷയുടെ മനോജ്‌ഞ്ഞചൈനയുടെ രഥം വീണുടയുന്നത് നുടക്കത്തോടെ കവി മുമ്പുതന്നെ അറിഞ്ഞതാണ്. ‘എനിക്കൊരു വർഗശത്രുവിനെ വേണം’ എന്ന് കർക്കശനായതാണ്. വർഗശത്രുവും ഈ സ്വഭാവം പ്രദർശിപ്പിക്കുന്ന കവിതയാണ്. നഗ്നഗദ്യത്തെ അതൃപ്‌തിയോടെ തിരയുന്നവൻ ചരിത്രഗതിയുടെ ഒരു സന്ദിഗ്‌ദ്ധനിമിഷത്തിൽ ഗോത്രപ്പഴമയുടെ ഗീതകങ്ങളെയും വാക്കിന്റെ നൃത്യവിലാസത്തെയും തിരസ്‌കരിക്കുകയാണ്. കണ്ണു നിറയെ പിടഞ്ഞു മരിക്കുന്ന കുഞ്ഞുങ്ങളുള്ള അവനെങ്ങനെ വാകയുടെ ഗർഭത്തിൽ വസന്തം നിശ്ശബ്‌ദമായി തയ്യാറെടുക്കുന്നത് കാണാനാകും.?
ഈ കയ്‌പിനു കാരണമാകണം നാടകീയഘടനയുള്ള മൂന്നു സർഗങ്ങൾ എന്ന കവിത. ഡോക്യുമെന്ററി സിനിമയുടെ ആഖ്യാനഭാഷയിലെഴുതപ്പെട്ട മൂന്നാം സർഗത്തിൽ ഇതിന്റെ കാരണം വ്യഞ്ഞ്‌ജിക്കുന്നുണ്ട്. ഇതിൽ വായനക്കാരനെ വിഭ്രമിപ്പിക്കുന്ന ഒരു കല്‌പനയുണ്ട്. മെഗാവാട്ടുകളുടെ പക്ഷികൾ പറക്കുമ്പോൾ ശുഭപ്രതീക്ഷകളുടെ ശുഭ്രമേഘങ്ങളൊഴുകിയ മൂന്നാം സർഗം എന്ന കല്‌പന.
ഉണ്മയെ അതിന്റെ എല്ലാ സ്വാഭാവികയുക്തിയിലും നിർവചിക്കുന്നത് നിശ്ശബ്‌ദതയാണ്. അർതഥപുഷ്‌ടമായ വിരാമങ്ങളിലൂടെയാണ് അയ്യപ്പൻ ഈ നിശ്ശബ്‌ദത ധ്വനിപ്പിക്കുന്നത്.
പത്തു പുത്രന്മാരെന്റെ
മുറ്റത്തു പന്തലിച്ചു
ഒറ്റ വൃക്ഷമായി മക്കൾ
തണലും താരാട്ടുമായ്
എന്ന വരിയിൽ സ്‌പന്ദിക്കുന്ന നിശ്ശബ്‌ദതയാണ് കവിയുടെ കഠിനമായ ഏകാന്തതയെ വ്യഞ്ഞ്‌ജിപ്പിക്കുന്നത് (ഏകം). പത്തു സെക്കന്റേയുള്ളു. വസ്‌ത്രത്താൽ മുഖം മൂടാൻ എന്നാരംഭിക്കുന്ന മരിക്കുന്നെന്റെ പക്ഷി അവസാനിക്കുന്നതും കഠിനമായ നിശ്ശബ്‌ദതയിലാണ്. അതിൽ വജ്രസൂചിയാൽ കീറാം സ്‌ഫടികവാതായനം എന്ന അപൂർവമായ കാഴ്‌ചയുണ്ട്. വ്യതിരിക്തമായ ഈ കാഴ്‌ചയുള്ളതുകൊണ്ട് സമൂഹക്രമത്തിന്റേ ഉത്‌പന്നമായ ഭാഷാക്രമത്തെ കവി തകർക്കുന്നു. കാർഷണ്യമുള്ള ബിംബങ്ങളിലേക്കു നീങ്ങുന്നു. അപ്പോൾപോലും ഭാവഗീതത്തിന്റെ സാന്ദ്രതാരള്യം ആ രചനകളെ മെല്ലെ ആശ്ലേഷിച്ചിരിക്കുന്നതു കാണാം. ഇതൊരു വിശുദ്ധതയാണ്. ആന്ദ്രേബ്രറ്റൻ പിക്കാസോയെക്കുറിച്ച് സൂചിപ്പിക്കുന്ന ‘പ്ലാസ്‌റ്റിക് ഇൻസ്‌റ്റിൻക്‌റ്റ് എട്ടുകാലി, ഇരയേക്കാൾ, താൻ തുന്നുന്ന പോളിഗണിൽ ശ്രദ്ധയൂന്നുന്നതുപോലെ ഈ കവി അസാധ്യമായതിനെ സങ്കല്‌പിക്കുന്നു. തന്റെതന്നെ ഗീതത്തിന്റെ ചുടലക്കെണിയിൽനിന്ന് കവി രക്ഷനേടുന്നു. വാക്കിന്, ബിംബത്തിന്, അനുഭവത്തിനു പുറത്ത് ഒന്നും നിലനില്‌ക്കാതെയാകുന്നു. വാക്കുകൾ, ബ്രാററന്റെ രീതിയിൽ, പരസ്‌പരം ഇണ ചേരുന്നു.
പ്രകാശം പരത്തുന്ന പരലിന്റെ ഗാഢസുഷമ അയ്യപ്പന്റെ ശില്‌പങ്ങൾക്കുണ്ട്. മനുഷ്യത്വരഹിതമായൊരു നന്മയിൽ വാക്കുകൾ ആന്തരികജീവിതമുള്ള രൂപകങ്ങളായിത്തീരുന്നു. ആദിമമായ മനോവ്യവസ്‌ഥയുളളതുപോലെ അയ്യപ്പന്റെ വാക്കുകളിൽ അഴുക്കു പുരളുന്നു. അതു മുല കുടിക്കുന്ന കുഞ്ഞാകുന്നു. കടലാസിൽ രക്തം നിറയുന്നു. വാക്ക് നഗ്നനായി എരിയുന്ന നരനായിത്തീരുന്നു. തനിക്കു മുമ്പിലുള്ള കടലാസ് മഹാഗണിയുടെ ഹൃദയം തന്നെയാണെന്നറിയുന്നു. ബുദ്ധിപരതയെ ക്രുദ്ധമായി നിഷേധിച്ചുകൊണ്ടാണ് അയ്യപ്പൻ തന്റെ ശില്‌പങ്ങൾ കൊത്തിയുണ്ടാക്കുന്നത്. ഒരു സ്‌ത്രീയെ അറിയുംപോലെ നൈസർഗീകമായി കവി തന്റെ വിഷയത്തെയറിയുന്നു. ഭ്രാന്തൻ കേൾവികളുടെ ചെവിയിറച്ചിയും കറുത്ത തലച്ചോറും ചോരക്കണ്ണും മരിച്ചവന്റെ പോക്കറ്റിൽനിന്നും പറന്ന അഞ്ചു രൂപ നോട്ടും സംയോജനത്തിന്റെ അപൂർവ്വതയിലൂടെ കുരുക്ഷേത്രമായിമാറുന്ന സമൂഹത്തിന്റെ ദയാരഹിത ചിത്രം വരയ്‌ക്കുന്നത് നാം മുമ്പുതന്നെ കണ്ടതാണ്. എങ്കിലും വൃത്തികെട്ട ഒരു വസ്‌തു കഠാരയും വാളുംകൊണ്ട് വെട്ടിമുറിച്ച് കാവൽമാലാഖയുടെ ശില്‌പമുണ്ടാക്കുന്നതിന്റെ മാന്ത്രികസംക്രമണത്തിലുള്ള താൽപര്യമാണ് ഈ കവിക്കേറെ.
’ഗർജ്ജിക്കും സമുദ്രത്തിൻ
ശാന്തമാം കയം
നിന്റെ മുജ്ജന്മം ദാഹിക്കുന്നു
പാടൂ നീ മേഘമൽഹാർ‘ (വേനൽ മഴ)
എന്ന വരികൾ വായിക്കുമ്പോൾ മേഘഗർജ്ജനംപോലെ നിശ്ശബ്‌ദമായ ഏകാന്തതയെക്കുറിച്ചെഴുതിയ ഫോക്‌നറെ നാമോർത്തുപോകും. ഫോക്‌നറുടെ രചനകളെക്കുറിച്ച് ഒരു വിമർശകനെഴുതിയത് അയ്യപ്പനും അനുപേക്ഷണീയമാണ്. അർദ്ധരാത്രിയിൽ, മെഴുകുതിരിവെളിച്ചത്തിൽ, മൂത്തച്ഛന്റെ ശവക്കല്ലറയ്‌ക്കരികിലിരുന്നു ശിലാഫലകത്തിൽ വാളുകൊണ്ടെഴുതും പോലെയാണ് ഈ മനുഷ്യനെഴുതുന്നത് എന്ന്.
ദാർശനികവും ധാർമികവും ബൗദ്ധികവുമായ ഒരാശയലോകത്തോടും കവിക്കു കൂറില്ല. ഘടികാരത്തിലേക്കു സൂക്ഷിച്ചുനോക്കി ഇലകളുടെ സംഗീതം നുകരുന്നവനാണയ്യപ്പൻ. ഓരോ ജീവികണത്തിലും ആഴത്തിൽ ജ്വലിക്കുന്നൊരഗ്നി കവിയുടെ കണ്ണിൽ പെടുന്നുണ്ട്. കടമ്മനിട്ടയുടെ സാമൂഹിക പ്രതിനിധിയായ വ്യഥിതമനുഷ്യന്റെ പീഢയല്ല. ഏകാകിയായ മനുഷ്യന്റെ വഷളൻവികാരങ്ങളുടെ ഉദാത്തതയാണ് ഈ രചനകളിൽ നിറഞ്ഞു നിൽകുന്നത്.
ശവത്തിന്മേൽ വേട്ടപ്പക്ഷികൾ
കണ്ണുവയ്‌ക്കുന്നതിനു മുമ്പ്
ചിരസ്‌ഥായിയായ വർഷത്തിൽ
ചെമ്പരത്തിപ്പൂമാലയണിഞ്ഞ് അയാൾ നടന്നു, ഓടി.
പക്ഷിയേക്കാൾ വേഗത്തിൽ പറന്നു
മകനെ അലങ്കരിക്കുവാൻ മനോഹരമായൊരു
റീത്തു വേണം.
ഒരു നിമിഷത്തിന്റെ സത്ത, കുഞ്ഞിന്റെ കൈത്തലത്തിലെ മഞ്ഞുകണമെന്നോണം എക്കാലത്തേക്കും സൂക്ഷിച്ചുവയ്‌ക്കാൻ കഴിയുന്ന മാന്ത്രികത ഇവിടെ അനാവൃതമാകുന്നു. ജീവിതത്തിന്റേ ഹ്രസ്വനിമിഷങ്ങളിൽ രൂപപ്പെടുന്ന സുതാര്യശില്‌പമാണിത്. കാലത്തിന്റെ ഹ്രസ്വതയെ ഓർമ്മിപ്പിക്കുന്ന എന്തോ ഒന്ന് അയ്യപ്പന്റെ കവിതകളിലുണ്ട്.
ഒരു ഐതിഹ്യകഥയുടെ ഘടന പിന്തുടരുന്നുണ്ട് അയ്യപ്പൻ പലപ്പോഴും. സ്‌മൃതിയുടെ കാനനങ്ങളിലൂടെ, സ്വപ്‌നത്തിന്റെ പച്ചത്തത്തയെത്തേടി കവി പോകുന്നു. പ്രാക്‌തനമായ ഏതൊക്കെയോ പ്രേരണകളുടെ പൊരുൾ ഇതിലന്തർലീനമായിരിക്കുന്നു. നിഷിദ്ധയോഗത്തിന്റെ മാന്ത്രികവശ്യതപോലും നിർമ്മലമായ ഒരു താക്കീതാകുന്നു.
’കുട്ടികൾ ചെന്നിനായകത്തിന്റെ
മുലയുണ്ണുമ്പോൾ
ഒരേ മൃഗത്തിന്റെ ക്ഷീരവും
മാംസവും ഭുജിക്കരുത്.‘
കയീനിന്റെ അദൃശ്യരേഖ കൈത്തലത്തിൽ കാത്തുസൂക്ഷിക്കുന്നവനെപ്പോലെ നിഗൂഢമായൊരു പാപസ്‌മൃതി കവിയെ പിന്തുടരുന്നുണ്ട്. ചോരവരെ മുലയിൽനിന്നൂറ്റിക്കുടിച്ച ഓർമ്മയുടെ പാപം കവിയെ പിന്തുടരുന്നു. ഏതൊക്കെയോ പ്രവാഹങ്ങളുടെ അനുസ്യൂതി കണ്ട് ചകിതനാകുന്ന ഒരു വ്യക്തിയുണ്ട് ഈ രചനകൾക്കു പിന്നിൽ.
ശവത്തെക്കൊത്തുന്ന കഴുകന്റെ കൊക്കിലോ
കനലിൽപ്പറന്ന കറുത്ത ഫീനിക്‌സിലോ
എള്ളിലും പൂവിലും ജലത്തിലും തൊട്ടിതാ ചൊല്ലുന്നു
ഇല്ലെന്റെ കയ്‌കളിൽ
രക്തം.
കെട്ടടങ്ങാത്ത അഗ്നിയെ തൊട്ട് ഇപ്രകാരം സത്യം ചെയ്യുമ്പോഴും ’ഒരു പിടി വായോളം കൊണ്ടുപോയില്ല, അന്നത്തിൽ നിന്നൊരു കണ്ണെന്നെ നോക്കുന്നു‘ എന്നെഴുതി കവി നമ്മെ നടുക്കുന്നു.
ഇരുണ്ട അഗാധതയിൽ, ഒരു പുലർച്ചയുടെ ഓർമ്മയ്‌ക്കുവേണ്ടി ഉള്ളു തുടിക്കുന്ന പിച്ചിമൊട്ടിനെക്കുറിച്ച് അയ്യപ്പൻ എഴുതുന്നുണ്ട്. അഗാധമായ ഇരുളിന്റെ അനിശ്‌ചിതത്വത്തിൽ ഈ സ്‌പന്ദമറിയുന്ന രണ്ടു ബലരേഖകളെങ്കിലുമുണ്ട്. ജനിമൃതികൾക്കിടയിലെ പ്രകാശമാനമായ ഇടവേളയിൽ പിറക്കുമ്പോഴേ തുടങ്ങുന്ന മടക്കയാത്രയുടെ അനിവാര്യതയുണ്ട്. ഓരോ നിമിഷവും മരണമുണ്ട്. എന്നാൽ ഇതിനൊപ്പം ഇലയും മണ്ണും കുഴിച്ചുണ്ടാക്കുന്ന സ്വപ്‌നശില്‌പങ്ങളുടെ ഓർമ്മയുണ്ട്. ഓരോ നിമിഷവും ജനനമുണ്ട്. ഈ വിശുദ്ധതയുടെ സമന്വയം നൽകുന്ന ദർശനപൂർണ്ണിമ പദങ്ങളിൽ നിന്ന് പദശില്‌പത്തിലൂടെ രീതിയിലേക്കു പടർന്നേറിനിൽക്കുന്ന കാഴ്‌ച അയ്യപ്പന്റെ രചനകിൽ കാണാം. ഒരിക്കലുമൊടുങ്ങാത്ത വേനലിനൊപ്പം ശോണചന്ദ്രനിലെ ശവമഞ്ചമുണ്ട്. പിശാചു ചൊരിഞ്ഞ തീയ്‌ക്കൊപ്പം ദൈവമൊഴുക്കിയ നദിയുണ്ട്. മുഖം കറുത്ത വാക്കിനാൽ മുറ്റം വെടിഞ്ഞു പോയവൻ അനുദിനം മരിച്ചുപൊങ്ങുന്നത് മഴവില്ലുവീണ തടാകത്തിലാണ്. ഗ്രീഷ്‌മം കവിക്കു സഖിയാണ്. മദ്ധ്യാഹ്‌നവേനൽ ഊഷ്‌മളദീപ്‌തിയാണ്. അത് ദുഃഖമുക്തിപ്രദാനമാണ്. ജ്വാലകളുടെ ചെകിടത്തു ചിറകുകൾ കൊണ്ടുതല്ലി, അഗ്‌നിയുടെ അസ്‌ഥികൊത്തി ചാരത്തിൽനിന്നു പൊങ്ങി വൃക്ഷങ്ങൾ കാണാതെ അക്ഷരം തേടിപ്പോകുന്ന പക്ഷിയാണ് കവിക്കു പ്രിയം. അതുകൊണ്ടുതന്നെ കാടെരിയുന്നത് കവിക്കു വസന്തമാണ്.
നിറങ്ങളും രേഖകളും തമ്മിൽ, നിറങ്ങളും സംഗീതത്തിലെ സ്വരസ്‌ഥാനവും തമ്മിൽ വൈകാരികമായുള്ള പാരസ്‌പര്യം കവി തിരിച്ചറിയുന്നു. അതുകൊണ്ട് മഞ്ഞയും ഭ്രാന്തും കൊണ്ട് കവി ചുവർചിത്രം വരയ്‌ക്കുന്നു. നീലമഷിയുടെ തടാകത്തിൽ ഒരു വ്യാക്ഷേപകശബ്‌ദത്തോടെ ചൂണ്ടയിടാൻ പോകുന്നു. സ്വപ്‌നത്തിലെ ആനയ്‌ക്കും മദമിളകുന്നു. കവിതയുടെ ശരത്‌കാലത്തിലെ പകൽസ്വപ്‌നത്തിൽ നഗ്നനായ ഭ്രാന്തൻ പരുത്തിച്ചെടികൾക്കു തീകൊളുത്തുന്നു.
മൃത്യുസാന്നിധ്യം പകർന്നുതരുന്ന രതിമൂർച്ഛ, ദാർശനികമായി പൊടുന്നനെയുണ്ടാകുന്ന വെളിപ്പെടൽ, വചസ്സുകളുടെ രൂപാത്‌മകക്രമീകരണത്തിലൂടെ ഒരു ക്ഷണംകൊണ്ട് ആവിഷ്‌കരിക്കുന്ന കവികളുണ്ട്. ’വസന്തത്തിന്റെ ഹൃദയത്തിൽ മൃത്യുഗന്ധം‘ എന്ന് അയ്യപ്പൻ എഴുതുമ്പോൾ ’നീ തന്ന വിഷം എനിക്കൗഷധമായിത്തീരന്നുവെന്ന് പാടിയതാരാണ്?‘ എന്ന് ഈ കവി മറ്റൊരു കവിയെ ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ഇത് കടന്നുവരുന്നു. ഈ പ്രകരണങ്ങൾ നമ്മെ തീക്ഷ്‌ണായ ദുഃഖത്തിലേക്ക് തള്ളിവിടുകയല്ല ചെയ്യുന്നത്. അതീന്ദ്രിയമായ ഏതോ ഒരു സാന്നിധ്യം, വിരലുകൾക്കിടയിലൂടെ കടന്നുപോകുന്ന തണുത്ത കാറ്റ് നമ്മെ വികാരമുർച്ഛയിൽ നിന്ന് രക്ഷിക്കുന്നു.
അബോധത്തിന്റെ ഒരു ചുഴലി, ഒഴിവാക്കാനാകാത്ത സാധ്യതയായി ആധുനിക കവിയുടെ വൃത്തബോധത്തിൽപ്പോലും തിടം വയ്‌ക്കുന്നുണ്ട്. തെളിഞ്ഞ വാങ്ങ്‌മയത്തിലേക്ക് പിൽക്കാലം കവികൾ മടങ്ങിവന്നതിന്റെ കാല്‌പനികതയുടെ പുനർജനിയായി ചിലരെങ്കിലും കാണുന്നതിന്റെ അപകടം അവിടെയാണ്.
പാടൂ നീ മേഘമൽഹാർ, ഗർഭസ്ഥ
വർഷത്തിനെ-
ത്തേടൂ നീ, അംലരൂക്ഷമാക്കുക
സ്വരസ്‌ഥാനം
എന്ന് അയ്യപ്പനെഴുതുമ്പോൾ കേകയുടെ ആർജവത്തിലേക്കല്ല നാം നയിക്കപ്പെടുന്നത്. മേഘങ്ങളുടെ മയക്കത്തിന്റെയും രാത്രിയുടെ നിശ്ചലയാമങ്ങളുടെയും ഉത്സവലഹരിയായി മാറുന്ന മേഘമൽഹാർ രാഗങ്ങളുടെയും, മേഘദൂതിന്റെ വേദനയുടെയും യക്ഷവിരഹത്തിന്റെയും ചൗരസ്യയുടെ സംഗീതത്തിന്റെയും സങ്കീർണ്ണസാന്നിധ്യം നാമറിയുന്നു. വെളിപ്പെടലിന്റെ നിമിഷത്തിൽ, മയക്കവും ഉണർച്ചയുമില്ലാതെ, ഭൂതാവിഷ്‌ടനായി, ബലി പീഠത്തിലേറാൻ സന്നദ്ധനായി ഇരിക്കുമ്പോൾ ഒരു താളവും ഒരു പ്രതിധ്വനിയും കവിയുടെ സംതുലനം തെറ്റിക്കുന്നില്ല. ചോരകൊണ്ട് എള്ളും പൂവും നനയ്‌ക്കുന്ന ഈ തഥാഗതന്റെ പ്രതികവിതകൾ നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ സവിശേഷചൈതന്യാമണ്.
Generated from archived content: vayanayute30.html Author: dr_km_venugopal